Showing posts with label കാലികം. Show all posts
Showing posts with label കാലികം. Show all posts

Tuesday, February 12, 2019

ആരാണ് ഇവിടെ സാംസ്കാരിക നായകർ ?


വഴിപിഴക്കാവുന്ന ഭാവിക്ക് ഒരു പെൺ ബാല്യത്തെ വിട്ടുകൊടുക്കാതെ കല ചമക്കുന്ന ആയുധം കഠാരയാക്കി കുരുന്നു ദേഹത്തിൽ കുത്തിയിറക്കുന്ന ഒരു കലാകാരനുണ്ട് എം ടി പരിചയപ്പെടുത്തിയ 'സദയം' സിനിമയിൽ. പതറാത്ത മനസ്സിൽ ഒരു കൊലയാളിയെ ഒളിപ്പിച്ചിരുന്ന ഒരു യഥാർത്ഥ കലാകാരൻ.
പേര് സത്യനാഥൻ.
വിളിക്കുമോ നിങ്ങൾ സത്യനാഥനെയും
സാംസ്കാരിക നായകനെന്ന് ?

ആരാണ് ഇവിടെ സാംസ്കാരിക നായകർ ?


ബഹുഭൂരിപക്ഷം കലാകാരൻമാരും സാഹിത്യ കാരന്മാരും വ്യക്തിജീവിതത്തിൽ സന്മാർഗ്ഗികത പുലർത്തിയിരുന്നവരല്ല, ആയിരുന്നില്ല. അതിൽ അവർ വിശ്വസിച്ചിരുന്നവരുമല്ല എന്നതാണ് സത്യം. നല്ലൊരു ചിത്രം വരച്ചാൽ, ഒരു കഥ എഴുതിയാൽ, കവിതയെഴുതിയാൽ, ഒരു ശിൽപം ചമച്ചാൽ, ഒരു സിനിമ പിടിച്ചാൽ അവരിന്നു കേരളത്തിൽ സ്വയം പ്രഖ്യാപിത സാംസ്കാരികനായകരാണ്. എന്തു ആഭാസത്തരം ചെയ്താലും, എന്തു തെമ്മാടിത്തരം ചെയ്താലും കൈയ്യിലൊരു കലാവിരുത് കൂടെയുള്ളവരെങ്കിൽ, പക്ഷം പിടിക്കുന്ന പാർട്ടിക്ക് കൂലിപ്പണി ചെയ്യാൻ അവർ തയ്യാറാണെങ്കിൽ അവരെല്ലാം ഇന്ന് നമ്മുടെ നാട്ടിൽ സാംസ്കാരിക നായകരാണ്.

ആവിഷ്‌കാരവൈദഗ്ദ്യം സാംസ്കാരിക നായകന് ഉണ്ടായിരിക്കേണ്ട അടിസ്‌ഥാനയോഗ്യതയല്ല. ആരാണ് സാംസ്‌ക്കാരിക നായകനെന്ന് ജനം തിരിച്ചറിയുന്നതാണ് യാഥാർത്ഥ്യം. വ്യക്തിയിൽ നിന്നുകൊണ്ട് എന്തു ആഭാസത്തരം നടത്തുന്നവനും ഞാനാണ് സാസ്കാരിക നായകനെന്ന് സ്വയം പരിചയപ്പെടുത്തുമ്പോഴല്ല.

ഏത് സംസ്കാരത്തിൽ വളർന്നു എന്നു പ്രതിഫലിപ്പിക്കുന്ന കലാകാരനെക്കാൾ മഹത്വം എന്തുകൊണ്ടും ഏത് സംസ്കാരത്തിൽ വളരണം എന്നു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനുണ്ട്. കുഞ്ഞുങ്ങൾക്ക് നല്ല ശീലം പറഞ്ഞുകൊടുക്കുന്ന അംഗനവാടി ടീച്ചർക്കുപോലുമുണ്ട്.
നല്ലൊരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളുടെ മുൻപിൽ വെച്ചു സിഗരറ്റ് വലിക്കാതിരിക്കുന്നതും ആ ഒരു അറിവിൽ നിന്നുകൊണ്ടുതന്നെയാണ്.

ആൾക്കൂട്ടത്തെ ആകർഷിക്കാൻ നടത്തുന്ന ചെപ്പടിവിദ്യ വ്യാജമരുന്ന് വിൽക്കുന്ന
വഴിവാണിഭക്കാരന്റെ കച്ചവടതന്ത്രമാണ്. ആൾക്കൂട്ടത്തിനിടയിൽ കൃത്യമമായി സൃഷ്ടിക്കുന്ന സംഘർഷം പോക്കറ്റടിക്കാരന്റെ കൗശലമാണ്. കലയും സാഹിത്യവും മറയാക്കി ഒരു പക്ഷം പിടിക്കുന്ന ഈ രാഷ്ട്രീയ കൂലിപ്പണിക്കാർ കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രം കലയിൽ പൊതിഞ്ഞ് കച്ചവടം ചെയ്യുന്നു.
സർഗ്ഗസൃഷ്‌ടി എന്തെന്നും സാംസ്കാരിക വ്യക്തിത്വം എന്തെന്നും ഇനിയും ഇഴപിരിച്ചു ജനം മനസിലാക്കിയില്ലെങ്കിൽ കലയുടെ വേഷമിട്ട കപട സാംസ്കാരികത ജനങ്ങളെ വഞ്ചിച്ചുകൊണ്ടേയിരിക്കും.

പശിയിൽ പഴം കഴിക്കുന്ന മൂഷികൻ അകത്തൊളിപ്പിച്ച പാഷാണം തിരിച്ചറിയുന്നില്ല.

Saturday, May 31, 2014

നിശബ്ദമായ നിലവിളികള്‍



പുരുഷബീജം പത്തു മാസം ഗര്‍ഭത്തില്‍ ചുമക്കണം . പുറത്തേക്ക് വരുന്ന മനുഷ്യാകാരംപൂണ്ട ജീവശരീരത്തെ പ്രായം നോക്കി വിലയിട്ട് വാങ്ങാന്‍ ഉഭഭോക്താക്കള്‍പുറത്തു കാത്തുനില്‍ക്കുന്നു. ചുമക്കുന്ന ആ ഭാരത്തിനായ് പണം മുന്‍‌കൂര്‍ കൊടുത്ത്ചിലര്‍ കച്ചവടം ഉറപ്പിച്ചു നിര്‍ത്തുന്നു. അവര്‍ക്ക് വേണ്ടത് ജീവനുള്ള മനുഷ്യശരീരങ്ങളെയാണ്. പ്രായം ഒരു പ്രശ്നമല്ല. ജീവന്‍ ഉണ്ടാകണം എന്ന് മാത്രം . വില എത്ര വേണമെങ്കിലും നല്‍കാന്‍ ആവശ്യക്കാര്‍ തയ്യാറാണ്.

പത്തു മാസത്തെ കരാറില്‍ ഏതു സ്ത്രീക്കും ആ വ്യവസായ സംരംഭത്തില്‍ അംഗമാകാം. പത്ത് മാസം തന്‍റെ ഉദരത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നു എന്ന് പത്ത് നിമിഷം കൊണ്ട് വിസ്മരിച്ച് ഉല്പന്നം വിറ്റു പണം കീശയില്‍ വെച്ച് ഒന്നുമറിയാത്ത പോലെ തിരിച്ചു പോരാം.
അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അപചയം ഈ വന്ന സ്ത്രീത്വം, വിവേക ബുദ്ധിയില്ലാതെ , കരുണയില്ലാതെ, മൂല്യങ്ങളുടെയും വ്യവസ്ഥിതിയുടേയും തായ് വേരറക്കുന്ന അനാഥത്വം എന്ന സാമൂഹിക വിപത്തില്‍ നിന്നും ഒരിക്കലും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല .

അനാഥ ബാല്യങ്ങള്‍ കാമത്തിന്‍റെ സന്തതികള്‍ ആണ്. മക്കള്‍ മാതാപിതാക്കള്‍ക്ക് ഭാരമായ് മാറുന്നത് ദാരിദ്യത്തില്‍ നിന്നാണ്. അകത്തു ചുമന്ന ഭാരം പുറത്തും ഒരു ഭാരമായ് അവശേഷിക്കുമ്പോള്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ഉപാദികള്‍ അവര്‍ തിരയാന്‍തുടങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കുന്ന അനാഥമന്ദിരങ്ങള്‍ അവര്‍ക്ക്അഭയ കേന്ദ്രങ്ങള്‍ ആയി മാറുന്നു. ചിലര്‍ക്ക്, ജീവിതത്തില്‍ സംഭവിച്ചു പോയ ഒരബദ്ധം ഒരിക്കല്‍ പോലും പുറം ലോകംഅറിയാതെ ഒളിപ്പിക്കാന്‍ അനാഥാലയങ്ങള്‍ ആശ്രയ കേന്ദ്രങ്ങള്‍ ആകുന്നു.

എന്നാല്‍ ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളുടെ വികസിക്കുകയും ചെയ്തപ്പോള്‍അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷിണി നേരിടേണ്ടിവന്നു. അവര്‍ അനാഥകളെ തേടി അലയാന്‍തുടങ്ങി. അനാഥകള്‍ എന്ന് മുദ്രകുത്തി ബാല്യങ്ങള്‍ക്ക്‌ വിലിയിടാന്‍ തുടങ്ങിയപ്പോള്‍ ജീവകാരുണ്യത്തിന് പിന്നിലെ കച്ചവട ലക്‌ഷ്യം മറനീക്കി പുറത്തുവരുന്നു.

അനുദിനം ഉണ്ടായികൊണ്ടിരിക്കുന്ന ഈ അനാഥ ജന്മങ്ങള്‍എല്ലാം എവിടെയാണ്ഒളിച്ചിരിക്കുന്നത് ? എങ്ങോട്ടാണ് അപ്രക്ത്യക്ഷമായത്?

അനാഥാലത്തിന്‍റെ ഇരുള്‍ അടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ കാരുണ്യത്തിന്‍റെ ഭിക്ഷാപാത്രം കൈയ്യിലേന്തി വിശപ്പ് നല്‍കിയ ഈശ്വരനെ ശപിച്ചുകൊണ്ടുറങ്ങുന്നു ചിലര്‍. ഭിക്ഷാപാത്രം ഏന്തുന്ന മറ്റു ചില കൈകള്‍ നമ്മുടെതെരുവോരങ്ങളില്‍ അംഗവൈകല്യം സംഭവിച്ച് ദയനീയതുടെ ഭീകര രൂപമായ്‌ അലഞ്ഞുതിരിയുന്നു. ചിലര്‍ സമ്പന്നന്‍റെ അടുക്കളയിലേക്കും പണിശാലയിലേക്കും അടിമകളായി വലിച്ചെറിയപ്പെടുന്നു. അവര്‍ ഒളിച്ചിരിക്കുന്ന ഈ ഇടങ്ങള്‍ നമുക്ക് പരിചയം ഉള്ളതാണ് . നമ്മളുടെ കണ്ണുകള്‍ക്ക്‌ എത്തിച്ചേരാന്‍കഴിയാത്ത എത്രയെത്ര ഇടങ്ങളില്‍ ഇനിയും അവര്‍ ഒളിച്ചിരിക്കുന്നുണ്ടാകും ?. ഒരിക്കലുംകണ്ടെത്താനാകാതെ ഈ ഭൂമുഖത്ത് നിന്നും അപ്രക്ത്യക്ഷ മായ അനാഥജന്മങ്ങളെ തിരഞ്ഞാല്‍ ഒരു പക്ഷെ നമ്മളുടെ അന്ന്വേഷണംഎത്തിച്ചേരുക ആതുരാലയങ്ങളില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറിയ ജന്മങ്ങളുടെ ആന്തരികാവയവങ്ങളിലൂടെ അവര്‍ നമ്മളോട് സംസാരിക്കുമ്പോഴായിരിക്കും.

അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പൊടിയുകയില്ല. നിശബ്ദമായ ആ നിലവിളികള്‍ പുറംലോകം കേള്‍ക്കുകയുമില്ല. അവര്‍ക്ക് ആഗ്രഹങ്ങള്‍ ഇല്ല , സ്വപ്നങ്ങള്‍ ഇല്ല . വൃഥാവിലായൊരു ജന്മത്തെ ഓര്‍ത്ത്‌ വേവലാതികള്‍ ഒട്ടും തന്നെയില്ല . ഈ വിശ്വപ്രകൃതിയുടെ സൗന്ദര്യവും ജീവിതത്തിലെ സുന്ദരമൂഹൂര്‍ത്തങ്ങളുടെ ചിന്തകളും അവരുടെ മനസ്സില്‍ നിന്നും പറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഒരു മൊട്ടു സൂചി താഴെ വീണാല്‍ ഉണ്ടാകുന്ന ശബ്ദത്തില്‍ നിന്നുപോലും ഞെട്ടിയുണരാന്‍ പാകത്തില്‍ ദുര്‍ബലമായ മനസ്സും ശരീരവുമായി അവര്‍ പാകപ്പെട്ടിരിക്കുന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ലോകത്ത് കൂരിരുട്ടിലേക്ക് കണ്ണുകള്‍ പായിച്ച് തേടി വരാന്‍ തങ്ങള്‍ക്ക് ആരുമില്ല എന്ന തിരിച്ചറിവില്‍ ഏതു സമയത്തും കാതില്‍ വന്നു ചേരാവുന്ന ഉടമസ്ഥന്‍റെ ആജ്ഞകള്‍ക്ക് അവര്‍ കാതോര്‍ത്ത് നില്‍ക്കുന്നു.

