Tuesday, August 4, 2015

കല്ലിനുമുണ്ട് ഒരുകഥപറയാന്‍.




‘എന്തൊരു ആവുധിയാണപ്പാ....’.
ഇനിയും എത്തിച്ചേരാത്ത കാലവര്‍ഷത്തെ ശപിച്ചുകൊണ്ട് വറീത് മാപ്ല തിരുനെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളികളെ ചൂണ്ടുവിരല്‍ക്കൊണ്ട് തുടച്ചുനീക്കി.
വെയില്‍മങ്ങിയ ആ അപരാഹ്നത്തില്‍ മൂന്ന് എരുമകുട്ടികളോടൊപ്പം വറീത് മാപ്ല പാടത്തേക്കിറങ്ങി. കൊയ്ത്ത് കഴിഞ്ഞ വേനല്‍പ്പാടത്തിന്‍റെ വിരിമാറിലേക്ക് നീണ്ട എട്ടു വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ഒരു വിളിപ്പാടകലെ ഞാനും.
വഴിവരമ്പില്‍ ചിതറിക്കിടക്കുന്ന ഞണ്ടിന്‍ പുറംതോടുകള്‍ കാലിന്നടിയില്‍ പൊട്ടിപ്പരന്നു. പുതിയ വാസസ്ഥലം തേടുന്ന ഉണങ്ങിയ പുല്‍വിത്തുകള്‍ മുണ്ടിന്‍ത്തലപ്പില്‍ ഒളിച്ചുപാര്‍ക്കാന്‍ തുടങ്ങി.

“നീ എങ്ങോട്ടാടാ കള്ളാ...”
ഓരോ ചുവടുവെപ്പിലും ഉള്ളില്‍ ഉടലെടുക്കുന്ന ആകുലതകള്‍ ഹൃദയഹ്രദയമിടിപ്പിന്‍റെ വേഗതയേറ്റുമ്പോള്‍ എവിടെയോ വേരറ്റ ജന്മബന്ധത്തിന്‍റെ മൃത്യുരോദനം പോലെ പേരറിയാത്ത ഒരു വയല്‍ക്കിളി എന്‍റെ തലക്കു മുകളില്‍ വട്ടമിട്ടു കരയാന്‍ തുടങ്ങി.
വറീത് മാപ്ലക്കുള്ള മറുപടി ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കി.
വേനല്‍പ്പാടം കട്ടവിണ്ടുകിടക്കുന്നു. വറ്റിവരണ്ട തോടുകള്‍. അങ്ങിങ്ങായ്‌ ഒറ്റപ്പെട്ടു കാണുന്ന പച്ചപ്പുല്‍പരപ്പില്‍ കാലികള്‍ കൂട്ടംകൂടി മേയുന്നു.
”ഇത്രയും ദൈര്‍ഘ്യമേറിയ വേനല്‍ എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യമാണ്.” മഴമേഘങ്ങള്‍ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്നതും ഓടിമറയുന്നതും നോക്കി വറീത് മാപ്ല നെടുവീര്‍പ്പിട്ടു.

ഒരുപക്ഷെ നിഗൂഢതയില്‍ ഒളിച്ചിരുന്ന പല രഹസ്യങ്ങളും കാലത്തിന്  അനാവരണം ചെയ്യുവാന്‍ പ്രകൃതിയൊരുക്കുന്ന അവസരങ്ങള്‍ ആകാം ഈ ദൈര്‍ഘ്യമേറിയ വേനല്‍പ്പോലും. എങ്കില്‍ ഈ വേനല്‍ എനിക്കുള്ളതാണ്..


