Friday, February 26, 2016

മുത്തു


തേന്‍ നിറച്ച വലിയ ഒരു കുപ്പി അയാളുടെ ഇടതുകൈയ്യില്‍ തൂങ്ങിക്കിടന്നിരുന്നു. വലതുകൈയ്യില്‍ അയാള്‍ നീട്ടിയ ആ തുണ്ടുകടലാസ്സിലെ അക്ഷരങ്ങള്‍ ഞാന്‍ ഒരിക്കല്‍കൂടി വായിച്ചു.
"കല്ലറക്കല്‍ അന്തോണി".
എന്‍റെ മുന്നില്‍ നില്‍ക്കുന്നത് അല്പം മുന്‍പ് കടന്നുപോയ ബസ്സില്‍ നിന്നും ഇറങ്ങിയ ഒരാദിവാസി കുടുംബമാണ്. എണ്ണനിറഞ്ഞ തലമുടി ഭംഗിയായി ചീകിനിര്‍ത്തി സമപ്രായക്കാരനായ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ നെഞ്ചില്‍ തുണിസഞ്ചി ചേര്‍ത്തുപിടിച്ചു നില്ക്കുന്നു. ഒക്കത്ത് കൈകുഞ്ഞുമായി ഒരമ്മ.
എന്‍റെ മറുപടിക്കായ് അവര്‍ കാത്തു നില്ക്കുകയാണ്.
"അന്തോണി മുതലാളിയുടെ വീട് .."
"അതാ.. ആ കാണുന്ന വളവ് കഴിഞ്ഞാല്‍ ആദ്യം കാണുന്ന ഇടവഴി ഇറങ്ങി ചെല്ലുന്നത് മുതലാളിയുടെ വീട്ടിലേക്കാണ്. അല്ലെങ്കില്‍ വേണ്ട.. വാ.. ഞാന്‍ കാണിച്ചുതരാം." "
നെഞ്ചില്‍ അവന്‍ ചേര്‍ത്തുപിടിച്ച തുണിസഞ്ചി പിടിച്ചുവാങ്ങി ഞാന്‍ സൈക്കിളിനു പുറകില്‍ വെച്ചു.
ചുറ്റും കണ്ണുകള്‍ പായിച്ച് എന്‍റെ ഗ്രാമത്തെ അവന്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ്. ആ മുഖത്ത് നോക്കി ഞാന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
മുഖത്തെ വിഷാദഭാവം വെടിഞ്ഞ് തിരിച്ച് എനിക്കായ് ഒരു പുഞ്ചിരി നല്കാന്‍ അവന്‍ വല്ലാതെ പണിപ്പെടുന്നതായ് തോന്നി.
"എന്താ നിന്‍റെ പേര് ..?"
"മുത്തു .." അവന്‍ പറഞ്ഞു.
കൊട്ടാരം പോലുള്ള അന്തോണി മുതലാളിയുടെ വീടിനു ചുറ്റുമുള്ള കോട്ടമതിലിനു മുന്നിലൂടെ രണ്ടും മൂന്നും തവണ ഞാന്‍ വട്ടമിട്ടു. ഇന്നലെ ഈ വലിയ ഗേറ്റിനു മുന്നില്‍ വെച്ചാണ് മുത്തുവിന്‍റെ അച്ഛന്‍റെ കൈകളിലേക്ക് അന്തോണി മുതലാളി പണം എണ്ണികൊടുത്തത്. തേന്‍ നിറച്ച കുപ്പിയും തൂക്കിപ്പിടിച്ച് മുതലാളിക്ക് പുറകില്‍ അകത്തേക്ക് നടന്നുപോകുന്ന മുത്തുവിനെ കണ്ണില്‍ നിന്നും മറയുന്നതുവരെ ആ അച്ഛനും അമ്മയും നോക്കിനിന്നു. കൂടെ ഞാനും.