ഉടമസ്ഥന്‍റെ ആ വിളി കാതില്‍ മുഴങ്ങി.
പുറകില്‍ അനുസരണയോടെ നടന്നു നീങ്ങുന്ന അനാഥ ബാല്യങ്ങള്‍. അവര്‍ അറിയുന്നില്ല.
"ഇത് ഉണ്ണുവാനോ അതോ ഉപയോഗിക്കുവാനോ ?"
==========================================

Tuesday, April 15, 2014

ആരറിയുന്നു ഈ ആചാര്യനെ ...?





Swami Sandeepananda Giri

സാമൂഹിക തിന്മകള്‍ക്കെതിരെ
ആത്മീയ അപചയങ്ങള്‍ക്കെതിരെ ഒരു ആചാര്യ ശബ്ദം
സ്വാമി സന്ദീപാനന്ദ ഗിരി
......................................
ഈ ശബ്ദം ചലിക്കുന്നതാര്‍ക്ക് വേണ്ടി ?
ഈ ശബ്ദം നിലക്കേണ്ടതാര്‍ക്ക് വേണ്ടി ?
.....................................................................
താത്വാധിഷ്ടിതമായ മൂല്യങ്ങള്‍ ആചരിച്ചു വന്ന ഒരു ജന സമൂഹത്തില്‍ നിന്നും ആവിര്‍ഭവിച്ച വേദ പ്രമാണങ്ങളില്‍ നിന്നും പൂര്‍വ്വ അചാര്യന്മാരിലൂടെ കൈമാറി വന്ന ആത്മീയ ജ്ഞാനത്തില്‍ നിന്നും ഒരു ആചാര്യന് നമ്മളോട് സംസാരിക്കുന്നു.
यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥
കര്‍മ്മഭൂവില്‍ അധാര്‍മ്മികതയില്‍ നിന്നും ഒരു പ്രത്യക്ഷയുദ്ധം ആരംഭിക്കും മുന്‍പേ ആന്തരികമായ സ്വ മനസ്സില്‍ തന്നെ അരുതേ എന്ന് പരോക്ഷമായി ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു ഭഗവാന്‍ അവതരിക്കുന്നത് ഗീതാദര്‍ശനത്തിലൂടെ ഈ ആചാര്യന്‍ നമുക്ക് കാണിച്ചുതരുന്നു .
तत्त्वमसि
നിന്നിലുള്ള എന്നെ കാണാതെ
എന്നെ എന്തിന് നീ മുന്നില്‍ തിരയുന്നു.
എന്ന ഉപനിഷത്ത് ഋഷിയുടെ ചോദ്യവും അദ്ദേഹം നമ്മള്‍ക്ക് കേള്‍പ്പിച്ചുതന്നു.

നമുക്ക് കൈമോശം വന്ന ഒരു സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാന്‍ ഒരു ആചാര്യന്‍ നടത്തുന്ന പരിശ്രമങ്ങള്‍ പിറന്ന നാട്ടിലെ ഈ സമൂഹത്തിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബന്ധത വിളിച്ചറിയിക്കുന്നതാണ് . നിഷ്ക്രിയത്വം ഭീരുത്വം ആണ് എന്ന് ഈ ആചാര്യന്‍ നമ്മെ പഠിപ്പിക്കുന്നു . വിഷ ലിപ്തമായ ആത്മീയതയില്‍ ദിശാബോധം നഷ്ടപെട്ട ഒരു സമൂഹത്തെ ഉദ്ദരിക്കുന്ന യത്നം ഒരു യജ്ഞമായി ഈ ആചാര്യന്‍ സ്വീകരിച്ചിരിക്കുന്നു .

പ്രത്യയശാസ്ത്രത്തിന്‍റെ സൈദ്ധാന്തന്തിക തകര്‍ച്ച മുതല്‍ നാസ്തിക യുക്തിവാദ സംഘടനകളുടെ നിരീശ്വവാദ വീക്ഷണ ങ്ങളേയും, ആത്മീയതയുടെ പരിവേഷം ചാര്‍ത്തി ഭയത്തില്‍ ചാലിച്ചെടുത്ത ജ്യോതിഷ പ്രവചന സിദ്ധാന്തത്തിന്‍റെ നിരര്‍ത്ഥകതയേയും വരെ അദ്ദേഹം നമുക്കു പരിചയപ്പെടുത്തി തന്നു . ആശയപരമായ വൈരുദ്ധ്യങ്ങള്‍ തുറന്ന സംവാദങ്ങള്‍ക്ക് വേദി ഒരുങ്ങിയപ്പോള്‍ നേരറിവിന്‍റെ പാത അവര്‍ നമുക്കു മുന്നില്‍ തുറന്നു വെക്കുകയായിരുന്നു .

എന്നാല്‍ സമീപ കാലത്ത് നാം കണ്ടത്ത് അദ്ദേഹത്തെ നിശബ്ദനാക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായ് മാറുന്ന കാഴ്ചയാണ് . അതില്‍ അത്യന്തം ഖേദകരവും ലജ്ജാകരവും ആയ സംഭവം ആയിരിരുന്നു ഒരേ ആത്മീയ പാത പിന്തുടരുന്നവരുടെ ഇടയില്‍ നിന്നുതന്നെ തുഞ്ചന്‍ പറമ്പില്‍ അദ്ദേഹത്തിനു നേരെ അഴിച്ചു വിട്ട ശാരീരിക ആക്രമണം .. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രൊഫസര്‍ കൂടി രംഗത്ത് വന്നപ്പോള്‍ തെറ്റിന് രൂപാന്തരം സംഭവിച്ച് പാപബോധവും പ്രായശ്ചിത്തവും ആവശ്യമില്ലാത്ത ശിക്ഷായായ് തിരുത്തിയെഴുതപ്പെട്ടു. ആക്രമികളുടെ കൈകള്‍ക്ക് കരുത്ത് പകരുന്നതിലൂടെ ഈ പ്രൊഫസര്‍ ആരെയോ സംരക്ഷിച്ചു നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് വ്യക്തമാകുന്നു ..

ആശയ പരമായ വൈരുദ്ധ്യങ്ങളെ ആശയപരമായി നേരിടാന്‍ പോന്ന നിരവധി ആചാര്യന്മാര്‍ നമുക്കുണ്ട്. ‘സ്വാമി സന്ദീപനന്ദ ഗിരിയുടെ പ്രഭാഷണങ്ങള്‍ ഹൈന്ദവ ആത്മീയതയുടെ തകര്‍ച്ചയോ വളര്‍ച്ചയോ’ എന്ന വിഷയം ആസ്പദമാക്കി എന്തുകൊണ്ട് ഒരു ചര്‍ച്ച ഇന്നുവരെ ഇവിടെ ഉണ്ടായിയില്ല എന്നത്‌ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്ക് നല്‍കുന്ന അംഗീകാരം തന്നെയാണ്.

ഭഗവത്‌ഗീതയുടെയും , ഉപനിഷത്തുക്കളുടേയും , ശ്രീ നാരായണ ഗുരു ദര്‍ശനങ്ങളുടേയും പരിശുദ്ധമായ ജ്ഞാനം കേരളത്തിലെ കൊച്ചുകുട്ടികളുടെ ചിന്തകളില്‍ പോലുംഇന്ന് ഇടം പിടിച്ചിരിക്കുന്നു എങ്കില്‍ അതിനു പിറകില്‍ ഈ ഒരു ആചാര്യന്‍റെ ശബ്ദം നമുക്ക് കേള്‍ക്കാവുന്നതാണ് . നഞ്ചു പുരട്ടിയ പാലമൃതം നുകരാന്‍ നല്‍കുമ്പോള്‍ മോക്ഷം നല്‍കാന്‍ പോന്ന ഉണ്ണികണ്ണന്മാര്‍ അവതാരം കൊള്ളുക തന്നെ വേണം . സംശുദ്ധ ആത്മീയ ചിന്തയുടെ ഈ നവമുകുളങ്ങള്‍ ഇന്നലെ വരെ അനുവര്‍ത്തിച്ചു പോന്ന അബദ്ധധാരണകളെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അംഗ ബലം കൊണ്ട് പടുത്തുയര്‍ത്തിയ കോട്ടകളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങുന്നു . ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തകര്‍ച്ചയെ ദീര്‍ഘ വീക്ഷണത്തോടെ കാണാന്‍ തുടങ്ങുമ്പോള്‍ അകത്തൊളിപ്പിച്ച ഭയം പുറത്തു പ്രകടമാകുന്നു ഈ പ്രതികാര ബുദ്ധിയിലൂടെ. സംഘടിതമായ ഇത്തരം നീക്കങ്ങളുടെ ഗൂഡലക്ഷ്യം ഇനിയും നാം തിരിച്ചറിയാതെ പോയാല്‍ ആ നഷ്ടം നമുക്ക് തന്നെ .

അറിവ് പകര്‍ന്നു നല്‍കുന്ന ഒരു ആത്മീയ ആചാര്യനെ എന്തിന് എന്ന് ഇനിയും എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല.

കള്ളവും ചതിയുമില്ലാതെ നാടുവാണ ഒരു മഹാരാജാവിനെപ്പോലും മൂന്നു പാദങ്ങള്‍ കൊണ്ട് ചതിക്കുഴി തീര്‍ത്ത്‌ പാതാളത്തിലേക്ക് പറഞ്ഞയച്ചതിന്‍റെ ഐതിഹ്യ പെരുമ വര്‍ഷാവര്‍ഷം പൂവിട്ടു ആഘോഷിക്കുന്നതും ഈ മലയാള നാട്ടില്‍ തന്നെയാണ് .

തിന്മയെ ന്യായീകരിച്ചുകൊണ്ട് നാളെ ഈ ഐതിഹ്യ കഥ കൂടി നമ്മളുടെ കാതുകളിലേക്ക് എത്തിച്ചു തന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
malayalam articles modhan kattoor

Friday, March 28, 2014

അശ്വതിയും ആര്‍മിയും പിന്നെ ആള്‍ദൈവങ്ങളും ..



aswathi helping

വിശക്കുന്നവന്‍റെ വിശപ്പ്‌ അകറ്റുന്നവന്‍ ആണ് ദൈവം എങ്കില്‍.

മുറിവേറ്റവന്‍റെ മുറിവുണക്കുന്നവന്‍ ആണ് ദൈവം എങ്കില്‍..

ഇതിനെ ആത്മീയതയുടെ മാനസിക ചൂഷണം എന്ന് പറയുന്നു.

------------------------------------------------------------------

ജീവകാരുണ്യം നല്‍കുമ്പോള്‍ അത് ദൈവത്തിന്‍റെ കരങ്ങള്‍ ആണ് എങ്കില്‍ അശ്വതിയും ഒരു ആള്‍ ദൈവമാണ് . പക്ഷെ അശ്വതിക്ക് ആ വിശേഷണം ചേരില്ല . എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു മതത്തിന്‍റെയും അലങ്കാരങ്ങള്‍ എടുത്തണി ഞ്ഞീട്ടില്ല. തന്‍റെ ഭൂതകാലത്തില്‍ ദേവനോ ദേവിയോ ശരീരത്തില്‍ പ്രവേശിച്ച് ഒരു അദൃശ്യലോകത്ത് നിന്നുകൊണ്ട് ദൈവവചനങ്ങള്‍ നല്‍കി തന്‍റെ ഭക്തരായ അടിമകളെ അവര്‍ സൃഷ്ടിച്ചെടുത്തീട്ടില്ല. ആശ്രമ വാടങ്ങള്‍ കെട്ടി അതിനകത്ത് പുരാണ കഥാപാത്രങ്ങളുടെ ചുവര്‍ ചിത്രങ്ങളുടെ രൂപത്തില്‍ അവര്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടീട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍ എല്ലാം തന്നെ ആ ദൈവിക ശക്തിയുടെ അനുഗ്രഹം കൊണ്ട് സംഭവിക്കുന്നു എന്ന് പറഞ്ഞ് സാധു ജനങ്ങളെ കപട ആത്മീയതയിലേക്ക് ഗതിതിരിച്ചു വിടാന്‍ ശ്രമിച്ചിട്ടീട്ടില്ല.
അശ്വതി മാത്രമല്ല , അതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്മാരും ദുരന്ത മുഖങ്ങളില്‍ രക്ഷകരാകുന്ന സൈനികരും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നാം അവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു , നമ്മളുടെ സ്നേഹം പ്രകടമാക്കുന്നു . ആദരവ് സൂക്ഷിക്കുന്നു . ഇതേ പ്രവര്‍ത്തികള്‍ ആത്മീയതയുമായി ചാലിച്ചെഴുതുമ്പോള്‍ അവര്‍ ദൈവങ്ങളായ് അവരോധിക്കപ്പെടുന്നു.

എണ്ണിയാല്‍ തീരാത്ത ജീവകാരുണ്യ പ്രവര്‍ത്തികളെ മുന്‍നിര്‍ത്തി ആള്‍ ദൈവങ്ങള്‍ക്ക് ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ ഇന്ന് പുരോഗമന ചിന്താഗതിക്കാര്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം അത്ഭുത പ്പെടുത്തുന്നതാണ്. പരിഷ്കൃതന്‍ എന്ന് സ്വയം അഭിമാനിക്കുമ്പോള്‍ തന്നെ ബാഹ്യമായി ജീവകാരുണ്യം എന്ന സത്കര്‍മ്മത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക മാത്രമല്ല പരോക്ഷമായി ഇനിയും കൈമോശം വന്നു ഭവിക്കാത്ത ദൈവികമായ അത്ഭുതശക്തിയിലുള്ള ഉള്ളിലുള്ള വിശ്വാസത്തെ അല്ലെങ്കില്‍ ഭക്തിയുടെ ആ കാപട്യത്തെ മനസ്സില്‍ ഒളിപ്പിച്ചുവെക്കാനും അവര്‍ക്ക് കഴിയുന്നു.

