രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Tuesday, February 12, 2019

ആരാണ് ഇവിടെ സാംസ്കാരിക നായകർ ?


വഴിപിഴക്കാവുന്ന ഭാവിക്ക് ഒരു പെൺ ബാല്യത്തെ വിട്ടുകൊടുക്കാതെ കല ചമക്കുന്ന ആയുധം കഠാരയാക്കി കുരുന്നു ദേഹത്തിൽ കുത്തിയിറക്കുന്ന ഒരു കലാകാരനുണ്ട് എം ടി പരിചയപ്പെടുത്തിയ 'സദയം' സിനിമയിൽ. പതറാത്ത മനസ്സിൽ ഒരു കൊലയാളിയെ ഒളിപ്പിച്ചിരുന്ന ഒരു യഥാർത്ഥ കലാകാരൻ.
പേര് സത്യനാഥൻ.
വിളിക്കുമോ നിങ്ങൾ സത്യനാഥനെയും
സാംസ്കാരിക നായകനെന്ന് ?

ആരാണ് ഇവിടെ സാംസ്കാരിക നായകർ ?


ബഹുഭൂരിപക്ഷം കലാകാരൻമാരും സാഹിത്യ കാരന്മാരും വ്യക്തിജീവിതത്തിൽ സന്മാർഗ്ഗികത പുലർത്തിയിരുന്നവരല്ല, ആയിരുന്നില്ല. അതിൽ അവർ വിശ്വസിച്ചിരുന്നവരുമല്ല എന്നതാണ് സത്യം. നല്ലൊരു ചിത്രം വരച്ചാൽ, ഒരു കഥ എഴുതിയാൽ, കവിതയെഴുതിയാൽ, ഒരു ശിൽപം ചമച്ചാൽ, ഒരു സിനിമ പിടിച്ചാൽ അവരിന്നു കേരളത്തിൽ സ്വയം പ്രഖ്യാപിത സാംസ്കാരികനായകരാണ്. എന്തു ആഭാസത്തരം ചെയ്താലും, എന്തു തെമ്മാടിത്തരം ചെയ്താലും കൈയ്യിലൊരു കലാവിരുത് കൂടെയുള്ളവരെങ്കിൽ, പക്ഷം പിടിക്കുന്ന പാർട്ടിക്ക് കൂലിപ്പണി ചെയ്യാൻ അവർ തയ്യാറാണെങ്കിൽ അവരെല്ലാം ഇന്ന് നമ്മുടെ നാട്ടിൽ സാംസ്കാരിക നായകരാണ്.

ആവിഷ്‌കാരവൈദഗ്ദ്യം സാംസ്കാരിക നായകന് ഉണ്ടായിരിക്കേണ്ട അടിസ്‌ഥാനയോഗ്യതയല്ല. ആരാണ് സാംസ്‌ക്കാരിക നായകനെന്ന് ജനം തിരിച്ചറിയുന്നതാണ് യാഥാർത്ഥ്യം. വ്യക്തിയിൽ നിന്നുകൊണ്ട് എന്തു ആഭാസത്തരം നടത്തുന്നവനും ഞാനാണ് സാസ്കാരിക നായകനെന്ന് സ്വയം പരിചയപ്പെടുത്തുമ്പോഴല്ല.

ഏത് സംസ്കാരത്തിൽ വളർന്നു എന്നു പ്രതിഫലിപ്പിക്കുന്ന കലാകാരനെക്കാൾ മഹത്വം എന്തുകൊണ്ടും ഏത് സംസ്കാരത്തിൽ വളരണം എന്നു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനുണ്ട്. കുഞ്ഞുങ്ങൾക്ക് നല്ല ശീലം പറഞ്ഞുകൊടുക്കുന്ന അംഗനവാടി ടീച്ചർക്കുപോലുമുണ്ട്.
നല്ലൊരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളുടെ മുൻപിൽ വെച്ചു സിഗരറ്റ് വലിക്കാതിരിക്കുന്നതും ആ ഒരു അറിവിൽ നിന്നുകൊണ്ടുതന്നെയാണ്.

ആൾക്കൂട്ടത്തെ ആകർഷിക്കാൻ നടത്തുന്ന ചെപ്പടിവിദ്യ വ്യാജമരുന്ന് വിൽക്കുന്ന
വഴിവാണിഭക്കാരന്റെ കച്ചവടതന്ത്രമാണ്. ആൾക്കൂട്ടത്തിനിടയിൽ കൃത്യമമായി സൃഷ്ടിക്കുന്ന സംഘർഷം പോക്കറ്റടിക്കാരന്റെ കൗശലമാണ്. കലയും സാഹിത്യവും മറയാക്കി ഒരു പക്ഷം പിടിക്കുന്ന ഈ രാഷ്ട്രീയ കൂലിപ്പണിക്കാർ കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രം കലയിൽ പൊതിഞ്ഞ് കച്ചവടം ചെയ്യുന്നു.
സർഗ്ഗസൃഷ്‌ടി എന്തെന്നും സാംസ്കാരിക വ്യക്തിത്വം എന്തെന്നും ഇനിയും ഇഴപിരിച്ചു ജനം മനസിലാക്കിയില്ലെങ്കിൽ കലയുടെ വേഷമിട്ട കപട സാംസ്കാരികത ജനങ്ങളെ വഞ്ചിച്ചുകൊണ്ടേയിരിക്കും.

പശിയിൽ പഴം കഴിക്കുന്ന മൂഷികൻ അകത്തൊളിപ്പിച്ച പാഷാണം തിരിച്ചറിയുന്നില്ല.

Monday, February 19, 2018

കാനല്‍ ജലം

പ്രായമായവരെ കരയിക്കാമോ?
ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി.
അതെ., ഞാൻ എഴുതുകയല്ല.,
പറഞ്ഞുതുടങ്ങുകയാണ്.
പാതയോരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു പൂച്ചകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് തുടക്കം. ഒരു പ്രാർത്ഥനയോടെ മനസ്സിൽ പറഞ്ഞു. ആ കരച്ചിൽ നിലക്കാതിരിക്കട്ടെ..
ഒരു ദിവസത്തെ ജോലിയുടെ പാതിഭാഗം കഴിഞ്ഞ് റൂമിലേക്കുള്ള മടക്കയാത്രയിൽ ഇനിയെനിക്ക് പത്ത് കി.മി. ദൂരം ബാക്കിയുണ്ട്. ഉച്ചയാണ്, നല്ല വെയിലും. കറുത്തറോഡിൽ കണ്മുന്നിൽ കാണുന്ന കാനൽജലം പിടിതരാതെ ഓടിയകലുന്നു. കാറിലെ റേഡിയോവിൽ പ്രതിദിനസംവാദ പരിപാടിയിൽ അവതാരകൻ ഇന്നും നാട്ടിലെ അസഹിഷ്ണുത വികാരത്തിന് തിരികൊളുത്തിയിട്ടുണ്ട്. മനസ്സിൽ ക്ഷോഭം തിരയിളക്കുന്ന പ്രതികരണം നാവിൽ കുടുങ്ങിയപ്പോൾ ഞാൻ റേഡിയോ മെല്ലെ ഓഫ് ചെയ്തു വെച്ചു. വെറുതെ എന്തിന് ബി പി കൂട്ടണം?
നടുറോട്ടിൽ കിന്നാരം പറഞ്ഞിരിക്കുമ്പോൾ ഈ ചങ്ങാലിപ്രാവുകൾ എന്തേ പരിസരം മറന്നുപോകുന്നു? അതോ അവക്ക് കാഴ്ച്ചക്കുറവും കേൾവിക്കുറവുമുണ്ടോ?
കാൽ കാറിന്റെ ബ്രേക്കിൽ പെട്ടെന്നമർന്നു. ചിറകടിയുടെ പട പട ശബ്ദം വാനിലുയർന്നപ്പോൾ തെല്ല് ആശ്വാസമായി. ഭാഗ്യം, രണ്ടും ജീവനോടെയുണ്ട്.
വണ്ടി ആദ്യ സിഗ്നലിനടുത്തെത്തും മുൻപേ ഒരാൾ ദൂരെ ലിഫ്റ്റിനായി കൈയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു. റോഡിലെ സ്വാഭാവികമായ ബ്ലോക്ക് അയാൾക്കുമുന്നിൽ തന്നെ കാർ എത്തിനിൽകാൻ കാരണമായി. ഒരു വയസ്സൻ സൂരി(സിറിയ) കറവീണ പല്ലുകൾ മുഴുക്കെ കാണിച്ചു അടുത്തുവന്നു.
അയാൾക്ക് പോകേണ്ടത് ഇൻഡസ്ട്രിയൽ ഏരിയയിലേക്കാണ്. 'ഞാൻ ആ വഴിയല്ല, നേരെയാണ് പോകുന്നത് '- ഞാൻ പറഞ്ഞു. 'സാരമില്ല, നാലാമത്തെ സിഗ്നലിൽ എന്നെ ഇറക്കിയാലും മതി'. വൃദ്ധൻ പറഞ്ഞു.
ഞാൻ തലകുലുക്കി.
'ശുക്രൻ' വളരെ സന്തോഷത്തോടെ പിൻസീറ്റിൽ കയറിയിരുന്ന് അയാൾ നന്ദി പറഞ്ഞു. ആ മുഷിഞ്ഞ വേഷവും പഴകി ദ്രവിച്ച ഷൂസും ഒറ്റ നോട്ടത്തിൽ ഒരു നിർമ്മാണതൊഴിലാളിയുടെതാണെന്ന് എനിക്ക് മനസ്സിലായി.
മുഖത്തെ ദൈന്യതകണ്ടപ്പോൾ ഈ പ്രായത്തിലും മരുഭൂമിയിൽ വന്ന് കഷ്ടപ്പെടേണ്ട അനിവാര്യതയെ ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി.
'പണിയില്ലാതെ ദിവസങ്ങളായി'. അയാൾ പുറകിലിരുന്നു സംസാരിക്കാൻ തുടങ്ങി. അത് ആ മുഖത്ത് കാണാനാകും.
'ഇവിടെ ഒരു പരിചയക്കാരനെ തിരഞ്ഞു വന്നതാണ്, പണി വല്ലതും തരപ്പെടുമോ എന്നറിയാൻ, കൂട്ടുകാരനെ കാണാൻ കഴിയാത്തതിൽ അതും നടന്നില്ല.'
ക്ഷീണവും ദുഃഖവും പടരുന്ന ആ വിയർപ്പുമുഖം അയാൾ ചുവന്ന കള്ളികളുള്ള തോൾതൂവാലകൊണ്ടു ഇടക്കിടെ ഒപ്പുന്നുണ്ടായിരുന്നു.
ഇവിടെ എത്തിയിട്ട് എത്ര വർഷമായിയെന്ന് ചുമ്മാ ഞാനൊന്നു ചോദിച്ചു. എന്തെങ്കിലും ചോദിക്കണമല്ലോ..
'രണ്ടുവർഷം കഴിഞ്ഞു'. വയസ്സൻ സൂരി മറുപടി നല്കി.
'കുടുംബം കൂടെയുണ്ടോ, അതോ സിറിയയിലാണോ'?
ആ വയസ്സനിൽ നിന്നും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതല്ല. അറിയാവുന്ന അറബികൊണ്ട് കൈയ്യിൽ കരുതിവെക്കുന്ന ചോദ്യങ്ങളിൽ ഒന്നു എടുത്തു പ്രയോഗിച്ചു എന്നുമാത്രം.
ആ മുഖത്ത് അല്പമെങ്കിലും അവശേഷിച്ചിരുന്ന സന്തോഷം ഒരൊറ്റ ചോദ്യം കൊണ്ട് അപ്രത്യക്ഷമായി.  ഒരു മറുപടിക്ക് വേണ്ടി കാത്തുനിന്ന എന്നെ നിരാശനാക്കി കണ്ണുകൾ പുറത്തേക്ക് പറിച്ചുനട്ട് അയാൾ മുഖം മറച്ചുപിടിച്ചു.
തെല്ലിട നേരിയ കുറ്റബോധം കൊണ്ട് മനസ്സൊന്നു ഇടറിയപ്പോൾ ഇന്നെലെയിലെവിടെയോ കണ്ട ആ ഒരു വീഡിയോ ദൃശ്യം ഒരു നിമിഷം എന്റെ അകക്കണ്ണിലൂടെ വീണ്ടും ചലനാത്മകമായി.
പുകയും പൊടിയും കലർന്ന അന്തരീക്ഷത്തിൽ വെടിയൊച്ചയുടേയും നിലവിളിയുടേയും നിലക്കാത്ത ആരവങ്ങൾ.. ഷെല്ലാക്രമണത്തിൽ തകർന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അവർ ഉറ്റവരെ തിരയുന്നു. മുറിവേറ്റ പിഞ്ചുകുഞ്ഞിന്റെ ശരീരം നെഞ്ചോട് ചേർത്ത് അമ്മമാർ പ്രാണനും കൊണ്ട് കരഞ്ഞോടുന്നു.
വിദൂരതയിൽ നിന്നും കണ്ണെടുക്കാതെ പുറകോട്ട് പായുന്ന ഈന്തപ്പനകൾക്കിടയിലൂടെ ഈ വയസ്സൻ കാണുന്നതും അതേ കാഴ്ച്ചതെന്നെയായിരിക്കുമോ. ആർക്കറിയാം?

കൊടും ചൂടിലും കൊടും തണുപ്പിലും എനിക്ക് നിന്റെ പുതപ്പ് വേണം. ഉണങ്ങിനിർജ്ജീവമായാലും കൊഴിയാതെ തായ് തടിയോട് ചേർന്നുകിടക്കുന്ന ഈന്തപ്പനയുടെ ഓലകൾ ചുടുകാറ്റിൽ ആടിയുലയുന്നു.