“വന്ന വിവരം ഞാന്‍ അറിഞ്ഞു. ഇനി എന്നാ നിന്‍റെ തിരിച്ചു പോക്ക്.?
“രണ്ടു മാസം ഞാന്‍ ഇവിടെ തന്നെ ഉണ്ട് മാപ്ലാരെ.”
അകലെ തെങ്ങിന്‍തോപ്പിനുള്ളില്‍ നിന്നും ഉയരുന്ന വെളുത്ത പുകച്ചുരുള്‍കൂട്ടങ്ങള്‍ പാടത്തേക്ക് ഇറങ്ങിവരാന്‍ തുടങ്ങി. അവയേയും തഴുകി കടന്നുപോകുന്ന ഇളം കാറ്റിനപ്പോള്‍ കരിയുന്ന മനുഷ്യമാംസത്തിന്‍റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു..
“മരണവീട്ടില്‍ നിന്നെ കണ്ടില്ലല്ലോ അജയാ ?”
“മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഞാന്‍ ആശാനെ കാണാന്‍ പോയിരുന്നു. എന്നോട് അല്‍പനേരം സംസാരിക്കുകയും ചെയ്തു.”
“ഉവ്വ് ..ഞാനറിഞ്ഞു, നാണു നിന്നെ വിളിച്ചുവരുത്തിയെന്നും എന്തോ ഒരു രഹസ്യം പറഞ്ഞുവെന്നും അവിടെയാരോ അടക്കം പറയു ന്നതുകേട്ടു.”
“രഹസ്യമൊന്നുമല്ല മാപ്ലാരെ. അതൊരു ആഗ്രഹം പറയാനായിരുന്നു. ആഗ്രഹം പഴയത് തന്നെ. ആരും അറിയാതെ നീ എനിക്ക് അല്പം മദ്യം കൊണ്ട് തരണം. പണ്ടും നിങ്ങള്‍ക്ക് മദ്യം ഒളിച്ച് എത്തിച്ചു തരലായിരുന്നുവല്ലോ എന്‍റെ പണി.”
അകത്തെ മാനസിക സംഘര്‍ഷങ്ങള്‍ ഒന്നുംതന്നെ നോക്കിലും വാക്കിലും പ്രതിഫലിപ്പികാതെ ആ കള്ളം ഞാന്‍ അനായാസമായി പറഞ്ഞു.

“നീ നാട്ടില്‍ നിന്നും പോയതിനു ശേഷം ഞങ്ങള്‍ വട്ടം കൂടിയുള്ള ആ ഇരിപ്പങ്ങു അവസാനിപ്പിച്ചു. കള്ളുവാങ്ങിത്തരാന്‍ ആളില്ലാ എന്ന് പറഞ്ഞാലും മതി. ഈ വയസ്സന്മാര്‍ക്ക് കള്ളുവാങ്ങിക്കൊടുത്തു വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളുടെ വായില്‍ നിന്നും ചീത്ത ചോദിച്ചുവാങ്ങുന്നത് എന്തിനെന്ന് ഒരുപക്ഷെ അവരും വിചാരിച്ചുകാണും.”

പതിവായി ഒത്തുകൂടാറുണ്ടായിരുന്ന തെങ്ങിന്‍ തോപ്പിലേക്ക് കണ്ണുകള്‍ പായിച്ച് വറീത് മാപ്ല വാചാലനായി.
“ആ തെങ്ങിന്‍തോപ്പില്‍ അന്തിക്ക് വട്ടം കൂടി കള്ളുകുടിച്ചിരുന്ന ഞങ്ങള്‍ നാലു പേരില്‍ ഞാന്‍ അവസാന ഊഴക്കാരനായി. കുമാരനും ഗോപാലനും മരിച്ചീട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്ക്ണൂ. ഒരു കര്‍ക്കിടക മാസത്തില്‍, രണ്ടു പേരും അടുത്തടുത്ത ദിസങ്ങളിലാ പോയത്. ഇന്ന് നാണുവും പോയി. ഇനി എന്നാണാവോ എന്നെ വിളിക്കുന്നത്?”
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വെന്തിങ്ങയിലെ ഉണ്ണിയേശുവിനെ എടുത്തു മുത്തി വറീത് മാപ്ല കുരിശുവരച്ചു.
എരുമകുട്ടികളെ മേയാന്‍വിട്ട് മാപ്ല വഴിവരമ്പില്‍ ഇരുന്നു. കാലന്‍കുട നിവര്‍ത്തി മടിയിലെ മുറുക്കാന്‍ പൊതി തുറന്നു.
“ഒന്ന് വേണോ..?” പണ്ട് ഒരു പൂതിക്ക് വല്ലപ്പോഴും വായ ചുവപ്പിക്കാറുള്ള ഓര്‍മ്മയില്‍ നിന്നായിരുന്നു ആ ചോദ്യം.
“വേണ്ട.” ഞാന്‍ മാപ്ലയോട് യാത്ര പറഞ്ഞു.


