രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Friday, February 14, 2014

STOP THIS NONSENCE

സമയം രാവിലെ എട്ടു മണി. സ്ഥലം തൃശൂര്‍ ശക്തന്‍ സ്റ്റാണ്ട്. പുറപ്പെടാന്‍  തയ്യാറായി തിങ്ങി നിറഞ്ഞ ബസ്സുകള്‍.. . എന്‍റെ ശ്രദ്ധ പൂര്‍ണ്ണമായും അടുത്ത ഒരു ലിമിറ്റഡിലെങ്കിലും ഇരിക്കാനോരിടം നേടിയെടുക്കണം എന്നതില്‍ ആയിരുന്നു . പെട്ടെന്ന് പുറകില്‍ നിന്നും ആരോ എന്നെ തോണ്ടുന്നു . ഒന്നല്ല ,അടുപ്പിച്ചു രണ്ടു വട്ടം . ഞാന്‍ മുഖം തിരിച്ചു . ഒരു പെണ്‍കുട്ടി , ഒക്കത്ത് ഒരു കൈകുഞ്ഞും .

കണ്ണുകളില്‍ സഹതാപം നിറഞ്ഞു നില്‍ക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രം , അഴുക്കുപുരണ്ട ശരീരം ,ദയനീയതുടെ ഭീകര മുഖം. നിരാലമ്പതയുടെ പൂര്‍ണ്ണ രൂപം . യാചനയുടെകുരുന്നു കുരുന്നു കൈകള്‍ എനിക്ക് നേരെ നീണ്ടു. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നു.
അടുത്തു കൂട്ടംകൂടി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്നെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു . എന്‍റെ അടുത്ത നീക്കം എന്തെന്നറിയാന്‍ ......ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി .പെണ്‍കുട്ടികള്‍ പരസ്പരം അടക്കം പറയുന്നു. എനിക്കറിയാം അവര്‍ പറഞ്ഞത് ഇതു തന്നെയാണ് .. "ദുഷ്ടന്‍ "

ഇന്നലകളില്‍ ഞാന്‍ പോക്കെറ്റില്‍ നിന്നു നാണയം എടുത്തു ആ കൈകളില്‍ വച്ചു കൊടുക്കുമായിരുന്നു .അപ്പോഴെല്ലാം എന്‍റെ അറിവ് ഇതായിരുന്നു . എന്നാല്‍ കഴിയുന്ന ഒരു സഹായം . ഒരു സത്കര്‍മ്മത്തിന്‍റെ ഭാഗമാകുക, ചിലപ്പോഴെല്ലാം ഒരു ശല്ല്യം ഒഴിവാക്കിയെടുക്കാന്‍ വേണ്ടിയും .

ഇനിയതിനു കഴിയില്ല .ശ്രദ്ധയോടെ കൊടുക്കേണ്ട ഒന്നാണ് ദാനം . ഒന്നിനെയും ഉപദ്രവിക്കാതിരിക്കുക . ഏറ്റവും വലിയ ദാനം അത് തന്നെയാണ്. കഴിയുമെങ്കില്‍ ഒരു നേരത്തെ ഭക്ഷണം അവര്‍ക്ക് വാങ്ങി കൊടുക്കുക , അല്ലെങ്കില്‍ കൈയില്‍ കരുതിയ ഭക്ഷണം അവര്‍ക്കായി വച്ചു നീട്ടുക.. പക്ഷെ അവര്‍ക്ക് വേണ്ടത് പണം മാത്രമാണ് . ഞാന്‍ നല്‍കുന്ന പണം അവര്‍ക്കുപകരിക്കും എന്ന് എനിക്കുറപ്പില്ല . അതിനാല്‍ ആ ശ്രദ്ധയില്‍ നിന്നു ആ സത്കര്‍മ്മം ഞാന്‍ ഒഴിവാക്കി നിര്‍ത്തുന്നു.

നമ്മള്‍ നല്‍കുന്ന പണം കൊണ്ട് ഒരിക്കലും മുഷിഞ്ഞ വസ്ത്രങ്ങള്‍ അവര്‍ ഉപേക്ഷിക്കുകയില്ല . അഴുക്കുപുരണ്ട ശരീരത്തില്‍ നിന്നും അവര്‍ക്ക് മോചനവും ഉണ്ടാകുകയുമില്ല . ഒരു സുപ്രഭാതത്തില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍ അല്ല ഇവര്‍ . തലമുറകളിലൂടെ പിന്തുടരുന്ന ഉപജീവന തന്ത്രം . അവരുടെ ദുരിതം നമുക്ക് ദുഖമാകുമ്പോള്‍ നമ്മുടെ മനോ ദൌര്‍ബല്യം അവര്‍ക്ക് ജീവിതം ആകുന്നു. നമ്മള്‍ നല്കുന്ന പണം അവര്‍ക്ക് പ്രചോദനമാണ് പ്രോത്സാഹനമാണ്. ഇന്ത്യയില്‍ ജനിച്ചു ഇന്ത്യയില്‍ ജീവിച്ചു ഇന്ത്യയില്‍ തന്നെ മരണം വരിക്കുന്ന ഇവര്‍ ഒരിക്കലും ഇന്ത്യന്‍ പൗരന്മാരായി അറിയപ്പെടാറില്ല . തിരിച്ചറിയല്‍ കാര്‍ഡില്ല , റേഷന്‍ കാര്‍ഡില്ല . സര്‍ക്കാരി ന്റെ കൈയില്‍ കൃത്യമായ കണക്കുമില്ല .