വണ്ടിയുടെ പിൻസീറ്റിൽ എന്റെ ഓഫീസ് ബാഗും ഒരു ബോട്ടിൽ വെള്ളവും ഉണ്ടായിരുന്നു. വരണ്ട മണ്ണിന്റെ ദാഹം പോലെ അയാൾ ബോട്ടിലിൽ നിന്നും വെള്ളം വായിലേക്ക് പകർന്നു.
ആ ചോദ്യം ഒഴിവാക്കാമായിരുന്നു. ഞാനെന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.
വണ്ടി നാലാമത്തെ സിഗ്നലിൽ എത്തി.
'ഇവിടെ നിർത്തിക്കൊള്ളൂ'. അയാൾ പറഞ്ഞു.
'ശരി. ഇനി അല്പം വലത്തോട്ട് നടന്നാൽ മതി, ബസ്സ് സ്റ്റോപ്പ് കാണാം'. ഞാൻ പറഞ്ഞു.
കാലിയായ കീശയെ തലോടി അയാളെനിക്ക് മറുപടി തന്നു.
'ഇല്ല, നിങ്ങളെപ്പോലെ ആരെങ്കിലും ഒരാൾ വണ്ടി നിർത്തിത്തരും'.
വണ്ടി പാർക്ക് ചെയ്തു, ഡോർ തുറന്ന് അയാൾ കാറിൽനിന്നുമിറങ്ങി.
ഒരിക്കൽ കൂടി ശുക്രൻ പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു. ഈ പ്രായത്തിലും ഇടറാതെ ചലിക്കുന്ന ചുവടുകളെ എന്റെ കണ്ണുകൾ പിന്നെയും ഏറെ നേരം പിന്തുടരുന്നുണ്ടായിരുന്നു.
അമ്മയുടെ ഉദരത്തിൽ നിന്നുള്ള പിറവിയിൽ നമ്മിൽ എവിടെയാണ് അന്തരം? ജ്വലിക്കുന്ന സൂര്യനും ശ്വസിക്കുന്ന വായുവും തമ്മിൽ എവിടെയാണ് മുറിവ് ? നീ അവിടെയും ഞാനിവിടെയുമായത് ആരാൽ പ്രേരിതമായാണ് ? ഏതാണ് ആ നിയോഗം ? 
നടന്നുനീങ്ങുന്ന ആ വൃദ്ധനെ അധികനേരം എനിക്ക് നോക്കിനിൽക്കാനായില്ല. ഞാനെന്നിൽനിന്നുതന്നെ അകലുന്നതുപോലെ, ഇനിയെനിക്ക് ചെയ്യാൻ ബാക്കിയെന്തുണ്ട് എന്ന ചിന്ത ഒരു നിമിഷം കടന്നുവന്നപ്പോൾ ഒരു ഉൾവിളി പോലെ ഞാനയാളെ വിളിച്ചു.
'ഒന്നുനിൽക്കൂ'. അയാൾ നിന്നു.
ഞാൻ അടുത്തുചെന്നു, പേഴ്സിൽ നിന്നും നൂറ് റിയാലെടുത്തു ആ വയസ്സൻ സൂരിയുടെ കീശയിൽ വെച്ചുകൊടുത്തു.  കലങ്ങിയ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.  ഒരു മകനെയെന്നപോലെ അയാളെന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ സന്തോഷത്തിന്റേതാകും. 'സാരമില്ല'- ഞാൻ സമാശ്വസിപ്പിച്ചു. പക്ഷെ, അവിടെ എനിക്ക് തെറ്റി.  നിറഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ എന്റെ കണ്ണുകളിൽ ഉറപ്പിച്ചു നിർത്തി അതുവരെ ചുരുട്ടിപ്പിടിച്ച വലതുകൈ അയാൾ എന്റെ മുന്നിൽ തുറന്നുവെച്ചു. ഏതാനും പത്ത് റിയാൽ നോട്ടുകൾ. അവ എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു.
'ഈ പണം നിങ്ങളുടേതാണ്, നിങ്ങളുടെ ബാഗിൽ നിന്നും ഞാനെടുത്തതാണ്. മാലിഷ്'. (മാപ്പ്).
കാലത്ത് കാറിൽ പെട്രോൾ അടിച്ചതിന്റെ ബാക്കിലഭിച്ച ഏതാനും പത്തുറിയാൽ നോട്ടുകൾ വിറക്കുന്ന ആ കൈക്കുള്ളിൽക്കിടന്നുപിടയുന്നത് ഞാൻ കണ്ടു. അതിനുള്ളിൽ നിന്നും പെട്രോൾ ബില്ല് മാത്രം തിരിച്ചെടുത്ത ശേഷം ഞാൻ പറഞ്ഞു.
'ഇതുകൊണ്ട് നിങ്ങൾക്ക് പ്രയോജനമില്ല.'
കാനൽചൂടിൽ പൊടിഞ്ഞ വിയർപ്പുകണം കണ്ണീരിനോടൊപ്പം അയാളുടെ മുഖത്ത് ചാലുകൾ തീർക്കുന്നു. ചുവന്നകള്ളികളുള്ള തോൾ തൂവാലകൊണ്ടു അയാൾ അത് തുടച്ചുനീക്കി. ആ വൃദ്ധൻ കരഞ്ഞതല്ല, ഞാനയാളെ കരയിച്ചതാണ്.
ക്ഷമചോദിക്കാൻ കഴിയാത്ത ഒരു കുറ്റബോധം മനസ്സിന്റെ അടിത്തട്ടിൽ ബാക്കിയാകുന്നു.
വിടർന്ന ആ വിരലുകൾ ഒരിക്കൽകൂടി ചേർത്തുപിടിച്ചുകൊണ്ട് വയസ്സനായ ആ സൂരിയോട് ഞാൻ യാത്രപറഞ്ഞു.
'അസ്സലാമു അലൈക്കും'.
*******************
മോദൻ കാട്ടൂർ

Tuesday, September 20, 2016

പൂക്കളങ്ങൾ പറഞ്ഞുതന്നത്..


...എന്നാല്‍ ഞാനൊരു നുണപറയാം. നുണയല്ലേ, എന്തിന് വായിക്കണം എന്നു കരുതുന്നവര്‍ കണ്ണുകള്‍ അടച്ച് ഉടന്‍ അടുത്ത കാഴ്ചയിലേക്ക് മടങ്ങിപോകുക. നുണയാണെങ്കിലും ചിലപ്പോള്‍ കേൾക്കാന്‍ രസമുണ്ടാകും എന്ന് കരുതുന്നവരും കാണുമല്ലോ, അവരെ നിരാശപ്പെടുത്താതിരിക്കാന്‍ എന്നാലാവും വിധം ഞാനൊരു ശ്രമം നടത്താം.
അപ്പോ തുടങ്ങാ..ലേ..
ഈയൊരു നുണപറയാന്‍ ഉണ്ണീ എന്ന്വിളിക്കുന്ന എന്‍റെ ബാല്യത്തിലേക്ക് എനിക്ക് തിരിച്ചുപോകണം. അവിടെ ഇപ്പോള്‍ ഓണക്കാലമാണ്. അതിരാവിലെ തൊടിയില്‍ അനുജത്തിയോടൊപ്പം ചുറ്റിനടന്ന് പൂക്കള്‍ പറിച്ച് ചാണകം മെഴുകിയ മുറ്റത്തെ വൃത്തത്തിൽ പൂക്കളം ഇടുന്ന ഓണക്കാലം.
വേലിപ്പടർപ്പിലെ ഇലതുമ്പുകളിൽ രാത്രിമഴയിലെ ജലകണങ്ങൾ സൂര്യകിരണങ്ങള്‍ക്കുള്ളിലെ വര്‍ണ്ണങ്ങള്‍ തിരയുന്ന പ്രഭാതം. എന്നെത്തേയും പോലെ ചെത്തിയും ചെമ്പരത്തിയും മുക്കുറ്റിയും മന്ദാരവും തുമ്പയും ചെണ്ടുമല്ലിയും ജമന്തിയുമെല്ലാം ചേർന്ന് വർണ്ണങ്ങൾ ഇതള്‍ വിതറുന്ന ഒരു കൊച്ചു പൂക്കളം ഞങ്ങള്‍ ഇടാൻ തുടങ്ങവേ അയല്‍ വീട്ടിലെ രണ്ടു കളികൂട്ടുകാര്‍ ഓടിയെത്തി.
പൂക്കളത്തിന്‍റെ ഭംഗി ആസ്വദിക്കാനും അഭിപ്രായം പറയാനും മാത്രമല്ല, സന്ദർഭം അനുകൂലമാണെങ്കില്‍ കളത്തിലെ പൂദളങ്ങളെ ഭംഗിയായി നിരത്തിവെച്ച് പൂക്കളത്തെ അവർ കൂടുതല്‍ മനോഹരമാക്കിതരുമായിരുന്നു.
കൈകുമ്പിളില്‍ ഒളിപ്പിച്ച പൂക്കള്‍ എനിക്ക് കൈമാറി അന്നവള്‍ പറഞ്ഞു,
"എനിക്കും അനിയനും നിങ്ങള്‍ വീട്ടില്‍ ഇടുന്നപോലെ പൂക്കളം ഇടാന്‍ മോഹമുണ്ട്. ഉമ്മ ഒന്നും പറയില്ല, പക്ഷെ വല്ല്യുപ്പയെ പേടിയാ. കണ്ടാല്‍ ചിലപ്പോള്‍ അടികിട്ടും."
ഉള്ളിലൊളിപ്പിച്ച അവളുടെ ദുഃഖം എന്‍റെ മുഖത്തെ സന്തോഷം കെടുത്തികളഞ്ഞു..
"ഒരു ദിവസം ഇട്ടുനോക്കൂ. അടികിട്ടിയാല്‍ ഒരിക്കലല്ലേ കിട്ടുകയുള്ളൂ ചെറിയ വേദനകള്‍ കൊടുത്താല്‍ വലിയ സന്തോഷം ലഭിക്കുമെങ്കിലോ.? "
എന്‍റെ പ്രചോദനം അവർക്ക് ഊർജ്ജമായി. പിറ്റേന്ന് കാലത്ത് അവര്‍ രണ്ടുപേരും അവരുടെ മുറ്റത്ത് പൂക്കളമിട്ടു. ഭയം കൊണ്ട് വിറക്കുന്ന വിരലുകൾകൊണ്ടവർ അതിമനോഹരമായ ഒരു പൂക്കളം തീർത്തു. നല്ലഭംഗിയുണ്ടെന്ന് ഞാന്‍ പല ആവര്‍ത്തി പറഞ്ഞതൊന്നും അവരുടെ ഭയത്തെ അകറ്റാന്‍ പോന്നതായില്ല. അതിരാവിലെ പള്ളിയില്‍ പോയി തിരിച്ചുവരുന്ന വല്ല്യുപ്പയുടെ കാലടി ശബ്ദങ്ങൾക്ക് കാതോർത്ത് അവര്‍ ഇരുവരും ജനല്‍ മറവില്‍ കൺനട്ടിരുന്നു.
അയല്‍ വീട്ടിലെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ വേലിക്കരിക്കരികിലേക്കോടിയെത്തി. പള്ളിയില്‍ നിന്നും തിരിച്ചെത്തിയ വല്ല്യുപ്പ വീട്ടിലേക്ക് നടന്നുവരുന്നു. ആ കാലുകള്‍ പൂക്കളത്തിനു മുന്നില്‍ നിശ്ചലമായി. അലപ്നേരം അയാള്‍ ആ പൂക്കളത്തിലേക്ക് തുറിച്ചുനോക്കി. തലയുയർത്തി ചുറ്റും നോക്കിയപ്പോള്‍ അതാ അയല്‍വീട്ടിലെ ചെറുക്കന്‍ പുഞ്ചിരിച്ചുകൊണ്ട് വേലിക്കരികില്‍നില്‍ക്കുന്നു.
കൈകള്‍ നീട്ടി അയാള്‍ എന്നെ അടുത്തുവിളിച്ചു. പ്രചോദനം കുറ്റമാണോ ? എങ്കിലും ചെയ്തത് ഞാനല്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ ചുവടുകള്‍ മുന്നോട്ടുവെച്ചു. വല്ല്യുപ്പയുടെ മുന്നില്‍ വന്നുനിന്ന ഞാന്‍ ആ മുഖമൊന്നുകാണുവാന്‍ തല ആകാശത്തേക്ക് ഉയര്‍ത്തി. എന്‍റെ ഇരുതോളിലും കൈകള്‍വെച്ച് നീണ്ടുനിവര്‍ന്ന ആ ശരീരം വില്ലുപോലെ വളഞ്ഞു. അത്തറിന്‍റെ ഗന്ധമുള്ള ഒരു മുത്തം എന്‍റെ നെറുകയില്‍ വീണപ്പോള്‍ ജനൽ മറവില്‍ ഭയംകൊണ്ട കണ്ണുകള്‍ ഒരു പൊട്ടിച്ചിരിയായി എന്നെ കെട്ടിപ്പിടിക്കാനോടിയെത്തി.

സന്തോഷം കൊണ്ട് ഇപ്പോള്‍ നിങ്ങളുടെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടരുന്നുണ്ടാകും. എനിക്കറിയാം, പക്ഷെ, എന്തു ചെയ്യാം.. ഒരു നുണപറയാമെന്നുഞാന്‍ പറഞ്ഞുപോയില്ലേ..

Friday, February 26, 2016

മുത്തു


തേന്‍ നിറച്ച വലിയ ഒരു കുപ്പി അയാളുടെ ഇടതുകൈയ്യില്‍ തൂങ്ങിക്കിടന്നിരുന്നു. വലതുകൈയ്യില്‍ അയാള്‍ നീട്ടിയ ആ തുണ്ടുകടലാസ്സിലെ അക്ഷരങ്ങള്‍ ഞാന്‍ ഒരിക്കല്‍കൂടി വായിച്ചു.
"കല്ലറക്കല്‍ അന്തോണി".
എന്‍റെ മുന്നില്‍ നില്‍ക്കുന്നത് അല്പം മുന്‍പ് കടന്നുപോയ ബസ്സില്‍ നിന്നും ഇറങ്ങിയ ഒരാദിവാസി കുടുംബമാണ്. എണ്ണനിറഞ്ഞ തലമുടി ഭംഗിയായി ചീകിനിര്‍ത്തി സമപ്രായക്കാരനായ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ നെഞ്ചില്‍ തുണിസഞ്ചി ചേര്‍ത്തുപിടിച്ചു നില്ക്കുന്നു. ഒക്കത്ത് കൈകുഞ്ഞുമായി ഒരമ്മ.
എന്‍റെ മറുപടിക്കായ് അവര്‍ കാത്തു നില്ക്കുകയാണ്.
"അന്തോണി മുതലാളിയുടെ വീട് .."
"അതാ.. ആ കാണുന്ന വളവ് കഴിഞ്ഞാല്‍ ആദ്യം കാണുന്ന ഇടവഴി ഇറങ്ങി ചെല്ലുന്നത് മുതലാളിയുടെ വീട്ടിലേക്കാണ്. അല്ലെങ്കില്‍ വേണ്ട.. വാ.. ഞാന്‍ കാണിച്ചുതരാം." "
നെഞ്ചില്‍ അവന്‍ ചേര്‍ത്തുപിടിച്ച തുണിസഞ്ചി പിടിച്ചുവാങ്ങി ഞാന്‍ സൈക്കിളിനു പുറകില്‍ വെച്ചു.
ചുറ്റും കണ്ണുകള്‍ പായിച്ച് എന്‍റെ ഗ്രാമത്തെ അവന്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ്. ആ മുഖത്ത് നോക്കി ഞാന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
മുഖത്തെ വിഷാദഭാവം വെടിഞ്ഞ് തിരിച്ച് എനിക്കായ് ഒരു പുഞ്ചിരി നല്കാന്‍ അവന്‍ വല്ലാതെ പണിപ്പെടുന്നതായ് തോന്നി.
"എന്താ നിന്‍റെ പേര് ..?"
"മുത്തു .." അവന്‍ പറഞ്ഞു.
കൊട്ടാരം പോലുള്ള അന്തോണി മുതലാളിയുടെ വീടിനു ചുറ്റുമുള്ള കോട്ടമതിലിനു മുന്നിലൂടെ രണ്ടും മൂന്നും തവണ ഞാന്‍ വട്ടമിട്ടു. ഇന്നലെ ഈ വലിയ ഗേറ്റിനു മുന്നില്‍ വെച്ചാണ് മുത്തുവിന്‍റെ അച്ഛന്‍റെ കൈകളിലേക്ക് അന്തോണി മുതലാളി പണം എണ്ണികൊടുത്തത്. തേന്‍ നിറച്ച കുപ്പിയും തൂക്കിപ്പിടിച്ച് മുതലാളിക്ക് പുറകില്‍ അകത്തേക്ക് നടന്നുപോകുന്ന മുത്തുവിനെ കണ്ണില്‍ നിന്നും മറയുന്നതുവരെ ആ അച്ഛനും അമ്മയും നോക്കിനിന്നു. കൂടെ ഞാനും.

