രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Friday, February 14, 2014

അലങ്കാരങ്ങള്‍ അഴിച്ചുവെക്കാനുള്ളതാണ്.......

അലങ്കാരങ്ങള്‍ അഴിച്ചുവെക്കാനുള്ളതാണ്......

നമ്മുടെ കുട്ടികള്‍ സ്വന്തം മാതാപിതാക്കളേക്കാള്‍ കൂടുതല്‍ അധ്യാപകര്ക്ക് മുന്നിലാണ് അവരുടെ സമയം ചിലവഴിക്കുന്നത് . അതുകൊണ്ടു തന്നെ സ്വാഭാവികമായും അവരെ മാതൃകയാക്കാനും അനുകരിക്കാനും പ്രചോദനം ഉള്‍ക്കൊള്ളുവാനുമുള്ള പ്രവണത കുട്ടികളില്‍ കടന്നു കൂടുകയും ചെയ്യും. ഏതൊരു വ്യക്തിയെപ്പോലെതന്നെ അധ്യാപകനും അയാള്‍ വിശ്വസിക്കുന്ന മതവും പിന്തുടരുന്ന രാഷ്ട്രീയ വീക്ഷണങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അറിവില്‍ നിന്നുകൊണ്ടായിരിക്കുകയില്ല. ആദ്യം ആ അലങ്കാരം എടുത്തു അണിയുന്നു. അതിനു ശേഷമേ അന്വേഷണം ആരംഭിക്കുന്നുള്ളൂ. ജീവിതാന്ത്യം വരെ നീളുന്നു ആ അന്വേഷണം . ഇടയിലെവിടെയെങ്കിലും വച്ച് അന്വേഷണപഥം വഴിപിരിയുന്നതും കാണാം . അപ്പോള്‍ ഇന്നലെവരെ അയാള്‍ പിന്തുടര്‍ന്നു പോന്ന വിശ്വാസങ്ങളും വീക്ഷങ്ങളും വ്യര്‍ത്ഥമായിരുന്നു എന്ന അറിവില്‍ ഒരു ഭൂതകാലത്തിന്‍റെ നഷ്ടവസന്തം ഉള്ളില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. തന്നെമാതൃകയാക്കിയും, അനുകരിച്ചും ,പ്രചോദനം ഉള്‍ക്കൊണ്ടും തനിക്ക് മുന്നിലൂടെ കടന്നുപോയ വിദ്ധ്യാര്‍ത്തി വൃന്തം ഉള്ളില്‍ ഒരു നീറ്റലിനുകാരണമായി പരിണമിച്ചിരിക്കുന്നു എങ്കില്‍ അത് അയാള്‍ ഒരു തലമുറയോടും അതോടൊപ്പം ഈ സമൂഹത്തോടും ചെയ്തുപോയ ഏറ്റവും വലിയ ക്രൂരതയാണ് . കാരണം തിരിച്ചു വിളിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ അവര്‍ ഇതിനോടകം നടന്നു നീങ്ങിയിരിക്കും.

ഇതിനെയാണ് പാപം എന്ന് വിശേഷിപ്പിക്കുന്നത്.

വേട്ടയാടുന്ന വിധിയെ കുറിച്ച് കണ്ണീര്‍ പൊഴിക്കുന്ന മതപണ്ഡിതന്മാര്‍ നമുക്ക് മുന്നില്‍ ഉദാഹരണങ്ങളാണ്. മതങ്ങള്‍ക്കിടയില്‍ വിഭാഗതീയത വളര്‍ത്തി എന്ന ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം കാംക്ഷിച്ചല്ല, മറിച്ച് പുതിയ മാനവനായ് തന്നെ അംഗീകരിക്കണമേ എന്നുള്ള അപേക്ഷയില്‍ നിന്നാണ് ഇരുട്ടുകയറിയ നയനങ്ങള്‍ ഇന്ന് നിറഞ്ഞ് ഒഴുകുന്നതും. അവര്‍ കൊളുത്തിവിട്ട അഗ്നിയുടെ സ്ഫുലിംഗങ്ങള്‍ ഇന്ന് ജ്വാലയായ് മാറുന്നത് കാണാന്‍,പക്ഷെ ആ കണ്ണുകള്‍ അശക്തരാണ്.