തന്നിലെ ദിവ്യ ശക്തിയാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്വസിച്ചും പ്രലോഭിപ്പിച്ചും അറിവില്ലാത്ത ഒരു ജനവിഭാഗത്തെ അടിമകളാക്കിയത്തിനു സമാനമായ പ്രതിഭാസമാണ് ഈ ജീവ കാരുണ്യപ്രവത്തിയിലൂടെ പരിഷ്കൃത സമൂഹത്തില്‍ ആള്‍ ദൈവങ്ങള്‍ പ്രായോഗികമാക്കുന്നത്. അന്നത്തെ ദിവ്യ ശക്തി ഇന്നത്തെ കാലഘട്ടത്തില്‍ പുറത്തെടുത്താല്‍ ജനം പുറം കാലുകൊണ്ട്‌ ചവിട്ടും. അതുകൊണ്ട് ആ പഴയ ദൈവിക ശക്തിതന്നെ ആത്മീയതയില്‍ ചാലിച്ച് ജീവ വകാരുണ്യരൂപത്തില്‍ ഇന്ന് പുനരവതരിക്കുന്നു..

സത് കര്‍മ്മത്തില്‍ നിന്നും മോക്ഷം ലഭിക്കും . അതിലൂടെ ദൈവത്തിന്‍റെ പാത്രീ ഭൂതരായ് മാറുവാന്‍ അവസരം കൈവന്നു ചേരുന്നു . ഇതൊരു പ്രലോഭനമാണ്‌ . മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങളുടെ സങ്കുചിതമായ ആത്മീയ ജ്ഞാനത്തെ ചൂഷണത്തിന് വിധേയമാക്കുകയാണ്. ജീവകാരുണ്യം എന്ന ദൈവിക കര്‍മ്മത്തിലൂടെ ആളായും അര്‍ത്ഥമായും നിര്‍ലോഭമായ സഹായങ്ങള്‍ നല്കുന്നതിലൂടെ പ്രത്യുപകാരമായ് ലഭിക്കുന്ന ദൈവാനുഗ്രഹം കൊണ്ട് ഭാവി ജീവിതം കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാകും എന്ന ശുഭ പ്രതീക്ഷയില്‍ ജനം കബളിപ്പിക്കപ്പെടുന്നു.

ഇവിടെ പരിഷ്കൃതനെയും പ്രാകൃതനെയും ഒരു പോലെ തൃപ്തി പ്പെടുത്താന്‍ ആള്‍ ദൈവങ്ങള്‍ക്ക് കഴിയുന്നുണ്ട് . അതിനാല്‍ ഒരു സുനാമി കൊണ്ട് പോലും കടപുഴകാന്‍ കഴിയാത്ത ഒരു ശക്തിയായി ആള്‍ ദൈവങ്ങള്‍ മാറുമ്പോഴും തിരിച്ചറിയണം പരിശുദ്ധമാകേണ്ട കൈകളില്‍ പാപക്കറയുണ്ടെങ്കില്‍ ഏതു പ്രതി ബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് കാലം അത് പുറത്ത് വിടുക തന്നെ ചെയ്യും ....

ജീവകാരുണ്യം ആള്‍ദൈവങ്ങളും മത സംഘടനകളും ഏറ്റെടു ക്കുമ്പോള്‍ അത് ഒരു ഭരണകൂടത്തിന്‍റെ പരാജയം ആണ് . ഭരണകൂടത്തിന് ചെയ്യാന്‍ കഴിയാത്ത കര്‍ത്തവ്യം ആള്‍ദൈവങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അവിടെ ഭരണ കര്‍ത്താക്കള്‍ ആള്‍ദൈവങ്ങളുടെ കളിപ്പാവകള്‍ ആയി മാറുന്നു . ആള്‍ദൈവങ്ങളുടെ സ്തുതി പാഠകര്‍ ആയി മാറുന്നു.....

വീണതിനു ശേഷമുള്ള വിലാപം ഇന്നത്തോടെ അവസാനിപ്പിക്കാം...
നാളെ വീഴാതിരിക്കാനുള്ള ശ്രദ്ധക്കായ് ഇന്ന് തുടക്കം കുറിക്കുമെങ്കില്‍ ...........
modhan kattoor malayalam articles

Monday, February 24, 2014

കണ്ണേ മടങ്ങുക .....





ഈ വാര്‍ത്ത കേള്‍ക്കുന്നത് ശുഭകരമോ , അശുഭകരമോ ?
ആ സത്യം വിളിച്ചു പറയുന്നത് ശരിയോ തെറ്റോ ? .....

രണ്ടിലും ഗുണ ദോഷ അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യന്തം സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. നല്ല സുഹൃത് ബന്ധങ്ങള്‍ , സമകാലിക വിഷയങ്ങളിലൂടെയുളള ഒരു ഓട്ട പ്രദക്ഷിണം , ചെറിയ ചെറിയ സംവാദങ്ങള്‍ , വിവരവും വിജ്ഞാന പ്രധാവുമായ വിഷയങ്ങളുടെ കൈമാറ്റങ്ങള്‍ എന്നിവയിലൂടെ മാനസികമായി ഊര്‍ജ്ജവും സന്തോഷവും കണ്ടെത്തുന്ന എന്‍റെ ഫേസ് ബുക്ക്‌ ബന്ധത്തിനപ്പുറം ഫേസ് ബുക്കിന് മറ്റൊരു മൊഖം കൂടിയുണ്ടെന്ന് വളരെ യാദൃശ്ചികമായിയാണ് ഞാന്‍ അറിഞ്ഞത്.

ഇന്ന് നാം കണ്ടതും പരിചയപ്പെട്ടതുമായ ഫേസ് ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിന് നാം കാണാത്തതും പരിച്ചയമില്ലാത്തതുമായ ഞെട്ടിക്കുന്ന മറ്റൊരു മുഖം കൂടിയുണ്ട് . ഏതു സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു അഗ്നി പര്‍വ്വതം ആയി മാറി കഴിഞ്ഞിരിക്കുന്നു നമ്മളുടെ ഈ ഫേസ് ബുക്ക്‌ . അതിന്‍റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന പുകയില്‍ നിന്നും മലീമസമായ ഒരു സംസ്കാരവും ക്രൂരതയില്‍ പതറാത്ത മനസ്സും അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ലൈഗ്ഗിക ആരാജകത്തിന്‍റെയും അടക്കാനാവാത്ത ലൈഗ്ഗിക അഭിനിവേശ ത്തിന്‍റെയും ഏറ്റവും പുതിയ നേര്‍കാഴ്ചകള്‍ ഓരോ ദിവസവും ഫേസ് ബൂക്കിലൂടെ കടന്നു പോകുമ്പോള്‍ ഒരു പോണ്‍ സൈറ്റും ഇതിന് പകരം വെക്കാന്‍ പോന്നതാവുന്നില്ല . കരുണയുടെ ഉറവയില്ലാത്ത നരാധമന്മാരുടെ കൊടും ക്രൂരതകളുടെ കാഴ്ചകള്‍ ഏതൊരു സഹൃദയന്‍റെയും മാനസിക നില തകിടം മറിക്കാന്‍ പോന്നതാണ് . കണ്ട കാഴ്ചകളെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിന്നില്ല . അത് നിങ്ങളുടെ ഒരു നല്ല ദിനത്തെ നശിപ്പിക്കാന്‍ പോന്നതാണ് എന്നത് തന്നെ . ഇത്തരം പച്ചയായ കാഴ്ചകളിലൂടെ, ഇതും ലോകമാണ് എന്ന് നാം പരിചയപ്പെടുന്നു .

അതിനുമപ്പുറം ഈ കാഴ്ചകളുടെ കൈമാറ്റത്തിലൂടെ കൊണ്ടും കൊടുത്തും , കണ്ടും കേട്ടും കൈവിറക്കാത്തതും മനസ്സിടറാത്തതുമായ ഒരു മാനസിക നില നമ്മളുടെ ഉള്ളില്‍ സ്വയം രൂപപ്പെടുന്നത് ഒരു പക്ഷെ നാം തിരിച്ചറിയുന്നില്ല . മൂല്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നില്‍കാന്‍ പ്രാപ്തരാക്കുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം തന്നെയാണ് ഇത്.

സ്കൂള്‍ കുട്ടികളില്‍ പോലും ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ ഇല്ലാത്തവര്‍ വിരളമാണ്. മകന്‍ / മകള്‍ ഫേസ് ബുക്ക് ആണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത് എന്ന് തെല്ലു ആശ്വാസത്തോടെ ഇരിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് . പക്ഷെ അവര്‍ അറിയുന്നില്ല അവന്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നതിനെല്ലാം ഫേസ് ബുക്കില്‍ എണ്ണമറ്റ പ്രൊഫൈലുകള്‍ ഉണ്ട് . അവന്‍ സഞ്ചരിക്കുന്ന വഴികള്‍ , അവന്‍റെ മാനസിക നില ഇത് നമ്മളുടെ ശ്രദ്ധയില്‍ നിന്ന് അന്ന്യമാകരുത്.

ഈ സത്യം നിങ്ങളോട് പങ്കു വെക്കുമ്പോഴും എനിക്കൊരു അപേക്ഷയെ ഉള്ളൂ . അറിയാനുള്ള ആഗ്രഹത്താല്‍ നിങ്ങള്‍ എടുത്തു ചാടിയാല്‍ ഒരു പക്ഷെ ഒരു തിരിച്ചു വരവ് അസാധ്യമാകും വിധം ഒരു മാനസിക നില രൂപപ്പെടാം . കയ്യില്‍ ഒരു കയറുമായ് ഫേസ് ബുക്കിന്‍റെ കാണാകയങ്ങളിലേക്ക് സാവകാശം ഇറങ്ങുക . നിങ്ങളെ നിങ്ങളായ് തന്നെ നിലനിര്‍ത്തുവാന്‍ അത് അത്യാവശ്യമാണ് . കണ്ട കാഴ്ചകളിലും പരിചയപ്പെട്ട ലോകത്തിലും ഒരു ഒട്ടല്‍ ഉണ്ടാകാതെ തിരിച്ചു കയറുക..

കൊന്ന പാപം തിന്നാല്‍ തീരുമോ ..?





"നീ എന്തിന് അവിടെ പോയി" ? അച്ഛന്‍ മകനോട്‌ ചോദിച്ചു.
"വെറുതെ... വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. എനിക്കറിയാം." ..മകന്‍ മറുപടി പറഞ്ഞു .

അനുഗ്രഹീത ചലച്ചിത്രകാരന്‍ ലോഹിതദാസിന്‍റെ തൂലികയില്‍ പിറന്ന “കിരീടം” എന്ന സിനിമയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സംഭാഷണം ആണ് ഇത്. "വെറുതെ" എന്ന ആ ഒരു വാക്കിനുള്ളില്‍ വലിയൊരു തത്വം അദ്ദേഹം ഒളിപ്പിച്ചു വെക്കുന്നു .

ഇനി വിഷയത്തിലേക്ക് വരാം.

എണ്ണിയാല്‍ ഒടുങ്ങാത്ത കറി വൈവിധ്യങ്ങളിലൂടെ രുചിയുടെ മായികലോകത്തിലേക്ക് ആനയിക്കുന്നു ഏതൊരു കള്ളുഷാപ്പും . കോഴി മുതല്‍ കീരി വരെ കരയിലും ആകാശത്തിലും വെള്ളത്തിലും വസിക്കുന്ന സകലമാന ജീവജാലങ്ങളെ ഒറ്റ ശ്വാസത്തില്‍ ആ കറിവെപ്പുകാരന്‍ എനിക്ക് മുന്നില്‍ പരിചയപ്പെടുത്തി. എല്ലാം കേട്ടപ്പോള്‍ വെടികെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ കഴിഞ്ഞപോലെ ആകെ ഒരു പുക മയം . ആ പുക തെല്ലൊന്നു ശമിച്ചപ്പോള്‍ കണ്ണില്‍ രണ്ടു ജീവികളുടെ ചിത്രം തെളിഞ്ഞുവന്നു . അതില്‍ ഒന്ന് തവളയും മറ്റൊന്ന് ആമയും ആയിരുന്നു . വലിയ മേശയില്‍ നിരത്തി വെച്ചിരിക്കുന്ന കറി തളികകളിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി കണ്ണോടിച്ചു. ഇതില്‍ ഏതാണ് തവള ? ഏതാണ് ആമ ?
ഓര്‍ത്തെടുക്കുമ്പോള്‍ ഇന്നും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നു.
തിമിര്‍ത്തു പെയ്യുന്ന എടവപാതിയിലെ രാത്രി മഴയ്ക്ക് അല്പം ശമനം വന്നപ്പോള്‍ പുറത്തു കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ക്കൊപ്പം ആവേശത്തോടെ പുറത്തേക്കിറങ്ങി. തവളകളുടെ കൂട്ട കരച്ചില്‍ കൊണ്ട് ശബ്ദമുഖരിതമായ ആ തെക്കും പാടത്തുനിന്നും എല്‍ ഇ ഡി ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ എണ്ണമറ്റ തവളകളെ നിഷ്പ്രയാസം ഞങ്ങള്‍ ചാക്കില്‍ പെറുക്കി കൂട്ടി
ഇനിയാണ് ആ കൂട്ടക്കുരുതി . ഒഴിഞ്ഞ പറമ്പില്‍ കയറി ഓരോരോ തവളകളെയും കൊല്ലാനായ് പുറത്തെടുത്തു. തവളയുടെ പിന്‍ കാലുകള്‍ മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ എന്നതത്രേ ശാസ്ത്രം ആര്‍ക്കറിയാം ? മുന്‍ കാലുകള്‍ രണ്ടും ചേര്‍ത്തു പിടിച്ചു മരമുട്ടിയില്‍ വെച്ച് കൊടുവാള്‍ കൊണ്ട് ഒറ്റ വെട്ട്. ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ മുന്‍കാല്‍കള്‍ കൊണ്ട് ജീവന്‍ വേര്‍പ്പെടും മുന്‍പ് ആ തവള പിന്നെയും ചാടുന്നു പിന്‍കാലുകള്‍ രണ്ടും വേര്‍പ്പെട്ടതറിയാതെ.... ഒടുവില്‍ അതും നിശ്ചലമാകുന്നു
ആമയിറച്ചി കഴിച്ചാല്‍ വായു ബലം കൂട്ടുമെത്രേ. മാംസാഹാരം കഴിക്കാനുള്ള ആക്രാന്തം എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? എന്തായാലും പറമ്പില്‍ ഒരു ആമയെ കണ്ടെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന സമീപസ്തര്‍ എനിക്കുണ്ടുണ്ടായിരുന്നു . ഇറച്ചിക്ക് വേണ്ടി അവര്‍ ആമയെ കൊല്ലുന്ന ആ രീതി കരളു പിളര്‍ക്കും കാഴ്ചയാണ് . വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ജീവനോടെ ആമയെ എടുത്തിടുന്നു. . തിളച്ച വെള്ളത്തില്‍ മലര്‍ന്ന്കിടന്ന് ആ പാവം മരണം വരെ മാറത്തിടിക്കുന്നു.
മസാലയില്‍ പൊതിഞ്ഞ മണം നാവില്‍ രുചിയുടെ ലോകം തീര്‍ക്കുമ്പോള്‍ എല്ലാം ശുഭം. കൊന്ന പാപം ഇവിടെ തിന്നാല്‍ തീരുന്നു.