മതിലിനു മുകളിലൂടെ കാണാവുന്ന മരങ്ങളില്‍ മാങ്ങയും, ലൂബിയും, ചാമ്പയും നാവില്‍ വെള്ളം നിറക്കുന്നു. അകത്തുള്ള മുത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കൊതിയുടെ ഈ യാത്രകൊണ്ട് നേട്ടമുള്ളൂ. മതിലില്‍ ഒരു വിടവ് കണ്ടു. കട്ടകള്‍ ഇളക്കിമാറ്റി ഞാന്‍ അകത്തെ ലോകത്തേക്ക് കണ്ണുകള്‍ ചേര്‍ത്തുവെച്ചു.
വീടിന്‍റെ പുറകുവശത്തെ തൊഴുത്തില്‍ മുത്തു പശുക്കളെ തേച്ചുകഴുകി കുളിപ്പിക്കുന്നു.
"മുത്തു .."
എന്റെ ശബ്ദം അവന്‍റെ കാതുകളില്‍ തട്ടി.
അവന്‍ ചുറ്റും നോക്കി. സമീപത്ത് ആരുംതെന്നെയില്ല എന്ന് ഉറപ്പുവരുത്തിയശേഷം അവന്‍ മതിലിനരികിലേക്ക് ഓടി വന്നു.
"ഞാനാ അപ്പു. എനിക്ക് കുറച്ച് ലൂബിക്കായ് തരോ ?
അവിടെ നിലക്ക് എന്ന്പറഞ്ഞ് അവന്‍ തിരിച്ചോടി. അല്പം കഴിഞ്ഞ് കൈകളില്‍ ഒരു കടലാസ്സ് പൊതിനിറയെ ലൂബിക്കയും ചാമ്പക്കയുമായി അവന്‍ തിരിച്ചുവന്നു.
“മുത്തൂ ..നീ ഇവിടെ പശുവിനെ കുളിപ്പിക്കാന്‍ വന്നതാണോ.” ?
"പശുവിനെ കുളിപ്പിക്കുക മാത്രമല്ല. തുണി അലക്കണം, പാത്രം കഴുകണം, നിലം തുടക്കണം, പശുവിന് പുല്ല് അരിയണം..അങ്ങിനെ ഈ വീട്ടിലെ എല്ലാ പണിയും എടുക്കണം."
തമിഴ് കലര്‍ന്ന മലയാളത്തില്‍ ആണ് അവന്‍ പറയുന്നത് എങ്കിലും എനിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു..
"ഞാന്‍ പോകട്ടെ കൊച്ചമ്മയോ മുതലാളിയോ കണ്ടാല്‍ അടികിട്ടും."
മതിലിന്‍റെ വിടവിലേക്ക് ആ കടലാസ്സ്പൊതി തിരുകിവെച്ച് അവന്‍ തിരിച്ചോടി.

ആ രാത്രിയില്‍ എനിക്കുറക്കം വന്നില്ല. മുത്തു അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കരയുന്നതെന്തിന് എന്ന് അമ്മ പലവട്ടം ചോദിച്ചിട്ടും പറയാന്‍ എന്തോ മനസ്സ് അനുവദിച്ചില്ല.

പിന്നീട് അവധി ദിനങ്ങളിലെല്ലാം തന്നെ ആ വലിയകോട്ടമതില്‍ പ്രദക്ഷിണം വെക്കുക എന്‍റെ പതിവായ്‌ മാറി. പലപ്പോഴും തമിഴ് സംസാരിക്കുന്ന സമപ്രായക്കാരനായ ആ സുഹൃത്തിനെ അകത്ത് കണ്ടെത്താനായില്ലയെങ്കിലും, കട്ടകള്‍ ഇളക്കി മാറ്റിയ ആ മതിലിന്‍ വിടവില്‍ എന്നെയും കാത്ത് അപ്പോഴും ഒരു കടലാസ്സ് പൊതി ഒളിച്ചിരിക്കുന്നുണ്ടാകും.

'മുത്തൂ.... "
പാടത്തിന്‍റെ കരയില്‍ ഇരുള്‍പരക്കുന്ന തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും ഘനഗംഭീരമായ ശബ്ദം മുഴങ്ങി. പന്തുരുളുന്ന ഇളംകാലുകള്‍ പെട്ടെന്ന് നിശ്ചലമായി. അകലെ അവ്യക്തമായിക്കാണാവുന്ന ആ ആള്‍ രൂപം അന്തോണി മൊതലാളിയുടെതാണ്. മുത്തു പന്തുകളിക്കുന്നത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

പശുവിന് പുല്ലരിയാന്‍ പാടത്തേക്ക് വരുമ്പോള്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചുകിട്ടുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ അവന് കളിക്കാന്‍ ഉള്ള അവസരം ഒരുക്കി. കളി ആരംഭിക്കുന്നതിന് മുന്‍പ് മുത്തുവിന് ആവശ്യമായ പുല്ല് ഞങ്ങള്‍ കുട്ടികള്‍ കൂട്ടംച്ചേര്‍ന്ന് വയല്‍വരമ്പില്‍ അരിഞ്ഞുവെക്കും. പിന്നെ തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും പാടത്തേക്ക് ഇറങ്ങിവരുന്ന മുത്തുവിന്‍റെ വരവിനായുള്ള കാത്തിരിപ്പാണ്. അതിന് മുന്‍പേ ആരുടെ ടീമില്‍ അവന്‍ കളിക്കണം എന്ന് ഞങ്ങള്‍ നറുക്കെടുത്ത് വെച്ചിരിക്കും. മുത്തു ബാക്ക് നിന്നാല്‍ ആ കാലില്‍ നിന്നും പന്ത് ചോരുകയില്ല. മുത്തുവിനെ സ്വന്തമാക്കിയാല്‍ ടീം വിജയിച്ചു എന്നായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.

വയല്‍വരമ്പില്‍ അരിഞ്ഞുവെച്ചിരുന്ന പുല്ല്കെട്ട് തലയില്‍ എടുത്തുവെച്ച് മുത്തു ഓടി. അടുത്തെത്തിയപ്പോള്‍ അന്തോണി മുതലാളി നടക്കാന്‍ ഉപയോഗിക്കുന്ന ഊന്നുവടികൊണ്ട് അവന്‍റെ പുറത്ത് ആഞ്ഞടിക്കുന്നത് ഞങ്ങള്‍ക്കകലെനിന്നും കാണാമായിരുന്നു. അടികൊണ്ട മുത്തു നിലവിളിച്ചുവോ.? അറിയില്ല. ഒരുപക്ഷെ ആ നിലവിളി ദൂരദൈര്‍ഘ്യത്താല്‍ അലിഞ്ഞുപോയതാകാം. അല്ലെങ്കില്‍ ശബ്ധമില്ലാതെ കരയാന്‍ മുത്തു പഠിച്ചിരിക്കണം.

മുത്തു കളം വിട്ടതോടെ കളിയുടെ രസച്ചരട് മുറിഞ്ഞു. കളി അവസാനിപ്പിച്ച് ഞങ്ങള്‍ അടുത്തുള്ള കുളക്കടവിലേക്കിറങ്ങി.

ചക്രവാളത്തില്‍ അന്തിസൂര്യന്‍റെ ചെങ്കനല്‍ മായാന്‍ തുടങ്ങി.

എന്താണ് സംഭവിച്ചത് എന്ന് ഒന്നും മനസിലാകുന്നില്ല.

പാടത്ത് ഉണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും കൂട്ടത്തോടെ കരയിലേക്ക് ഓടിക്കയറുന്നു. അവരുടെ ശരീര ഭാഷയിലും കാലുകളിലെ വേഗതയിലും അസ്വഭാവികത പ്രകടമായിരുന്നു. കുളി അവനാനിപ്പിച്ച് ഞങ്ങള്‍ അവര്‍ക്ക് പുറകില്‍ ധൃതിയില്‍ ചലിക്കുന്ന നിഴലുകായ് മാറി.
എല്ലാകാലുകളും അന്തോണിമുതലാളിയുടെ ആ വലിയ വീടിനെയാണ്‌ ലക്‌ഷ്യം വെക്കുന്നത്. മതില്‍ ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തേക്കോടുന്നു. അകത്ത് മോട്ടോര്‍ പുരയുടെ സമീപം ഏതാനും ആളുകള്‍ വട്ടം കൂടി നില്ക്കുന്നുണ്ട്.
അങ്ങോട്ട്‌ ഓടിയടുക്കും മുന്പേ ആരുടെയോ നാവില്‍ നിന്നും ഞാനാസത്യം അറിഞ്ഞു.
"എല്ലാം കഴിഞ്ഞു.."
ആളുകളെ തള്ളിമാറ്റി ഞാന്‍ ഞാനാകാഴ്ചകണ്ടു..
വായില്‍ നിന്നും നുര പുറത്തേക്ക് വന്ന് പച്ചപുല്ലില്‍ മുത്തു മലര്‍ന്നുകിടക്കുന്നു..
മുത്തൂ..എന്നലറിവിളിച്ചുകൊണ്ട് ഞാനവനെ കുലുക്കിവിളിച്ചു.
ശബ്ദമില്ലാത്തലോകത്തുനിന്നും ആ വിളികെള്ക്കാന്‍ ഇനിയവന് കഴിയില്ല. മുത്തു ഷോക്കേറ്റ് മരിച്ചിരിക്കുന്നു. മോട്ടോര്‍ ഓണ്‍ചെയ്യുന്നതിനിടയില്‍ മുത്തുവിന് ഷോക്ക് അടിക്കുകയായിരുന്നു.
കരഞ്ഞുതളര്‍ന്ന മനസ്സുമായി ആ രാത്രിയില്‍ ഏറെനേരം ഞാന്‍ മുത്തുവിന് കൂട്ടിരുന്നു.

പിന്നീടെപ്പോഴാണ് അച്ഛന് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്? എപ്പോഴാണ് ഞാന്‍ ഉറക്കത്തിലേക്ക് കടന്നത്..? അറിയില്ല. മറ്റൊരു പ്രഭാതം പൊട്ടിവിടരും മുന്പേ ഞാന്‍ ഞെട്ടിയുണര്‍ന്നത് മുത്തൂ എന്നുറക്കെ വിളിച്ചുകൊണ്ടാണ്‌.
ആകാശം വെള്ളകീറാന്‍ തുടങ്ങുന്നു. പ്രഭാതത്തിന്‍റെ ഉണര്‍ത്തുപാട്ടായ് കാതില്‍ അലയടിക്കുന്ന കിളികൊഞ്ചലുകള്‍ക്ക് ഒരാളുടെ നിദ്രയെ മടക്കിവിളിക്കാനാകുമോ ? എങ്കില്‍ എനിക്കെന്‍റെ മുത്തിവിനെ തിരിച്ചുതാ ..

കയ്യാലയിലെ ഒരു മരബഞ്ചില്‍ അവര്‍ മുത്തുവിനെ കിടത്തിയിരിക്കുന്നു. പാലക്കാട് നിന്നും അവന്‍റെ വീട്ടുകാര്‍ വരുന്നത് കാത്തിരികുകയാണ് എല്ലാവരും.
കാത്തിരിപ്പിന് വിരാമമായി ഗേറ്റിനു മുന്നില്‍ ഒരുജീപ്പ് വന്നുനിന്നു. വലതു കൈയ്യില്‍ കയറില്‍ തൂക്കിപ്പിടിച്ച ഒരു വലിയ തേന്‍ കുപ്പിയുമായി മൂത്തുവിന്‍റെ അച്ഛന്‍ ഒരിക്കല്‍കൂടി എന്‍റെ മുന്നില്‍ വാഹനമിറങ്ങി.

കയ്യാലയിലെ ബഞ്ചില്‍ വെള്ളപുതപ്പിച്ചു കിടക്കുന്ന ചലനമറ്റ മകന്‍റെ ദേഹം ഏറ്റുവാങ്ങാന്‍ ഗേറ്റിനു പുറത്ത് അയാള്‍ കാത്തുനിന്നു. അന്തോണി മുതലാളി അവരെ കൈ നീട്ടി അകത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും ആ പടികടക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അടക്കിപ്പിടിച്ച ദുഃഖം മറച്ചുപിടിക്കുന്ന ആ മുഖം ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. കടുത്ത വേദനയിലും കരയാതിരിക്കാന്‍ മുത്തു പഠിച്ച പാഠശാല. ശബ്ദമില്ലാത്ത വാക്കുകള്‍ വാചാലമാകുന്ന ഭാഷയായ് മാറുന്നത് ഞാന്‍ കണ്ടറിഞ്ഞു.

രണ്ടുപേര്‍ ചേര്‍ന്ന് മുത്തുവിന്‍റെ ശരീരം താങ്ങിയെടുത്തു. പുറത്ത് കാത്തുനില്ക്കുന്ന ജീപ്പിന്‍റെ പിന്‍സീറ്റിലേക്ക് അവര്‍ അവനെ എടുത്തുവെച്ചു.
അന്തോണി മുതലാളിയുടെ ആശ്വസിപ്പിക്കന്ന കരങ്ങള്‍ മുത്തുവിന്‍റെ അച്ഛന്‍റെ തോളില്‍ പതിഞ്ഞു. മുട്ടോളം നീണ്ടുകിടക്കുന്ന സില്ക്കിന്‍റെ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും പണം അടങ്ങുന്ന ഒരു പൊതിയെടുത്ത് അയാള്‍ ആ കൈകളില്‍ വെച്ചുകൊടുത്തു.

പ്രിയപ്പെട്ട കൂട്ടുകാരനേയും വഹിച്ചുകൊണ്ട് ആ വാഹനം എന്‍റെ കണ്ണില്‍ നിന്നും മറയുകയാണ്. ഗേറ്റിനു മുന്നില്‍ കണ്ണീരോടെ വിടപറയുന്ന നാട്ടുകാര്‍ക്കിടയില്‍ അവരിലൊരുവനായി ഞാനും.

ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ആ കോട്ടമതിലിന്‍റെ വാതില്‍ അന്തോണി മുതലാളി വലിച്ചടച്ചു. അകത്തേക്ക് നടന്നു പോകുന്ന അദ്ദേഹത്തിന്‍റെ വലതുകൈയ്യില്‍ അപ്പോള്‍ ഒരു തേന്‍കുപ്പി തൂങ്ങിയാടുന്നുണ്ടായിരുന്നു...Sunday, September 13, 2015

കള

ആദ്യത്തെ അടി വീണത് ജനനേന്ദ്രിയത്തിന്മേലാണ്. എന്‍റെ കൈകാലുകള്‍ അവര്‍ ബന്ധിച്ചിരുന്നു. വായില്‍ തുണി തിരുകിക്കയറ്റിയിരുന്നതിനാല്‍ ഒന്നലറി വിളിക്കാന്‍ പോലും എനിക്കാവുന്നില്ല. ഒരു തേരട്ടയെ പോലെ ഞാന്‍ ചുരുണ്ടു, വേദന കൊണ്ടു മണ്ണില്‍ കിടന്നുരുണ്ടു,

പുലരാന്‍ നേരമിനിയും ബാക്കിയുണ്ട് .  തുടര്‍ച്ചയായി  ആരോ വാതിലില്‍ ശക്തിയായി ഇടിക്കുന്നത് കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഒറ്റമുറി മാത്രമുള്ള വീടിന്‍റെ ഒരു മൂലയില്‍ ബോധം കളഞ്ഞ മദ്യത്തില്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മറ്റൊരു മൂലയില്‍ പഴയ സാരികള്‍ കൊണ്ട് തീര്‍ത്ത ചെറിയ മറക്കുള്ളില്‍ അമ്മ പ്രായത്തിനു മുന്‍പേ പിടികൂടിയ വാര്‍ദ്ധക്യത്തില്‍ നിദ്രയിലും ചുമക്കുന്നു.

സാരികള്‍ കൊണ്ട് തീര്‍ത്ത നാമമാത്രമായ അമ്മയുടെ ആ സ്വകാര്യതക്ക് ബാല്ല്യത്തിലെ എന്‍റെ ഓര്‍മ്മകളോളം പഴക്കം ഉണ്ട്.

