രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Friday, June 27, 2014

ദേശസ്നേഹത്തിന്‍റെ കാണാപ്പുറങ്ങള്‍...


സ്റ്റേറ്റഡിയത്തില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. മറ്റ് ഒരു മത്സരത്തിനും നല്‍കാത്ത പ്രാധാന്യം നല്‍കി നിങ്ങളിലോരാളെപ്പോലെ ഞാനും ഈ മത്സരം വീക്ഷിക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ ഇപ്പോള്‍ കളി ടിവി യില്‍ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സ്വീകരണ മുറിയില്‍ ഇരുന്നു കൊണ്ടാകാം അല്ലെങ്കില്‍ നെറ്റില്‍ ആകാം. ചിലപ്പോള്‍ നിങ്ങള്‍ കോഫീ ഷോപ്പിലോ ക്ലബ്ബിലോ ഇരുന്ന് കൂട്ടുകാരോടൊപ്പം ആകാം. എന്നാല്‍ ഒരു പ്രവാസിയായ ഞാന്‍ ഈ കളി കാണുന്നത് സൂക്കിനുള്ളിലെ വലിയ ടിവി ഷോറൂമിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ പ്രോജെക്ടര്‍ സ്ക്രീനില്‍ നിന്നാണ്. എന്നോടൊപ്പം വിവിധഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ കൂട്ടമായി ഒരു ഭാഗത്തും വലിയ ജുബ്ബ ധരിച്ച് താടി നീട്ടി വളര്‍ത്തിയ പഠാണികള്‍ മറു ഭാഗത്തും നിന്നു കൊണ്ട് കളി കണ്ടുകൊണ്ട് നില്‍ക്കുന്നു. സമാനമായി സ്റ്റേറ്റഡിയത്തിനകത്ത് ഇരു രാജ്യങ്ങളുടെയും ആരാധകര്‍ ചമയങ്ങളിലും വേഷങ്ങളിലും ദേശസ്നേഹം പുറത്തെടുത്തുകൊണ്ട് അവരവരുടെ ദേശീയപതാക ഉയത്തിപ്പിടിച്ചു കളിയുടെ ആവേശം പങ്കുവെക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്കളി അതിന്‍റെ അന്ത്യത്തിലേക്ക് അടുക്കുകയാണ്.

ഒന്ന്‍ പറയാന്‍ വിട്ടുപോയി. എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ പഠാണിയോടൊപ്പം ആണ് ഞാന്‍ ഈ കളി കാണാന്‍ വന്നുനില്‍ക്കുന്നത്. "ഇന്ന് നമ്മളുടെ കളി ഉണ്ട്" എന്ന് പറഞ്ഞ് അവനാണ് എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്.

ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാന ബോള്‍ ബൌണ്ടറിയിലേക്ക് പായിച്ചു ഇന്ത്യന്‍ കളിക്കാര്‍ വിജയം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി. അണപൊട്ടിയ ആഹ്ലാദം ഗാലറിയില്‍ ആര്‍ത്തിരമ്പി. ഇന്ത്യന്‍കളിക്കാര്‍ രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് മൈതാനം വലം വെച്ച്ആരാധകരുടെ ആഹ്ലാദത്തെ കൊടുമുടിയില്‍ എത്തിക്കുന്നു. ഈ വിജയ ആരവങ്ങള്‍ക്കിടയിലൂടെ പരാജയം സംഭവിച്ചകനത്ത ദുഃഖത്തില്‍ കുനിഞ്ഞ ശിരസ്സുമായ്‌ പാക് ടീം മൈതാനം വിടുമ്പോള്‍, ഇവിടെ വലിയ സ്ക്രീനിനു മുന്നില്‍ നിന്നും നിരാശരായ പഠാണികള്‍ നിശബ്ദരായി പിരിഞ്ഞു പോകുന്നു. പ്രദര്‍ശനം അവസാനിപ്പിച്ചുകൊണ്ട് കടയുടെ സെയില്‍സ്മാന്‍ പ്രോജെക്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്തു.

മടക്ക യാത്രയില്‍ സുഹൃത്ത് പഠാണി ഏറെ നേരം നിശബ്ദനായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടതിലുള്ള ദുഃഖം ആ മുഖത്തും വിജയിയായതിലുള്ള സന്തോഷം എന്‍റെ മുഖത്തും മായാതെ കിടക്കുന്നു. ആ മൌനത്തിന്‍റെ കാരണം പരാജയപ്പെട്ടവന്‍റെ ദുഃഖം ആയിരുന്നു എന്ന എന്‍റെ മുന്‍വിധിയെ പാടെ തിരുത്തികൊണ്ട്‌ അവന്‍ മൌനംവെടിഞ്ഞു.

“ മത്സരത്തില്‍ പരാജയപ്പെടുത്തുമ്പോള്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചാണോആഹ്ലാദം പ്രകടിപ്പിക്കേണ്ടത്? ”

“പാക്കിസ്ഥാന്‍ജയിക്കുമായിരുന്നുവെങ്കില്‍ഇങ്ങനെതന്നെസംഭവിക്കുമായിരുന്നില്ലേ? ” ഞാന്‍ തിരിച്ചു ചോദിച്ചു.