മതിലിനു മുകളിലൂടെ കാണാവുന്ന മരങ്ങളില്‍ മാങ്ങയും, ലൂബിയും, ചാമ്പയും നാവില്‍ വെള്ളം നിറക്കുന്നു. അകത്തുള്ള മുത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കൊതിയുടെ ഈ യാത്രകൊണ്ട് നേട്ടമുള്ളൂ. മതിലില്‍ ഒരു വിടവ് കണ്ടു. കട്ടകള്‍ ഇളക്കിമാറ്റി ഞാന്‍ അകത്തെ ലോകത്തേക്ക് കണ്ണുകള്‍ ചേര്‍ത്തുവെച്ചു.
വീടിന്‍റെ പുറകുവശത്തെ തൊഴുത്തില്‍ മുത്തു പശുക്കളെ തേച്ചുകഴുകി കുളിപ്പിക്കുന്നു.
"മുത്തു .."
എന്റെ ശബ്ദം അവന്‍റെ കാതുകളില്‍ തട്ടി.
അവന്‍ ചുറ്റും നോക്കി. സമീപത്ത് ആരുംതെന്നെയില്ല എന്ന് ഉറപ്പുവരുത്തിയശേഷം അവന്‍ മതിലിനരികിലേക്ക് ഓടി വന്നു.
"ഞാനാ അപ്പു. എനിക്ക് കുറച്ച് ലൂബിക്കായ് തരോ ?
അവിടെ നിലക്ക് എന്ന്പറഞ്ഞ് അവന്‍ തിരിച്ചോടി. അല്പം കഴിഞ്ഞ് കൈകളില്‍ ഒരു കടലാസ്സ് പൊതിനിറയെ ലൂബിക്കയും ചാമ്പക്കയുമായി അവന്‍ തിരിച്ചുവന്നു.
“മുത്തൂ ..നീ ഇവിടെ പശുവിനെ കുളിപ്പിക്കാന്‍ വന്നതാണോ.” ?
"പശുവിനെ കുളിപ്പിക്കുക മാത്രമല്ല. തുണി അലക്കണം, പാത്രം കഴുകണം, നിലം തുടക്കണം, പശുവിന് പുല്ല് അരിയണം..അങ്ങിനെ ഈ വീട്ടിലെ എല്ലാ പണിയും എടുക്കണം."
തമിഴ് കലര്‍ന്ന മലയാളത്തില്‍ ആണ് അവന്‍ പറയുന്നത് എങ്കിലും എനിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു..
"ഞാന്‍ പോകട്ടെ കൊച്ചമ്മയോ മുതലാളിയോ കണ്ടാല്‍ അടികിട്ടും."
മതിലിന്‍റെ വിടവിലേക്ക് ആ കടലാസ്സ്പൊതി തിരുകിവെച്ച് അവന്‍ തിരിച്ചോടി.

ആ രാത്രിയില്‍ എനിക്കുറക്കം വന്നില്ല. മുത്തു അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കരയുന്നതെന്തിന് എന്ന് അമ്മ പലവട്ടം ചോദിച്ചിട്ടും പറയാന്‍ എന്തോ മനസ്സ് അനുവദിച്ചില്ല.

പിന്നീട് അവധി ദിനങ്ങളിലെല്ലാം തന്നെ ആ വലിയകോട്ടമതില്‍ പ്രദക്ഷിണം വെക്കുക എന്‍റെ പതിവായ്‌ മാറി. പലപ്പോഴും തമിഴ് സംസാരിക്കുന്ന സമപ്രായക്കാരനായ ആ സുഹൃത്തിനെ അകത്ത് കണ്ടെത്താനായില്ലയെങ്കിലും, കട്ടകള്‍ ഇളക്കി മാറ്റിയ ആ മതിലിന്‍ വിടവില്‍ എന്നെയും കാത്ത് അപ്പോഴും ഒരു കടലാസ്സ് പൊതി ഒളിച്ചിരിക്കുന്നുണ്ടാകും.

'മുത്തൂ.... "
പാടത്തിന്‍റെ കരയില്‍ ഇരുള്‍പരക്കുന്ന തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും ഘനഗംഭീരമായ ശബ്ദം മുഴങ്ങി. പന്തുരുളുന്ന ഇളംകാലുകള്‍ പെട്ടെന്ന് നിശ്ചലമായി. അകലെ അവ്യക്തമായിക്കാണാവുന്ന ആ ആള്‍ രൂപം അന്തോണി മൊതലാളിയുടെതാണ്. മുത്തു പന്തുകളിക്കുന്നത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

പശുവിന് പുല്ലരിയാന്‍ പാടത്തേക്ക് വരുമ്പോള്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചുകിട്ടുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ അവന് കളിക്കാന്‍ ഉള്ള അവസരം ഒരുക്കി. കളി ആരംഭിക്കുന്നതിന് മുന്‍പ് മുത്തുവിന് ആവശ്യമായ പുല്ല് ഞങ്ങള്‍ കുട്ടികള്‍ കൂട്ടംച്ചേര്‍ന്ന് വയല്‍വരമ്പില്‍ അരിഞ്ഞുവെക്കും. പിന്നെ തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും പാടത്തേക്ക് ഇറങ്ങിവരുന്ന മുത്തുവിന്‍റെ വരവിനായുള്ള കാത്തിരിപ്പാണ്. അതിന് മുന്‍പേ ആരുടെ ടീമില്‍ അവന്‍ കളിക്കണം എന്ന് ഞങ്ങള്‍ നറുക്കെടുത്ത് വെച്ചിരിക്കും. മുത്തു ബാക്ക് നിന്നാല്‍ ആ കാലില്‍ നിന്നും പന്ത് ചോരുകയില്ല. മുത്തുവിനെ സ്വന്തമാക്കിയാല്‍ ടീം വിജയിച്ചു എന്നായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.