തിളങ്ങുന്ന ഇന്ത്യയുടെ പരിഹാസ ചിഹ്നമായി, ദാരിദ്ര്യത്തിന്‍റെ പ്രതീകമായി നമ്മുടെ തെരുവോരങ്ങിളില്‍ ഇന്നും സജീവമായി വേരുറപ്പിച്ചിരിക്കുന്നു ഈ ഭിക്ഷാടന വര്‍ഗ്ഗം. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കേടുകാര്യസ്ഥതയെ ചോദ്യം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ജന വിഭാഗത്തെ പരക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു . അങ്ങിനെയാകുമ്പോള്‍ ഇവര്‍ സമൂഹത്തില്‍ എല്ലാകാലത്തും നില നില്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണ്‌ .
ഇവര്‍ക്ക് നല്ല ആഹാരം കൊടുത്താല്‍ , നല്ല വസ്ത്രം കൊടുത്താല്‍ , കേറി കിടക്കാന്‍ വീട് വച്ച് നല്‍കിയാല്‍ , വരുമാനമാര്‍ഗ്ഗമായി തൊഴില്‍ നല്‍കിയാല്‍ ഇവരുടെ ഉന്നമനത്തിനു പരിഹാരമാകും എന്ന് കരുതുന്നു എന്ന കാഴ്ച്ചപ്പ്ടില്‍ നിന്നുകൊണ്ടാണ് പലരും സര്‍ക്കാരിനെ പഴിചാരുവാന്‍ ശ്രമിക്കുന്നത്. അങ്ങിനെയായിരുന്നുവെങ്കില്‍ ഈ കലാരൂപം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന്യംനിന്ന് പോകുമായിരുന്നു . പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ മറ്റൊന്നാണ്. ഓരോ വര്‍ഷവും നമ്മുടെ തെരുവുകളില്‍ ഇക്കൂട്ടരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് . അതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്കാണ്‌ ഇനിയുള്ള അന്വേഷണം നീളേണ്ടത്...

അതോടൊപ്പം നമ്മള്‍ ഇനിയും തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട് . ഗതികേടുകൊണ്ടല്ല , ഇവരുടെ അവസാന ജീവിതോപാദിയുമല്ല. ഇവിടെ ഭിക്ഷാടനം. കൃത്യമായും രൂപ കല്പന ചെയ്തെടുത്ത സ്വയം തൊഴില്‍ ആണ്. അധ്വാന മില്ലാത്ത സാമ്പത്തിക മാര്‍ഗ്ഗം . ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ മുതല്‍ വരുമാനം ലഭിക്കുന്ന ഏക തൊഴില്‍ മേഖല . കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുന്നു . അംഗവൈകല്ല്യത്തോടെ ജനിച്ചാല്‍ അതിലേറെ സന്തോഷം. ഇക്കൂട്ടരില്‍ ഏറിയ വിഭാഗവും സംഘടിത സ്വഭാവത്തോടെയാണ് നിലകൊള്ളുന്നത്. നേതാക്കള്‍ക്ക് കീഴില്‍ പരിശീലന കളരികളും നിലനില്‍ക്കുന്നുണ്ട് . നമ്മളുടെ മാനസിക നില പണമായി മാറ്റാനുള്ള എല്ലാ അടവുകളും നെടികൊണ്ടാണ് നമ്മള്‍ക്കു മുന്നില്‍ അവര്‍ കൈകള്‍ നീട്ടുന്നത്. ഇത് നമ്മള്‍ തിരിച്ചറിയുന്നില്ല . ഇവര്‍ക്കിടയിലെ ദാരിദ്യം എന്നത് നമ്മളുടെ മൂഡ സങ്കല്പമാണ് . അങ്ങിനെയായിരുന്നെവെങ്കില്‍ നമ്മളുടെ തെരുവുകളില്‍ പട്ടിണി മരണം കൊണ്ട് ശവങ്ങള്‍ കുന്നുകൂടുമായിരുന്നു . എന്ത്കൊണ്ട് അങ്ങിനെയൊന്നു സംഭവിക്കുന്നില്ല . ഇവിടെ യദാര്‍ത്ഥത്തില്‍ ഭിക്ഷാടനം സംഘടിതമായ തൊഴില്‍ മേഖലയാണ് എന്ന് പറയേണ്ടി വരുന്നത്. ചികിത്സ തുടങ്ങേണ്ടത് അവിടയാണ്.
നമ്മള്‍ വച്ച് നീട്ടുന്ന പണം നമ്മള്‍ കരുതുന്നത് അവര്‍ക്ക് അത് ഒരു നേരത്തെ ഭക്ഷണത്തിനു ഉപകരിക്കും അല്ലെങ്കില്‍ ദുരിത ജീവിതത്തില്‍ നിന്ന് മോചനമാകും എന്നാണ്. എന്നാല്‍ അങ്ങിനെയല്ല. അവര്‍ നിങ്ങളോട് ചോദിക്കുന്നത് ഭിക്ഷയല്ല , അതവരുടെ കൂലിയാണ്. , ഈ രൂപത്തില്‍നിങ്ങളോടു യാചിക്കേണ്ടിവന്നതിനുള്ള കൂലി ...

നമ്മള്‍ പണം നല്‍കുമ്പോള്‍ അതവര്‍ക്ക് നല്‍കുന്ന പ്രചോദനമാണ്, പ്രോത്സാഹമാണ്. അര്‍ഹിക്കുന്ന കൈകളില്‍ തന്നെയാണോ നിക്ഷേപിക്കുന്നത് എന്ന അന്വേഷണം കൊടുക്കുന്ന ആളുടെ കടമയാണ് . ഇത് ഞാന്‍ തിരിച്ചറിഞ്ഞ സത്യം ., നിങ്ങളുടെതാകണം എന്നില്ല ....

No comments :

Post a Comment