രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Friday, March 28, 2014

അശ്വതിയും ആര്‍മിയും പിന്നെ ആള്‍ദൈവങ്ങളും ..aswathi helping

വിശക്കുന്നവന്‍റെ വിശപ്പ്‌ അകറ്റുന്നവന്‍ ആണ് ദൈവം എങ്കില്‍.

മുറിവേറ്റവന്‍റെ മുറിവുണക്കുന്നവന്‍ ആണ് ദൈവം എങ്കില്‍..

ഇതിനെ ആത്മീയതയുടെ മാനസിക ചൂഷണം എന്ന് പറയുന്നു.

------------------------------------------------------------------

ജീവകാരുണ്യം നല്‍കുമ്പോള്‍ അത് ദൈവത്തിന്‍റെ കരങ്ങള്‍ ആണ് എങ്കില്‍ അശ്വതിയും ഒരു ആള്‍ ദൈവമാണ് . പക്ഷെ അശ്വതിക്ക് ആ വിശേഷണം ചേരില്ല . എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു മതത്തിന്‍റെയും അലങ്കാരങ്ങള്‍ എടുത്തണി ഞ്ഞീട്ടില്ല. തന്‍റെ ഭൂതകാലത്തില്‍ ദേവനോ ദേവിയോ ശരീരത്തില്‍ പ്രവേശിച്ച് ഒരു അദൃശ്യലോകത്ത് നിന്നുകൊണ്ട് ദൈവവചനങ്ങള്‍ നല്‍കി തന്‍റെ ഭക്തരായ അടിമകളെ അവര്‍ സൃഷ്ടിച്ചെടുത്തീട്ടില്ല. ആശ്രമ വാടങ്ങള്‍ കെട്ടി അതിനകത്ത് പുരാണ കഥാപാത്രങ്ങളുടെ ചുവര്‍ ചിത്രങ്ങളുടെ രൂപത്തില്‍ അവര്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടീട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍ എല്ലാം തന്നെ ആ ദൈവിക ശക്തിയുടെ അനുഗ്രഹം കൊണ്ട് സംഭവിക്കുന്നു എന്ന് പറഞ്ഞ് സാധു ജനങ്ങളെ കപട ആത്മീയതയിലേക്ക് ഗതിതിരിച്ചു വിടാന്‍ ശ്രമിച്ചിട്ടീട്ടില്ല.
അശ്വതി മാത്രമല്ല , അതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്മാരും ദുരന്ത മുഖങ്ങളില്‍ രക്ഷകരാകുന്ന സൈനികരും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നാം അവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു , നമ്മളുടെ സ്നേഹം പ്രകടമാക്കുന്നു . ആദരവ് സൂക്ഷിക്കുന്നു . ഇതേ പ്രവര്‍ത്തികള്‍ ആത്മീയതയുമായി ചാലിച്ചെഴുതുമ്പോള്‍ അവര്‍ ദൈവങ്ങളായ് അവരോധിക്കപ്പെടുന്നു.

എണ്ണിയാല്‍ തീരാത്ത ജീവകാരുണ്യ പ്രവര്‍ത്തികളെ മുന്‍നിര്‍ത്തി ആള്‍ ദൈവങ്ങള്‍ക്ക് ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ ഇന്ന് പുരോഗമന ചിന്താഗതിക്കാര്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം അത്ഭുത പ്പെടുത്തുന്നതാണ്. പരിഷ്കൃതന്‍ എന്ന് സ്വയം അഭിമാനിക്കുമ്പോള്‍ തന്നെ ബാഹ്യമായി ജീവകാരുണ്യം എന്ന സത്കര്‍മ്മത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക മാത്രമല്ല പരോക്ഷമായി ഇനിയും കൈമോശം വന്നു ഭവിക്കാത്ത ദൈവികമായ അത്ഭുതശക്തിയിലുള്ള ഉള്ളിലുള്ള വിശ്വാസത്തെ അല്ലെങ്കില്‍ ഭക്തിയുടെ ആ കാപട്യത്തെ മനസ്സില്‍ ഒളിപ്പിച്ചുവെക്കാനും അവര്‍ക്ക് കഴിയുന്നു.