കറിവെപ്പുകാരന്‍ അക്ഷമനനായി വീണ്ടും എന്‍റെ മുന്നില്‍ അവതരിച്ചു......
***********************************************************
ഈ രണ്ടു ജീവികളുടെ ഇറച്ചി ഇന്നുവരെ ഞാന്‍ കഴിച്ചിട്ടില്ല ഈ രണ്ടു ജീവികളെയും ഞാന്‍ കൊന്നിട്ടുമില്ല എങ്കിലും ആ പ്രവര്‍ത്തികളില്‍ പങ്കാളിയായതി ന്‍റെ പാപ ബോധം പ്രായശ്ചിത്തമില്ലാത്ത അറിവായ്‌ ഉള്ളില്‍ നിറയുന്നു

എന്തിന് നീ അവിടെ പോയി ? അല്ലെങ്കില്‍ എന്തിന് ഇപ്പോള്‍ ഇത് ഇവിടെ പറയുന്നു. എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചേക്കാം .
രണ്ടിനും എനിക്ക് ഉത്തരം ഒന്നേ ഉള്ളൂ .
"വെറുതെ ".
എനിക്കറിയാം "വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല"

Friday, February 21, 2014

ഒരു സദാചാരത്തിന്‍റെ "കിളി" രോദനം ..




"ചേച്ചീ ഇനി കുറച്ച് പേര്‍ അടുത്ത ബസ്സില്‍ വരൂ .."

അതൊരു കിളിയുടെ അപേക്ഷയാണ് . പക്ഷെ ആര് കേള്‍ക്കാന്‍ . മുന്നില്‍ പോകേണ്ട രണ്ടു ബസ്സുകള്‍ ഇല്ല . എങ്ങിനെയെകിലും കാലുവെക്കാന്‍ ഒരിടം, അതിനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. സ്ത്രീ യാത്രക്കാരാണ് കൂടുതലും , പുരുഷന്മാരുടെ ഫുട്ട്ബോര്‍ഡില്‍ നേരത്തെ ആളുകള്‍ തൂങ്ങി കഴിഞ്ഞിരിക്കുന്നു .

ബസ്സിലെ ഈ തിരിക്കിനിടയിലും , യാത്രക്കാരുടെ ഈ ബുദ്ധിമുട്ടിനിടയിലും ഒരു മാന്ന്യന്‍ സീറ്റിലിരുന്നുകൊണ്ട് സദാചാരം വിളമ്പുകയാണ്. വിഷയം ബസ്സിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തന്നെ. അയാളുടെ ഓരോ കൂരമ്പുകളും ചെന്ന് തറച്ചു കൊണ്ടിരിക്കുന്നത് ആ കൊച്ചു കിളിയുടെ ദേഹത്തു തന്നെയാണ്. മാന്ന്യന്‍ അസ്വസ്തനാണ്. കാരണം സ്ത്രീകള്‍ ഏറെ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മുന്‍വാതിലിന്‍റെ നിയന്ത്രണം അവന്‍റെ കൈകളിലാണ് എന്നതുതന്നെ. ഒരു അഭ്യാസിയെപ്പോലെ അവന്‍ ഫുട്ട് ബോര്‍ഡില്‍ തൂങ്ങി കിടന്ന് സ്ത്രീ യാത്രക്കാരുടെ ഭാരം തന്‍റെ രണ്ടു കൈ തണ്ടകളില്‍ താങ്ങി ബാലന്‍സ് ചെയ്ത് നില്‍കുകയാണ് .

ബസ് ഓരോ വളവ് തിരിയുമ്പോഴും മറ്റു വാഹനങ്ങക്ക് സൈഡ് കൊടുക്കുമ്പോഴും സ്ത്രീകള്‍ ആ കൈകള്‍ക്കിടയിലൂടെ ഉതിര്‍ന്നു വീഴുമോ എന്നായിരുന്നു എന്‍റെ ടെന്‍ഷന്‍.

ഒരുപക്ഷെ പഠിത്തം പാതിവഴിയില്‍ മുടങ്ങിയിരിക്കാം . അല്ലെങ്കില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ചെറുപ്പത്തിലെ ജോലിചെയ്യുന്നതിന് കാരണമായിരിക്കാം അതുമല്ലെങ്കില്‍ ബസ്സിലെ പണി ഒരു ക്രേസ് ആയി എടുത്തിരിക്കാം. എന്തായാലും ആളു സ്മാര്‍ട്ട് ആണ് .
ബസ്‌ സ്റ്റാന്റിലേക്ക്‌ കടന്നു പാര്‍ക്ക് ചെയ്തു. മാന്ന്യന്‍ പൂര്‍വ്വാധികം ശക്തി സംഭരിച്ചിരിക്കുന്നു. സീറ്റില്‍ നിന്നും അയാള്‍ ചാടി എഴുന്നേറ്റു . എല്ലാവരും ആകാംക്ഷയോടെ നോക്കിനില്‍ക്കെ കിളിയുടെ നേരെ അയാള്‍ പാഞ്ഞടുത്തു . എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ അയാള്‍ പൊട്ടിത്തെറിച്ചു:-

"നിന്‍റെയൊക്കെ അമ്മയും പെങ്ങളുമാണെങ്കില്‍ നീ ഇങ്ങനെ തൊട്ടുരുമി നില്‍ക്കുമോടാ ചെറ്റേ " .?

പറഞ്ഞു തീരുന്നതിനുമുന്‍പേ പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദവും കേട്ടു. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള ആ മാന്യന്‍റെ ശരീരം വാഴപിണ്ടി വെട്ടിയിട്ടപോലെ നിലത്തു വീണു.

പിന്നെ എല്ലാവരും കേള്‍ക്കെ തൊണ്ടഇടറി കൊണ്ട് അവന്‍ ഇങ്ങിനെ പറഞ്ഞു-

" കുടുംബം പോറ്റാന്‍ ജോലിക്കുപോകുന്ന ഈ അമ്മ പെങ്ങമാരുടെ ജീവന്‍ ഇത്രനേരം എന്‍റെ ഈ കൈകളിലായിരുന്നു. ഇവന്‍റെയൊക്കെ വയസ്സായ അമ്മക്ക് ബസ്സില്‍ കയറാനും ഇറങ്ങുവാനും സഹായമാകുന്നത് ഈ കൈകളാണ് ആണ്‌. ., മൂന്നും നാലും കുട്ടികളുമായി ബസ്സില്‍ കയറുന്ന ഇവന്‍റെയൊക്കെ ഭാര്യമാര്‍ക്ക് സഹായമായി എത്തുന്നതും ഈ കൈകള്‍ തന്നെ. ഒരപകടം വന്നാല്‍ നിങ്ങളെല്ലാവരും കൂടി ഏറ്റവും ആദ്യം തല്ലിയോടിക്കുന്നതും ഈ കൈകള്‍ തന്നെ. എന്നിട്ട് വിളിക്കുന്നതോ ഞെരെമ്പ് രോഗികള്‍ എന്നും. നിങ്ങളും അറിയണം എനിക്കും ഉണ്ട് അമ്മയും പെങ്ങളും " .

ബസ്സില്‍ നിന്നുമിറങ്ങി അവന്‍റെ തോളില്‍ മെല്ലെ തട്ടി, മാറി കയറേണ്ട അടുത്ത ബസ്സിനടുത്തേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ഒന്നു പിന്തിരിഞ്ഞു നോക്കി , മാന്ന്യന്‍ അതേ കിടപ്പുതന്നെ . ആരാലും അവഗണിക്കപ്പെട്ടവനായി.... —

ഈ അപ്പിള്‍ ഞാന്‍ കടിച്ചോട്ടെ അമ്മേ ....





....സ്വസ്തി .....പാപികളായ ഞങ്ങള്‍ക്കുവേണ്ടി ........ രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പുള്ള പ്രാര്‍ത്ഥന അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒഴുകിയെത്തുകയാണ്. അമ്മൂമ ചൊല്ലികൊടുക്കുമ്പോള്‍ മടിയില്‍ കിടക്കുന്ന മൂന്നുവയസ്സുകാരി അതേറ്റു ചൊല്ലുന്നു. ഇളം നാവുകള്‍ വാക്കുകള്‍ ചേര്‍ത്തു ചൊല്ലാന്‍ തുടങ്ങും മുന്‍പേ ഈ മനോഹര ഭൂവില്‍ ജന്മം കൊള്ളാന്‍ ഭാഗ്യം സിദ്ധിച്ച ഈ കുരുന്നുകളെ പാപികളെന്നു പറയാന്‍ പഠിപ്പിച്ച മതമേ നിനക്ക് മാപ്പില്ല.

"പാപജന്മമോ ഈ മനുഷ്യജന്മം" ...?

ഭൌതിക ജീവിതത്തിലെ നന്മയും തിന്മയും, പുണ്യവും പാപവും വേര്‍തിരിച്ച് മരണാനന്തരം സ്വര്‍ഗ്ഗവും നരകവുമെന്ന രണ്ടു ലോകങ്ങളില്‍ എത്തിച്ചേരുമെന്ന് സെമെറ്റിക് മതങ്ങള്‍ നമ്മെ വ്യമോഹിപ്പിച്ചതും ഭയപ്പെടുത്തിയതും എന്തിനായിരുന്നു.

ജീവിതത്തിലെ സത്കര്‍മ്മങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗവും ദുഷ്കര്‍മ്മങ്ങളില്‍ നിന്ന് നരകവും മരണാന്തരം അനുഭവിക്കേണ്ടിവരും എന്ന് ഇത്തരം മതങ്ങള്‍ ഉദ്ഘോഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവിനാല്‍ ഭയന്നു ബൗദ്ധികജീവിതം ജീവിച്ചു തീര്‍ക്കുന്നു. ആത്യന്തികമായി മനുഷ്യന്‍ ഭീരുവാണ്. ജീവിതത്തിലെ ഭയത്തെ ബുദ്ധിയുള്ള മനുഷ്യന്‍ പരീക്ഷണങ്ങളിലൂടെ അതിജീവിക്കുമ്പോള്‍ ജീവിച്ചു കൊതീരാത്ത ഒരുവന്‍ മരണാന്തര ലോകത്തെ ഭയത്തോടെ നോക്കികാണാന്‍ തുടങ്ങുന്നു . ഈ ജന്മത്തിലെ സത് കര്‍മ്മങ്ങളെല്ലാം മരണാന്തര ജീവിതത്തിനായ് നീക്കിവെക്കുന്ന അവന്‍റെ കരുതല്‍ നിക്ഷേപങ്ങളാണ് . അതിനാല്‍ സ്വര്‍ഗ്ഗം ഒരു പ്രലോഭനമാണ്‌... . മനുഷ്യന്‍റെ ഭാവനാതലത്തിലാണ് മരണാന്തര ജീവിതാനുഭവം നിലകൊള്ളുന്നത് .

വിശപ്പ്‌ , നിദ്ര , മൈഥുനം, ഭയം എന്നീ അടിസ്ഥാനപരമായ അനുഭവ മേഖലകളിലൂടെ കടന്നുപോകുന്നവയാണ് ഏതൊരു ജീവജാലവും. തന്നെക്കാള്‍ ശക്തി കൂടിയ മറ്റൊരു ജീവിയാല്‍ താന്‍ ആക്രമിക്കപ്പെടുമോ എന്നുള്ള ഒരൊറ്റ ഭയമേ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവുള്ളൂ. ഭയം മനുഷ്യന്‍റെ ദൌര്‍ഭല്ല്യം ആണ് . മൃഗങ്ങള്‍ക്ക് അത് ആത്മ സുരക്ഷക്കുള്ള ആയുധവും. സെമിറ്റിക്ക് മതങ്ങള്‍ പിടിമുറുക്കുത് ഭയം എന്ന ഈ ദൌര്‍ബല്ല്യത്തെയാണ്. എന്തിനെയാണ് ഭയക്കുന്നത് ? ഇല്ലാത്ത ഒരുലോകത്തില്‍ സംഭവിക്കാത്ത ഒരു അനുഭവത്തെ നാം ഭയക്കുന്നതെന്തിന് എന്ന നാസ്തിക ന്‍റെ പരിഹാസം അര്‍ത്ഥവത്താണ് . എങ്കിലും ഇല്ല എന്നുപറയുന്നവും ഉണ്ട് എന്ന്‍ വിശ്വസിക്കുന്നവനും തുല്യമായ ഭാഗം ഇവിടെ പങ്കിട്ടെടുക്കുകയാണ് . എന്തുകൊണ്ടെന്നാല്‍ പോയവര്‍ എക്കാലത്തേക്കുമായി പോയി . പോയവരില്‍ ആരും തിരിച്ചുവന്നീട്ടില്ല.

