Friday, July 11, 2014

ടിപ്പു



ടിപ്പു എന്നായിരുന്നു അവന്‍റെ പേര്. കൊച്ചുമോന്‍ വെല്ലിശ്യന്‍റെ വളര്‍ത്തുനായ. കഴുത്തില്‍ ബെല്‍റ്റും ചങ്ങലയും ഇല്ലാത്തതിനാലും യജമാനന്‍ കൃത്യമായി ഭക്ഷണം നല്‍കാത്തതിനാലും ചുറ്റുവട്ടത്തുള്ള ഞങ്ങള്‍ അഞ്ചു വീടുകളുടെ സംരക്ഷണം അവന് ഏറ്റെടുക്കേണ്ടി വന്നു. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും രാത്രിയില്‍ അടുക്കളവാതിലിനുമുന്നില്‍ അവന്‍ പ്രത്യക്ഷപ്പെടും. എത്ര അസമയത്തായാലും രാത്രി അവന് വേണ്ടി നീക്കിവെച്ച ഒരു ഉരുള ചോറുമായി അച്ഛന്‍ ഉറക്കെ വിളിക്കും. ഡാ.......

നിമിഷങ്ങള്‍ക്കകം ഇരുട്ടില്‍ ഒരു അനക്കം കേള്‍ക്കാം. എങ്ങുനിന്നോ ഓടിക്കിതച്ചു അവന്‍ എത്തിയിരിക്കുന്നു. ചവിട്ടുപ്പടിയില്‍ ചോറുരുള വെച്ച് അച്ഛന്‍ കൈകഴുമ്പോള്‍ അല്പം മാറി അവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി അനുസരണയോടെ ഇരിക്കും. ആ ഒരുരുളചോറ് കഴിക്കുന്നതിന് അവന് അച്ഛന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. സെക്കന്റുകള്‍ക്ക് മണിക്കൂറുകളെക്കാള്‍ സമയദൈര്‍ഘ്യം ഉണ്ടെന്ന് അപ്പോള്‍ അവന്‍ തിരിച്ചറിയുന്നുണ്ടാകും. ഒടുവില്‍ അച്ചന്‍റെ ആ മൂളല്‍ ലഭിച്ചു . ഉരുള ചോറ് അകത്താക്കി നന്ദിയോടെ അവന്‍ വാല് ഇളക്കി. വിശപ്പ്‌മാറിയില്ല എങ്കില്‍ അമ്മ ഭക്ഷണബാക്കി നിക്ഷേപിക്കുന്ന പാത്രം ഒന്നു പരിശോധിച്ച് ശേഷം അവന്‍ ഇരുട്ടിലേക്ക് മറയും.

ഓര്‍മ്മയിലെ കുട്ടിക്കാലത്ത് ഒരു ഓലക്കുടില്‍ ആയിരുന്നു എന്‍റെ വീട്. പകല്‍ അമ്മ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ അന്ന് ഒരിക്കല്‍ പോലും വീടിന്‍റെ അകത്തു കയറാത്ത അവന്‍ ഒരു ധിക്കാരിയെപ്പോലെ അകത്തു കയറി, വീടിന്‍റെ ഒരു മൂലയില്‍ ചുരുണ്ട് കൂടി. ഇതെന്തുപറ്റിപറ്റി ? അമ്മക്ക് അത്ഭുതം . വണ്ടി തട്ടിയോ ? വയ്യായ വല്ലതും ഉണ്ടോ ? കള്ളുകുടിച്ചപ്പോള്‍ വെല്ലിശ്യന്‍റെ കൈയ്യില്‍നിന്നും അടികിട്ടിയോ ? അമ്മ അവനോട് ചോദിച്ചു കൊണ്ടേയിരുന്നു .ഇരുകാലുകള്‍ക്കിടിയിലേക്ക് തല വളച്ചുവെച്ച് അവന്‍ കൂടുതല്‍ ചുരുണ്ടു. അച്ഛന്‍ വന്നു കണ്ടപ്പോള്‍ കാരണം പറഞ്ഞു.“അതിന് തിന്നത് ദഹിക്കാതെയാകും . കുറച്ച് കഴിയുമ്പോള്‍ എഴുന്നേറ്റു പൊയ്ക്കോളും”.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഓടിക്കിതച്ചുവന്ന എനിക്ക് അന്ന് അമ്മയോട് പറയാന്‍ പുതിയ കൌതുകകരമായ ഒരു വാര്‍ത്ത ഉണ്ടായിരുന്നു.
പഞ്ചായത്തിലെ പട്ടികളെ പിടിക്കുന്നആളെ ഞാന്‍ കണ്ടു. ഒരു പട്ടിയെ പിടിച്ചു കൊന്നു കൊടുത്താല്‍ അയാള്‍ക്ക് പത്ത് രൂപ കിട്ടും. പട്ടിയെ പിടിച്ചു കൊന്നു എന്നതിന് തെളിവായി അയാള്‍ പട്ടിയുടെ വാല്‍ പഞ്ചായത്തില്‍ കാണിക്കണം. അമ്മ പറഞ്ഞു ."വെറുതെയല്ല ഇവിടെ ഒരാള്‍ വന്നു ഒളിച്ചിരിക്കുന്നത്"
ആര് ?
ടിപ്പു.

