രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Friday, February 14, 2014

ശിഖണ്ഡി. നപുംസകമല്ല ...മഹാഭാരതത്തില്‍ നിന്നും ഇത്രയധികം വികൃതമായി അവതരിപ്പിക്കപ്പെട്ട മറ്റൊരു കഥാപാത്രം വേറെയില്ല എന്നു തോന്നുന്നു . അംബയുടെ പ്രതികാരത്തിന്‍റെ പുനര്‍ജന്മമായ് ഭീഷ്മ നിഗ്രഹത്തിനായ് ദ്രുപതന് ഹോമാഗ്നിയില്‍ പിറന്ന ഒരു നപുംസക ജന്മമാണോ ശിഖണ്ഡി ?

കൌരവ പക്ഷത്ത് നേതൃനിരയില്‍ പിതാമഹനായ ഭീഷ്മര്‍ നിലയുറക്കും കാലം പാണ്ഡവര്‍ക്ക് ഈ യുദ്ധം ജയിക്കാനാവില്ല. ഈ സത്യം ദുര്യോധനനും അറിയാം. ഭീഷ്മരെ പരാജയപ്പെടുത്താന്‍ ഒരാള്‍ക്കേ കഴിയൂ. അതു ശിഖണ്ഡിക്ക് മാത്രം.

ശിഖണ്ഡിയെ മുന്‍ നിര്‍ത്തിയാണ് അര്‍ജ്ജുനന്‍ ഭീഷ്മരെ വീഴ്ത്തുന്നത്. പുരുഷനും സ്ത്രീയുമല്ലാത്ത ഒരാളുമായ് യുദ്ധം ചെയ്തുകൂടാ എന്ന യുദ്ധ നീതി ഇരിക്കെ ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയെ അര്‍ജ്ജുനന്‍റെ തേര്‍തട്ടില്‍ കണ്ട ഭീഷ്മര്‍ ആയുധം താഴെവെക്കുമ്പോള്‍ ശിഖണ്ഡിക്കു പിന്നില്‍ മറഞ്ഞുനിന്ന അര്‍ജ്ജുനന്‍ ഭീഷ്മര്‍ക്കു നേരെ അസ്ത്രം തൊടുക്കുകയും ഭീഷ്മരെ ശരശയ്യയിലേക്ക് വീഴ്ത്തുകയും ചെയ്യുന്നു.
ഓരോരോ വിജയങ്ങള്‍ക്കും അര്‍ജ്ജുനന്‍റെ മുന്നില്‍ ഭഗവാന്‍ നിന്നപ്പോള്‍ എന്തുകൊണ്ട് ഭീഷ്മരെ വീഴ്ത്തുന്നതിനായ് മാത്രം ശിഖണ്ടിയെ കണ്ടെത്തേണ്ടി വന്നു ? ഈ ചോദ്യത്തില്‍ നിന്നും ആരഭിക്കുന്നു ശിഖണ്ഡിയിലെക്കുള്ള അന്ന്വേഷണം.

ആരാണ് ശിഖണ്ഡി ?

ശിഖ ഖണ്ഡിച്ചവന്‍ ശിഖണ്ഡി. ശിഖ വാക്കിന് കുടുമ എന്നാണര്‍ത്ഥം . കുടുമ അഥവാ ശിഖ മുറിച്ചു മാറ്റപ്പെടുമ്പോള്‍ അവന്‍ എല്ലാ ബന്ധനങ്ങളെയും വേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത് അഥവാ എല്ലാ ദ്വന്തങ്ങളും അപ്രത്യക്ഷമാകുന്ന ആ ഭാവത്തില്‍ അവിടെ സ്ത്രീയുമില്ല. പുരുഷനുമില്ല. . ശിഖയില്‍ അഥവാ കുടുമയില്‍ മൂന്നു രോമങ്ങളെങ്കിലും നിലനിര്‍ത്തണമെന്നാണ് ശാസ്ത്രം .അവ ഗുരു, ശാസ്ത്രം, ഈശ്വരന്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഒടുവില്‍ ഇവ മൂന്നിനെയും മുറിച്ചുമാറ്റിയുള്ള ആ യാത്ര ആരഭിക്കുന്നത് സന്ന്യാസത്തിലേക്കാണ്. .പരമമായ സത്യത്തിലേക്ക്, പരിവ്രാചാകനായി, സര്‍വ്വസംഗ്ഗ പരിത്യാഗിയായ്.. കാമ്യാണാം കര്‍മ്മണാ ന്യാസം - സമ്യക് ന്യാസം -സന്ന്യാസം. ശിഖണ്ഡിയില്‍ ഈ ഭാവത്തെ ദര്‍ശിക്കുമ്പോഴാണ് ഭീഷ്മര്‍ ആയുധം താഴെ വെക്കുന്നത്.