ഭയത്തില്‍ നിന്നും നിവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഒരുവന്‍ സ്വതന്ത്രനാകുന്നത്. പ്രാകൃത മനുഷ്യന്‍റെ കൈയ്യില്‍ ഈ സ്വാതന്ത്ര്യം അപകടരമായ അവസ്ഥാ വിശേഷമാണ് സൃഷ്ടിച്ചെടുത്തത് . അവനില്‍ പാപ ചിന്ത കലര്‍ത്തി ഭൌതിക ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്നും ഈ ജന്മത്തില്‍ ചെയ്ത ദുഷ്കര്‍മ്മങ്ങള്‍ക്ക് അവിടെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടി വരും എന്ന ഭയം കലര്‍ത്തിവിടുന്ന മതം ആ സ്വാതന്ത്ര്യത്തിനു ഒരു നിയന്ത്രണം വരുത്തുകയാണ് ചെയ്തത്.

അജ്ഞതയില്‍ നിന്നും ഭയം നിവര്‍ത്തിക്കപ്പെടുന്നു, അതുപോലെ അറിവില്‍ നിന്നും ഭയം നിവര്‍ത്തിക്കപ്പെടുന്നുണ്ട് . ഒരു അധാര്‍മ്മിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തി വരും വരായ്കകളെ കുറിച്ച് അജ്ഞനാണെങ്കില്‍ അവനില്‍ ഭയം രൂപം കൊണ്ടിട്ടില്ല എന്ന് വേണം മനസിലാക്കാന്‍ . അതേപോലെ അധാര്‍മ്മിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഒരു ജ്ഞാനിയാണ് എങ്കില്‍ ഭയത്തെ അതിജീവിക്കാന്‍ പാകത്തില്‍ നിയമവ്യവസ്ഥകള്‍ളില്‍ അവന്‍ പഴുതുകള്‍ കണ്ടെത്തുന്നു. പാപ പുണ്യങ്ങള്‍ തീരുമാനിക്കുന്ന മരണാന്തര ലോകത്തെ അവന്‍ പുറംകാലുകൊണ്ട് ചവിട്ടുന്നു. ഇവക്കിടയില്‍ ആടിയുലയുന്ന ഒരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവനെയാണ് ഭീരു എന്ന് വിശേഷിപ്പിക്കുന്നത്. നന്മ തിന്മയെ നമ്മള്‍ വേര്‍തിരിച്ചും പാപ പുണ്യങ്ങളെ കുറിച്ചു ചിന്തിച്ചും മരണാന്തര ലോകത്തെ ഭയന്നും അവന്‍ ജീവിതം തള്ളിനീക്കുന്നു.

എങ്ങിനെ നിലനില്‍ക്കണം എന്ന അടിസ്ഥാന അറിവോടെയാണ് ഈ പ്രകൃതിയില്‍ ഓരോ ജീവജാലവും ജന്മം കൊള്ളുന്നത്‌. . ഒരു എട്ടുകാലി അതിന്‍റെ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയിലെത്തുവാന്‍ സ്വന്തം ശരീരം തന്നെ ആഹാരമായി നല്‍കുന്നു. കടുവ , സിംഹം തുടങ്ങിയ മൃഗങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന മാതൃക്കളെ കാണാം . നരഭോജികളുടെ വംശം ഇന്നും വേരറ്റു പോയിട്ടുമില്ല . ഇവിടെ പാപചിന്തകള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? എല്ലാം അലംഘനീയമായ പ്രകൃതി നിയമത്തിന്‍റെ ഭാഗം തന്നെ.

നന്മയേയും തിന്മയേയും വേര്‍തിരിച്ചു മനസിലാക്കുവാനുള്ള മനുഷ്യന്‍റെ സഹജമായ വിവേക ബുദ്ധിയില്‍ നിന്നാണ് നിയമ വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത്‌ . പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഒരുവനെ പൊതുജന മദ്ധ്യത്തില്‍ പരസ്യമായി തൂക്കിലേറ്റുന്നു . അജ്ഞതയില്‍ ഭയം ഉടലെടുക്കാതിരുന്നതാണ് ഈ അധമ പ്രവൃത്തിക്ക് കാരണം. ശിക്ഷ നടപ്പിലാക്കുന്ന ദൃശ്യം ഒരുവനില്‍ ഭയം സൃഷ്ടിക്കുമ്പോള്‍ അത്തരം പ്രവൃത്തികളില്‍ നിന്നും പിന്മാറുന്നതിനു അത് കാരണമാകുന്നു. മതം വിഭാവനം ചെയ്യുന്ന ഒരു നരക ലോകത്ത് നടപ്പിലാക്കാന്‍ സാധ്യതയുള്ള ഒരു ശിക്ഷാ വിധിക്കായ് അവന്‍റെ ജീവിതാന്ത്യം വരെ നമ്മള്‍ കാത്തു നില്‍ക്കാറില്ല അര്‍ത്ഥ ശൂന്യമായ ഒരു മൂഡസങ്കല്‍പ്പത്തിന്‍റെ മൂടുപടം അടര്‍ന്നുവീഴുന്നതിവിടെ കാണാം.

മതത്തില്‍ വിശ്വാസം കലര്‍ന്നപ്പോള്‍ ഭയം ഉടലെടുത്ത ഒരു കൊച്ചു കുട്ടി യില്‍ നിന്നും സ്വാഭാവികമായി ആ ചോദ്യം ഉയര്‍ന്നുവരും ... " ഈ ആപ്പിള്‍ ഞാന്‍ കടിച്ചോട്ടെ അമ്മേ .."
അവള്‍ വലതാകുന്നതോടെ പാപ ജന്മമെന്നത് അന്ധവിശ്വാസമെന്നും സ്വര്‍ഗ്ഗം നരകം എന്നത് മൂഡ സങ്കല്പമാണെന്നും അവള്‍ തിരിച്ചറിയുന്നു. എന്നീട്ടും അവള്‍ തന്‍റെ കുഞ്ഞിനും ഇതേ പ്രാര്‍ത്ഥന സ്വന്തം മടിയിലിരുത്തി ചൊല്ലിക്കൊടുക്കും. കാരണം ഇതൊരു തുടര്‍ച്ചയാണ് . ഭൌതിക ജീവിതത്തില്‍ ഇടപെടുന്ന മതത്തിന് ഒരു സംഘടിത സ്വരൂപമുണ്ട്. അതില്‍ നിന്നും വ്യതിചലിച്ചു നടന്നാല്‍ ജീവിതത്തില്‍ താന്‍ തനിച്ചാകും. അവിടെയും, ഇനിയൊളിക്കാന്‍ ഒരു ഇടമില്ലാത്തവന്‍റെ പിന്നില്‍ ഭയം നിഴല്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും..

Sunday, February 16, 2014

അപ്രിയ സത്യം





സ്ത്രീകള്‍ക്കുനേരെയുള്ള ലൈഗ്ഗിക അതിക്രമം - വധശിക്ഷ തീരുമാനം ശരിയാണ് ., തെറ്റും

രാത്രി സമയങ്ങളില്‍ ആറു മണിക്കുശേഷം സ്ത്രീകള്‍ യാത്ര ഒഴിവാക്കണം - ഉപദേശം ശരിയാണ് ., തെറ്റും.

അല്‍പ വസ്ത്ര ധാരണം സ്ത്രീകള്‍ ഒഴിവാക്കണം - നിര്‍ദ്ദേശം ശരിയാണ് ., തെറ്റും...............

സ്ത്രീയുടെ നഗ്നത പുരുഷ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് . ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടമില്ല . അപ്പോള്‍ ഒരു സന്ദര്‍ഭം ഒരാള്‍ പ്രയോജനപെടുത്തുന്നത് പ്രധാനമായും അവനിലെ വ്യക്തിത്വത്തെ ആശ്രയിച്ചായിരിക്കും . ഇവിടെയാണ് നിങ്ങള്‍ പറയുന്ന സംസ്കാരം പ്രകടമാകുന്നത് . എന്നാല്‍ നമ്മള്‍ പറയുന്ന സംസ്കാരസമ്പന്നര്‍ മാത്രം ഉള്‍കൊള്ളുന്നതാണോ ഇന്ന് നമുക്കിടയില്‍ കാണുന്ന യഥാര്‍ത്തത്തിലുള്ള സമൂഹം . തീര്‍ച്ചയായും അല്ല . ഒരാള്‍ മറ്റൊരാളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് . മറ്റൊന്ന് ഇവിടെ മാന്യനായ് നിലകൊള്ളുന്ന ഒരാളെ പോലും സംസ്കാരസമ്പന്നന്‍ എന്ന് പൂര്‍ണ്ണമായും നമുക്ക് വിശേഷിപ്പിക്കാന്‍ ആകില്ല . കാരണം അത്തരം കാമനകള്‍ ഉടലെടുക്കാതെയല്ല അവന്‍ സ്വന്തം വ്യക്തിത്വത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നത് . തീര്‍ച്ചയായും അത് അവന്‍റെ ഉള്ളില്‍ രൂപപ്പടുന്ന ഭയം എന്ന വികാരം കൊണ്ടും കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള അറിവ് നിലനില്‍ക്കുന്നതും കൊണ്ടാണ് . ഇതിനെയാണ് നിങ്ങള്‍ നിങ്ങള്‍ പറയുന്ന സംസ്കാര സമ്പന്നത എന്നാണെങ്കില്‍ . അതുമല്ല . അവിടെ ഒരു നിസ്സംഗ്ഗത്വം ആര്‍ക്കു നിലനിര്‍ത്താന്‍ കഴിയുന്നുവോ അവനെ മാത്രമേ സംസ്കാരസമ്പന്നന്‍ എന്ന് വിളിക്കാന്‍ കഴിയൂ . അത് ഏതൊരാളും ആത്മ പരിശോധന നടത്തി സ്വയം ഉറപ്പു വരുത്തേണ്ടതാണ് . അതായത് , ബാഹ്യമായ് പ്രകടമാക്കുന്നതല്ല ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സംസ്കാരം.
ഇവിടെ ഭയം , കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതി , എന്നിവയെ പൂര്‍ണ്ണമായും വിസ്മരിക്കുന്നവരില്‍ നിന്നാണ് സമൂഹത്തില്‍ ഇത്തരം അധാര്‍മ്മിക പ്രവൃത്തികള്‍ സംഭവിക്കുന്നത്‌..../. ... ഇവര്‍ സമൂഹത്തില്‍ ന്യൂനപക്ഷമല്ല ., മറിച്ച് സംസ്കാരസമ്പന്നര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നവര്‍ ആണ് യഥാര്‍ത്തത്തില്‍ ന്യൂനപക്ഷം. ബോധവല്കരണത്തിലൂടെ അവരെ ഉയര്‍ത്താം എന്ന ധാരണ തികച്ചും അപ്രായോഗികമാണ് . ഈ ഒരറിവിന്‍റെ നിസ്സഹായതയില്‍ നിന്നു കൊണ്ടാകണം ഷീല ദീക്ഷിത് പോലും സ്ത്രീകളുടെ രാത്രി സഞ്ചാരം ചിന്തിച്ചു പോയത് .
ഒരിക്കല്‍ സമൂഹം ഒരാള്‍ക്ക്‌ ഒരു ലേബല്‍ നല്‍കി കഴിഞ്ഞാല്‍ അവന്‍റെ ജീവിതാന്ത്യം വരെ അത് നില നില്‍ക്കും എന്നതിനാല്‍ അയാളെ സംബധിച്ച് ഒരു മടക്ക യാത്ര ദുഷ്കരവുമാണ്.
അപ്പോള്‍ ഇതാണ് നമ്മുടെ സമൂഹം . ഇവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല . മറ്റു ജീവജാലങ്ങള്‍ പ്രത്യുല്പാദനത്തിനു വേണ്ടിയാണ് ലൈഗ്ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്കില്‍ മനുഷ്യന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. സ്ത്രീയുടെ നഗ്നത പുരുഷ ജന്മമാണെങ്കില്‍ അവനില്‍ കാമനകളെ ഉണര്‍ത്തും ഈ ഒരു അറിവ് സ്ത്രീകള്‍ക്കും, മറിച്ചും ഉണ്ടായിരിക്കേണ്ടതാണ് . അങ്ങിനെ വെറുതെ പറഞ്ഞാല്‍ പോര, അത് മനസ്സില്‍ ഉറപ്പിക്കേണ്ടതാണ്‌... . അല്‍പ വസ്ത്ര ധാരികളായ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ ചൂഴ്ന്നു നില്‍ക്കുന്ന കണ്ണുകള്‍ അവള്‍ തിരിച്ചറിയാതെ പോകുന്നതെന്തേ ?. വരാനിരിക്കുന്ന അപകടം ആ കണ്ണുകളില്‍ നിന്നും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നതെന്തേ ? മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് ഒരു ഓര്‍മ്മ പെടുത്തല്‍ പോലെ ഇവിടെ ചേര്‍ത്തുവക്കട്ടെ.
നമ്മുടെ കുട്ടികള്‍ക്ക് കൊച്ചിയിലെ "പകല്‍"" " മാതമേ അറിയുകയുള്ളൂ . അവര്‍ക്ക് കൊച്ചിയിലെ "രാത്രി" കൂടി കാണിച്ചു കൊടുക്കണം , അല്ലെങ്കില്‍ പറഞ്ഞു കൊടുക്കണം . ഇവിടെ അവര്‍ ഒന്നും അറിയാതെ പോകരുത് . അങ്ങിനെ വേണം മക്കളെ വളര്‍ത്താന്‍ .