കിലോമീറ്ററുകള്‍ക്കപ്പുറം മരണദൂതുമായ്‌ ഒരാള്‍ വന്നിറങ്ങിയ വിവരം ടിപ്പു എങ്ങിനെ അറിഞ്ഞു എന്നായിരുന്നു എന്‍റെ കൊച്ചു ചിന്തകളില്‍ അന്ന് ഇടം പിടിച്ചത്?

പിന്നീട് ഒരിക്കല്‍കൂടി അകത്ത് അതേസ്ഥലത്ത് ഭക്ഷണംപോലും ഉപേക്ഷിച്ച് അവന്‍ ചുരുണ്ടുകൂടി. അന്ന് എന്‍റെ അമ്മ മരണപ്പെട്ട ദിവസമായിരുന്നു.

തീര്‍ന്നില്ല. മറ്റൊരു ദിവസം സ്കൂള്‍വിട്ട് വീട്ടില്‍എത്തിയശേഷം കളിപ്പറമ്പിലേക്കുള്ള എന്‍റെ ഓട്ടം പെട്ടെന്ന് അവസാനിപ്പിച്ചത് സ്ത്രീകളും കുട്ടികളും അലമുറയിടുന്നത് കേട്ടുകൊണ്ടായിരുന്നു. സ്ത്രീകള്‍ പതിവായി വെള്ളം പിടിക്കുന്ന പഞ്ചായത്ത് പൈപ്പിന്‍റെ അരികില്‍ വട്ടം കൂടിനിന്ന് അവര്‍ അടുത്തുള്ള പുരുഷന്മാരോടായി ഓടിവരണേ, ഓടിവരണേ എന്നു ഉറക്കെ വിളിച്ചു കൂവുന്നു. അടുത്തേക്ക്‌ പോകണ്ടാ എന്ന മുന്നറിയിപ്പ് ലംഘിച്ച് ഞാനാകാഴ്ച കണ്ടു.

നല്ലൊരു പുല്ലാനി മൂര്‍ഖനുമായി ടിപ്പു ഘോരയുദ്ധത്തിലാണ്. എത്ര നേരമായി ഇത് തുടങ്ങിയിട്ട് എന്നറിയില്ല. കാലുകള്‍കൊണ്ട് അടിച്ചും ഇടക്ക് വാലില്‍ കടിച്ചു കുടഞ്ഞും ടിപ്പു പാമ്പിനെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. പാമ്പിന്‍റെ ദേഹം മുറിഞ്ഞ് രക്തം പൊടിയുന്നുണ്ട്. ചെറുത്തു നില്പിന്‍റെ ഭാഗമായ് പത്തി വിടര്‍ത്തി പാമ്പ്‌ ടിപ്പുവിനെ തലങ്ങും വിലങ്ങും കൊത്തുവാന്‍ ശ്രമിക്കുന്നു. പലപ്പോഴും അവന്‍ നല്ലവണ്ണം ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും ഇടക്ക് കൊത്തേറ്റ ശരീര ഭാഗം അവന്‍ നക്കിത്തുടയ്ക്കുന്നുണ്ടായിരുന്നു. ഭയം എല്ലാവരേയും വെറും കാഴ്ചക്കാരായ് മാറ്റി. വിവരമറിഞ്ഞ് കൊച്ചുമോന്‍ വെല്ലിശ്ശ്യന്‍ മദ്യമയക്കത്തില്‍നിന്നും ഓടിക്കിതച്ചെത്തി . “ മോനെ.. വേണ്ടാ....” എന്ന് പറഞ്ഞു മുന്നോട്ടു അടുക്കുന്നതിനു മുന്‍പേ ടിപ്പു പാമ്പിന്‍റെ വാലില്‍ കടിച്ചു വട്ടം ചുഴറ്റി തല നിലത്തടിച്ചു. തല തകര്‍ന്നു പാമ്പിന്‍റെ വായില്‍ നിന്നും രക്തം പുറത്തേക്ക് ചാടി

വാലില്‍ അവശേഷിക്കുന്ന ജീവന്‍റെ ചലനം നിലക്കുന്നതും കാത്ത് പാമ്പിനരികെ അവന്‍ കാവല്‍ ഇരുന്നു. അപ്പോഴും, കിതച്ചുകൊണ്ട് പുറത്തേക്ക് നീട്ടിയ അവന്‍റെ നാവില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.

ആരോ കൊണ്ടുവന്ന വെള്ളംപാത്രം വെല്ലിശ്ശ്യന്‍ അവന്‍റെ മുന്നില്‍വെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

'കുടിക്കടാ മോനെ'..

മുന്നില്‍ കൊണ്ടുവെച്ച വെള്ളം അവന്‍ കണ്ട ഭാവം പോലും കാണിച്ചില്ല.

'കുടിക്കടാ'.. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ തന്‍റെ യജമാനന്‍റെ മുഖത്തു നോക്കി ആദ്യമായി അവന്‍ കുരച്ചു. അവസാനമായും...

ഇമവെട്ടാതെ ദൃഷ്ടി യജമാനനില്‍ ഉറപ്പിച്ചുനിര്‍ത്തി മെല്ലെ മണ്ണില്‍ തല ചേര്‍ത്തുവെച്ചു കാലുകള്‍ നീട്ടി അവന്‍ കിടന്നു. കിതപ്പിന്‍റെ വേഗത കുറഞ്ഞുകുറഞ്ഞു വരുമ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ കണ്ടു നിന്നവര്‍ വിതുമ്പുന്നുണ്ടായിരുന്നു.

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...