Tuesday, September 20, 2016

പൂക്കളങ്ങൾ പറഞ്ഞുതന്നത്..


...എന്നാല്‍ ഞാനൊരു നുണപറയാം. നുണയല്ലേ, എന്തിന് വായിക്കണം എന്നു കരുതുന്നവര്‍ കണ്ണുകള്‍ അടച്ച് ഉടന്‍ അടുത്ത കാഴ്ചയിലേക്ക് മടങ്ങിപോകുക. നുണയാണെങ്കിലും ചിലപ്പോള്‍ കേൾക്കാന്‍ രസമുണ്ടാകും എന്ന് കരുതുന്നവരും കാണുമല്ലോ, അവരെ നിരാശപ്പെടുത്താതിരിക്കാന്‍ എന്നാലാവും വിധം ഞാനൊരു ശ്രമം നടത്താം.
അപ്പോ തുടങ്ങാ..ലേ..
ഈയൊരു നുണപറയാന്‍ ഉണ്ണീ എന്ന്വിളിക്കുന്ന എന്‍റെ ബാല്യത്തിലേക്ക് എനിക്ക് തിരിച്ചുപോകണം. അവിടെ ഇപ്പോള്‍ ഓണക്കാലമാണ്. അതിരാവിലെ തൊടിയില്‍ അനുജത്തിയോടൊപ്പം ചുറ്റിനടന്ന് പൂക്കള്‍ പറിച്ച് ചാണകം മെഴുകിയ മുറ്റത്തെ വൃത്തത്തിൽ പൂക്കളം ഇടുന്ന ഓണക്കാലം.
വേലിപ്പടർപ്പിലെ ഇലതുമ്പുകളിൽ രാത്രിമഴയിലെ ജലകണങ്ങൾ സൂര്യകിരണങ്ങള്‍ക്കുള്ളിലെ വര്‍ണ്ണങ്ങള്‍ തിരയുന്ന പ്രഭാതം. എന്നെത്തേയും പോലെ ചെത്തിയും ചെമ്പരത്തിയും മുക്കുറ്റിയും മന്ദാരവും തുമ്പയും ചെണ്ടുമല്ലിയും ജമന്തിയുമെല്ലാം ചേർന്ന് വർണ്ണങ്ങൾ ഇതള്‍ വിതറുന്ന ഒരു കൊച്ചു പൂക്കളം ഞങ്ങള്‍ ഇടാൻ തുടങ്ങവേ അയല്‍ വീട്ടിലെ രണ്ടു കളികൂട്ടുകാര്‍ ഓടിയെത്തി.
പൂക്കളത്തിന്‍റെ ഭംഗി ആസ്വദിക്കാനും അഭിപ്രായം പറയാനും മാത്രമല്ല, സന്ദർഭം അനുകൂലമാണെങ്കില്‍ കളത്തിലെ പൂദളങ്ങളെ ഭംഗിയായി നിരത്തിവെച്ച് പൂക്കളത്തെ അവർ കൂടുതല്‍ മനോഹരമാക്കിതരുമായിരുന്നു.
കൈകുമ്പിളില്‍ ഒളിപ്പിച്ച പൂക്കള്‍ എനിക്ക് കൈമാറി അന്നവള്‍ പറഞ്ഞു,
"എനിക്കും അനിയനും നിങ്ങള്‍ വീട്ടില്‍ ഇടുന്നപോലെ പൂക്കളം ഇടാന്‍ മോഹമുണ്ട്. ഉമ്മ ഒന്നും പറയില്ല, പക്ഷെ വല്ല്യുപ്പയെ പേടിയാ. കണ്ടാല്‍ ചിലപ്പോള്‍ അടികിട്ടും."
ഉള്ളിലൊളിപ്പിച്ച അവളുടെ ദുഃഖം എന്‍റെ മുഖത്തെ സന്തോഷം കെടുത്തികളഞ്ഞു..
"ഒരു ദിവസം ഇട്ടുനോക്കൂ. അടികിട്ടിയാല്‍ ഒരിക്കലല്ലേ കിട്ടുകയുള്ളൂ ചെറിയ വേദനകള്‍ കൊടുത്താല്‍ വലിയ സന്തോഷം ലഭിക്കുമെങ്കിലോ.? "