ആരാണ് ഭീഷ്മര്‍ ?

ഭീഷ്മരെ കൂടി ചേര്‍ത്തു മനസിലാക്കുമ്പോള്‍ താത്ത്വികമായ ഒരു ദര്‍ശന തലം വ്യാസന്‍ നമുക്കായ് തുറന്നുവക്കുന്നു. ഭീഷ്മ ശബ്ദത്തിനര്‍ത്ഥം ഭയം എന്നാണ്. ഭിപ്യതേ അസ്മാത് ഇതി ഭീഷ്മ:- ഭയം ജനിപ്പിക്കുന്നവന്‍ ഭീഷ്മന്‍ . ഭയത്തെ പ്രധിനിധാനം ചെയ്യുന്നു ഭീഷ്മര്‍ . ഭീഷ്മരുടെ കഥകളിലെല്ലാംതന്നെ ഈ ഭയം പ്രകടമാണ്. അര്‍ജ്ജുനന് തന്‍റെ പരാജയത്തിനു കാരണമാകുന്ന തന്‍റെയുള്ളിലെ ഭീഷ്മരാകുന്ന ഭയത്തിനെ വീഴ്ത്താന്‍ തന്‍റെയുള്ളിലെ ശിഖണ്ഡിയാകുന്ന സന്ന്യാസഭാവത്തെ പുറത്തെടുത്ത് മുന്നില്‍ നിര്‍ത്തുക തന്നെ വേണം. അഥവാ ഗുരു, ശാസ്ത്രം, ഈശ്വരന്‍ എന്ന മൂന്നു ബന്ധനങ്ങള്‍ മുറിച്ചു മാറ്റിയ സന്ന്യാസ (ശിഖണ്ഡി) ഭാവത്തെ മുന്‍ നിര്‍ത്തി അര്‍ജ്ജുനന് കീഴ്പ്പെടുത്തേണ്ട ശക്തി ഒന്നേയുള്ളൂ . അത് ഭീഷ്മരാകുന്ന ഭയം മാത്രം.

തന്‍റെ പ്രതിയോഗിയായ് ശിഖണ്ഡിയെ കണ്ടമാത്രയില്‍ ഭീഷ്മര്‍ ആയുധം താഴെ വെക്കുന്നു. ശിഖണ്ഡിയുടെ സ്ഥാനത്ത് കൊച്ചു കുട്ടിയേയോ , വൃദ്ധനെയോ, രോഗിയെയോ, മുടന്തനെയോ കണ്ടാലും ഭീഷ്മര്‍ ആയുധം താഴെ വെക്കും . കാരണം ഇവരുമായി യുദ്ധത്തിലേര്‍പ്പെട്ടുകൂടാ എന്ന് ശാസ്ത്രം. ഇങ്ങനെ അര്‍ജ്ജുനന് നിഷ്പ്രയാസം വധിക്കാന്‍ കഴിയുന്ന പിതാമഹനെയല്ല മറിച്ച് ശിഖണ്ഡിയാല്‍ വീഴ്ത്തപ്പെട്ട ഭീഷ്മരെയാണ് വ്യാസന്‍ നമുക്കു മുന്നില്‍ തുറന്നുവെച്ചത്.

മുണ്ഡനം ചെയ്ത തലയുമായി പോര്‍മുഖത്ത് നിസ്സംഗനായി നിലയുറപ്പിച്ച ഒരു സന്ന്യാസവര്യനായ ശിഖണ്ഡിയെ അവതരിപ്പിക്കാന്‍ വ്യാസന് ഒരു മടിയും ഉണ്ടായില്ല. അന്നത്തെ (ഇന്നത്തേയും) വര്‍ണ്ണാശ്രമ സാമൂഹിക വ്യവസ്ഥിതികള്‍ക്ക് കടക വിരുദ്ധമായ ഈ സമീപനത്തിനു മുന്നില്‍ ശിഖണ്ഡിയെ പുനര്‍ അവതരിപ്പിക്കാന്‍ പിന്നീടുള്ള ആചാര്യന്മാര്‍ നിര്‍ബന്ധിതരായി എന്നു കാണാം. അവിടെ ശിഖണ്ഡി പുനര്‍ജ്ജനിച്ചു. പൂര്‍വ്വ ജന്മത്തിലെ അംബയായി . നപുംസകമായി..

No comments :

Post a Comment