വയല്‍വരമ്പില്‍ അരിഞ്ഞുവെച്ചിരുന്ന പുല്ല്കെട്ട് തലയില്‍ എടുത്തുവെച്ച് മുത്തു ഓടി. അടുത്തെത്തിയപ്പോള്‍ അന്തോണി മുതലാളി നടക്കാന്‍ ഉപയോഗിക്കുന്ന ഊന്നുവടികൊണ്ട് അവന്‍റെ പുറത്ത് ആഞ്ഞടിക്കുന്നത് ഞങ്ങള്‍ക്കകലെനിന്നും കാണാമായിരുന്നു. അടികൊണ്ട മുത്തു നിലവിളിച്ചുവോ.? അറിയില്ല. ഒരുപക്ഷെ ആ നിലവിളി ദൂരദൈര്‍ഘ്യത്താല്‍ അലിഞ്ഞുപോയതാകാം. അല്ലെങ്കില്‍ ശബ്ധമില്ലാതെ കരയാന്‍ മുത്തു പഠിച്ചിരിക്കണം.

മുത്തു കളം വിട്ടതോടെ കളിയുടെ രസച്ചരട് മുറിഞ്ഞു. കളി അവസാനിപ്പിച്ച് ഞങ്ങള്‍ അടുത്തുള്ള കുളക്കടവിലേക്കിറങ്ങി.

ചക്രവാളത്തില്‍ അന്തിസൂര്യന്‍റെ ചെങ്കനല്‍ മായാന്‍ തുടങ്ങി.

എന്താണ് സംഭവിച്ചത് എന്ന് ഒന്നും മനസിലാകുന്നില്ല.

പാടത്ത് ഉണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും കൂട്ടത്തോടെ കരയിലേക്ക് ഓടിക്കയറുന്നു. അവരുടെ ശരീര ഭാഷയിലും കാലുകളിലെ വേഗതയിലും അസ്വഭാവികത പ്രകടമായിരുന്നു. കുളി അവനാനിപ്പിച്ച് ഞങ്ങള്‍ അവര്‍ക്ക് പുറകില്‍ ധൃതിയില്‍ ചലിക്കുന്ന നിഴലുകായ് മാറി.
എല്ലാകാലുകളും അന്തോണിമുതലാളിയുടെ ആ വലിയ വീടിനെയാണ്‌ ലക്‌ഷ്യം വെക്കുന്നത്. മതില്‍ ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തേക്കോടുന്നു. അകത്ത് മോട്ടോര്‍ പുരയുടെ സമീപം ഏതാനും ആളുകള്‍ വട്ടം കൂടി നില്ക്കുന്നുണ്ട്.
അങ്ങോട്ട്‌ ഓടിയടുക്കും മുന്പേ ആരുടെയോ നാവില്‍ നിന്നും ഞാനാസത്യം അറിഞ്ഞു.
"എല്ലാം കഴിഞ്ഞു.."
ആളുകളെ തള്ളിമാറ്റി ഞാന്‍ ഞാനാകാഴ്ചകണ്ടു..
വായില്‍ നിന്നും നുര പുറത്തേക്ക് വന്ന് പച്ചപുല്ലില്‍ മുത്തു മലര്‍ന്നുകിടക്കുന്നു..
മുത്തൂ..എന്നലറിവിളിച്ചുകൊണ്ട് ഞാനവനെ കുലുക്കിവിളിച്ചു.
ശബ്ദമില്ലാത്തലോകത്തുനിന്നും ആ വിളികെള്ക്കാന്‍ ഇനിയവന് കഴിയില്ല. മുത്തു ഷോക്കേറ്റ് മരിച്ചിരിക്കുന്നു. മോട്ടോര്‍ ഓണ്‍ചെയ്യുന്നതിനിടയില്‍ മുത്തുവിന് ഷോക്ക് അടിക്കുകയായിരുന്നു.
കരഞ്ഞുതളര്‍ന്ന മനസ്സുമായി ആ രാത്രിയില്‍ ഏറെനേരം ഞാന്‍ മുത്തുവിന് കൂട്ടിരുന്നു.