അങ്ങോട്ട്‌ നോക്കരുത്. ചെറുപ്പം മുതല്‍ കേട്ടു പഠിച്ച ശാസനയില്‍ നിഴല്‍വീഴുന്ന ആ സാരിമറക്കപ്പുറം വെളിച്ചം കടന്നു ചെല്ലാത്ത ഇരുട്ടുണ്ടായിരുന്നു. കണ്ണുകള്‍ അടച്ച് സ്വയം തീര്‍ക്കുന്ന ആ ഇരുട്ടില്‍ നിന്നും ഇടക്കിടക്ക് ഉയര്‍ന്നുവരുന്ന ശീല്‍ക്കാരശബ്ദങ്ങള്‍ ഒരിക്കലും എന്‍റെ ഉറക്കത്തിനു തടസ്സമായിരുന്നില്ല. എന്നാല്‍ ചിലപ്പോഴെല്ലാം ഉച്ചത്തിലുള്ള അമ്മയുടെ അസഭ്യവര്‍ഷങ്ങള്‍ കേട്ട് നിദ്രയില്‍ നിന്നും ഞാന്‍ കണ്ണുതുറക്കുമ്പോള്‍ മുറ്റത്ത് കടം പറഞ്ഞ് രക്ഷപ്പെടാന്‍ തുനിയുന്ന അപരിചിതന്‍റെ മുണ്ടിന്‍കുത്തില്‍ അമ്മ മുറുക്കെ പിടിച്ചു നില്‍ക്കുകകയാകും. പെയ്തൊഴിഞ്ഞ മഴപോലെ എല്ലാം ശാന്തമായി അമ്മ അഴിഞ്ഞ മുടിച്ചുരുളുകള്‍ ചേര്‍ത്ത് കെട്ടുമ്പോള്‍ മറ്റൊരു മൂലയില്‍ ഉറക്കംനടിച്ചു കിടന്നിരുന്ന അച്ഛന്‍ മെല്ലെ കണ്ണുതുറക്കുകയായി. പിന്നെ മുഴങ്ങി കേള്‍ക്കുക അച്ഛന്‍റെ ഉറച്ച ശബ്ദമാണ്. അല്പം മുന്‍പ് അജ്ഞാതനില്‍ നിന്നും പിടിച്ച വാങ്ങിയ പണം അമ്മയുടെ മാറിന്‍വിടവില്‍ നിന്നും പുറത്തെടുക്കുവാന്‍ അച്ഛന്‍ പിടിവലികൂടുകയാണ്. ഇരുവരുടേയും വാഗ്വാദങ്ങള്‍ പലപ്പോഴും നേരം പുലരുവോളം നീളുമ്പോള്‍ നിദ്രനഷ്ടമായ എന്‍റെ ഒരു ദിനത്തിന് അവിടെ തിരശീല വീഴുകയായി.

ഞാന്‍ വാതില്‍ തുറന്നു.
കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചിരിക്കുന്നു. മുറ്റത്ത് പത്തോളം വരുന്ന യുവാക്കള്‍

“ഓടി രക്ഷപ്പെടാമെന്ന് കരുതേണ്ട. നിന്നെയും കൊണ്ടേ ഞങ്ങള്‍ പോകൂ.”

ഒരാള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. കുതറി ഓടാന്‍ ശ്രമിക്കും മുന്‍പേ രണ്ടുപേര്‍ ചേര്‍ന്നു എന്‍റെ കൈകള്‍ കയര്‍കൊണ്ട്‌ പുറകില്‍ ബന്ധിച്ചു. വായില്‍ തുണി തിരുകികയറ്റി. കറുത്തമുണ്ടുകൊണ്ട് അവര്‍ എന്‍റെ കണ്ണുകളെ മൂടുംമുന്‍പേ എന്നെയും കൊണ്ടുപോകാന്‍ അങ്ങകലെ കാത്തുനില്‍ക്കുന്ന ഏതോ ഒരു വാഹനത്തിന്‍റെ ചുവന്ന വെളിച്ചം അവസാനമായി എന്‍റെ കണ്ണുകളില്‍ പതിഞ്ഞു.

“നടക്കടാ നായിന്‍റെ മോനെ..” മുതുകത്തു ആരോ ഒരാള്‍ എന്നെ ആഞ്ഞു ചവിട്ടി. മണ്ണില്‍ ഞാന്‍ മൂക്കുകുത്തി വീണു. രണ്ടുപേര്‍ കൈകാലുകളില്‍ എന്നെ പൊക്കിയെടുത്ത് ആ വാഹനത്തിന്‍റെ 
ഉള്ളിലേക്ക് വലിച്ചെറിഞ്ഞു.

അച്ഛന്‍റെയും അമ്മയുടേയും വലിയൊരു തെറ്റില്‍ നിന്നാണ് എന്‍റെ ജനനം തന്നെ. പക്ഷെ ഒരിക്കല്‍ പോലും അവര്‍ അവരുടെ തെറ്റ് തിരിച്ചറിയുകയുണ്ടായിട്ടില്ല. ഈ ചേരിയിലെ തെരുവ് ബാല്യങ്ങള്‍ക്കൊപ്പം അവരിലൊരുവനായ് ഞാന്‍ വളര്‍ന്നു. അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും അകത്ത് സുഖമായി ഉറങ്ങാന്‍ കഴിയുന്ന അച്ഛനേയും അമ്മയേയും കണ്ടാണ്‌ ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചെടുത്തത്.. വിദ്യാഭ്യാസത്തെക്കാള്‍ വലുതാണ്‌ വിശപ്പ് തിരിച്ചറിഞ്ഞപ്പോള്‍ കാലുറച്ച കൌമാരം കല്ലില്‍ ചവിട്ടാന്‍ തുടങ്ങി. വിശപ്പ്‌ മാറ്റാന്‍ അദ്വാനിക്കേണ്ടതില്ല എന്ന് കണ്ടെത്തിയപ്പോള്‍ മനസ്സുറച്ച യുവത്വം മുള്ളിലും ചവിട്ടിവളര്‍ന്നു.
എനിക്ക് വേണ്ടതെല്ലാം നിങ്ങളുടെ കൈകളിലുണ്ട്. അത് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന പണം ആയാലും, കഴുത്തില്‍ കിടക്കുന്ന ആഭരണം ആയാലും വഴിയില്‍ നിര്‍ത്തിയിട്ട വാഹനം ആയാലും ശരി, നിങ്ങളുടെ അശ്രദ്ധയില്‍ നിന്നും അത് എന്റെതാക്കാനുള്ള വൈദഗ്ദ്യം വര്‍ഷങ്ങളുടെ പരിചയത്തിലൂടെ ഞാന്‍ നേടിയെടുത്തിരിക്കുന്നു.. ഒരിക്കല്‍ പോലും നഷ്ടപ്പെട്ടവന്റെ കണ്ണീരോ മുറിവേറ്റവന്റെ വേദനയോ എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. അത്തരം കാഴ്ചകള്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ നല്‍കിയത് സിരകളില്‍ കുത്തിയിറക്കുന്ന ലഹരിമരുന്നിന്റെെ ഊര്‍ജ്ജമാകാം, പിറവിയിലെ വൈകൃതവും ആകാം. ......

എവിടെയാണ് എനിക്ക് പിഴച്ചത്?
ലഹരിയുടെ അര്‍ദ്ധബോധത്തില്‍ സിരകളില്‍ പടര്‍ന്ന കാമാഗ്നിയില്‍ ഒരു ഇളംമാംസം പിച്ചിച്ചീന്തിയപ്പോള്‍ അജ്ഞാതന്റെ മൊബൈല്‍ കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നു നോക്കുമ്പോള്‍ കടത്തിണ്ണയില്‍ ഒപ്പം കിടന്നുറങ്ങിയിരുന്ന മകളെ കാണാതെ ഇപ്പോള്‍ ഒരമ്മ അലമുറയിടുന്നുണ്ടാകും. കനോലി കനാലിന്റെ ആഴങ്ങള്‍ക്കടിയില്‍ നിന്നും ഒരു കാലത്തും ആ ഒരു ചാക്കുകെട്ട് ഉയര്‍ന്നുവരികയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.. എല്ലാം പിഴച്ചു...

ഓടയിലെ വിസര്‍ജ്ജ്യങ്ങള്‍ ഒഴുകുന്ന അഴുക്കുവെള്ളത്തില്‍ ഇവര്‍ എന്റെ തല മുക്കിപ്പിടിച്ചിരിക്കുകയാണ്. ദുഗന്ധം വമിക്കുന്ന മലിനജലം വായിലും മൂക്കിലും നിറയുന്നു. ഏതു നിമിഷവും എന്റെ ശ്വാസം നിലക്കാം. അവസാന തുടിപ്പില്‍ പ്രാണന്‍ വിട്ടുപോകും മുന്‍പേ ശബ്ദമില്ലാത്ത വാക്കുകള്‍കൊണ്ട് ഞാന്‍ ആ സത്യം ഇവിടെ പറഞ്ഞു നിര്‍ത്തട്ടെ.

“ഒരു കളയേയും നിങ്ങള്‍ക്ക് വേരോടെ പിഴുതെടുക്കാനാകില്ല. ജീവന്‍ തുടിക്കുന്ന വേരിന്‍റെ അംശങ്ങള്‍ ഈ മണ്ണില്‍ അവശേഷിക്കും കാലം വരെ ഇവിടെ എനിക്ക് മരണമില്ല.”

Tuesday, August 4, 2015

കല്ലിനുമുണ്ട് ഒരുകഥപറയാന്‍.
‘എന്തൊരു ആവുധിയാണപ്പാ....’.
ഇനിയും എത്തിച്ചേരാത്ത കാലവര്‍ഷത്തെ ശപിച്ചുകൊണ്ട് വറീത് മാപ്ല തിരുനെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളികളെ ചൂണ്ടുവിരല്‍ക്കൊണ്ട് തുടച്ചുനീക്കി.
വെയില്‍മങ്ങിയ ആ അപരാഹ്നത്തില്‍ മൂന്ന് എരുമകുട്ടികളോടൊപ്പം വറീത് മാപ്ല പടത്തേക്കിറങ്ങി. കൊയ്ത്ത് കഴിഞ്ഞ വേനല്‍പ്പാടത്തിന്‍റെ വിരിമാറിലേക്ക് നീണ്ട എട്ടു വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ഒരു വിളിപ്പാടകലെ ഞാനും.
വഴിവരമ്പില്‍ ചിതറിക്കിടക്കുന്ന ഞണ്ടിന്‍ പുറംതോടുകള്‍ കാലിന്നടിയില്‍ പൊട്ടിപ്പരന്നു. പുതിയ വാസസ്ഥലം തേടുന്ന ഉണങ്ങിയ പുല്‍വിത്തുകള്‍ മുണ്ടിന്‍ത്തലപ്പില്‍ ഒളിച്ചുപാര്‍ക്കാന്‍ തുടങ്ങി.

“നീ എങ്ങോട്ടാടാ കള്ളാ...”
ഓരോ ചുവടുവെപ്പിലും ഉള്ളില്‍ ഉടലെടുക്കുന്ന ആകുലതകള്‍ ഹൃദയഹ്രദയമിടിപ്പിന്‍റെ വേഗതയേറ്റുമ്പോള്‍ എവിടെയോ വേരറ്റ ജന്മബന്ധത്തിന്‍റെ മൃത്യുരോദനം പോലെ പേരറിയാത്ത ഒരു വയല്‍ക്കിളി എന്‍റെ തലക്കു മുകളില്‍ വട്ടമിട്ടു കരയാന്‍ തുടങ്ങി.
വറീത് മാപ്ലക്കുള്ള മറുപടി ഒരു ചെറുപുഞ്ചിരിയില്‍ ഒതുങ്ങി .
വേനല്‍പ്പാടം കട്ടവിണ്ടുകിടക്കുന്നു. വറ്റിവരണ്ട തോടുകള്‍. അങ്ങിങ്ങായ്‌ ഒറ്റപ്പെട്ടു കാണുന്ന പച്ചപ്പുല്‍പരപ്പില്‍ കാലികള്‍ കൂട്ടംകൂടി മേയുന്നു.
”ഇത്രയും ദൈര്‍ഘ്യമേറിയ വേനല്‍ എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യമാണ്.” മഴമേഘങ്ങള്‍ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്നതും ഓടിമറയുന്നതും നോക്കി വറീത് മാപ്ല നെടുവീര്‍പ്പിട്ടു.

ഒരുപക്ഷെ നിഗൂഢതയില്‍ ഒളിച്ചിരുന്ന പല രഹസ്യങ്ങളും കാലത്തിന്‍റെ മറനീക്കി അനാവരണം ചെയ്യുവാന്‍ പ്രകൃതിയൊരുക്കുന്ന അവസരങ്ങള്‍ ആകാം ഈ ദൈര്‍ഘ്യമേറിയ വേനല്‍പ്പോലും. എങ്കില്‍ ഈ വേനല്‍ എനിക്കുള്ളതാണ്..


“വന്ന വിവരം ഞാന്‍ അറിഞ്ഞു. ഇനി എന്നാ നിന്‍റെ തിരിച്ചു പോക്ക്.?
“രണ്ടു മാസം ഞാന്‍ ഇവിടെ തന്നെ ഉണ്ട് മാപ്ലാരെ.”
അകലെ തെങ്ങിന്‍തോപ്പിനുള്ളില്‍ നിന്നും ഉയരുന്ന വെളുത്ത പുകച്ചുരുള്‍കൂട്ടങ്ങള്‍ പാടത്തേക്ക് ഇറങ്ങിവരാന്‍ തുടങ്ങി. അവയേയും തഴുകി കടന്നുപോകുന്ന ഇളം കാറ്റിനപ്പോള്‍ കരിയുന്ന മനുഷ്യമാംസത്തിന്‍റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു..
“മരണവീട്ടില്‍ നിന്നെ കണ്ടില്ലല്ലോ അജയാ ?”
“മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഞാന്‍ ആശാനെ കാണാന്‍ പോയിരുന്നു. എന്നോട് അല്‍പനേരം സംസാരിക്കുകയും ചെയ്തു.”
“ഉവ്വ് ..ഞാനറിഞ്ഞു, നാണു നിന്നെ വിളിച്ചുവരുത്തിയെന്നും എന്തോ ഒരു രഹസ്യം പറഞ്ഞുവെന്നും അവിടെയാരോ പറയുന്നതുകേട്ടു.”
“രഹസ്യമൊന്നുമല്ല മാപ്ലാരെ. അതൊരു ആഗ്രഹം പറയാനായിരുന്നു. ആഗ്രഹം പഴയത് തന്നെ. ആരും അറിയാതെ നീ എനിക്ക് അല്പം മദ്യം കൊണ്ട് തരണം. പണ്ടും നിങ്ങള്‍ക്ക് മദ്യം ഒളിച്ച് എത്തിച്ചു തരലായിരുന്നുവല്ലോ എന്‍റെ പണി.”
അകത്തെ മാനസിക സംഘര്‍ഷങ്ങള്‍ ഒന്നുംതന്നെ നോക്കിലും വാക്കിലും പ്രതിഫലിപ്പികാതെ ആ കള്ളം ഞാന്‍ അനായാസമായി പറഞ്ഞു.

“നീ നാട്ടില്‍ നിന്നും പോയതിനു ശേഷം ഞങ്ങള്‍ വട്ടം കൂടിയുള്ള ആ ഇരിപ്പങ്ങു അവസാനിപ്പിച്ചു. കള്ളുവാങ്ങിത്തരാന്‍ ആളില്ലാ എന്ന് പറഞ്ഞാലും മതി. ഈ വയസ്സന്മാര്‍ക്ക് കള്ളുവാങ്ങിക്കൊടുത്തു വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളുടെ വായില്‍ നിന്നും ചീത്ത ചോദിച്ചുവാങ്ങുന്നത് എന്തിനെന്ന് ഒരുപക്ഷെ അവരും വിചാരിച്ചുകാണും.”