അന്നന്നത്തെ അന്നം കണ്ടെത്തുവാന്‍ പാതയോരത്ത് മുച്ചക്രസൈക്കിളില്‍ ഇരുന്നു ലോട്ടറി കച്ചവടം ചെയ്യുന്ന സ്വന്തം അയല്‍ക്കാരനെ കാണുന്നത് ശീതീകരിച്ച മുറിയുടെ ചില്ലിട്ട ജാലകവിടവിലൂടെയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് വെറുമൊരു പോസ്റ്റര്‍ കീറിയതിന് പാരട്ടിയാഹ്വാനപ്രകാരം തല്ലിയൊടിച്ച കൈകാലുകള്‍ ഇന്നും അയാള്‍ പഴുന്തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. അധികാരമോഹം കടന്നുവന്നപ്പോള്‍ ഒരു ലയനത്തിലൂടെ ഇരുപാര്‍ട്ടികളും ഒന്നായ്ത്തീരുന്നു . ഈയൊരവസ്ഥയില്‍ അയല്ക്കാരനെ മിത്രമായ് കാണുന്നതെങ്ങിനെ? കൊച്ചുമകന്‍ അച്ഛന് ചോറുവാരിക്കൊടുക്കുന്ന കാഴ്ചയില്‍ ആ ചില്ല് ജാലകം കൊട്ടിയടക്കപ്പെടുന്നു. ഇനിയുള്ള രാത്രികള്‍ നിദ്രകള്‍ക്കായ് ഇനിയെത്ര ഗുളികകള്‍ ഇവര്‍ മാറിക്കഴിക്കണം.

നമ്മുടെ കുട്ടികളിലേക്ക് എനിക്ക് തിരിച്ചുവരേണ്ടതുണ്ട്.

പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചശേഷം ചിറകുകള്‍ സ്വീകരിച്ചു അഗ്നിയെ അഹാരമാക്കാന്‍ ശമിച്ച് സ്വയം ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈയലുകളെ കുറിച്ചോര്‍ത്തു എനിക്ക് ദുഖമില്ല . എന്നാല്‍ ചിറകുമുളക്കുംമുന്‍പ് അഗ്നിയിലേക്ക് ആനയിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ നാം തിരിച്ചറിയാതെ പോകരുത്.

യുക്തിബോധത്തിന് സ്ഥായീ ഭാവം ഇല്ല . ബുദ്ധിയുടെ വികാസത്തിനനുസരിച്ച് അറിവില്‍ യുക്തി മാറിമറിയും .അദ്ധ്യാപകന്‍ വിശ്വാസിയോ അവിശ്വാസിയോ , യുക്തിവാദിയോ ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിക്കാരനോ ആരെങ്കിലും ആയിക്കോട്ടെ, കുട്ടികളില്‍ ഈ വിഷം കലര്‍ത്താതിരിക്കുക. ഒരുമതത്തിന്റെയോ രാഷ്ട്രീയത്തിന്‍റെയോ മിന്നലാട്ടങ്ങള്‍ നമ്മുടെ ക്ലാസ് റൂമുകളില്‍ ഉണ്ടായിക്കൂടാ. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നല്ല അറിവുണ്ടായിരിക്കുക , അത് പകര്‍ന്നുനല്‍കാന്‍ കഴിവുണ്ടായിരിക്കുക , കൃത്യമായി സ്കൂളില്‍ ഹാജരായി സിലബസ് പോര്‍ഷന്‍ യഥാസമയം ചെയ്തു തീര്‍ക്കുക .ഇത്രയും മതി. ഇന്നത്തെ അദ്ധ്യാപകര്‍ . അവര്‍ വെറും ഉദ്ധ്യോഗസ്ഥര്‍ മാത്രമാണ് . ജോലി ചെയ്യുക ശംബളം വാങ്ങുക . ഇതില്‍ ഒതുങ്ങുന്നു എല്ലാം . ഗുരുനാഥന്‍ എന്ന വാക്കിനു അവര്‍ യോഗ്യരല്ല . ഇനി അഥവാ അത്തരം ചിഹ്നങ്ങള്‍ അദ്ധ്യാപകന് ക്ലാസ്സ്രൂമില്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയുന്നില്ല എങ്കില്‍ ഒരിക്കലും തങ്ങളെ മാതൃകയാക്കരുത് എന്ന് കുട്ടികളെ നിര്‍ബന്ധമായും ഓര്‍മ്മപ്പെടുത്തണം.. നിസ്സംഗതയില്‍ വളരട്ടെ നമ്മുടെ കുട്ടികള്‍

അവര്‍ തിരിച്ചറിയട്ടെ ..

“ഈ അലങ്കാരങ്ങള്‍ അഴിച്ചുവക്കാനുള്ളതാണ്"

No comments :

Post a Comment