പാടത്തിന്‍റെ ഒത്തമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന നരിക്കുഴി എന്ന പേരില്‍ അറിയപ്പെടുന്ന വിശാലമായ കുളത്തിലേക്ക് എത്തിച്ചേരാന്‍ എനിക്കിനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. കാലുകള്‍ ഒന്നുകൂടി നീട്ടിവെച്ചു.
കുളത്തിനുച്ചുറ്റും ഒരുകാലത്ത് ഒത്തആള്‍ ഉയരത്തില്‍ ഇഞ്ചപുല്ലുകള്‍ ഉയര്‍ന്നുനിന്നിരുന്നു. കുറുക്കന്മാരുടെ വിഹാരകേന്ദ്രം ആയിരുന്നതിനാലാകാം നരിക്കുഴി എന്ന പേര്‍ വന്നുവീണത്. എത്ര കൊടിയ വേനലില്‍ പോലും വെള്ളം വറ്റാത്ത ആ കുളത്തില്‍ ബാല്യകൌമാരങ്ങളില്‍ ഞാന്‍ എത്രയോ തവണ നീന്തിക്കളിച്ചിരിക്കുന്നു. എത്രയോ തവണ മീന്‍ പിടിക്കാന്‍ വന്നിരിക്കുന്നു. ഈ മദ്ധ്യവേനലില്‍ കുളം വറ്റിവരണ്ടിരിക്കുമോ എന്തോ..? ഉണ്ടായിരിക്കാന്‍ ഇടയില്ല. ഉണ്ടാകാതിരിക്കട്ടെ..


“മാമനെ മുത്തശ്ശന് കാണണംന്ന്. വീട്ടിലേക്ക് വിളിച്ചോണ്ടു വരാന്‍ പറഞ്ഞു“.
ഒരാഴ്ച മുന്‍പ്, വിദേശത്തു നിന്നു വന്നതിന്‍റെ മൂന്നാം നാള്‍, മുന്തിയ ഇനം തെങ്ങിന്‍ തൈകള്‍ കൃഷിഭവനില്‍ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് ഒന്നന്ന്വേഷിക്കാം എന്ന് കരുതി പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഒരു പത്തുവയസ്സുകാരന്‍ എന്‍റെ മുന്നില്‍ ഓടിക്കിതച്ചു വന്നു.
“ഞാന്‍ തണ്ടാന്‍ നാണുവിന്‍റെ ചെറുമകനാ. മുത്തശ്ശന്‍ കിടപ്പിലാണ്. ഓര്‍മ്മ വന്നപ്പോ മാമനെ അന്ന്വേഷിച്ചു, 
അച്ഛന്‍ പറഞ്ഞു വിട്ടതാ മാമനെ  വിളി ച്ചോണ്ട് വരാന്‍ .”

ഇന്നോ നാളയോ എന്ന് പറഞ്ഞു ഇപ്പോള്‍ മാസം മൂന്നായി നാണുആശാന്‍ ആ കിടപ്പുകിടക്കാന്‍ തുടങ്ങിയിട്ട്. ഒന്ന് പോയി കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. നീട്ടി വെച്ച ആ സമയം ഇപ്പോള്‍ എന്നെ തേടി വന്നിരിക്കുകയാണല്ലോ..
എന്തിനായിക്കും എന്നെ വിളിപ്പിക്കുന്നത് ?. മരണശയ്യയില്‍ കിടക്കുമ്പോള്‍ എന്താണ് ആശാന് എന്നോട് പറയുവാന്‍ ഉള്ളത് ?. സമയം ഒട്ടും നഷ്ടപ്പെടുത്താതെ ബാലനെ ബൈക്കിന്‍റെ പുറകില്‍ ഇരുത്തി ആ യാത്ര ആശാന്‍റെ വീടിനെ ലക്ഷ്യം വെച്ചു..
മരിക്കുന്നതിനു മുന്‍പ് അവസാനത്തെ ആഗ്രഹം ഒരുപക്ഷെ ഒരു ഗ്ലാസ്‌ മദ്യവും ഒരു കെട്ടു ബീഡിയും ആയിരിക്കും. മറ്റാരും അറിയാതെ പണ്ടത്തെപ്പോലെ എത്തിച്ചുകൊടുക്കെണ്ടിവരുമോ, എന്തോ ?
ഏതു കാലത്തും നെല്ലും വൈക്കോലും നാളികേരവും കുന്നുകൂടിക്കിടക്കുന്ന അതിവിശാലമായ ഇന്ന് കളപ്പുര ശൂന്യമാണ്. വിസ്തൃതമായ നെല്‍പ്പാടത്ത് കറ്റമെതിക്കുന്ന പെണ്ണുങ്ങള്‍ടയിലൂടെ കുശലം പറഞ്ഞു നടക്കുന്ന നാണുആശാന്‍റെ ആ പഴയ രൂപം മനസ്സിലേക്ക് കടന്നുവന്നു. വിരിഞ്ഞ മാറില്‍ ഉയര്‍ന്നു നില്‍ക്കുന്ന രോമങ്ങള്‍ക്കിടയില്‍ കഴുത്തിലണിഞ്ഞ നീളമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങുന്നു.