പതിവായി ഒത്തുകൂടാറുണ്ടായിരുന്ന തെങ്ങിന്‍ തോപ്പിലേക്ക് കണ്ണുകള്‍ പായിച്ച് വറീത് മാപ്ല വാചാലനായി.
“ആ തെങ്ങിന്‍തോപ്പില്‍ അന്തിക്ക് വട്ടം കൂടി കള്ളുകുടിച്ചിരുന്ന ഞങ്ങള്‍ നാലു പേരില്‍ ഞാന്‍ അവസാന ഊഴക്കാരനായി. കുമാരനും ഗോപാലനും മരിച്ചീട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്ക്ണൂ. ഒരു കര്‍ക്കിടക മാസത്തില്‍, രണ്ടു പേരും അടുത്തടുത്ത ദിസങ്ങളിലാ പോയത്. ഇന്ന് നാണുവും പോയി. ഇനി എന്നാണാവോ എന്നെ വിളിക്കുന്നത്?”
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വെന്തിങ്ങയിലെ ഉണ്ണിയേശുവിനെ എടുത്തു മുത്തി വറീത് മാപ്ല കുരിശുവരച്ചു.
എരുമകുട്ടികളെ മേയാന്‍വിട്ട് മാപ്ല വഴിവരമ്പില്‍ ഇരുന്നു. കാലന്‍കുട നിവര്‍ത്തി മടിയിലെ മുറുക്കാന്‍ പൊതി തുറന്നു.
“ഒന്ന്‍ വേണോ..?” പണ്ട് ഒരു പൂതിക്ക് വല്ലപ്പോഴും വായ ചുവപ്പിക്കാറുള്ള ഓര്‍മ്മയില്‍ നിന്നായിരുന്നു ആ ചോദ്യം.
“വേണ്ട.” ഞാന്‍ മാപ്ലയോട് യാത്ര പറഞ്ഞു.


പാടത്തിന്‍റെ ഒത്തമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന നരിക്കുഴി എന്ന പേരില്‍ അറിയപ്പെടുന്ന വിശാലമായ കുളത്തിലേക്ക് എത്തിച്ചേരാന്‍ എനിക്കിനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. കാലുകള്‍ ഒന്നുകൂടി നീട്ടിവെച്ചു.
കുളത്തിനുച്ചുറ്റും ഒരുകാലത്ത് ഒത്തആള്‍ ഉയരത്തില്‍ ഇഞ്ചപുല്ലുകള്‍ ഉയര്‍ന്നുനിന്നിരുന്നു. കുറുക്കന്മാരുടെ വിഹാരകേന്ദ്രം ആയിരുന്നതിനാലാകാം നരിക്കുഴി എന്ന പേര്‍ വന്നുവീണത്. എത്ര കൊടിയ വേനലില്‍ പോലും വെള്ളം വറ്റാത്ത ആ കുളത്തില്‍ ബാല്യകൌമാരങ്ങളില്‍ ഞാന്‍ എത്രയോ തവണ നീന്തിക്കളിച്ചിരിക്കുന്നു. എത്രയോ തവണ മീന്‍ പിടിക്കാന്‍ വന്നിരിക്കുന്നു. ഈ മദ്ധ്യവേനലില്‍ കുളം വറ്റിവരണ്ടിരിക്കുമോ എന്തോ..? ഉണ്ടായിരിക്കാന്‍ ഇടയില്ല. ഉണ്ടാകാതിരിക്കട്ടെ..


“മാമനെ മുത്തശ്ശന് കാണണംന്ന്. വീട്ടിലേക്ക് വിളിച്ചോണ്ടു വരാന്‍ പറഞ്ഞു“.
ഒരാഴ്ച മുന്‍പ്, വിദേശത്തു നിന്നു വന്നതിന്‍റെ മൂന്നാം നാള്‍, മുന്തിയ ഇനം തെങ്ങിന്‍ തൈകള്‍ കൃഷിഭവനില്‍ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് ഒന്നന്ന്വേഷിക്കാം എന്ന് കരുതി പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഒരു പത്തുവയസ്സുകാരന്‍ എന്‍റെ മുന്നില്‍ ഓടിക്കിതച്ചു വന്നു.
“ഞാന്‍ തണ്ടാന്‍ നാണുവിന്‍റെ ചെറുമകനാ. മുത്തശ്ശന്‍ കിടപ്പിലാണ്. ഓര്‍മ്മ വന്നപ്പോ മാമനെ അന്ന്വേഷിച്ചു, വിളിച്ചോണ്ട് വരാന്‍ അച്ഛന്‍ പറഞ്ഞു.”
ഇന്നോ നാളയോ എന്ന് പറഞ്ഞു ഇപ്പോള്‍ മാസം മൂന്നായി നാണുആശാന്‍ ആ കിടപ്പുകിടക്കാന്‍ തുടങ്ങിയിട്ട്. ഒന്ന് പോയി കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. നീട്ടി വെച്ച ആ സമയം ഇപ്പോള്‍ എന്നെ തേടി വന്നിരിക്കുകയാണല്ലോ..
എന്തിനായിക്കും എന്നെ വിളിപ്പിക്കുന്നത് ?. മരണശയ്യയില്‍ കിടക്കുമ്പോള്‍ എന്താണ് ആശാന് എന്നോട് പറയുവാന്‍ ഉള്ളത് ?. സമയം ഒട്ടും നഷ്ടപ്പെടുത്താതെ ചെറുമകനെ ബൈക്കിന്‍റെ പുറകില്‍ ഇരുത്തി ആ യാത്ര ആശാന്‍റെ വീടിനെ ലക്ഷ്യം വെച്ചു..
മരിക്കുന്നതിനു മുന്‍പ് അവസാനത്തെ ആഗ്രഹം ഒരുപക്ഷെ ഒരു ഗ്ലാസ്‌ മദ്യവും ഒരു കെട്ടു ബീഡിയും ആയിരിക്കും. മറ്റാരും അറിയാതെ പണ്ടത്തെപ്പോലെ എത്തിച്ചുകൊടുക്കെണ്ടിവരുമോ, എന്തോ ?
ഏതു കാലത്തും നെല്ലും വൈക്കോലും നാളികേരവും കുന്നുകൂടിക്കിടക്കുന്ന അതിവിശാലമായ ഇന്ന് കളപ്പുര ശൂന്യമാണ്. വിസ്തൃതമായ നെല്‍പ്പാടത്ത് കറ്റമെതിക്കുന്ന പെണ്ണുങ്ങള്‍ടയിലൂടെ കുശലം പറഞ്ഞു നടക്കുന്ന നാണുആശാന്‍റെ ആ പഴയ രൂപം മനസ്സില്‍ തെളിഞ്ഞു. വിരിഞ്ഞ മാറില്‍ ഉയര്‍ന്നു നില്‍ക്കുന്ന രോമങ്ങള്‍ക്കിടയില്‍ കഴുത്തിലണിഞ്ഞ നീളമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങുന്നു.

സഹോദരങ്ങളും ഭാര്യമാരും മക്കളും മരുമക്കളും പേരകുട്ടികളും അടങ്ങുന്ന ശബ്ദമുഖരിതമായ ഒരന്തരീക്ഷത്തില്‍ എന്‍റെ വാഹനം ആ വീടിന്‍റെ മുറ്റത്ത് വന്നുനിന്നു. പെട്ടെന്ന്‍ എല്ലാവരും നിശബ്ദരായതുപോലെ, എന്നെ കാത്തുനില്‍ക്കുന്ന ആ കണ്ണുകളില്‍ അജ്ഞാതമായ ഏതോ ഉത്കണ്ഠ നിഴല്‍ വിരിച്ചു കിടക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. നാണുആശാനെ അച്ഛന്‍ എന്ന് വിളിക്കാന്‍ ഭാഗ്യമില്ലാത്ത ഒരുപാട് മക്കള്‍ ഈ ഗ്രാമത്തില്‍ തന്നെയുണ്ട്‌. കേട്ടുകേള്‍വിയാണ്. പിതൃസ്വത്തിന്‍റെ അവകാശം പേറുന്ന മക്കള്‍ പട്ടികയില്‍ ഇനിയും ആരെല്ലാം ഇടം പിടിച്ചിരിക്കുന്നു എന്നറിയണമെങ്കില്‍ ബാങ്കിന്‍റെ ലോക്കറിനകത്തിരിക്കുന്ന മരണപത്രത്തിന്‍റെയും മുദ്രപത്രത്തിന്‍റെയും നൂല്‍ കെട്ടഴിയണം. .
നാണുആശാന്‍റെ ആസന്നമായ മരണം ബന്ധുജനങ്ങളുടെ മുഖത്ത് പരത്തുന്ന ഭീതി കണ്ടപ്പോള്‍ കാലികച്ചവടക്കാരന്‍ രാജേന്ദ്രന്‍റെ മകനിലും ഒരു നിമിഷം തന്‍റെ പിതൃത്വവും ചോദ്യം ചെയ്യപ്പെടുകയാണോ എന്ന ചിന്ത കടന്നുവരാതിരുന്നില്ല.
വീടിന്നകത്തുനിന്നും മൂത്തമകന്‍ സേതുമാധവന്‍ ഇറങ്ങി വന്നു. അതികായനായ ആശാന്‍റെ ശരീരവും ശബ്ദവും കിട്ടിയിരിക്കുന്നത് പട്ടാളക്കാരനായ ഈ മകന് മാത്രമാണ്.
“നാട്ടില്‍ എത്തിയ വിവരം ഇവിടെ ഇന്നാണ് അറിഞ്ഞത്.”
“ഞാന്‍ വന്നീട്ട് മൂന്നു ദിവസം ആയി.”
“അച്ഛന്‍ ഏതാനും ദിവസമായി ഓര്‍മ്മ വരുമ്പോളെല്ലാം അജയനെ തിരക്കുന്നു. വരൂ…..” അയാള്‍ അകത്തേക്ക് ക്ഷണിച്ചു.
മുറിയുടെ വാതില്‍ തുറന്നപ്പോള്‍ അഗര്‍ബത്തിയുടെ രൂക്ഷഗന്ധത്തിനിടയില്‍പ്പോലും മലമൂത്രത്തിന്‍റെ ദുര്‍ഗ്ഗന്ധം മൂക്കിലേക്ക് തുളച്ചുകയറാന്‍ തുടങ്ങി. മുറിയുടെ ഒരു മൂലയില്‍ ഒരു നനഞ്ഞ പഴുന്തുണി എപ്രകാരം ചുരുട്ടി വെച്ചിരിക്കുന്നുവോ അപ്രകാരം ഒരു മനുഷ്യ ശരീരം മരകട്ടിലില്‍ ചുരുണ്ട് കിടക്കുന്നു . കട്ടിലിനടിയില്‍ ട്യൂബിട്ടുവെച്ചിരിക്കുന്ന മൂത്രപാത്രം നിറഞ്ഞ് തറയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു.

“അച്ഛാ.. അജയന്‍ വന്നിരിക്കുന്നു.” രണ്ടാമത്തെ വിളിയില്‍ ഒന്ന് ഞെരെങ്ങി വളരെ പണിപ്പെട്ട് ആ വൃദ്ധ നയനങ്ങള്‍ മെല്ലെ ഇളകാന്‍ തുടങ്ങി. പാതി ഉയര്‍ത്തിയ കണ്‍പോളകള്‍ക്കിടയിലൂടെ കാഴ്ച്ചയുടെ മിന്നലാട്ടം. ആശാന്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

വലതുകൈ മെല്ലെ ഉയര്‍ത്തി ആശാന്‍ സേതുവിനെ അടുത്തുവിളിച്ചു. ഉയര്‍ത്തിയ കൈകളിലെ ആംഗ്യഭാഷയിലപ്പോള്‍ ആ മകനോടുള്ള ഒരു ആജ്ഞയുണ്ടായിരുന്നു. അര്‍ത്ഥശൂന്യമായ ഒരു നോട്ടം എനിക്ക് നേരെ പായിച്ച് സേതു മുറിയില്‍ നിന്നും പുറത്തു കടന്നു. കതകുകള്‍ അടഞ്ഞു.
എന്‍റെ ഉള്ളില്‍ ഉത്കണ്ഠയുടേയും ആകാംക്ഷയുടേയും നിമിഷങ്ങള്‍.. എന്താണ് സംഭവിക്കാന്‍ പോകുന്നത്? .
ചേര്‍ന്നിരിക്കാന്‍ ആശാന്‍ എന്നോട് ആവശ്യപ്പെടുന്നു. നാണുആശാന് എന്നോട് എന്തോ സംസാരിക്കാന്‍ ഉണ്ട്. ഞാന്‍ കാതുകള്‍ ചേര്‍ത്തുവെച്ചു.
ആ ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി...
“……………മണ്ണിട്ട്‌ മൂടി അതിന് മുകളില്‍ ഞാനൊരു കല്ലെടുത്തു വെച്ചു.”
എനിക്ക് ചോദിക്കാന്‍ ഒരു ചോദ്യം മാത്രം ബാക്കി വെച്ച് ആശാന്‍ ഇവിടെ പറഞ്ഞു നിര്‍ത്തി.
“എവിടെയാണ് ആ കല്ല് ?”
“നരിക്കുഴിയുടെ നടുക്ക്.”


അശാന്തമായ മനസ്സിന് മീതെ സാന്ത്വനത്തിന്‍റെ ഇളം തണുപ്പാര്‍ന്ന തലോടല്‍. പെയ്യാന്‍ മടിച്ച ഒരു മഴമേഘകൂട്ടം അതിവേഗം കടന്നൊളിച്ചു. സ്വയം തിരിച്ചറിയുന്നത് മാത്രമാണ് സത്യം. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ വയല്‍ക്കിളിയുടെ രോദനം കാതില്‍ മുഴങ്ങി. ഉണങ്ങിയ ചുള്ളിമുള്ളുകള്‍ പാദങ്ങളില്‍ വീഴ്ത്തുന്ന മുറിവുകളില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങുന്നു.


ചന്തയില്‍ അടിയുണ്ടാകുന്ന ദിവസങ്ങളില്‍ രാത്രിയില്‍ അമ്മയെ പുണര്‍ന്നുള്ള എന്‍റെ ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണരുന്നത് പലപ്പോഴും മുറ്റത്താരുടെയോ കാല്‍പെരുമാറ്റവും ഉറച്ച ചുമയും കേട്ടുകൊണ്ടായിരിക്കും. മുറിയില്‍ വിളക്ക് തെളിയിച്ച് അമ്മ വാതില്‍ തുറന്നു. വരാന്തയിലെ തിണ്ണയില്‍ ഒരാള്‍ മലര്‍ന്നുകിടക്കുന്നു. പതിവിനു വിപരീതമായി അടുക്കളയില്‍ ഒരാള്‍ക്കായി കരുതിവെച്ച ചോറും കറിയും എടുത്ത് വരാന്തയിലെ ചെറിയ മേശയില്‍വെച്ച് അമ്മ അകത്തേക്ക് തിരിച്ചു നടന്നു. അമ്മയെ പുണര്‍ന്നു അടുത്ത നിദ്രക്കായ് ഞാന്‍ കാത്തുകിടക്കുമ്പോള്‍ അടക്കാത്ത ആ വാതില്‍ പഴുതിലൂടെ പുറത്ത് ആ മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നത് എനിക്ക് കാണാമായിരുന്നു. പിന്നീടെപ്പോഴോ അമ്മയുടെ കൈകള്‍ബന്ധം നഷ്ടമായി മറ്റൊരു ഉറക്കത്തില്‍ നിന്നും വീണ്ടും ഞാന്‍ ഞെട്ടിയുണരുമ്പോള്‍ പുറത്ത് പ്രഭാതത്തിന്‍റെ കിളികൊഞ്ചല്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കും.
ഇന്നലെ രാത്രിയില്‍ ഒരാള്‍ വീട്ടില്‍ വന്നതും അമ്മ ഭക്ഷണം നല്കിയതും ഒരു സ്വപ്നത്തിലെന്നപോല്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ തിരുശേഷിപ്പായി അവശേഷിക്കുന്നത് മുറ്റത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തിണ്ണയില്‍ കാലിയായ ചോറുകിണ്ണവും മാത്രമാണ്. കിണ്ണത്തിനടിയില്‍ നിന്നും കണ്ടെടുക്കുന്ന ഏതാനും നൂറുരൂപാ നോട്ടുകള്‍ എണ്ണി നോക്കുന്ന അമ്മയോട് കരുതിവെച്ച ആ ചോദ്യം ഞാന്‍ ചോദിച്ചു. ആരാണ് അയാള്‍ ?
“നിന്‍റെ അച്ഛന്‍”
ഓര്‍മ്മവെച്ച നാള്‍ മുതല്‍ അച്ഛന്‍റെ സാന്നിധ്യം ഒരാഴ്ചയില്‍ കൂടുതല്‍ എനിക്ക് ലഭിച്ചിട്ടില്ല. എപ്പോഴൊക്കെയോ വീട്ടില്‍ വരുന്നു, എങ്ങോട്ടൊക്കെയോ പോകുന്നു. ഒരിക്കല്‍ പോലും എന്‍റെ മുഖത്ത് നോക്കിയിട്ടില്ല. എന്‍റെ പേര് ചൊല്ലി വിളിച്ചിട്ടില്ല. എന്നെ മടിയില്‍ ഇരുത്തിയിട്ടില്ല. എനിക്കായ് ഒരു മിഠായിപോലും വാങ്ങിതന്നീട്ടില്ല. ഇല്ല..,അച്ഛന്‍ എന്ന് ഇന്നുവരെ ഒരു വ്യക്തിയേയും ഞാന്‍ പേരുചൊല്ലി വിളിച്ചിട്ടില്ല. എങ്കിലും അമ്മ പറഞ്ഞുതന്ന അയാള്‍ എനിക്ക് അച്ഛന്‍തന്നെ. നീ അജയന്‍.., കാലികച്ചവടക്കാരന്‍ രാജേന്ദ്രന്‍റെ മകന്‍.


