രചനാ വിഭാഗങ്ങൾ

ഫെയിസ്ബുക്കിൽ പിന്തുടരുവാൻ

Tuesday, February 12, 2019

ആരാണ് ഇവിടെ സാംസ്കാരിക നായകർ ?


വഴിപിഴക്കാവുന്ന ഭാവിക്ക് ഒരു പെൺ ബാല്യത്തെ വിട്ടുകൊടുക്കാതെ കല ചമക്കുന്ന ആയുധം കഠാരയാക്കി കുരുന്നു ദേഹത്തിൽ കുത്തിയിറക്കുന്ന ഒരു കലാകാരനുണ്ട് എം ടി പരിചയപ്പെടുത്തിയ 'സദയം' സിനിമയിൽ. പതറാത്ത മനസ്സിൽ ഒരു കൊലയാളിയെ ഒളിപ്പിച്ചിരുന്ന ഒരു യഥാർത്ഥ കലാകാരൻ.
പേര് സത്യനാഥൻ.
വിളിക്കുമോ നിങ്ങൾ സത്യനാഥനെയും
സാംസ്കാരിക നായകനെന്ന് ?

ആരാണ് ഇവിടെ സാംസ്കാരിക നായകർ ?


ബഹുഭൂരിപക്ഷം കലാകാരൻമാരും സാഹിത്യ കാരന്മാരും വ്യക്തിജീവിതത്തിൽ സന്മാർഗ്ഗികത പുലർത്തിയിരുന്നവരല്ല, ആയിരുന്നില്ല. അതിൽ അവർ വിശ്വസിച്ചിരുന്നവരുമല്ല എന്നതാണ് സത്യം. നല്ലൊരു ചിത്രം വരച്ചാൽ, ഒരു കഥ എഴുതിയാൽ, കവിതയെഴുതിയാൽ, ഒരു ശിൽപം ചമച്ചാൽ, ഒരു സിനിമ പിടിച്ചാൽ അവരിന്നു കേരളത്തിൽ സ്വയം പ്രഖ്യാപിത സാംസ്കാരികനായകരാണ്. എന്തു ആഭാസത്തരം ചെയ്താലും, എന്തു തെമ്മാടിത്തരം ചെയ്താലും കൈയ്യിലൊരു കലാവിരുത് കൂടെയുള്ളവരെങ്കിൽ, പക്ഷം പിടിക്കുന്ന പാർട്ടിക്ക് കൂലിപ്പണി ചെയ്യാൻ അവർ തയ്യാറാണെങ്കിൽ അവരെല്ലാം ഇന്ന് നമ്മുടെ നാട്ടിൽ സാംസ്കാരിക നായകരാണ്.

ആവിഷ്‌കാരവൈദഗ്ദ്യം സാംസ്കാരിക നായകന് ഉണ്ടായിരിക്കേണ്ട അടിസ്‌ഥാനയോഗ്യതയല്ല. ആരാണ് സാംസ്‌ക്കാരിക നായകനെന്ന് ജനം തിരിച്ചറിയുന്നതാണ് യാഥാർത്ഥ്യം. വ്യക്തിയിൽ നിന്നുകൊണ്ട് എന്തു ആഭാസത്തരം നടത്തുന്നവനും ഞാനാണ് സാസ്കാരിക നായകനെന്ന് സ്വയം പരിചയപ്പെടുത്തുമ്പോഴല്ല.

ഏത് സംസ്കാരത്തിൽ വളർന്നു എന്നു പ്രതിഫലിപ്പിക്കുന്ന കലാകാരനെക്കാൾ മഹത്വം എന്തുകൊണ്ടും ഏത് സംസ്കാരത്തിൽ വളരണം എന്നു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനുണ്ട്. കുഞ്ഞുങ്ങൾക്ക് നല്ല ശീലം പറഞ്ഞുകൊടുക്കുന്ന അംഗനവാടി ടീച്ചർക്കുപോലുമുണ്ട്.
നല്ലൊരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളുടെ മുൻപിൽ വെച്ചു സിഗരറ്റ് വലിക്കാതിരിക്കുന്നതും ആ ഒരു അറിവിൽ നിന്നുകൊണ്ടുതന്നെയാണ്.

ആൾക്കൂട്ടത്തെ ആകർഷിക്കാൻ നടത്തുന്ന ചെപ്പടിവിദ്യ വ്യാജമരുന്ന് വിൽക്കുന്ന
വഴിവാണിഭക്കാരന്റെ കച്ചവടതന്ത്രമാണ്. ആൾക്കൂട്ടത്തിനിടയിൽ കൃത്യമമായി സൃഷ്ടിക്കുന്ന സംഘർഷം പോക്കറ്റടിക്കാരന്റെ കൗശലമാണ്. കലയും സാഹിത്യവും മറയാക്കി ഒരു പക്ഷം പിടിക്കുന്ന ഈ രാഷ്ട്രീയ കൂലിപ്പണിക്കാർ കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രം കലയിൽ പൊതിഞ്ഞ് കച്ചവടം ചെയ്യുന്നു.
സർഗ്ഗസൃഷ്‌ടി എന്തെന്നും സാംസ്കാരിക വ്യക്തിത്വം എന്തെന്നും ഇനിയും ഇഴപിരിച്ചു ജനം മനസിലാക്കിയില്ലെങ്കിൽ കലയുടെ വേഷമിട്ട കപട സാംസ്കാരികത ജനങ്ങളെ വഞ്ചിച്ചുകൊണ്ടേയിരിക്കും.

പശിയിൽ പഴം കഴിക്കുന്ന മൂഷികൻ അകത്തൊളിപ്പിച്ച പാഷാണം തിരിച്ചറിയുന്നില്ല.

No comments :

Post a Comment