പിന്നീടെപ്പോഴാണ് അച്ഛന് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്? എപ്പോഴാണ് ഞാന്‍ ഉറക്കത്തിലേക്ക് കടന്നത്..? അറിയില്ല. മറ്റൊരു പ്രഭാതം പൊട്ടിവിടരും മുന്പേ ഞാന്‍ ഞെട്ടിയുണര്‍ന്നത് മുത്തൂ എന്നുറക്കെ വിളിച്ചുകൊണ്ടാണ്‌.
ആകാശം വെള്ളകീറാന്‍ തുടങ്ങുന്നു. പ്രഭാതത്തിന്‍റെ ഉണര്‍ത്തുപാട്ടായ് കാതില്‍ അലയടിക്കുന്ന കിളികൊഞ്ചലുകള്‍ക്ക് ഒരാളുടെ നിദ്രയെ മടക്കിവിളിക്കാനാകുമോ ? എങ്കില്‍ എനിക്കെന്‍റെ മുത്തിവിനെ തിരിച്ചുതാ ..

കയ്യാലയിലെ ഒരു മരബഞ്ചില്‍ അവര്‍ മുത്തുവിനെ കിടത്തിയിരിക്കുന്നു. പാലക്കാട് നിന്നും അവന്‍റെ വീട്ടുകാര്‍ വരുന്നത് കാത്തിരികുകയാണ് എല്ലാവരും.
കാത്തിരിപ്പിന് വിരാമമായി ഗേറ്റിനു മുന്നില്‍ ഒരുജീപ്പ് വന്നുനിന്നു. വലതു കൈയ്യില്‍ കയറില്‍ തൂക്കിപ്പിടിച്ച ഒരു വലിയ തേന്‍ കുപ്പിയുമായി മൂത്തുവിന്‍റെ അച്ഛന്‍ ഒരിക്കല്‍കൂടി എന്‍റെ മുന്നില്‍ വാഹനമിറങ്ങി.

കയ്യാലയിലെ ബഞ്ചില്‍ വെള്ളപുതപ്പിച്ചു കിടക്കുന്ന ചലനമറ്റ മകന്‍റെ ദേഹം ഏറ്റുവാങ്ങാന്‍ ഗേറ്റിനു പുറത്ത് അയാള്‍ കാത്തുനിന്നു. അന്തോണി മുതലാളി അവരെ കൈ നീട്ടി അകത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും ആ പടികടക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അടക്കിപ്പിടിച്ച ദുഃഖം മറച്ചുപിടിക്കുന്ന ആ മുഖം ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. കടുത്ത വേദനയിലും കരയാതിരിക്കാന്‍ മുത്തു പഠിച്ച പാഠശാല. ശബ്ദമില്ലാത്ത വാക്കുകള്‍ വാചാലമാകുന്ന ഭാഷയായ് മാറുന്നത് ഞാന്‍ കണ്ടറിഞ്ഞു.

രണ്ടുപേര്‍ ചേര്‍ന്ന് മുത്തുവിന്‍റെ ശരീരം താങ്ങിയെടുത്തു. പുറത്ത് കാത്തുനില്ക്കുന്ന ജീപ്പിന്‍റെ പിന്‍സീറ്റിലേക്ക് അവര്‍ അവനെ എടുത്തുവെച്ചു.
അന്തോണി മുതലാളിയുടെ ആശ്വസിപ്പിക്കന്ന കരങ്ങള്‍ മുത്തുവിന്‍റെ അച്ഛന്‍റെ തോളില്‍ പതിഞ്ഞു. മുട്ടോളം നീണ്ടുകിടക്കുന്ന സില്ക്കിന്‍റെ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും പണം അടങ്ങുന്ന ഒരു പൊതിയെടുത്ത് അയാള്‍ ആ കൈകളില്‍ വെച്ചുകൊടുത്തു.

പ്രിയപ്പെട്ട കൂട്ടുകാരനേയും വഹിച്ചുകൊണ്ട് ആ വാഹനം എന്‍റെ കണ്ണില്‍ നിന്നും മറയുകയാണ്. ഗേറ്റിനു മുന്നില്‍ കണ്ണീരോടെ വിടപറയുന്ന നാട്ടുകാര്‍ക്കിടയില്‍ അവരിലൊരുവനായി ഞാനും.

ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ആ കോട്ടമതിലിന്‍റെ വാതില്‍ അന്തോണി മുതലാളി വലിച്ചടച്ചു. അകത്തേക്ക് നടന്നു പോകുന്ന അദ്ദേഹത്തിന്‍റെ വലതുകൈയ്യില്‍ അപ്പോള്‍ ഒരു തേന്‍കുപ്പി തൂങ്ങിയാടുന്നുണ്ടായിരുന്നു...



ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...