ചക്രവാളം ചെമ്പട്ടണിയാന്‍ തുടങ്ങുന്നു. നരിക്കുഴിക്ക് ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ഇഞ്ചപ്പുല്‍ക്കാട് ഇപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഇടം പിടിച്ചിരിക്കുന്നു. കുഴിയിലെ നീരുറവയെ കുടിച്ചു തീര്‍ക്കാന്‍ ഈ കൊടിയ വേനലിനും കഴിഞ്ഞീട്ടില്ല. അങ്ങകലെ ഇഞ്ചപ്പുല്‍കാടിന് ചുറ്റും പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു. ലക്ഷ്യത്തിലേക്ക് ഓരോ ചുവടുകള്‍ അടുക്കുന്തോറും അജ്ഞാതമായ ഒരു ഭയം ഒരു വയല്‍ പക്ഷിയുടെ രോദനം പോലെ എന്നെ വിടാതെ പിന്തുടരുന്നു.


സ്ത്രീകള്‍ പോലും വഴിനടക്കാന്‍ ഭയക്കുന്ന, തെമ്മാടിയായ രാജേന്ദ്രനോടുള്ള സമൂഹത്തിന്‍റെ വെറുപ്പ്‌ ഒരു അപ്രഖ്യാപിത ഊരുവിലക്കായ് മകന്‍റെ മേല്‍ നിഴല്‍വിരിച്ചപ്പോള്‍, ഒരു നല്ല കളികൂട്ടുകാരനെ പോലും കൊണ്ടുതരാത്ത ഒരു നഷ്ടബാല്യം എനിക്ക് നേടിത്തന്നു. സ്കൂള്‍ വിട്ടുവരുന്ന സായന്തനങ്ങളില്‍ വേനല്‍പ്പാടങ്ങള്‍ കളിക്കളം തീര്‍ക്കുന്ന പാടവരമ്പുകളില്‍ വെറുമൊരു കാഴ്ച്ചക്കാരനായ് ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ ഒരു നാലു വൃദ്ധന്മാര്‍ക്ക് എന്‍റെ സാഹായം അനിവാര്യമായി. ഒരു ഗ്ലാസ് കള്ളിനും ഷാപ്പില്‍ വെച്ച അല്പം കറിക്കും വേണ്ടിയായിരുന്നില്ല രാജേന്ദ്രന്‍റെ മകന്‍ അവരുടെ ചങ്ങാത്തം സ്വീകരിച്ചത്. മദ്യം അകത്തുചെന്നാല്‍ ഞാന്‍ ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ എന്‍റെ ഗ്രാമത്തിലെ ജനജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ മറയില്ലാത്ത അനുഭവങ്ങളിലൂടെ ഓരോന്നായി അവര്‍ തുറന്നുവെക്കും. അവര്‍ക്കിടയിലൂടെ അവരിലൊരാളായ് ഞാന്‍ നടന്നു നീങ്ങുമ്പോള്‍ പ്രായം ഒരിക്കലും എനിക്കൊരു തടസ്സം ആയിരുന്നില്ല. അവര്‍ക്കും.
“ഹി-ഹി-നാണുവിന്‍റെ ചെരുപ്പ് പുറത്തുകണ്ടപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.”
ഒറ്റ കാതില്‍ കടുക്കനിട്ട തട്ടാന്‍ കുമാരന്‍ ആണ് എപ്പോഴും തുടക്കം കുറിക്കുക. സംസാരത്തിടയില്‍ സ്ഥാനം തെറ്റിയുള്ള ചിരി തട്ടാന്‍റെ ഒരു ശൈലിയായിരുന്നു.

“‘വയറു വീര്‍ത്തപ്പോള്‍ കാര്‍ത്ത്യായനിയുടെ ആങ്ങളമാര്‍ ഓടിയെത്തി. എന്നീട്ടെന്തായി? പഠിച്ചപണി പതിനെട്ടു പയറ്റീട്ടും വിത്ത് നട്ട വിദ്വാന്‍റെ പേര് അവര്‍ക്ക് പറയിപ്പിക്കാനായോ..? ഹി–ഹി.”

ഒളിയമ്പ് നെഞ്ചില്‍ തന്നെ തറച്ചപ്പോള്‍ ഒറ്റവലിക്ക് അവസാന ഗ്ലാസും കാലിയാക്കി നാണുആശാന്‍ എഴുന്നേറ്റു.
“കുഞ്ഞുലക്ഷി വളര്‍ന്നു വല്യ പെണ്ണായിരിക്കുന്നു നാണൂ..” നിശബ്ദനായി നടന്നുപോകുന്ന ആശാനെ നോക്കി ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആശാരി ഗോപാലന്‍ വിളിച്ചുകൂകി.


പിന്നിട്ട ദൂരം ഒന്നുപിന്തിരിഞ്ഞു നോക്കി. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ ആരും തെന്നെയില്ല. തെങ്ങിന്‍ കൂട്ടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഭവനങ്ങളില്‍ വൈദ്യുത ദീപങ്ങള്‍ മിഴിതുറന്നുകഴിഞ്ഞു. അകലെയേതോ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പഗീതം ഒഴുകിയെത്തുന്നുണ്ട്. ഈ അപരിചിതന്‍റെ കാലുകള്‍ക്ക് മുന്നില്‍ നിന്നും ഉരഗവര്‍ഗ്ഗങ്ങളോട് വഴി മാറണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. തോട്ടുവക്കിലെ കൊച്ചു കൈതകൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഭയംപൂണ്ട കുളക്കോഴികള്‍ ഓടിയൊളിക്കുന്നു.


രാജേന്ദ്രന്‍റെ വിത്തില്‍ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ അല്ലേ മകന്‍ അജയനില്‍ അത് പൊട്ടിമുളക്കുകയുള്ളൂ. പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇരുന്നതുകൊണ്ടും പ്രയോജനം ഇല്ല എന്ന് പ്രധാന അദ്ധ്യാപകന്‍ അമ്മയെ വിളിച്ചുപറഞ്ഞപ്പോള്‍ മകനില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന അമ്മയുടെ തുന്നല്‍ മെഷീനിലെ നൂലിഴകള്‍ക്ക് ബലം പോര എന്ന് അമ്മ തിരിച്ചറിഞ്ഞു. കൈത്തണ്ടയില്‍ നിന്നും പിടുത്തം വിടാതെ അമ്മ അന്ന് എന്നെ നേരെ കൊണ്ടുപോയത് കുഞ്ഞിമൊയ്തുവിന്‍റെ കൊപ്രക്കളത്തിലേക്കാണ്. ചിരട്ടയില്‍ നിന്നും വേര്‍പ്പെടുന്ന കൊപ്രയെ ചൂണ്ടി അമ്മ പറഞ്ഞു. 'ഇനി ഇതാണ് നിന്‍റെ ചോറ്.' ചിരട്ടയില്‍ നിന്നും വേര്‍പെടുന്ന കൊപ്രയെക്കാളും എന്‍റെ കണ്ണുകള്‍ അപ്പോള്‍ തറച്ചു നിന്നത് കളത്തിലേക്ക് തേങ്ങ കയറ്റി വരുന്ന കുഞ്ഞിമൊയ്തുവിന്‍റെ ട്രാക്ടര്‍ വണ്ടിയില്‍ ആയിരുന്നു. വളയം പിടിക്കുന്ന ഡ്രൈവര്‍ ആന്തപ്പന്‍റെ കൈകളില്‍ വണ്ടിയുടെ ചലനം ഞാന്‍ ആസ്വദിച്ചു നിന്നു.

കോള്‍ പാടത്തുനിന്നും ഉഴുതുവരുന്ന ട്രാക്ടറിന്‍റെ ചളി കഴുകി കൊടുത്തു. വലിയ കന്നാസ് സൈക്കിളിനു പുറകില്‍ വെച്ചുകെട്ടി പമ്പില്‍ നിന്നും ഡീസെല്‍ എത്തിച്ചുകൊടുത്തു. ആഴ്ചയില്‍ കിട്ടുന്ന കൂലിയില്‍ നിന്നും മിച്ചം പിടിച്ചു ചാരായം കൂടി വാങ്ങികൊടുത്തപ്പോള്‍ ഒടുവില്‍ അന്തപ്പന്‍റെ മനസ്സ് അലിഞ്ഞു.
ഒരു ദിനം വിദേശത്തുനിന്നും വന്ന കൊഞ്ഞുമൊയ്തുവിന്‍റെ മകന്‍ ഷെരീഫ് അന്തപ്പനെ തേടി പാടത്തേക്കു വന്നു. പാടത്തിന്‍റെ കരയിലെ തെങ്ങിന്‍ ചുവട്ടില്‍ മദ്യമയക്കത്തില്‍ അന്തപ്പന്‍ ചുരുണ്ടു കിടക്കുമ്പോള്‍ അങ്ങകലെ അവരുടെ ട്രാക്ടര്‍ കണ്ടങ്ങള്‍ ഓരോന്നായ് ഉഴുതു മറിക്കുകയായിരുന്നു.
മുതലാളിയെ കണ്ട് ഞാന്‍ ട്രാക്ടര്‍ നിര്‍ത്തി താഴെയിറങ്ങി. ഒരു ക്ഷമാപണം നാവില്‍ മടിച്ചു നില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ ഒരു അഞ്ഞൂറ് രൂപ നോട്ടെടുത്ത് എന്‍റെ കൈയ്യില്‍ വെച്ചുതന്ന്‍ അവന്‍ പറഞ്ഞു. “ഒരു പാസ്സ്പോര്‍ട്ട് എടുത്തു വെക്കൂ, എത്രയും വേഗം.”


യാത്രയുടെ തുടക്കത്തില്‍ വെളുത്തപുകച്ചുരുള്‍ കൂട്ടങ്ങള്‍ കൊണ്ടുവന്ന കരിയുന്ന മനുഷ്യമാംസത്തിന്‍റെ രൂക്ഷഗന്ധം നാസികയെ വീണ്ടും തൊട്ടുണര്‍ത്തിയപ്പോള്‍ നാണുആശാന്‍ ഒരിക്കല്‍ കൂടി എന്‍റെ കാതില്‍ മന്ത്രിക്കുന്നു. “……………മണ്ണിട്ട്‌ മൂടി അതിന് മുകളില്‍ ഞാനൊരു കല്ലെടുത്തു വെച്ചു.”


പൊള്ളാച്ചിയില്‍ നിന്ന് പശുക്കളേയും അറവു മാടുകളെയും കയറ്റി വരുന്ന ലോറിയില്‍ തലയില്‍ തോര്‍ത്തുമുണ്ട് ചുറ്റി ചുണ്ടില്‍ ബീഡിയും കടിച്ചുപിടിച്ചിരിക്കുന്ന രാജേന്ദ്രന്‍ എന്ന എന്‍റെ അച്ഛന്‍റെ ചിത്രം ഒരഞ്ചാം ക്ലാസുകാരന്‍റെ അവ്യക്തമായ ഓര്‍മ്മകളില്‍ ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്.

ചന്തയില്‍ മദ്യപിച്ചു അടിയുണ്ടാക്കിയ രാജേന്ദ്രനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച വാര്‍ത്ത മീന്‍കാരി സരസുവാണ് അമ്മയുടെ കാതില്‍ എത്തിച്ചത്. അന്നുരാത്രിയും പതിവുപോലെ അച്ഛന്‍ വീട്ടില്‍ വന്നു. തിണ്ണയില്‍ കിടന്നുറങ്ങി. പുലരും മുന്‍പേ എഴുന്നേറ്റു പോകുകയും ചെയ്തു. പിന്നീട് ഇന്നുവരെ ഞാന്‍ എന്‍റെ അച്ഛനെ കണ്ടീട്ടില്ല., അമ്മയും. എത്തിപ്പെടുന്ന ദേശങ്ങളില്‍ അന്തിക്കൂട്ടിനു ഭവനങ്ങള്‍ കണ്ടെത്തിയിരുന്ന അച്ഛന്‍റെ തിരിച്ചുവരവ്‌ എന്‍റെ അമ്മയും ആഗ്രഹിച്ചു കാണില്ല.
ആഴ്ച രണ്ടു കഴിഞ്ഞതിനു ശേഷം വീണ്ടും മീന്‍കാരി സരസു അമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ കഴിഞ്ഞ സംഭവത്തിന്‍റെ തുടര്‍ച്ചയാണ് അവര്‍ക്ക് അമ്മയോട് കൈമാറുവാന്‍ ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ രാജേന്ദ്രന്‍ നേരെ അവതരിച്ചത് കാര്‍ത്ത്യയനിയുടെ കൂരയുടെ മുമ്പില്‍ ആയിരുന്നു. അന്നോളം അപരിചിതമായ അച്ഛന്‍റെ വിശ്വരൂപം കണ്ട് അന്ന് നാട് ഞെട്ടിവിറച്ചു.

“നാളെ ഞാന്‍ വരും ഈ നേരത്ത്. മോളേ എന്‍റെ കൂടെ ഇറക്കി വിട്ടോണം. ചോദിക്കാന്‍ അവള്‍ക്ക് തന്തയൊന്നുമില്ലല്ലോ.? വിട്ടില്ലങ്കില്‍ അമ്മയേയും മോളെയും ഈ കൂരയിലിട്ടു കത്തിക്കും.., രാജേന്ദ്രനാ പറയുന്നത്.”


രക്തചാലു വീഴ്ത്തി ചക്രവാള സൂര്യന്‍ ഇരുളിന്‍റെ ദുഃഖകയത്തിലേക്ക് നൂഴ്ന്നിറങ്ങുന്നു. കണ്ണീരില്‍ നനയാന്‍ ആകാശത്ത് ഒരു മഴമേഘം പോലും കാണുന്നില്ല. എന്‍റെ യാത്ര ഇവിടെ അവസാനിക്കുന്നു. പാടമദ്ധ്യത്തില്‍ ഇഞ്ചപ്പുല്‍കൂട്ടത്താല്‍ ചുറ്റപ്പെട്ട വറ്റി വരണ്ടു കിടക്കുന്ന നരിക്കുഴി. ചുറ്റും ഒന്നു കണ്ണോടിച്ചു. ഇവിടെ എവിടെയാണ് നാണുആശാന്‍ എടുത്തു വെച്ച ആ വലിയ കല്ല്‌? കണ്ണുകള്‍ ആ വലിയ കുളത്തിന്‍റെ മുക്കിലും മൂലയിലും തിരഞ്ഞു. പ്രതീക്ഷയുടെ ഒരു തരിമ്പുപോലും അവശേഷിക്കുന്നില്ല, എങ്കിലും അവസാന നിമിഷത്തില്‍ പോലും നാണുആശാന്‍റെ വാക്കുകളെ വെറും വാക്കായി തള്ളിക്കളയാന്‍ എന്തോ മനസ്സനുവദിക്കുന്നില്ല. ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നു പോലെ.., ഇവിടെ എവിടെയോ ആ കല്ല്‌ ഉണ്ട്.


