ഞാന്‍ അരുന്ധതി ...
എന്‍റെ കണ്ണുകള്‍ക്ക് കാഴ്ചയുണ്ട്, എന്‍റെ
കാതുകള്‍ക്ക് കേള്‍വിയുണ്ട്, എന്‍റെ ചുണ്ടുകള്‍ക്ക് ചലനമുണ്ട് , എനിക്ക്
നിങ്ങളോട് സംസാരിക്കാനാകും .. ഈ ശബ്ദം നിലക്കും വരെ ഞാന്‍ നിങ്ങളോട് സംസാരിച്ചോട്ടെ..
എനിക്ക് ദാഹിക്കുന്നു ..
ഇതെല്ലാം ഇനി എത്ര നേരം .
അപകടത്തില്‍ പെട്ട് തകര്‍ന്നടിഞ്ഞു കിടക്കുന്ന ഈ
വാഹനത്തിന്‍റെ ഏതോ ഒരു ഭാഗത്തു എന്‍റെ ശരീരത്തിന്‍റെ പകുതിയിലധികം ഭാഗവും ഞെരിഞ്ഞമര്‍ന്ന്
കിടക്കുകയാണ് .. എന്‍റെ വലതു കൈ , അത് എനിക്ക് കാണാനാകും ., ഉയര്‍ത്താന്‍ കഴിയും .
എന്നാല്‍ എവിടെയാണ് എന്‍റെ ഇടം കൈ ? കൈത്തണ്ടയില്‍ അമര്‍ന്നിരിക്കുന്ന കനത്ത ഈ
ലോഹത്തകിടിനപ്പുറം എന്‍റെ ഇടതു കൈ ഉണ്ടോ ?.. തകിടിനയിലൂടെ രക്തം ചാലിട്ടോഴുകുന്നു ..
വേദന .. അത് എന്തെന്ന് ഞാന്‍
അറിയുന്നില്ല. നോക്കുന്നിടത്തെല്ലാം ചിന്തിക്കിടക്കുന്ന ചോരത്തുള്ളികള്‍. എന്‍റെ
മുന്നില്‍ വന്നു തരിച്ചു നില്‍ക്കുന്നവരെയും മുഖം ഇരു കൈകള്‍ കൊണ്ടും പൊത്തി
കരഞ്ഞു കൊണ്ട് ഓടുന്നവരെയും ഞാന്‍ കാണുന്നു.
ഈ ദൃശ്യം എത്ര ഭീകരമെന്ന് എനിക്കിപ്പോള്‍
ഊഹിക്കാനാവും. നിങ്ങള്‍ക്കെന്നെ രക്ഷിക്കാനാകില്ല. വാഹനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ ക്കിടയില്‍
നിന്നും നിങ്ങളെന്നെ വേര്‍പെടുത്തും സമയം വരെ എന്‍റെ ജീവന് കാത്തുനില്‍ക്കാനാവില്ല.
ഒരു പിഞ്ചു കുഞ്ഞിന്‍റെ രോദനം ഞാന്‍ കേള്‍ക്കുന്നു..
ഈശ്വരാ ആ ശബ്ദം നിലച്ചു പോകരുതേ ..
എന്തിനായിരുന്നു ഈ ജന്മം ..?
നിലയില്ലാ വെള്ളത്തില്‍ മുങ്ങിത്തുടിക്കുന്ന
അനുകുട്ടന്‍റെ ജീവന്‍ രക്ഷിക്കാനോ ..? അതോ ഭര്‍തൃപീഡനത്തില്‍ രണ്ടു കൊച്ചുമക്കളെ മറന്ന് ഒറ്റക്കുള്ള ആ യാത്രക്ക് ഒരുങ്ങിയ സതിടീച്ചറുടെ മാര്‍ഗ്ഗം തടയാനോ
..? എന്തിനായിരുന്നു ..?
ശരത്ചന്ദ്രനുമായുള്ള ഒരു പരിചയം , ഇനിയുള്ള കൂടികാഴ്ചകളില്‍ ഒരു
പക്ഷെ അതിനു ഒരു പ്രണയ പരിവേഷം കൈവരുമായിരുന്നു .. അതും ഭാഗ്യം.
കൈയെത്തും ദൂരത്തു മരണം എന്നെ കാത്തുനില്കുന്നു.
എങ്ങും കൂരിരുട്ട് പരക്കുന്നു. അതോ എന്‍റെ കണ്ണുകള്‍ക്ക് മങ്ങലേല്ക്കുന്നുവോ ?
നേര്‍ത്ത ശബ്ദങ്ങള്‍ പോലും കനത്ത നിശബ്ദതയിലേക്ക് വഴുതി വീഴുന്നു. അതോ ശബ്ദമുഖരിതമായ ഈ അന്തരീക്ഷത്തില്‍ നിന്ന് നിങ്ങള്‍ നിശബ്ദത തേടുന്നുവോ ?
എനിക്കുറക്കം വരുന്നു.
എങ്ങും കൂരിരുട്ട്.
അകകണ്ണില്‍ ഒരു ദീപനാളം തെളിയുന്നു. എനിക്ക്
വഴി കാട്ടുകയാണോ? ഇതു ലക്ഷ്യത്തിനോ ? അതോ മോക്ഷത്തിനോ ?
പോകുന്നതിനു മുന്‍പ് ഒരു വാക്ക് കൂടി
ഈ ഇമകള്‍ പൂട്ടിക്കോളൂ .
No comments:
Post a Comment