സംസ്കാരത്തിന്‍റെ കൂച്ചുവിലങ്ങില്‍ ജന്മവാസനകളെ തളച്ചു നിര്‍ത്താനാകില്ല . അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറി ക്കാനുള്ള സാധ്യതയും ഏറുകയാണ് . ഇന്ത്യയിലെ പല മെട്രോ സിറ്റി കളിലും കുടിയേറ്റ ജനതയ്ക്ക് മുന്നില്‍ ചുവന്ന വീഥികള്‍ സര്‍ക്കാര്‍ തന്നെ തുറന്നു കൊടുത്തതും ഈ ഒരു സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് .

നമ്മുടെ രാജ്യത്ത് ഇന്ന് ഏതൊരു തെറ്റും അല്ലെങ്കില്‍ കുറ്റവും അതിനുള്ള ശിക്ഷയും ഒരാളുടെ വ്യക്തിത്വത്തിന്
സമൂഹത്തില്‍ യാതൊരു ച്യുതിയും എല്പ്പിക്കുന്നില്ല എന്ന യാദാര്‍ത്ത്യവും ഇവിടെ ഓര്‍മ്മപെടുത്തെണ്ടതുണ്ട്.

പ്രകോപിക്കാനും, പ്രലോഭിപ്പിക്കാനും , പ്രോത്സാഹിപ്പിക്കാനും നിരവധി പേര്‍ കാണും. സ്വന്തം വ്യക്തിത്വത്തിനു ഹാനി സംഭവിക്കുന്ന സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കാതിരിക്കുക . വീണതിനു ശേഷം വിലപിക്കുന്നതിലല്ല വീഴാതിരിക്കുന്നതാണ് ബുദ്ധി . കാരണം എന്‍റെ രാജ്യം ഇന്ത്യയാണ് ....
ഒരു പൊതു സ്ഥലത്ത് അല്‍പ വസ്ത്രം ധരിച്ചു, സ്വന്തം നഗ്നത ആവശ്യത്തിലധികം പ്രദര്‍ശിപ്പിച്ചു നില്‍ക്കുന്ന ഒരു സ്ത്രീയെ കണ്ടാല്‍ നിങ്ങളുടെ കണ്ണുകള്‍ അല്ലെങ്കില്‍ ശ്രദ്ധ പെട്ടെന്ന് അവരിലേക്ക്‌ ആകര്‍ഷിക്കുന്നുവെങ്കില്‍ ഒരിക്കലും നിങ്ങള്‍ ഈ നിര്‍ദ്ദേശം വിമര്‍ശിക്കാന്‍ യോഗ്യനല്ല .
ഇതു പറയാന്‍ ഞാന്‍ എന്തിനു മടിക്കണം , അല്ലെങ്കില്‍ ഇതല്ലേ സത്യം ..

Friday, February 14, 2014

STOP THIS NONSENCE





സമയം രാവിലെ എട്ടു മണി. സ്ഥലം തൃശൂര്‍ ശക്തന്‍ സ്റ്റാണ്ട്. പുറപ്പെടാന്‍  തയ്യാറായി തിങ്ങി നിറഞ്ഞ ബസ്സുകള്‍.. . എന്‍റെ ശ്രദ്ധ പൂര്‍ണ്ണമായും അടുത്ത ഒരു ലിമിറ്റഡിലെങ്കിലും ഇരിക്കാനോരിടം നേടിയെടുക്കണം എന്നതില്‍ ആയിരുന്നു . പെട്ടെന്ന് പുറകില്‍ നിന്നും ആരോ എന്നെ തോണ്ടുന്നു . ഒന്നല്ല ,അടുപ്പിച്ചു രണ്ടു വട്ടം . ഞാന്‍ മുഖം തിരിച്ചു . ഒരു പെണ്‍കുട്ടി , ഒക്കത്ത് ഒരു കൈകുഞ്ഞും .

കണ്ണുകളില്‍ സഹതാപം നിറഞ്ഞു നില്‍ക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രം , അഴുക്കുപുരണ്ട ശരീരം ,ദയനീയതുടെ ഭീകര മുഖം. നിരാലമ്പതയുടെ പൂര്‍ണ്ണ രൂപം . യാചനയുടെകുരുന്നു കുരുന്നു കൈകള്‍ എനിക്ക് നേരെ നീണ്ടു. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നു.
അടുത്തു കൂട്ടംകൂടി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്നെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു . എന്‍റെ അടുത്ത നീക്കം എന്തെന്നറിയാന്‍ ......ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി .പെണ്‍കുട്ടികള്‍ പരസ്പരം അടക്കം പറയുന്നു. എനിക്കറിയാം അവര്‍ പറഞ്ഞത് ഇതു തന്നെയാണ് .. "ദുഷ്ടന്‍ "

ഇന്നലകളില്‍ ഞാന്‍ പോക്കെറ്റില്‍ നിന്നു നാണയം എടുത്തു ആ കൈകളില്‍ വച്ചു കൊടുക്കുമായിരുന്നു .അപ്പോഴെല്ലാം എന്‍റെ അറിവ് ഇതായിരുന്നു . എന്നാല്‍ കഴിയുന്ന ഒരു സഹായം . ഒരു സത്കര്‍മ്മത്തിന്‍റെ ഭാഗമാകുക, ചിലപ്പോഴെല്ലാം ഒരു ശല്ല്യം ഒഴിവാക്കിയെടുക്കാന്‍ വേണ്ടിയും .

ഇനിയതിനു കഴിയില്ല .ശ്രദ്ധയോടെ കൊടുക്കേണ്ട ഒന്നാണ് ദാനം . ഒന്നിനെയും ഉപദ്രവിക്കാതിരിക്കുക . ഏറ്റവും വലിയ ദാനം അത് തന്നെയാണ്. കഴിയുമെങ്കില്‍ ഒരു നേരത്തെ ഭക്ഷണം അവര്‍ക്ക് വാങ്ങി കൊടുക്കുക , അല്ലെങ്കില്‍ കൈയില്‍ കരുതിയ ഭക്ഷണം അവര്‍ക്കായി വച്ചു നീട്ടുക.. പക്ഷെ അവര്‍ക്ക് വേണ്ടത് പണം മാത്രമാണ് . ഞാന്‍ നല്‍കുന്ന പണം അവര്‍ക്കുപകരിക്കും എന്ന് എനിക്കുറപ്പില്ല . അതിനാല്‍ ആ ശ്രദ്ധയില്‍ നിന്നു ആ സത്കര്‍മ്മം ഞാന്‍ ഒഴിവാക്കി നിര്‍ത്തുന്നു.

നമ്മള്‍ നല്‍കുന്ന പണം കൊണ്ട് ഒരിക്കലും മുഷിഞ്ഞ വസ്ത്രങ്ങള്‍ അവര്‍ ഉപേക്ഷിക്കുകയില്ല . അഴുക്കുപുരണ്ട ശരീരത്തില്‍ നിന്നും അവര്‍ക്ക് മോചനവും ഉണ്ടാകുകയുമില്ല . ഒരു സുപ്രഭാതത്തില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍ അല്ല ഇവര്‍ . തലമുറകളിലൂടെ പിന്തുടരുന്ന ഉപജീവന തന്ത്രം . അവരുടെ ദുരിതം നമുക്ക് ദുഖമാകുമ്പോള്‍ നമ്മുടെ മനോ ദൌര്‍ബല്യം അവര്‍ക്ക് ജീവിതം ആകുന്നു. നമ്മള്‍ നല്കുന്ന പണം അവര്‍ക്ക് പ്രചോദനമാണ് പ്രോത്സാഹനമാണ്. ഇന്ത്യയില്‍ ജനിച്ചു ഇന്ത്യയില്‍ ജീവിച്ചു ഇന്ത്യയില്‍ തന്നെ മരണം വരിക്കുന്ന ഇവര്‍ ഒരിക്കലും ഇന്ത്യന്‍ പൗരന്മാരായി അറിയപ്പെടാറില്ല . തിരിച്ചറിയല്‍ കാര്‍ഡില്ല , റേഷന്‍ കാര്‍ഡില്ല . സര്‍ക്കാരി ന്റെ കൈയില്‍ കൃത്യമായ കണക്കുമില്ല .

തിളങ്ങുന്ന ഇന്ത്യയുടെ പരിഹാസ ചിഹ്നമായി, ദാരിദ്ര്യത്തിന്‍റെ പ്രതീകമായി നമ്മുടെ തെരുവോരങ്ങിളില്‍ ഇന്നും സജീവമായി വേരുറപ്പിച്ചിരിക്കുന്നു ഈ ഭിക്ഷാടന വര്‍ഗ്ഗം. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കേടുകാര്യസ്ഥതയെ ചോദ്യം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ജന വിഭാഗത്തെ പരക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു . അങ്ങിനെയാകുമ്പോള്‍ ഇവര്‍ സമൂഹത്തില്‍ എല്ലാകാലത്തും നില നില്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണ്‌ .
ഇവര്‍ക്ക് നല്ല ആഹാരം കൊടുത്താല്‍ , നല്ല വസ്ത്രം കൊടുത്താല്‍ , കേറി കിടക്കാന്‍ വീട് വച്ച് നല്‍കിയാല്‍ , വരുമാനമാര്‍ഗ്ഗമായി തൊഴില്‍ നല്‍കിയാല്‍ ഇവരുടെ ഉന്നമനത്തിനു പരിഹാരമാകും എന്ന് കരുതുന്നു എന്ന കാഴ്ച്ചപ്പ്ടില്‍ നിന്നുകൊണ്ടാണ് പലരും സര്‍ക്കാരിനെ പഴിചാരുവാന്‍ ശ്രമിക്കുന്നത്. അങ്ങിനെയായിരുന്നുവെങ്കില്‍ ഈ കലാരൂപം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന്യംനിന്ന് പോകുമായിരുന്നു . പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ മറ്റൊന്നാണ്. ഓരോ വര്‍ഷവും നമ്മുടെ തെരുവുകളില്‍ ഇക്കൂട്ടരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് . അതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്കാണ്‌ ഇനിയുള്ള അന്വേഷണം നീളേണ്ടത്...

അതോടൊപ്പം നമ്മള്‍ ഇനിയും തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട് . ഗതികേടുകൊണ്ടല്ല , ഇവരുടെ അവസാന ജീവിതോപാദിയുമല്ല. ഇവിടെ ഭിക്ഷാടനം. കൃത്യമായും രൂപ കല്പന ചെയ്തെടുത്ത സ്വയം തൊഴില്‍ ആണ്. അധ്വാന മില്ലാത്ത സാമ്പത്തിക മാര്‍ഗ്ഗം . ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ മുതല്‍ വരുമാനം ലഭിക്കുന്ന ഏക തൊഴില്‍ മേഖല . കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുന്നു . അംഗവൈകല്ല്യത്തോടെ ജനിച്ചാല്‍ അതിലേറെ സന്തോഷം. ഇക്കൂട്ടരില്‍ ഏറിയ വിഭാഗവും സംഘടിത സ്വഭാവത്തോടെയാണ് നിലകൊള്ളുന്നത്. നേതാക്കള്‍ക്ക് കീഴില്‍ പരിശീലന കളരികളും നിലനില്‍ക്കുന്നുണ്ട് . നമ്മളുടെ മാനസിക നില പണമായി മാറ്റാനുള്ള എല്ലാ അടവുകളും നെടികൊണ്ടാണ് നമ്മള്‍ക്കു മുന്നില്‍ അവര്‍ കൈകള്‍ നീട്ടുന്നത്. ഇത് നമ്മള്‍ തിരിച്ചറിയുന്നില്ല . ഇവര്‍ക്കിടയിലെ ദാരിദ്യം എന്നത് നമ്മളുടെ മൂഡ സങ്കല്പമാണ് . അങ്ങിനെയായിരുന്നെവെങ്കില്‍ നമ്മളുടെ തെരുവുകളില്‍ പട്ടിണി മരണം കൊണ്ട് ശവങ്ങള്‍ കുന്നുകൂടുമായിരുന്നു . എന്ത്കൊണ്ട് അങ്ങിനെയൊന്നു സംഭവിക്കുന്നില്ല . ഇവിടെ യദാര്‍ത്ഥത്തില്‍ ഭിക്ഷാടനം സംഘടിതമായ തൊഴില്‍ മേഖലയാണ് എന്ന് പറയേണ്ടി വരുന്നത്. ചികിത്സ തുടങ്ങേണ്ടത് അവിടയാണ്.
നമ്മള്‍ വച്ച് നീട്ടുന്ന പണം നമ്മള്‍ കരുതുന്നത് അവര്‍ക്ക് അത് ഒരു നേരത്തെ ഭക്ഷണത്തിനു ഉപകരിക്കും അല്ലെങ്കില്‍ ദുരിത ജീവിതത്തില്‍ നിന്ന് മോചനമാകും എന്നാണ്. എന്നാല്‍ അങ്ങിനെയല്ല. അവര്‍ നിങ്ങളോട് ചോദിക്കുന്നത് ഭിക്ഷയല്ല , അതവരുടെ കൂലിയാണ്. , ഈ രൂപത്തില്‍നിങ്ങളോടു യാചിക്കേണ്ടിവന്നതിനുള്ള കൂലി ...