സഹോദരങ്ങളും ഭാര്യമാരും മക്കളും മരുമക്കളും പേരകുട്ടികളും അടങ്ങുന്ന ശബ്ദമുഖരിതമായ ഒരന്തരീക്ഷത്തില്‍ എന്‍റെ വാഹനം ആ വീടിന്‍റെ മുറ്റത്ത് വന്നുനിന്നു. പെട്ടെന്ന് എല്ലാവരും നിശബ്ദരായതുപോലെ, എന്നെ കാത്തുനില്‍ക്കുന്ന ആ കണ്ണുകളില്‍ അജ്ഞാതമായ ഏതോ ഉത്കണ്ഠ നിഴല്‍ വിരിച്ചു കിടക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. നാണുആശാനെ അച്ഛന്‍ എന്ന് വിളിക്കാന്‍ ഭാഗ്യമില്ലാത്ത ഒരുപാട് മക്കള്‍ ഈ ഗ്രാമത്തില്‍ തന്നെയുണ്ട്‌. കേട്ടുകേള്‍വിയാണ്. പിതൃസ്വത്തിന്‍റെ അവകാശം പേറുന്ന മക്കള്‍ പട്ടികയില്‍ ഇനിയും ആരെല്ലാം ഇടം പിടിച്ചിരിക്കുന്നു എന്നറിയണമെങ്കില്‍ ബാങ്കിന്‍റെ ലോക്കറിനകത്തിരിക്കുന്ന മരണപത്രത്തിന്‍റെയും മുദ്രപത്രത്തിന്‍റെയും നൂല്‍ കെട്ടഴിയണം. .
നാണുആശാന്‍റെ ആസന്നമായ മരണം ബന്ധുജനങ്ങളുടെ മുഖത്ത് പരത്തുന്ന ഭീതി കണ്ടപ്പോള്‍ കാലികച്ചവടക്കാരന്‍ രാജേന്ദ്രന്‍റെ മകനിലും ഒരു നിമിഷം തന്‍റെ പിതൃത്വവും ചോദ്യം ചെയ്യപ്പെടുകയാണോ എന്ന ചിന്ത കടന്നുവരാതിരുന്നില്ല.
വീടിന്നകത്തുനിന്നും മൂത്തമകന്‍ സേതുമാധവന്‍ ഇറങ്ങി വന്നു. അതികായനായ ആശാന്‍റെ ശരീരവും ശബ്ദവും കിട്ടിയിരിക്കുന്നത് പട്ടാളക്കാരനായ ഈ മകന് മാത്രമാണ്.
“നാട്ടില്‍ എത്തിയ വിവരം ഇവിടെ ഇന്നാണ് അറിഞ്ഞത്.”
“ഞാന്‍ വന്നീട്ട് മൂന്നു ദിവസം ആയി.”
“അച്ഛന്‍ ഏതാനും ദിവസമായി ഓര്‍മ്മ വരുമ്പോളെല്ലാം അജയനെ തിരക്കുന്നു. വരൂ…..” അയാള്‍ അകത്തേക്ക് ക്ഷണിച്ചു.
മുറിയുടെ വാതില്‍ തുറന്നപ്പോള്‍ അഗര്‍ബത്തിയുടെ രൂക്ഷഗന്ധത്തിനിടയില്‍പ്പോലും മലമൂത്രത്തിന്‍റെ ദുര്‍ഗ്ഗന്ധം മൂക്കിലേക്ക് തുളച്ചുകയറാന്‍ തുടങ്ങി. മുറിയുടെ ഒരു മൂലയില്‍ ഒരു നനഞ്ഞ പഴുന്തുണി എപ്രകാരം ചുരുട്ടി വെച്ചിരിക്കുന്നുവോ അപ്രകാരം ഒരു മനുഷ്യശരീരം മരകട്ടിലില്‍ ചുരുണ്ട് കിടക്കുന്നു . കട്ടിലിനടിയില്‍ ട്യൂബിട്ടുവെച്ചിരിക്കുന്ന ജാര്‍ നിറഞ്ഞ്  മൂത്രം തറയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു.

