Saturday, August 9, 2014

ഒരു റോസാ ദളം പോലെ . ...



ഓടുന്ന ഇളമുറക്കാര്‍ക്ക് ഒപ്പമെത്താന്‍ കഴിയില്ലെങ്കിലും ഇനി നിന്നാല്‍ ഞാന്‍ ഒരുപാട് പുറകിലായ് മാറും. ഒരു തൊഴില്‍ രഹിതന്‍റെ പരക്കംപാച്ചിലില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തത തിരിച്ചറിഞ്ഞ കാലം...

അങ്ങിനെ കമ്പ്യൂട്ടറിന്‍റെ ബാലപാഠം പഠിക്കാന്‍ ഒരു ഡെസ്ക്ടോപ്പ്ന്‍റെ മുന്നില്‍ ഇരുന്നു .
ഒരു പ്ലസ്‌-ടു വിദ്യാര്‍ത്ഥിനി, അവള്‍ ആയിരുന്നു എന്‍റെ ട്യുട്ടര്‍.
സംശയങ്ങള്‍ എങ്ങിനെ ചോദിക്കും എന്നതായിരുന്നില്ല ഈ കൊച്ചു കുട്ടിയെ എങ്ങിനെ ഞാന്‍ ടീച്ചര്‍ എന്ന് വിളിക്കും എന്നതായിരുന്നു അപ്പോള്‍ എന്‍റെ ചിന്തകളില്‍.

അവള്‍ സ്വയം പരിചയപ്പെടുത്തി.

“ആറാട്ട്പുഴ ! “

“അതെ ആറാട്ടുപുഴ, അതാണ് എന്‍റെ ഗ്രാമം, എന്താ അറിയോ?” അവള്‍ ചോദിച്ചൂ.

“പിന്നെ.., ഒരു തവണ ഞാന്‍ അവിടെ വന്നിട്ടുണ്ട് പൂരം കാണാന്‍ , ഇപ്പോഴല്ല-ട്ടോ , ഒരു പത്ത് വര്‍ഷം മുന്‍പ്”.

“ഉവോ..”!! ?

“അവിടെയടുത്ത് എനിക്ക് നല്ല അടുപ്പമുള്ള ഒരു വീടുണ്ട്.”

“അവിടെ എവിടെയാണ്.?” അവള്‍ക്കു കൌതുകം.

“അമ്പലത്തിന്‍റെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ കുറച്ചുദൂരം പോയാല്‍ ഒരു പാടത്തിന്‍റെ കരയില്‍, ചെറിയൊരു ഓടു വീട്, അവിടെ ഒരു അമ്മയും മകളും തനിച്ച് ആയിരുന്നു. മകളെ അമ്മു എന്നാണ് വിളിച്ചിരുന്നത്‌.”

“അമ്മുവിനെ അറിയുമോ?” അവളുടെ കണ്ണുകളില്‍ ആകാംക്ഷ.

“പിന്നെ....., അന്ന് ആറാട്ടുപുഴ പൂരമായിരുന്നു. ഒരു പൂര കാഴ്ചയുടെ എല്ലാ സൗന്ദര്യവും സന്തോഷവും നഷ്ടപ്പെടുത്തികൊണ്ട് ആ രാത്രിയില്‍ പൂരപ്പാടത്ത് നിന്നും ഒരു കൊച്ചു സ്വര്‍ണമാല കളഞ്ഞുകിട്ടി. മാല എന്തുചെയ്യണമെന്നറിയാതെ നേരം വെളുക്കുന്നതുവരെ നേരം ഞാന്‍ ആ പൂരപ്പാടത്ത് അലഞ്ഞുനടന്നു. അപ്പോഴെല്ലാം നഷ്ടപെട്ട വേദനയില്‍ എവിടെയോ തേങ്ങുന്ന ഒരു മനസ്സ് എന്‍റെ കൈ വെള്ളയില്‍ കിടന്നു പിടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു കൊച്ചു പെണ്‍കുട്ടി. ആളൊഴിഞ്ഞ പൂരപ്പാടം മുഴുവന്‍ നഷ്ടപെട്ട എന്തിനോ വേണ്ടി അവള്‍ കരഞ്ഞുകൊണ്ട് ഓടിനടക്കുന്നു. കൈകുമ്പിളില്‍ കണ്ട സത്യം വിശ്വസിക്കാനാകാതെ ഇരു കൈകള്‍ കൊണ്ടും മുഖം പൊത്തിപ്പിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. നന്ദിയായി അവളുടെ അമ്മയില്‍ നിന്നും അന്ന് ഞാന്‍ കുടിച്ച ഒരു കട്ടന്‍ ചായയുടെ മധുരിക്കുന്ന ഒരു ഓര്‍മ്മ ഇന്നും എന്‍റെ നാവിലുണ്ട്".

എന്‍റെ കൊച്ചു ടീച്ചര്‍ നിശബ്ദയായിരുന്നു. മോണിറ്ററില്‍ നിന്നും ഞാന്‍ മുഖമുയര്‍ത്തി.

എന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു ആ കവിളുകള്‍ തുടുത്തിരുന്നു.. ഒരു റോസാ ദളം പോലെ . ...

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...