നമ്മള്‍ പണം നല്‍കുമ്പോള്‍ അതവര്‍ക്ക് നല്‍കുന്ന പ്രചോദനമാണ്, പ്രോത്സാഹമാണ്. അര്‍ഹിക്കുന്ന കൈകളില്‍ തന്നെയാണോ നിക്ഷേപിക്കുന്നത് എന്ന അന്വേഷണം കൊടുക്കുന്ന ആളുടെ കടമയാണ് . ഇത് ഞാന്‍ തിരിച്ചറിഞ്ഞ സത്യം ., നിങ്ങളുടെതാകണം എന്നില്ല ....

അലങ്കാരങ്ങള്‍ അഴിച്ചുവെക്കാനുള്ളതാണ്.......





അലങ്കാരങ്ങള്‍ അഴിച്ചുവെക്കാനുള്ളതാണ്......

നമ്മുടെ കുട്ടികള്‍ സ്വന്തം മാതാപിതാക്കളേക്കാള്‍ കൂടുതല്‍ അധ്യാപകര്ക്ക് മുന്നിലാണ് അവരുടെ സമയം ചിലവഴിക്കുന്നത് . അതുകൊണ്ടു തന്നെ സ്വാഭാവികമായും അവരെ മാതൃകയാക്കാനും അനുകരിക്കാനും പ്രചോദനം ഉള്‍ക്കൊള്ളുവാനുമുള്ള പ്രവണത കുട്ടികളില്‍ കടന്നു കൂടുകയും ചെയ്യും. ഏതൊരു വ്യക്തിയെപ്പോലെതന്നെ അധ്യാപകനും അയാള്‍ വിശ്വസിക്കുന്ന മതവും പിന്തുടരുന്ന രാഷ്ട്രീയ വീക്ഷണങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അറിവില്‍ നിന്നുകൊണ്ടായിരിക്കുകയില്ല. ആദ്യം ആ അലങ്കാരം എടുത്തു അണിയുന്നു. അതിനു ശേഷമേ അന്വേഷണം ആരംഭിക്കുന്നുള്ളൂ. ജീവിതാന്ത്യം വരെ നീളുന്നു ആ അന്വേഷണം . ഇടയിലെവിടെയെങ്കിലും വച്ച് അന്വേഷണപഥം വഴിപിരിയുന്നതും കാണാം . അപ്പോള്‍ ഇന്നലെവരെ അയാള്‍ പിന്തുടര്‍ന്നു പോന്ന വിശ്വാസങ്ങളും വീക്ഷങ്ങളും വ്യര്‍ത്ഥമായിരുന്നു എന്ന അറിവില്‍ ഒരു ഭൂതകാലത്തിന്‍റെ നഷ്ടവസന്തം ഉള്ളില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. തന്നെമാതൃകയാക്കിയും, അനുകരിച്ചും ,പ്രചോദനം ഉള്‍ക്കൊണ്ടും തനിക്ക് മുന്നിലൂടെ കടന്നുപോയ വിദ്ധ്യാര്‍ത്തി വൃന്തം ഉള്ളില്‍ ഒരു നീറ്റലിനുകാരണമായി പരിണമിച്ചിരിക്കുന്നു എങ്കില്‍ അത് അയാള്‍ ഒരു തലമുറയോടും അതോടൊപ്പം ഈ സമൂഹത്തോടും ചെയ്തുപോയ ഏറ്റവും വലിയ ക്രൂരതയാണ് . കാരണം തിരിച്ചു വിളിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ അവര്‍ ഇതിനോടകം നടന്നു നീങ്ങിയിരിക്കും.

ഇതിനെയാണ് പാപം എന്ന് വിശേഷിപ്പിക്കുന്നത്.

വേട്ടയാടുന്ന വിധിയെ കുറിച്ച് കണ്ണീര്‍ പൊഴിക്കുന്ന മതപണ്ഡിതന്മാര്‍ നമുക്ക് മുന്നില്‍ ഉദാഹരണങ്ങളാണ്. മതങ്ങള്‍ക്കിടയില്‍ വിഭാഗതീയത വളര്‍ത്തി എന്ന ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം കാംക്ഷിച്ചല്ല, മറിച്ച് പുതിയ മാനവനായ് തന്നെ അംഗീകരിക്കണമേ എന്നുള്ള അപേക്ഷയില്‍ നിന്നാണ് ഇരുട്ടുകയറിയ നയനങ്ങള്‍ ഇന്ന് നിറഞ്ഞ് ഒഴുകുന്നതും. അവര്‍ കൊളുത്തിവിട്ട അഗ്നിയുടെ സ്ഫുലിംഗങ്ങള്‍ ഇന്ന് ജ്വാലയായ് മാറുന്നത് കാണാന്‍,പക്ഷെ ആ കണ്ണുകള്‍ അശക്തരാണ്.

അന്നന്നത്തെ അന്നം കണ്ടെത്തുവാന്‍ പാതയോരത്ത് മുച്ചക്രസൈക്കിളില്‍ ഇരുന്നു ലോട്ടറി കച്ചവടം ചെയ്യുന്ന സ്വന്തം അയല്‍ക്കാരനെ കാണുന്നത് ശീതീകരിച്ച മുറിയുടെ ചില്ലിട്ട ജാലകവിടവിലൂടെയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് വെറുമൊരു പോസ്റ്റര്‍ കീറിയതിന് പാരട്ടിയാഹ്വാനപ്രകാരം തല്ലിയൊടിച്ച കൈകാലുകള്‍ ഇന്നും അയാള്‍ പഴുന്തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. അധികാരമോഹം കടന്നുവന്നപ്പോള്‍ ഒരു ലയനത്തിലൂടെ ഇരുപാര്‍ട്ടികളും ഒന്നായ്ത്തീരുന്നു . ഈയൊരവസ്ഥയില്‍ അയല്ക്കാരനെ മിത്രമായ് കാണുന്നതെങ്ങിനെ? കൊച്ചുമകന്‍ അച്ഛന് ചോറുവാരിക്കൊടുക്കുന്ന കാഴ്ചയില്‍ ആ ചില്ല് ജാലകം കൊട്ടിയടക്കപ്പെടുന്നു. ഇനിയുള്ള രാത്രികള്‍ നിദ്രകള്‍ക്കായ് ഇനിയെത്ര ഗുളികകള്‍ ഇവര്‍ മാറിക്കഴിക്കണം.

നമ്മുടെ കുട്ടികളിലേക്ക് എനിക്ക് തിരിച്ചുവരേണ്ടതുണ്ട്.

പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചശേഷം ചിറകുകള്‍ സ്വീകരിച്ചു അഗ്നിയെ അഹാരമാക്കാന്‍ ശമിച്ച് സ്വയം ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈയലുകളെ കുറിച്ചോര്‍ത്തു എനിക്ക് ദുഖമില്ല . എന്നാല്‍ ചിറകുമുളക്കുംമുന്‍പ് അഗ്നിയിലേക്ക് ആനയിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ നാം തിരിച്ചറിയാതെ പോകരുത്.

യുക്തിബോധത്തിന് സ്ഥായീ ഭാവം ഇല്ല . ബുദ്ധിയുടെ വികാസത്തിനനുസരിച്ച് അറിവില്‍ യുക്തി മാറിമറിയും .അദ്ധ്യാപകന്‍ വിശ്വാസിയോ അവിശ്വാസിയോ , യുക്തിവാദിയോ ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിക്കാരനോ ആരെങ്കിലും ആയിക്കോട്ടെ, കുട്ടികളില്‍ ഈ വിഷം കലര്‍ത്താതിരിക്കുക. ഒരുമതത്തിന്റെയോ രാഷ്ട്രീയത്തിന്‍റെയോ മിന്നലാട്ടങ്ങള്‍ നമ്മുടെ ക്ലാസ് റൂമുകളില്‍ ഉണ്ടായിക്കൂടാ. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നല്ല അറിവുണ്ടായിരിക്കുക , അത് പകര്‍ന്നുനല്‍കാന്‍ കഴിവുണ്ടായിരിക്കുക , കൃത്യമായി സ്കൂളില്‍ ഹാജരായി സിലബസ് പോര്‍ഷന്‍ യഥാസമയം ചെയ്തു തീര്‍ക്കുക .ഇത്രയും മതി. ഇന്നത്തെ അദ്ധ്യാപകര്‍ . അവര്‍ വെറും ഉദ്ധ്യോഗസ്ഥര്‍ മാത്രമാണ് . ജോലി ചെയ്യുക ശംബളം വാങ്ങുക . ഇതില്‍ ഒതുങ്ങുന്നു എല്ലാം . ഗുരുനാഥന്‍ എന്ന വാക്കിനു അവര്‍ യോഗ്യരല്ല . ഇനി അഥവാ അത്തരം ചിഹ്നങ്ങള്‍ അദ്ധ്യാപകന് ക്ലാസ്സ്രൂമില്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയുന്നില്ല എങ്കില്‍ ഒരിക്കലും തങ്ങളെ മാതൃകയാക്കരുത് എന്ന് കുട്ടികളെ നിര്‍ബന്ധമായും ഓര്‍മ്മപ്പെടുത്തണം.. നിസ്സംഗതയില്‍ വളരട്ടെ നമ്മുടെ കുട്ടികള്‍

അവര്‍ തിരിച്ചറിയട്ടെ ..

“ഈ അലങ്കാരങ്ങള്‍ അഴിച്ചുവക്കാനുള്ളതാണ്"

Thursday, February 13, 2014

നിശബ്ദതയുടെ ബാലപാഠങ്ങള്‍ ..

സൈലെന്റ്റ് ....
അദ്ധ്യാപകര്‍ ക്ലാസ് റൂമില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഒരേ ഒരു വാക്ക് . സൈലെന്റ്റ് .. കുട്ടികളില്‍ നിന്നും അവര്‍ ഏറ്റവും അധികം ആവശ്യപ്പെടുന്നതും ഇതൊന്നു മാത്രം .
സൈലെന്റ്റ് ...
ഒരു അംഗന്‍വാടിയിലെ ബാല്യത്തില്‍ നിന്നും ഈ ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥം ഒരു ചൂരല്‍ വടിയുടെ ശബ്ദത്തോടെ മനസ്സിന്‍റെ അടിത്തട്ടില്‍ എഴുതി വെക്കുന്നു .. നിശബ്ദനാകുക ..അധ്യാപകരെ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുട്ടികള്‍ . ഒരു ബെല്‍ മുഴങ്ങിയാല്‍ , അദ്ധ്യാപകന്‍റെ നിഴല്‍ കണ്‍ വെട്ടത്തു വീണാല്‍ , മേശപ്പുറത്ത് അടിച്ച ഒരു ചൂരല്ശബ്ദം കേട്ടാല്നിശബ്ദനാകാന്പഠിപ്പിച്ച വിട്ട വിദ്യാഭ്യാസം. സംസാരിക്കാന്പഠിപ്പിക്കുന്നതിനു പകരം നിശബ്ദരാകാന്പരിശീലിപ്പിച്ചു വിടുന്നു ഓരോ അദ്ധ്യാപകനും. വാചാലമാകേണ്ട നാവുകള്വാക്കുകള്തേടി അലയുന്നു . 

നമ്മള്നമ്മളുടെ കുട്ടികളെ എത്രമാതം കേള്ക്കുന്നുണ്ട് ? മാതാപിതാക്കളും അദ്ധ്യാപകരും ഒരു ആത്മ പരിശോധനയുടെ സമയം സമാഗതായിരിക്കുന്നു. ഇനിയും പറയാന്കഴിയാതെപോയാല്ഇനിയും കേള്ക്കാന്നില്ക്കാതെ പോയാല്അതിദിയും ഷെഫീക്കും നമ്മുടെയൊ ക്കെയുള്ളില്കരഞ്ഞുകൊണ്ടേയിരിക്കും 

ഉയര്ന്ന വിദ്യാഭ്യാസവും , സ്ഥാനമാനങ്ങളും , ബഹുമതികളും വന്നു ചേര്ന്നിട്ടും നാല് വാചകം ചേര്ത്തു പറയാന്മലയാളിക്ക് മടി. മാന്യതയുടെ മേലങ്കി അഴിഞ്ഞു വീഴുമോ എന്ന ഭയം . മറന്നു പോയ സംസാര ശേഷി അറിവിന്റെ അലങ്കാരമായി എടുത്തണിയുന്നു . പിന്നീട് മാന്ന്യതയുടെ പരിവേഷമായിമാറ്റു ന്നു മലയാളി തന്റെ മഹാ മൌനം. 

ഒരു ട്രാന്സ്പോര്ട്ട് ബസ്കേരള അതിര്ത്തി കടന്നാല്മരണ വീട്ടില്നിന്നും പൂരപ്പറമ്പില്എത്തിപ്പെട്ട അനുഭവം . അസ്വസ്താനാകുന്ന മലയാളിയെ നോക്കി തമിഴന്ചോദിക്കുന്നു "നിശബ്ദതയെ നിന്റെ പേരോ സംസ്കാരം". 

വാക്കുകളെ പുറത്തെടുക്കാന്മറന്നുപോയ മലയാളി ശരീരം തന്നെ ഭാഷയായ് മാറ്റുന്നു . കണ്ണുകള്മേല്ലെയടച്ചും , തോളുകള്മേല്ലെയുയര്ത്തിയും തല മെല്ലെ കുലുക്കിയും അവന്ചോദ്യങ്ങള്ക്കുള്ള ഉത്തരം തീര്ത്ത്സംസാരം എന്ന കടമ്പയില്നിന്നും മെല്ലെ തടിയൂരുന്നു.