തന്നിലെ ദിവ്യ ശക്തിയാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്വസിച്ചും പ്രലോഭിപ്പിച്ചും അറിവില്ലാത്ത ഒരു ജനവിഭാഗത്തെ അടിമകളാക്കിയത്തിനു സമാനമായ പ്രതിഭാസമാണ് ഈ ജീവ കാരുണ്യപ്രവത്തിയിലൂടെ പരിഷ്കൃത സമൂഹത്തില്‍ ആള്‍ ദൈവങ്ങള്‍ പ്രായോഗികമാക്കുന്നത്. അന്നത്തെ ദിവ്യ ശക്തി ഇന്നത്തെ കാലഘട്ടത്തില്‍ പുറത്തെടുത്താല്‍ ജനം പുറം കാലുകൊണ്ട്‌ ചവിട്ടും. അതുകൊണ്ട് ആ പഴയ ദൈവിക ശക്തിതന്നെ ആത്മീയതയില്‍ ചാലിച്ച് ജീവ വകാരുണ്യരൂപത്തില്‍ ഇന്ന് പുനരവതരിക്കുന്നു..

സത് കര്‍മ്മത്തില്‍ നിന്നും മോക്ഷം ലഭിക്കും . അതിലൂടെ ദൈവത്തിന്‍റെ പാത്രീ ഭൂതരായ് മാറുവാന്‍ അവസരം കൈവന്നു ചേരുന്നു . ഇതൊരു പ്രലോഭനമാണ്‌ . മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങളുടെ സങ്കുചിതമായ ആത്മീയ ജ്ഞാനത്തെ ചൂഷണത്തിന് വിധേയമാക്കുകയാണ്. ജീവകാരുണ്യം എന്ന ദൈവിക കര്‍മ്മത്തിലൂടെ ആളായും അര്‍ത്ഥമായും നിര്‍ലോഭമായ സഹായങ്ങള്‍ നല്കുന്നതിലൂടെ പ്രത്യുപകാരമായ് ലഭിക്കുന്ന ദൈവാനുഗ്രഹം കൊണ്ട് ഭാവി ജീവിതം കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാകും എന്ന ശുഭ പ്രതീക്ഷയില്‍ ജനം കബളിപ്പിക്കപ്പെടുന്നു.

ഇവിടെ പരിഷ്കൃതനെയും പ്രാകൃതനെയും ഒരു പോലെ തൃപ്തി പ്പെടുത്താന്‍ ആള്‍ ദൈവങ്ങള്‍ക്ക് കഴിയുന്നുണ്ട് . അതിനാല്‍ ഒരു സുനാമി കൊണ്ട് പോലും കടപുഴകാന്‍ കഴിയാത്ത ഒരു ശക്തിയായി ആള്‍ ദൈവങ്ങള്‍ മാറുമ്പോഴും തിരിച്ചറിയണം പരിശുദ്ധമാകേണ്ട കൈകളില്‍ പാപക്കറയുണ്ടെങ്കില്‍ ഏതു പ്രതി ബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് കാലം അത് പുറത്ത് വിടുക തന്നെ ചെയ്യും ....

ജീവകാരുണ്യം ആള്‍ദൈവങ്ങളും മത സംഘടനകളും ഏറ്റെടു ക്കുമ്പോള്‍ അത് ഒരു ഭരണകൂടത്തിന്‍റെ പരാജയം ആണ് . ഭരണകൂടത്തിന് ചെയ്യാന്‍ കഴിയാത്ത കര്‍ത്തവ്യം ആള്‍ദൈവങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അവിടെ ഭരണ കര്‍ത്താക്കള്‍ ആള്‍ദൈവങ്ങളുടെ കളിപ്പാവകള്‍ ആയി മാറുന്നു . ആള്‍ദൈവങ്ങളുടെ സ്തുതി പാഠകര്‍ ആയി മാറുന്നു.....

വീണതിനു ശേഷമുള്ള വിലാപം ഇന്നത്തോടെ അവസാനിപ്പിക്കാം...
നാളെ വീഴാതിരിക്കാനുള്ള ശ്രദ്ധക്കായ് ഇന്ന് തുടക്കം കുറിക്കുമെങ്കില്‍ ...........
modhan kattoor malayalam articles

No comments :

Post a Comment