“അച്ഛാ.. അജയന്‍ വന്നിരിക്കുന്നു.” രണ്ടാമത്തെ വിളിയില്‍ ഒന്ന് ഞെരെങ്ങി വളരെ പണിപ്പെട്ട് ആ വൃദ്ധനയനങ്ങള്‍ മെല്ലെ ഇളകാന്‍ തുടങ്ങി. പാതി ഉയര്‍ത്തിയ കണ്‍പോളകള്‍ക്കിടയിലൂടെ കാഴ്ച്ചയുടെ മിന്നലാട്ടം. ആശാന്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

വലതുകൈ മെല്ലെ ഉയര്‍ത്തി ആശാന്‍ സേതുവിനെ അടുത്തുവിളിച്ചു. ഉയര്‍ത്തിയ കൈകളിലെ ആംഗ്യഭാഷയിലപ്പോള്‍ ആ മകനോടുള്ള ഒരു ആജ്ഞയുണ്ടായിരുന്നു. അര്‍ത്ഥശൂന്യമായ ഒരു നോട്ടം എനിക്ക് നേരെ പായിച്ച് സേതു മുറിയില്‍ നിന്നും പുറത്തു കടന്നു. കതകുകള്‍ അടഞ്ഞു.
എന്‍റെ ഉള്ളില്‍ ഉത്കണ്ഠയുടേയും ആകാംക്ഷയുടേയും നിമിഷങ്ങള്‍.. എന്താണ് സംഭവിക്കാന്‍ പോകുന്നത്? .
ചേര്‍ന്നിരിക്കാന്‍ ആശാന്‍ എന്നോട് ആവശ്യപ്പെടുന്നു. നാണുആശാന് എന്നോട് എന്തോ സംസാരിക്കാന്‍ ഉണ്ട്. ഞാന്‍ കാതുകള്‍ ചേര്‍ത്തുവെച്ചു.
ആ ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി...
“……………മണ്ണിട്ട്‌ മൂടി അതിന് മുകളില്‍ ഞാനൊരു കല്ലെടുത്തു വെച്ചു.”
എനിക്ക് ചോദിക്കാന്‍ ഒരു ചോദ്യം മാത്രം ബാക്കി വെച്ച് ആശാന്‍ ഇവിടെ പറഞ്ഞു നിര്‍ത്തി.
“എവിടെയാണ് ആ കല്ല് ?”
“നരിക്കുഴിയുടെ നടുക്ക്.”


അശാന്തമായ മനസ്സിന് മീതെ സാന്ത്വനത്തിന്‍റെ ഇളം തണുപ്പാര്‍ന്ന തലോടല്‍. പെയ്യാന്‍ മടിച്ച ഒരു മഴമേഘകൂട്ടം അതിവേഗം കടന്നൊളിച്ചു. സ്വയം തിരിച്ചറിയുന്നത് മാത്രമാണ് സത്യം. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ വയല്‍ക്കിളിയുടെ രോദനം കാതില്‍ മുഴങ്ങി. ഉണങ്ങിയ ചുള്ളിമുള്ളുകള്‍ പാദങ്ങളില്‍ വീഴ്ത്തുന്ന മുറിവുകളില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങുന്നു.