“ തീര്‍ച്ചയായും . അപ്പോഴും എന്‍റെ ചോദ്യം ഇതുതന്നെയായിരിക്കും“. ആ മറുപടിയോടൊപ്പം ഒരു സലാം കൂടി നല്‍കി അവന്‍ എന്നെ വീട്ടില്‍ തിരിച്ചിറക്കി.

നിദ്ര നഷ്ടമായ ഒരു രാത്രി സമ്മാനിച്ച സുഹൃത്ത് പഠാണിയുടെ ചോദ്യം കാതുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉത്തരം തിരഞ്ഞുള്ള ചെറിയൊരു അന്ന്വേഷണം കൂടി നിങ്ങളോട് പങ്കുവെച്ച് ഈ ലേഖനം ഞാന്‍ അവസാനിപ്പിക്കാം.

ഒരു കളി ആരംഭിക്കുന്നത് രണ്ട് നല്ല സൌഹൃദത്തില്‍ നിന്നാണ്. കളിയില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നു എങ്കില്‍ അതിനെ മത്സരം എന്ന് പറയുന്നു. ശത്രുക്കളായ രണ്ടു പേര്‍ക്ക് ഒരിക്കലും കളിയില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അഥവാ രണ്ടു പേര്‍ മത്സരിക്കുമ്പോള്‍ അവര്‍ ശത്രുക്കള്‍ ആണെങ്കില്‍ അവിടെ ജയപരാജയങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിനെയാണ് യുദ്ധം എന്ന് പറയുന്നത്. യുദ്ധം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ ശത്രുവിനെ പരാജപ്പെടുത്തി വിജയി രാജ്യത്തിന്‍റെ മുഴുവന്‍ വികാരവും പ്രതിഫലിപ്പിക്കുന്ന ദേശീയ പതാക ഉയര്‍ത്തി വിജയം പ്രഖാപിക്കുന്നു.

ക്രിക്കറ്റ് ഒരു ഗെയിം ആണ്. അതില്‍ ജയവും പരാജയവും സംഭവിക്കാം. പരാജയപ്പെടുത്തി വിജയി രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പരാജയപ്പെടുത്തുന്നത് ഒരു രാജ്യത്തെയാണ് എന്ന വികാരം വിജയിക്കും പരാജിതനും ഒരേ പോലെ കൊണ്ടുവരുന്നു. കാലങ്ങളായി ശത്രുഭാവത്തില്‍ നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ഒരു മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയത്തില്‍ കവിഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ കളിക്കുവാനും കളി കാണുവാനുമുള്ള അതിയായ ആവേശം ക്രിക്കറ്റ് ഗെയിം എന്നതിനേക്കാള്‍ ഉപരി തോല്‍വി അര്‍ഹിക്കാത്ത ഒരു ജനതയുടെ ദേശസ്നേഹം കൂടിയാണ്. ഒരു മത്സരത്തിലും പുറത്തെടുക്കാത്തെ പോരാട്ട വീര്യം കളിക്കാരനിലും അതേ ആവേശം കാണികളിലും ഉണ്ടാകുന്നതും അതേ ദേശസ്നേഹത്തില്‍ നിന്നുതന്നെ. യുദ്ധത്തിന് സമാനമായ അന്തരീക്ഷം കളിക്കളത്തില്‍ രൂപപ്പെടുന്നു. ആ യുദ്ധം സംഭവിക്കുന്നതാകട്ടെ രാജ്യസ്നേഹമുള്ള മനസ്സുകളിലും.


വിജയി അവന്‍റെ ദേശീയ പതാക ഉയര്‍ത്തി വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടവന് തോല്‍വി സംഭവിച്ച ദുഃഖത്തോടൊപ്പം അപമാനിക്കപ്പെട്ടതിന്‍റെ മുറിവ് കൂടി അവന്‍റെ ഉള്ളില്‍ എല്പ്പിന്നുണ്ട്. ഉള്ളില്‍ കനല്‍ എരിയുന്ന നെരിപ്പോടെ തന്നെയാണ് ഓരോ പരാജിതനും അപ്പോള്‍ ഉള്‍വലിയുന്നത്. ഈ വേദന ഇന്ത്യയുടെ പരാജയവെളകളില്‍ നാം അനുഭവിച്ചറിഞ്ഞീട്ടുള്ളതാണ്.

മത്സരങ്ങള്‍, അത് രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ വിജയിക്കുന്ന വേളകളില്‍ ആഹ്ലാദം കാഴ്ചവെക്കാന്‍ ഒരു ഇന്ത്യന്‍ പൌരന് സ്വന്തം രാജ്യത്തിന്‍റെ പതാക ഉപയോഗിക്കാനുള്ള അധികാരം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം പരാജയപ്പെട്ടവന് പ്രതികാരം ചെയ്യുവാനുള്ള പ്രേരണയാകുന്ന ഒരു അപകടം അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. കാരണം പരാജയപ്പെടുത്തിയത് ശത്രിവിനെയാണ്. വിജയം ആഘോഷിച്ചത് രാജ്യമാണ്.
===================================
 

No comments :

Post a Comment