എന്‍റെ പ്രചോദനം അവർക്ക് ഊർജ്ജമായി. പിറ്റേന്ന് കാലത്ത് അവര്‍ രണ്ടുപേരും അവരുടെ മുറ്റത്ത് പൂക്കളമിട്ടു. ഭയം കൊണ്ട് വിറക്കുന്ന വിരലുകൾകൊണ്ടവർ അതിമനോഹരമായ ഒരു പൂക്കളം തീർത്തു. നല്ലഭംഗിയുണ്ടെന്ന് ഞാന്‍ പല ആവര്‍ത്തി പറഞ്ഞതൊന്നും അവരുടെ ഭയത്തെ അകറ്റാന്‍ പോന്നതായില്ല. അതിരാവിലെ പള്ളിയില്‍ പോയി തിരിച്ചുവരുന്ന വല്ല്യുപ്പയുടെ കാലടി ശബ്ദങ്ങൾക്ക് കാതോർത്ത് അവര്‍ ഇരുവരും ജനല്‍ മറവില്‍ കൺനട്ടിരുന്നു.
അയല്‍ വീട്ടിലെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ വേലിക്കരിക്കരികിലേക്കോടിയെത്തി. പള്ളിയില്‍ നിന്നും തിരിച്ചെത്തിയ വല്ല്യുപ്പ വീട്ടിലേക്ക് നടന്നുവരുന്നു. ആ കാലുകള്‍ പൂക്കളത്തിനു മുന്നില്‍ നിശ്ചലമായി. അലപ്നേരം അയാള്‍ ആ പൂക്കളത്തിലേക്ക് തുറിച്ചുനോക്കി. തലയുയർത്തി ചുറ്റും നോക്കിയപ്പോള്‍ അതാ അയല്‍വീട്ടിലെ ചെറുക്കന്‍ പുഞ്ചിരിച്ചുകൊണ്ട് വേലിക്കരികില്‍നില്‍ക്കുന്നു.
കൈകള്‍ നീട്ടി അയാള്‍ എന്നെ അടുത്തുവിളിച്ചു. പ്രചോദനം കുറ്റമാണോ ? എങ്കിലും ചെയ്തത് ഞാനല്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ ചുവടുകള്‍ മുന്നോട്ടുവെച്ചു. വല്ല്യുപ്പയുടെ മുന്നില്‍ വന്നുനിന്ന ഞാന്‍ ആ മുഖമൊന്നുകാണുവാന്‍ തല ആകാശത്തേക്ക് ഉയര്‍ത്തി. എന്‍റെ ഇരുതോളിലും കൈകള്‍വെച്ച് നീണ്ടുനിവര്‍ന്ന ആ ശരീരം വില്ലുപോലെ വളഞ്ഞു. അത്തറിന്‍റെ ഗന്ധമുള്ള ഒരു മുത്തം എന്‍റെ നെറുകയില്‍ വീണപ്പോള്‍ ജനൽ മറവില്‍ ഭയംകൊണ്ട കണ്ണുകള്‍ ഒരു പൊട്ടിച്ചിരിയായി എന്നെ കെട്ടിപ്പിടിക്കാനോടിയെത്തി.

സന്തോഷം കൊണ്ട് ഇപ്പോള്‍ നിങ്ങളുടെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടരുന്നുണ്ടാകും. എനിക്കറിയാം, പക്ഷെ, എന്തു ചെയ്യാം.. ഒരു നുണപറയാമെന്നുഞാന്‍ പറഞ്ഞുപോയില്ലേ..

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...