കട്ടവിണ്ടു കിടക്കുന്ന കുഴിയുടെ ഒത്ത മദ്ധ്യത്തില്‍ അല്പം ജലസാന്നിധ്യം അറിയിച്ചു കൊണ്ട് ചളികെട്ടിക്കിടക്കുന്നു. അതിനു ചുറ്റും ഏതാനും ചേരക്കൊഴികള്‍ കൂടണയും മുന്‍പേ വിശപ്പകറ്റാനുള്ള കാത്തിരിപ്പിലാണ്. പാദങ്ങള്‍ അമരുമ്പോള്‍ താഴ്ന്നുപോകുന്ന കട്ടകളില്‍ മെല്ലെ ചവിട്ടി ഞാന്‍ കുഴിയുടെ മദ്ധ്യത്തിലേക്ക് നടന്നു. ചേരക്കോഴികള്‍ ചിറകടിച്ചുയര്‍ന്നു.
ചതുപ്പിന്‍റെ ആഴം കൂടുന്നു. കാലുകള്‍ മുട്ടോളം ചളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങി. ഇനി എവിടെയാണ് ഞാന്‍ തിരയേണ്ടത് ? എന്‍റെ പ്രതീക്ഷയും അസ്തമിക്കുകയാണോ..? അന്തിയില്‍ ചേക്കേറുന്ന പക്ഷികൂട്ടങ്ങള്‍ തലക്ക് മുകളിലൂടെ പറന്നുനീങ്ങുന്നു. തിരിച്ചു നടക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്. യാത്രയുടെ തുടക്കം മുതല്‍ എന്നെ പിന്തുടര്‍ന്ന പേരറിയാത്ത ആ വയല്‍ പക്ഷിയുടെ കരച്ചില്‍ ഇപ്പോള്‍ എനിക്ക് ഉച്ചത്തില്‍ കേള്‍ക്കാം. ഈ പക്ഷിക്ക് ഇതെന്തുപറ്റി.? നിനക്കും കൂടണയേണ്ടേ. ?

എന്‍റെ കണ്ണുകള്‍ക്ക് ആശ്ച്ചര്യമേകി തലയ്ക്കു മുകളില്‍ വട്ടമിട്ടു പറന്നിരുന്ന ആ പക്ഷി ചളികെട്ടികിടക്കുന്ന ജലപാടക്ക് മീതെ പറന്നിറങ്ങി.. ജലത്തിന് മീതെ ആ പക്ഷിക്ക് ഇരിക്കാന്‍ കഴിയുന്നതെങ്ങിനെ?

അവിശ്വസനീയമായ ആ കാഴ്ചയില്‍ എന്‍റെ നെഞ്ചൊന്നു പിടഞ്ഞു. ചളിയുടെ ആഴം വകവെക്കാതെ എന്‍റെ കാലുകള്‍ മുന്നോട്ട് നീങ്ങി. വയല്‍ക്കിളി ചിറകടിച്ചകന്നു. ചളിയില്‍ താഴ്‌ന്നുകിടക്കുന്ന വലിയ ഒരു പാറകഷ്ണത്തിന്‍റെ അഗ്രഭാഗം ഇനിക്കിപ്പോള്‍ ദൃശ്യമാണ്.

ഇതാണ് ആ കല്ല്‌. നാണുആശാന്‍ മുകളില്‍ എടുത്തുവെച്ച ആ കല്ല്‌. എന്‍റെ കൈകാലുകള്‍ തളരുന്നു. തൊണ്ട വരളുന്നു. ചുട്ടുപൊള്ളുന്ന ദേഹം വിയര്‍പ്പുതുള്ളികള്‍ കൊണ്ട് നിറയുന്നു. പടിഞ്ഞാറ് ചക്രവാളത്തില്‍ തിളങ്ങുന്ന ശുക്രനക്ഷത്രത്തെ സാക്ഷിനിര്‍ത്തി വിറയാര്‍ന്ന വിരലുകള്‍ നീട്ടി വലതു കരതലം ഞാന്‍ ആ പാറയുടെ മുകളില്‍ വെച്ചു. ജനിമൃതികളില്‍ വേരറ്റ ബീജാക്ഷരത്തിന്‍റെ രേണുക്കള്‍ വിരല്‍ തുമ്പിലൂടെ പടര്‍ന്നുകയറി ശരീരത്തിന്‍റെ ഓരോ അണുവിലും തൊട്ടുണര്‍ത്തുന്നു. ഇനി എനിക്ക് തിരിച്ചു നടക്കാം...
***************************************************
modhan kattoor--------------------------

Sunday, July 19, 2015

കിളി വിലാപം
കൂട്ടിലടച്ചിട്ടതെന്തിനെന്നെ, നിന്നെ-
കേട്ടുപഠിച്ചതേറ്റു ചൊല്ലുവാനോ .?

കൊച്ചുമരപൊത്തില്‍ നഞ്ചുപൈതങ്ങള്‍ തന്‍-
കൂട്ടകരച്ചിലെന്‍ കാതില്‍ മുഴങ്ങുന്നു.

വിട്ടയക്കുമോ ഈ കൂട്ടില്‍ നിന്നെന്നെ നീ -
ആ ചെങ്കദളിക്കുല ഞാന്‍ കൊത്തിപ്പറിക്കട്ടെ.

എങ്കിലും എനിക്കിന്നു പറക്കുവാനാകുമോ-
എന്‍ പൂഞ്ചിറകില്‍ നിന്നും ചോര കിനിയവേ.

Saturday, August 9, 2014

ഒരു റോസാ ദളം പോലെ . ...ഓടുന്ന ഇളമുറക്കാര്‍ക്ക് ഒപ്പമെത്താന്‍ കഴിയില്ലെങ്കിലും ഇനി നിന്നാല്‍ ഞാന്‍ ഒരുപാട് പുറകിലായ് മാറും. ഒരു തൊഴില്‍ രഹിതന്‍റെ പരക്കംപാച്ചിലില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തത തിരിച്ചറിഞ്ഞ കാലം...

അങ്ങിനെ കമ്പ്യൂട്ടറിന്‍റെ ബാലപാഠം പഠിക്കാന്‍ ഒരു ഡെസ്ക്ടോപ്പ്ന്‍റെ മുന്നില്‍ ഇരുന്നു .
ഒരു പ്ലസ്‌-ടു വിദ്യാര്‍ത്ഥിനി, അവള്‍ ആയിരുന്നു എന്‍റെ ട്യുട്ടര്‍.
സംശയങ്ങള്‍ എങ്ങിനെ ചോദിക്കും എന്നതായിരുന്നില്ല ഈ കൊച്ചു കുട്ടിയെ എങ്ങിനെ ഞാന്‍ ടീച്ചര്‍ എന്ന് വിളിക്കും എന്നതായിരുന്നു അപ്പോള്‍ എന്‍റെ ചിന്തകളില്‍.

അവള്‍ സ്വയം പരിചയപ്പെടുത്തി.

“ആറാട്ട്പുഴ ! “

“അതെ ആറാട്ടുപുഴ, അതാണ് എന്‍റെ ഗ്രാമം, എന്താ അറിയോ?” അവള്‍ ചോദിച്ചൂ.

“പിന്നെ.., ഒരു തവണ ഞാന്‍ അവിടെ വന്നിട്ടുണ്ട് പൂരം കാണാന്‍ , ഇപ്പോഴല്ല-ട്ടോ , ഒരു പത്ത് വര്‍ഷം മുന്‍പ്”.

“ഉവോ..”!! ?

“അവിടെയടുത്ത് എനിക്ക് നല്ല അടുപ്പമുള്ള ഒരു വീടുണ്ട്.”

“അവിടെ എവിടെയാണ്.?” അവള്‍ക്കു കൌതുകം.

“അമ്പലത്തിന്‍റെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ കുറച്ചുദൂരം പോയാല്‍ ഒരു പാടത്തിന്‍റെ കരയില്‍, ചെറിയൊരു ഓടു വീട്, അവിടെ ഒരു അമ്മയും മകളും തനിച്ച് ആയിരുന്നു. മകളെ അമ്മു എന്നാണ് വിളിച്ചിരുന്നത്‌.”

“അമ്മുവിനെ അറിയുമോ?” അവളുടെ കണ്ണുകളില്‍ ആകാംക്ഷ.

“പിന്നെ....., അന്ന് ആറാട്ടുപുഴ പൂരമായിരുന്നു. ഒരു പൂര കാഴ്ചയുടെ എല്ലാ സൗന്ദര്യവും സന്തോഷവും നഷ്ടപ്പെടുത്തികൊണ്ട് ആ രാത്രിയില്‍ പൂരപ്പാടത്ത് നിന്നും ഒരു കൊച്ചു സ്വര്‍ണമാല കളഞ്ഞുകിട്ടി. മാല എന്തുചെയ്യണമെന്നറിയാതെ നേരം വെളുക്കുന്നതുവരെ നേരം ഞാന്‍ ആ പൂരപ്പാടത്ത് അലഞ്ഞുനടന്നു. അപ്പോഴെല്ലാം നഷ്ടപെട്ട വേദനയില്‍ എവിടെയോ തേങ്ങുന്ന ഒരു മനസ്സ് എന്‍റെ കൈ വെള്ളയില്‍ കിടന്നു പിടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു കൊച്ചു പെണ്‍കുട്ടി. ആളൊഴിഞ്ഞ പൂരപ്പാടം മുഴുവന്‍ നഷ്ടപെട്ട എന്തിനോ വേണ്ടി അവള്‍ കരഞ്ഞുകൊണ്ട് ഓടിനടക്കുന്നു. കൈകുമ്പിളില്‍ കണ്ട സത്യം വിശ്വസിക്കാനാകാതെ ഇരു കൈകള്‍ കൊണ്ടും മുഖം പൊത്തിപ്പിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. നന്ദിയായി അവളുടെ അമ്മയില്‍ നിന്നും അന്ന് ഞാന്‍ കുടിച്ച ഒരു കട്ടന്‍ ചായയുടെ മധുരിക്കുന്ന ഒരു ഓര്‍മ്മ ഇന്നും എന്‍റെ നാവിലുണ്ട്".

എന്‍റെ കൊച്ചു ടീച്ചര്‍ നിശബ്ദയായിരുന്നു. മോണിറ്ററില്‍ നിന്നും ഞാന്‍ മുഖമുയര്‍ത്തി.

എന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു ആ കവിളുകള്‍ തുടുത്തിരുന്നു.. ഒരു റോസാ ദളം പോലെ . ...

Friday, July 11, 2014

ടിപ്പുടിപ്പു എന്നായിരുന്നു അവന്‍റെ പേര്. കൊച്ചുമോന്‍ വെല്ലിശ്യന്‍റെ വളര്‍ത്തുനായ. കഴുത്തില്‍ ബെല്‍റ്റും ചങ്ങലയും ഇല്ലാത്തതിനാലും യജമാനന്‍ കൃത്യമായി ഭക്ഷണം നല്‍കാത്തതിനാലും ചുറ്റുവട്ടത്തുള്ള ഞങ്ങള്‍ അഞ്ചു വീടുകളുടെ സംരക്ഷണം അവന് ഏറ്റെടുക്കേണ്ടി വന്നു. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും രാത്രിയില്‍ അടുക്കളവാതിലിനുമുന്നില്‍ അവന്‍ പ്രത്യക്ഷപ്പെടും. എത്ര അസമയത്തായാലും രാത്രി അവന് വേണ്ടി നീക്കിവെച്ച ഒരു ഉരുള ചോറുമായി അച്ഛന്‍ ഉറക്കെ വിളിക്കും. ഡാ.......

നിമിഷങ്ങള്‍ക്കകം ഇരുട്ടില്‍ ഒരു അനക്കം കേള്‍ക്കാം. എങ്ങുനിന്നോ ഓടിക്കിതച്ചു അവന്‍ എത്തിയിരിക്കുന്നു. ചവിട്ടുപ്പടിയില്‍ ചോറുരുള വെച്ച് അച്ഛന്‍ കൈകഴുമ്പോള്‍ അല്പം മാറി അവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി അനുസരണയോടെ ഇരിക്കും. ആ ഒരുരുളചോറ് കഴിക്കുന്നതിന് അവന് അച്ഛന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. സെക്കന്റുകള്‍ക്ക് മണിക്കൂറുകളെക്കാള്‍ സമയദൈര്‍ഘ്യം ഉണ്ടെന്ന് അപ്പോള്‍ അവന്‍ തിരിച്ചറിയുന്നുണ്ടാകും. ഒടുവില്‍ അച്ചന്‍റെ ആ മൂളല്‍ ലഭിച്ചു . ഉരുള ചോറ് അകത്താക്കി നന്ദിയോടെ അവന്‍ വാല് ഇളക്കി. വിശപ്പ്‌മാറിയില്ല എങ്കില്‍ അമ്മ ഭക്ഷണബാക്കി നിക്ഷേപിക്കുന്ന പാത്രം ഒന്നു പരിശോധിച്ച് ശേഷം അവന്‍ ഇരുട്ടിലേക്ക് മറയും.

ഓര്‍മ്മയിലെ കുട്ടിക്കാലത്ത് ഒരു ഓലക്കുടില്‍ ആയിരുന്നു എന്‍റെ വീട്. പകല്‍ അമ്മ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ അന്ന് ഒരിക്കല്‍ പോലും വീടിന്‍റെ അകത്തു കയറാത്ത അവന്‍ ഒരു ധിക്കാരിയെപ്പോലെ അകത്തു കയറി, വീടിന്‍റെ ഒരു മൂലയില്‍ ചുരുണ്ട് കൂടി. ഇതെന്തുപറ്റിപറ്റി ? അമ്മക്ക് അത്ഭുതം . വണ്ടി തട്ടിയോ ? വയ്യായ വല്ലതും ഉണ്ടോ ? കള്ളുകുടിച്ചപ്പോള്‍ വെല്ലിശ്യന്‍റെ കൈയ്യില്‍നിന്നും അടികിട്ടിയോ ? അമ്മ അവനോട് ചോദിച്ചു കൊണ്ടേയിരുന്നു .ഇരുകാലുകള്‍ക്കിടിയിലേക്ക് തല വളച്ചുവെച്ച് അവന്‍ കൂടുതല്‍ ചുരുണ്ടു. അച്ഛന്‍ വന്നു കണ്ടപ്പോള്‍ കാരണം പറഞ്ഞു.“അതിന് തിന്നത് ദഹിക്കാതെയാകും . കുറച്ച് കഴിയുമ്പോള്‍ എഴുന്നേറ്റു പൊയ്ക്കോളും”.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഓടിക്കിതച്ചുവന്ന എനിക്ക് അന്ന് അമ്മയോട് പറയാന്‍ പുതിയ കൌതുകകരമായ ഒരു വാര്‍ത്ത ഉണ്ടായിരുന്നു.
പഞ്ചായത്തിലെ പട്ടികളെ പിടിക്കുന്നആളെ ഞാന്‍ കണ്ടു. ഒരു പട്ടിയെ പിടിച്ചു കൊന്നു കൊടുത്താല്‍ അയാള്‍ക്ക് പത്ത് രൂപ കിട്ടും. പട്ടിയെ പിടിച്ചു കൊന്നു എന്നതിന് തെളിവായി അയാള്‍ പട്ടിയുടെ വാല്‍ പഞ്ചായത്തില്‍ കാണിക്കണം. അമ്മ പറഞ്ഞു ."വെറുതെയല്ല ഇവിടെ ഒരാള്‍ വന്നു ഒളിച്ചിരിക്കുന്നത്"
ആര് ?
ടിപ്പു.