പുറത്തെടുക്കാന്മറന്നുപോയ ചോദ്യങ്ങള്ക്കും പുറത്തെടുക്കാന്മറന്നുപോയ ഉത്തരങ്ങള്ക്കും സ്വകാര്യതയില്സ്വയം വാചകങ്ങള്ചമച്ച് അത്മശാന്തിയടയുന്നു ചിലര്‍.. . . കൈവിട്ടുപോയ നിയന്ത്രണമില്ലാത്ത വാക്കുകള്ക്ക് പിന്നീട് സ്വയം ന്യായീകരണങ്ങള്ചമക്കുന്നു മറ്റുചിലര്‍.., ... നിശബ്ദതയെന്ന ഉള്വലിയലില്നിന്നും ഉടലെടുക്കുന്നു രണ്ടു ഭാവങ്ങളും . 
വാചാലമാകുന്ന മനസ്സുകളിലേക്ക് ആശയങ്ങളുടെ ഉറവകള്വന്നുചേര്ന്നുകൊണ്ടേയിരിക്കും. ചിന്തകള്ആഴത്തിലാക്കാന്നിശബ്ദതക്ക് കഴിയും . ആശയങ്ങളില്ലാത്ത ചിന്തകള്വികലമായ ഒരു മനസ്സും ഒരു വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കും . 

ഇനി നമുക്ക് പറയാം മറയില്ലാതെ 
ഇനി നമുക്ക് കേള്ക്കാം മടിയില്ലാതെ......

ഇനിയും ജനിക്കാത്ത നാസ്തികന്‍





ഇനിയും ജനിക്കാത്ത അശരീരിയായ ആ നാസ്തികന്‍ ഒന്നേ ഉള്ളൂ ., അത് ദൈവമാണ്.
നല്ലൊരു ദൈവവിശ്വാസിയാണ് ഒരു യഥാര്‍ത്ഥ നാസ്തികന്‍.
ഇന്നോളം നാം കണ്ടതും കേട്ടതുംപരിചയപ്പെട്ടതുമായ സകലമാന കപട നാസ്തിക മേലങ്കികളും ഇവിടെ അഴിഞ്ഞു വീഴുന്നു .
കേവലം മതഗ്രന്ഥങ്ങളില്‍പരിചയപ്പെടുത്തിയിരിക്കുന്ന ദൈവ സങ്കല്‍പത്തില്‍ നാമവും രൂപവും നല്‍കി ആരാധിച്ചുവരുന്നജനവിഭാഗത്തിനെ നോക്കി പരിഹസിക്കാന്‍ പോന്ന അറിവാണോ നാസ്തികം ?
മതപരമായ ചിഹ്നങ്ങള്‍ ശരീരത്തിലുംവേഷത്തിലും സ്വീകരിച്ച് അനാചാരങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും ദൈവഭയംജനിപ്പിച്ച് ദുര്‍ബല മനസുകളെ കീഴ്പ്പെടുത്തി ചൂഷണത്തിന് വിധേയമാക്കുന്ന കപട ആത്മീയതയെ ചെറുത്തു തോല്പ്പിക്കുന്നതൊ നാസ്തികം?
ഏതെങ്കിലും ഒരു മതത്തിന്‍റെ ആത്മീയതയെപിന്തുടര്‍ന്ന്, മതപരമായ അലങ്കാരങ്ങള്‍ എടുത്തണിഞ്ഞ്, ഒരു ജന്മം മുഴുവന്‍ സമൂഹത്തില്‍കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വ്യാവഹാരികതലത്തിലെ അന്തര്‍നാടകള്‍ അനാവരണം ചെയ്യുന്നതോ നാസ്തികം ?
വസ്തുക്കളിലോ രൂപങ്ങളിലോഈശ്വരസാക്ഷാത്കാരം കണ്ടെത്തിയ ഒരു വിശ്വാസിയുടെ, ആ വസ്തുക്കളുടെയും രൂപങ്ങളുടെയും ശാസ്ത്രീയസത്യങ്ങള്‍ വെളിപ്പെടുത്തികൊടുക്കുന്നവനോ നാസ്തികന്‍ ?
കാണുന്നതും കേള്‍ക്കുന്നതുമായഇന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറമുള്ള ഒന്നിനെയും ഞാന്‍ വിശ്വസിക്കില്ല എന്ന്ഉറക്കെപ്പറഞ്ഞ് ഒരു ദൈവ വിശ്വാസിയുടെ പരിമിതിയെ വെല്ലുവിളിക്കുന്നവനോ നാസ്തികന്‍ ?
ഈ ഗണത്തില്‍ നിന്നുകൊണ്ടാണ് നിങ്ങള്‍ഇത്രയും കാലം നിങ്ങളുടെ നാസ്തികനെ പരിചയപ്പെടുത്തിയത് എങ്കില്‍ നിങ്ങള്‍ ഒരുനാസ്തികന്‍ അല്ല. ഇന്നോളം ഈ സമൂഹത്തില്‍ദൈവ വിശ്വാസികള്‍ പരിചയപ്പെടുത്തിയ ദൈവ സങ്കല്പങ്ങളെല്ലാം അയഥാര്‍ത്ഥ്യങ്ങള്‍ ആണ്എന്ന "വിശ്വാസം" ഉള്ളവനും ആകുന്നു. ആവിശ്വാസം ഒരു ദൈവവിശ്വാസി സൃഷ്ടിച്ചെടുത്ത ദൈവം എന്ന പ്ലാറ്റ് ഫോമില്‍ കയറി നിന്ന്കൊണ്ടാണ് “ഇത്” “അത്” അല്ല എന്ന് പറയുന്നത്. സ്വന്തമായ ഒരു പ്ലാറ്റ് ഫോമ്ഉണ്ടാക്കിയെടുക്കുമ്പോള്‍ ബുദ്ധിയുടെ ഔന്ന്യത്ത്യത്തില്‍ നില്കുന്നു എന്ന് സ്വയം അഹങ്കരിക്കുന്ന അഭിനവ നാസ്തികനും പരാജയംതന്നെ.
മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെക്കാള്‍പതിന്മടങ്ങ് പ്രവര്‍ത്തന ക്ഷമതയുള്ള ഇന്ദ്രിയങ്ങള്‍ ഉള്ള ജീവജാലങ്ങള്‍ തന്‍റെകണ്മുന്നിലൂടെ നടന്നു നീങ്ങുമ്പോഴും ആധുനിക നാസ്തികര്‍ പറയുന്നു,- എന്‍റെകണ്ണുകൊണ്ട് കാണുന്നതേ ഞാന്‍ വിശ്വസിക്കൂ . അത് അവന്‍റെ പരിമിതിയാണ്. അവനെ യുക്തിവാദിയുടെഗണത്തില്‍ മാത്രമേ പെടുത്താന്‍ കഴിയൂ..
നന്മയും തിന്മയും, പാപവും പുണ്യവും, ശരിയും തെറ്റും , ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിച്ച് സഞ്ചയിക്കുക മാത്രമാണ് ആചാര്യന്മാര്‍ മതങ്ങളിലൂടെ നിര്‍വഹിച്ചത് . അതില്‍ ശ്രദ്ധയൂന്നി ജീവിക്കാന്‍ ഒരു ദൈവിക സങ്കല്‍പം ചേര്‍ത്തുവെച്ചു . അതില്‍ എത്ര മാത്രം അവര്‍ വിജയിച്ചുവോ അതാണ്‌ ആ മതത്തിന്‍റെ നിലനില്‍പ്പും . ഇന്ന് ആ സൂക്തങ്ങള്‍ പുന: പരിശോധിക്കേണ്ടി വന്നതും മതത്തിന്‍റെ നിലനില്‍പ്പിന് വേണ്ടിയാണ് . ഇത് ചിന്തിച്ചുറപ്പിക്കാന്‍ ഒരു ബുദ്ധി ജീവി ചമയേണ്ടതില്ല.
രോഗം വരുമ്പോഴും കഷ്ടതകള്‍ അനുഭവിക്കുമ്പോഴും അവശതകള്‍ നേരിടുമ്പോഴും ആശ്രയിക്കാവുന്ന അഭയ കേന്ദ്രങ്ങള്‍ അല്ല ദൈവം . രോഗം മാറ്റാന്‍ കഴിയുന്ന ഒരു ശക്തിയില്‍ നിന്നു തന്നെയാണ് രോഗം സമ്മാനമായ്‌ ലഭിച്ചതും . അവിടെ പ്രാര്‍ത്ഥനകള്‍ അപ്രത്യക്ഷമാകുന്നു . ചെയ്ത പാപങ്ങള്‍ കഴുകി കളയാന്‍ അടച്ചിട്ട മുറിയിലെ പ്രാര്‍ത്ഥനകള്‍ ഒളിച്ചിരിന്നു കേള്‍ക്കുന്നവനുമല്ല ദൈവം. ദാഹം തീര്‍ക്കാന്‍ വളര്‍ത്തു മൃഗത്തിന്‍റെ ചോര കുടിക്കുന്ന ബ്രാം സ്ടാക്കറുടെ ഡ്രാക്കുള അല്ല ദൈവം . സ്വാര്‍ത്ഥ ലാഭത്തിന് കൈക്കൂലി വാങ്ങി കാര്യം സാധിച്ചു തരുന്ന കൊച്ചിയിലെ ഗുണ്ടയുമല്ല ദൈവം .ഇത്തരം മൂഡവിശ്വാസങ്ങളെ പുറത്തെടുത്ത് വിഴുപ്പലക്കല്ല നാസ്തിക വാദം. അജ്ഞാന ജന്യമായ ഇത്തരം വൈകല്യങ്ങളെ നിവര്‍ത്തിച്ചു കൈവല്യത്തിലേക്ക് സമൂഹത്തെ ആനയിക്കുന്ന സഹൃദയത്ത്വമുള്ള മാനവന്‍ ആകണം അവന്‍. അതിന് അതേ അജ്ഞാനത്തില്‍ നിന്നും ജന്യമായ ദുര്‍ഗ്ഗന്ധം വമിക്കുന്ന നാസ്തിക മേലങ്കികള്‍ അവന്‍ കത്തിച്ചുകളയണം.
ന: അസ്തി എന്ന് ഒരാള്‍ പറയുന്നു എങ്കില്‍“ അസ്തി “ എന്തെന്ന് വ്യക്തമായ അറിവ് നേടിയെടുത്തിരിക്കണം. അതിന് മതഗ്രന്ഥങ്ങളെ ആശ്രയിക്കുന്നവന്‍ നാസ്തികന്‍ അല്ല. മതങ്ങള്‍ ഉടലെടുക്കും മുന്‍പേഇവിടെ മാനവന്‍ ഉണ്ടായിരുന്നു അതിനുംഎത്രയോ മുന്‍പേ ഈ ഭൂമിയില്‍ ജീവനും ഉണ്ടായിരുന്നു . അതിനും മുന്‍പേ ഇവിടെ ഈ ബ്രഹ്മാണ്ഡം ഉണ്ടായിരുന്നു .അതിനും മുന്‍പേ എല്ലാം ഒരു കൈകുടന്നയില്‍ ഒളിപ്പിച്ചപോലെ ഇവിടെ ഈ ആകാശംഉണ്ടായിരുന്നു. എല്ലാ ഉണ്ടാകലുകള്‍ക്കുംഒരു കാരണം ഉണ്ടായിരുന്നു. ആ കാരണംഅറിവാകുന്നു. അദൃശ്യമായ ഏതോ കരങ്ങളാല്‍ ബന്ധിച്ചിടുംപോലെ ഈ സ്പേസില്‍ ഓരോ ഗ്രഹങ്ങളും നക്ഷത്രങ്ങളും നിലകൊള്ളുന്നു . ഭൂമി കറങ്ങുന്നതും സൂര്യ ചന്ദ്ര നക്ഷത്രാദികള്‍ പ്രകാശിക്കുന്നതും ആ ഒരറിവില്‍ നിന്ന് തന്നെ . എന്നിലും നിന്നിലും ആ അറിവ് നിറഞ്ഞു നില്‍ക്കുന്നു. ആ ഒരറിവ് മാത്രമേ ഇവിടെ ഉള്ളൂ. അതിനെ ഈശ്വരനായ് അറിയുക .
ഈ ഒരു അറിവില്‍ ജീവന്‍റെ അംശ മായ് ഓരോ ജന്മവും പിറവിയെടുക്കുന്നു.
ഈശാവാസ്യം ഇതം സര്‍വ്വം..
പ്രജ്ഞാനം ബ്രഹ്മ:..........
അമ്മയുടെ മുല കണ്ണ് തിരയുവനുള്ള ജന്മവാസനയോടെയാണ് ഏതൊരു കുഞ്ഞും ജന്മം എടുക്കുന്നത് . അഥവാ കുഞ്ഞ് ആദ്യംതിരിച്ചറിയുന്നത്‌ അതിന് നില നില്‍ക്കുന്നതിനാവശ്യമായ അന്നം ഒളിപ്പിച്ചു വെച്ച ആ മുലക്കണ്ണ്‍ തന്നെയാണ് . പിറവിയില്‍ തന്നെ നിറയുന്ന ഈ അറിവിനെ ഈശ്വരനായ് അറിയുക. ഏതു നാസ്തികന് നിഷേധിക്കാനാകും ഈ സത്യത്തെ .
അടിവരയിട്ടു പറയട്ടെ...
അങ്ങിനെയൊരു നാസ്തികന്‍ ഇനിയുംജനിച്ചിട്ടില്ല

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...