കിലോമീറ്ററുകള്‍ക്കപ്പുറം മരണദൂതുമായ്‌ ഒരാള്‍ വന്നിറങ്ങിയ വിവരം ടിപ്പു എങ്ങിനെ അറിഞ്ഞു എന്നായിരുന്നു എന്‍റെ കൊച്ചു ചിന്തകളില്‍ അന്ന് ഇടം പിടിച്ചത്?

പിന്നീട് ഒരിക്കല്‍കൂടി അകത്ത് അതേസ്ഥലത്ത് ഭക്ഷണംപോലും ഉപേക്ഷിച്ച് അവന്‍ ചുരുണ്ടുകൂടി. അന്ന് എന്‍റെ അമ്മ മരണപ്പെട്ട ദിവസമായിരുന്നു.

തീര്‍ന്നില്ല. മറ്റൊരു ദിവസം സ്കൂള്‍വിട്ട് വീട്ടില്‍എത്തിയശേഷം കളിപ്പറമ്പിലേക്കുള്ള എന്‍റെ ഓട്ടം പെട്ടെന്ന് അവസാനിപ്പിച്ചത് സ്ത്രീകളും കുട്ടികളും അലമുറയിടുന്നത് കേട്ടുകൊണ്ടായിരുന്നു. സ്ത്രീകള്‍ പതിവായി വെള്ളം പിടിക്കുന്ന പഞ്ചായത്ത് പൈപ്പിന്‍റെ അരികില്‍ വട്ടം കൂടിനിന്ന് അവര്‍ അടുത്തുള്ള പുരുഷന്മാരോടായി ഓടിവരണേ, ഓടിവരണേ എന്നു ഉറക്കെ വിളിച്ചു കൂവുന്നു. അടുത്തേക്ക്‌ പോകണ്ടാ എന്ന മുന്നറിയിപ്പ് ലംഘിച്ച് ഞാനാകാഴ്ച കണ്ടു.

നല്ലൊരു പുല്ലാനി മൂര്‍ഖനുമായി ടിപ്പു ഘോരയുദ്ധത്തിലാണ്. എത്ര നേരമായി ഇത് തുടങ്ങിയിട്ട് എന്നറിയില്ല. കാലുകള്‍കൊണ്ട് അടിച്ചും ഇടക്ക് വാലില്‍ കടിച്ചു കുടഞ്ഞും ടിപ്പു പാമ്പിനെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. പാമ്പിന്‍റെ ദേഹം മുറിഞ്ഞ് രക്തം പൊടിയുന്നുണ്ട്. ചെറുത്തു നില്പിന്‍റെ ഭാഗമായ് പത്തി വിടര്‍ത്തി പാമ്പ്‌ ടിപ്പുവിനെ തലങ്ങും വിലങ്ങും കൊത്തുവാന്‍ ശ്രമിക്കുന്നു. പലപ്പോഴും അവന്‍ നല്ലവണ്ണം ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും ഇടക്ക് കൊത്തേറ്റ ശരീര ഭാഗം അവന്‍ നക്കിത്തുടയ്ക്കുന്നുണ്ടായിരുന്നു. ഭയം എല്ലാവരേയും വെറും കാഴ്ചക്കാരായ് മാറ്റി. വിവരമറിഞ്ഞ് കൊച്ചുമോന്‍ വെല്ലിശ്ശ്യന്‍ മദ്യമയക്കത്തില്‍നിന്നും ഓടിക്കിതച്ചെത്തി . “ മോനെ.. വേണ്ടാ....” എന്ന് പറഞ്ഞു മുന്നോട്ടു അടുക്കുന്നതിനു മുന്‍പേ ടിപ്പു പാമ്പിന്‍റെ വാലില്‍ കടിച്ചു വട്ടം ചുഴറ്റി തല നിലത്തടിച്ചു. തല തകര്‍ന്നു പാമ്പിന്‍റെ വായില്‍ നിന്നും രക്തം പുറത്തേക്ക് ചാടി

വാലില്‍ അവശേഷിക്കുന്ന ജീവന്‍റെ ചലനം നിലക്കുന്നതും കാത്ത് പാമ്പിനരികെ അവന്‍ കാവല്‍ ഇരുന്നു. അപ്പോഴും, കിതച്ചുകൊണ്ട് പുറത്തേക്ക് നീട്ടിയ അവന്‍റെ നാവില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.

ആരോ കൊണ്ടുവന്ന വെള്ളംപാത്രം വെല്ലിശ്ശ്യന്‍ അവന്‍റെ മുന്നില്‍വെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

'കുടിക്കടാ മോനെ'..

മുന്നില്‍ കൊണ്ടുവെച്ച വെള്ളം അവന്‍ കണ്ട ഭാവം പോലും കാണിച്ചില്ല.

'കുടിക്കടാ'.. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ തന്‍റെ യജമാനന്‍റെ മുഖത്തു നോക്കി ആദ്യമായി അവന്‍ കുരച്ചു. അവസാനമായും...

ഇമവെട്ടാതെ ദൃഷ്ടി യജമാനനില്‍ ഉറപ്പിച്ചുനിര്‍ത്തി മെല്ലെ മണ്ണില്‍ തല ചേര്‍ത്തുവെച്ചു കാലുകള്‍ നീട്ടി അവന്‍ കിടന്നു. കിതപ്പിന്‍റെ വേഗത കുറഞ്ഞുകുറഞ്ഞു വരുമ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ കണ്ടു നിന്നവര്‍ വിതുമ്പുന്നുണ്ടായിരുന്നു.

Friday, June 27, 2014

ദേശസ്നേഹത്തിന്‍റെ കാണാപ്പുറങ്ങള്‍...


സ്റ്റേറ്റഡിയത്തില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. മറ്റ് ഒരു മത്സരത്തിനും നല്‍കാത്ത പ്രാധാന്യം നല്‍കി നിങ്ങളിലോരാളെപ്പോലെ ഞാനും ഈ മത്സരം വീക്ഷിക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ ഇപ്പോള്‍ കളി ടിവി യില്‍ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സ്വീകരണ മുറിയില്‍ ഇരുന്നു കൊണ്ടാകാം അല്ലെങ്കില്‍ നെറ്റില്‍ ആകാം. ചിലപ്പോള്‍ നിങ്ങള്‍ കോഫീ ഷോപ്പിലോ ക്ലബ്ബിലോ ഇരുന്ന് കൂട്ടുകാരോടൊപ്പം ആകാം. എന്നാല്‍ ഒരു പ്രവാസിയായ ഞാന്‍ ഈ കളി കാണുന്നത് സൂക്കിനുള്ളിലെ വലിയ ടിവി ഷോറൂമിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ പ്രോജെക്ടര്‍ സ്ക്രീനില്‍ നിന്നാണ്. എന്നോടൊപ്പം വിവിധഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ കൂട്ടമായി ഒരു ഭാഗത്തും വലിയ ജുബ്ബ ധരിച്ച് താടി നീട്ടി വളര്‍ത്തിയ പഠാണികള്‍ മറു ഭാഗത്തും നിന്നു കൊണ്ട് കളി കണ്ടുകൊണ്ട് നില്‍ക്കുന്നു. സമാനമായി സ്റ്റേറ്റഡിയത്തിനകത്ത് ഇരു രാജ്യങ്ങളുടെയും ആരാധകര്‍ ചമയങ്ങളിലും വേഷങ്ങളിലും ദേശസ്നേഹം പുറത്തെടുത്തുകൊണ്ട് അവരവരുടെ ദേശീയപതാക ഉയത്തിപ്പിടിച്ചു കളിയുടെ ആവേശം പങ്കുവെക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്കളി അതിന്‍റെ അന്ത്യത്തിലേക്ക് അടുക്കുകയാണ്.

ഒന്ന്‍ പറയാന്‍ വിട്ടുപോയി. എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ പഠാണിയോടൊപ്പം ആണ് ഞാന്‍ ഈ കളി കാണാന്‍ വന്നുനില്‍ക്കുന്നത്. "ഇന്ന് നമ്മളുടെ കളി ഉണ്ട്" എന്ന് പറഞ്ഞ് അവനാണ് എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്.

ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാന ബോള്‍ ബൌണ്ടറിയിലേക്ക് പായിച്ചു ഇന്ത്യന്‍ കളിക്കാര്‍ വിജയം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി. അണപൊട്ടിയ ആഹ്ലാദം ഗാലറിയില്‍ ആര്‍ത്തിരമ്പി. ഇന്ത്യന്‍കളിക്കാര്‍ രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് മൈതാനം വലം വെച്ച്ആരാധകരുടെ ആഹ്ലാദത്തെ കൊടുമുടിയില്‍ എത്തിക്കുന്നു. ഈ വിജയ ആരവങ്ങള്‍ക്കിടയിലൂടെ പരാജയം സംഭവിച്ചകനത്ത ദുഃഖത്തില്‍ കുനിഞ്ഞ ശിരസ്സുമായ്‌ പാക് ടീം മൈതാനം വിടുമ്പോള്‍, ഇവിടെ വലിയ സ്ക്രീനിനു മുന്നില്‍ നിന്നും നിരാശരായ പഠാണികള്‍ നിശബ്ദരായി പിരിഞ്ഞു പോകുന്നു. പ്രദര്‍ശനം അവസാനിപ്പിച്ചുകൊണ്ട് കടയുടെ സെയില്‍സ്മാന്‍ പ്രോജെക്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്തു.

മടക്ക യാത്രയില്‍ സുഹൃത്ത് പഠാണി ഏറെ നേരം നിശബ്ദനായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടതിലുള്ള ദുഃഖം ആ മുഖത്തും വിജയിയായതിലുള്ള സന്തോഷം എന്‍റെ മുഖത്തും മായാതെ കിടക്കുന്നു. ആ മൌനത്തിന്‍റെ കാരണം പരാജയപ്പെട്ടവന്‍റെ ദുഃഖം ആയിരുന്നു എന്ന എന്‍റെ മുന്‍വിധിയെ പാടെ തിരുത്തികൊണ്ട്‌ അവന്‍ മൌനംവെടിഞ്ഞു.

“ മത്സരത്തില്‍ പരാജയപ്പെടുത്തുമ്പോള്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചാണോആഹ്ലാദം പ്രകടിപ്പിക്കേണ്ടത്? ”

“പാക്കിസ്ഥാന്‍ജയിക്കുമായിരുന്നുവെങ്കില്‍ഇങ്ങനെതന്നെസംഭവിക്കുമായിരുന്നില്ലേ? ” ഞാന്‍ തിരിച്ചു ചോദിച്ചു.

“ തീര്‍ച്ചയായും . അപ്പോഴും എന്‍റെ ചോദ്യം ഇതുതന്നെയായിരിക്കും“. ആ മറുപടിയോടൊപ്പം ഒരു സലാം കൂടി നല്‍കി അവന്‍ എന്നെ വീട്ടില്‍ തിരിച്ചിറക്കി.

നിദ്ര നഷ്ടമായ ഒരു രാത്രി സമ്മാനിച്ച സുഹൃത്ത് പഠാണിയുടെ ചോദ്യം കാതുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉത്തരം തിരഞ്ഞുള്ള ചെറിയൊരു അന്ന്വേഷണം കൂടി നിങ്ങളോട് പങ്കുവെച്ച് ഈ ലേഖനം ഞാന്‍ അവസാനിപ്പിക്കാം.

ഒരു കളി ആരംഭിക്കുന്നത് രണ്ട് നല്ല സൌഹൃദത്തില്‍ നിന്നാണ്. കളിയില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നു എങ്കില്‍ അതിനെ മത്സരം എന്ന് പറയുന്നു. ശത്രുക്കളായ രണ്ടു പേര്‍ക്ക് ഒരിക്കലും കളിയില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അഥവാ രണ്ടു പേര്‍ മത്സരിക്കുമ്പോള്‍ അവര്‍ ശത്രുക്കള്‍ ആണെങ്കില്‍ അവിടെ ജയപരാജയങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിനെയാണ് യുദ്ധം എന്ന് പറയുന്നത്. യുദ്ധം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ ശത്രുവിനെ പരാജപ്പെടുത്തി വിജയി രാജ്യത്തിന്‍റെ മുഴുവന്‍ വികാരവും പ്രതിഫലിപ്പിക്കുന്ന ദേശീയ പതാക ഉയര്‍ത്തി വിജയം പ്രഖാപിക്കുന്നു.

ക്രിക്കറ്റ് ഒരു ഗെയിം ആണ്. അതില്‍ ജയവും പരാജയവും സംഭവിക്കാം. പരാജയപ്പെടുത്തി വിജയി രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പരാജയപ്പെടുത്തുന്നത് ഒരു രാജ്യത്തെയാണ് എന്ന വികാരം വിജയിക്കും പരാജിതനും ഒരേ പോലെ കൊണ്ടുവരുന്നു. കാലങ്ങളായി ശത്രുഭാവത്തില്‍ നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ഒരു മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയത്തില്‍ കവിഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ കളിക്കുവാനും കളി കാണുവാനുമുള്ള അതിയായ ആവേശം ക്രിക്കറ്റ് ഗെയിം എന്നതിനേക്കാള്‍ ഉപരി തോല്‍വി അര്‍ഹിക്കാത്ത ഒരു ജനതയുടെ ദേശസ്നേഹം കൂടിയാണ്. ഒരു മത്സരത്തിലും പുറത്തെടുക്കാത്തെ പോരാട്ട വീര്യം കളിക്കാരനിലും അതേ ആവേശം കാണികളിലും ഉണ്ടാകുന്നതും അതേ ദേശസ്നേഹത്തില്‍ നിന്നുതന്നെ. യുദ്ധത്തിന് സമാനമായ അന്തരീക്ഷം കളിക്കളത്തില്‍ രൂപപ്പെടുന്നു. ആ യുദ്ധം സംഭവിക്കുന്നതാകട്ടെ രാജ്യസ്നേഹമുള്ള മനസ്സുകളിലും.


വിജയി അവന്‍റെ ദേശീയ പതാക ഉയര്‍ത്തി വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടവന് തോല്‍വി സംഭവിച്ച ദുഃഖത്തോടൊപ്പം അപമാനിക്കപ്പെട്ടതിന്‍റെ മുറിവ് കൂടി അവന്‍റെ ഉള്ളില്‍ എല്പ്പിന്നുണ്ട്. ഉള്ളില്‍ കനല്‍ എരിയുന്ന നെരിപ്പോടെ തന്നെയാണ് ഓരോ പരാജിതനും അപ്പോള്‍ ഉള്‍വലിയുന്നത്. ഈ വേദന ഇന്ത്യയുടെ പരാജയവെളകളില്‍ നാം അനുഭവിച്ചറിഞ്ഞീട്ടുള്ളതാണ്.

മത്സരങ്ങള്‍, അത് രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ വിജയിക്കുന്ന വേളകളില്‍ ആഹ്ലാദം കാഴ്ചവെക്കാന്‍ ഒരു ഇന്ത്യന്‍ പൌരന് സ്വന്തം രാജ്യത്തിന്‍റെ പതാക ഉപയോഗിക്കാനുള്ള അധികാരം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം പരാജയപ്പെട്ടവന് പ്രതികാരം ചെയ്യുവാനുള്ള പ്രേരണയാകുന്ന ഒരു അപകടം അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. കാരണം പരാജയപ്പെടുത്തിയത് ശത്രിവിനെയാണ്. വിജയം ആഘോഷിച്ചത് രാജ്യമാണ്.
===================================