ചന്തയില്‍ അടിയുണ്ടാകുന്ന ദിവസങ്ങളില്‍ രാത്രിയില്‍ അമ്മയെ പുണര്‍ന്നുള്ള എന്‍റെ ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണരുന്നത് പലപ്പോഴും മുറ്റത്താരുടെയോ കാല്‍പെരുമാറ്റവും ഉറച്ച ചുമയും കേട്ടുകൊണ്ടായിരിക്കും. മുറിയില്‍ വിളക്ക് തെളിയിച്ച് അമ്മ വാതില്‍ തുറന്നു. വരാന്തയിലെ തിണ്ണയില്‍ ഒരാള്‍ മലര്‍ന്നുകിടക്കുന്നു. പതിവിനു വിപരീതമായി അടുക്കളയില്‍ ഒരാള്‍ക്കായി കരുതിവെച്ച ചോറും കറിയും എടുത്ത് വരാന്തയിലെ ചെറിയ മേശയില്‍വെച്ച് അമ്മ അകത്തേക്ക് തിരിച്ചു നടന്നു. അമ്മയെ പുണര്‍ന്നു അടുത്ത നിദ്രക്കായ് ഞാന്‍ കാത്തുകിടക്കുമ്പോള്‍ അടക്കാത്ത ആ വാതില്‍ പഴുതിലൂടെ പുറത്ത് ആ മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നത് എനിക്ക് കാണാമായിരുന്നു. പിന്നീടെപ്പോഴോ അമ്മയുടെ കൈകള്‍ബന്ധം നഷ്ടമായി മറ്റൊരു ഉറക്കത്തില്‍ നിന്നും വീണ്ടും ഞാന്‍ ഞെട്ടിയുണരുമ്പോള്‍ പുറത്ത് പ്രഭാതത്തിന്‍റെ കിളികൊഞ്ചല്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കും.
ഇന്നലെ രാത്രിയില്‍ ഒരാള്‍ വീട്ടില്‍ വന്നതും അമ്മ ഭക്ഷണം നല്കിയതും ഒരു സ്വപ്നത്തിലെന്നപോല്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ തിരുശേഷിപ്പായി അവശേഷിക്കുന്നത് മുറ്റത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തിണ്ണയില്‍ കാലിയായ ചോറുകിണ്ണവും മാത്രമാണ്. കിണ്ണത്തിനടിയില്‍ നിന്നും കണ്ടെടുക്കുന്ന ഏതാനും നൂറുരൂപാ നോട്ടുകള്‍ എണ്ണി നോക്കുന്ന അമ്മയോട് കരുതിവെച്ച ആ ചോദ്യം ഞാന്‍ ചോദിച്ചു. ആരാണ് അയാള്‍ ?
“നിന്‍റെ അച്ഛന്‍”
ഓര്‍മ്മവെച്ച നാള്‍ മുതല്‍ അച്ഛന്‍റെ സാന്നിധ്യം ഒരാഴ്ചയില്‍ കൂടുതല്‍ എനിക്ക് ലഭിച്ചിട്ടില്ല. എപ്പോഴൊക്കെയോ വീട്ടില്‍ വരുന്നു, എങ്ങോട്ടൊക്കെയോ പോകുന്നു. ഒരിക്കല്‍ പോലും എന്‍റെ മുഖത്ത് നോക്കിയിട്ടില്ല. എന്‍റെ പേര് ചൊല്ലി വിളിച്ചിട്ടില്ല. എന്നെ മടിയില്‍ ഇരുത്തിയിട്ടില്ല. എനിക്കായ് ഒരു മിഠായിപോലും വാങ്ങിതന്നീട്ടില്ല. ഇല്ല..,അച്ഛന്‍ എന്ന് ഇന്നുവരെ ഒരു വ്യക്തിയേയും ഞാന്‍ പേരുചൊല്ലി വിളിച്ചിട്ടില്ല. എങ്കിലും അമ്മ പറഞ്ഞുതന്ന അയാള്‍ എനിക്ക് അച്ഛന്‍തന്നെ. നീ അജയന്‍.., കാലികച്ചവടക്കാരന്‍ രാജേന്ദ്രന്‍റെ മകന്‍.


ചക്രവാളം ചെമ്പട്ടണിയാന്‍ തുടങ്ങുന്നു. നരിക്കുഴിക്ക് ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ഇഞ്ചപ്പുല്‍ക്കാട് ഇപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഇടം പിടിച്ചിരിക്കുന്നു. കുഴിയിലെ നീരുറവയെ കുടിച്ചു തീര്‍ക്കാന്‍ ഈ കൊടിയ വേനലിനും കഴിഞ്ഞീട്ടില്ല. അങ്ങകലെ ഇഞ്ചപ്പുല്‍കാടിന് ചുറ്റും പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു. ലക്ഷ്യത്തിലേക്ക് ഓരോ ചുവടുകള്‍ അടുക്കുന്തോറും അജ്ഞാതമായ ഒരു ഭയം ഒരു വയല്‍ പക്ഷിയുടെ രോദനം പോലെ എന്നെ വിടാതെ പിന്തുടരുന്നു.


സ്ത്രീകള്‍ പോലും വഴിനടക്കാന്‍ ഭയക്കുന്ന, തെമ്മാടിയായ രാജേന്ദ്രനോടുള്ള സമൂഹത്തിന്‍റെ വെറുപ്പ്‌ ഒരു അപ്രഖ്യാപിത ഊരുവിലക്കായ് മകന്‍റെ മേല്‍ നിഴല്‍വിരിച്ചപ്പോള്‍, ഒരു നല്ല കളികൂട്ടുകാരനെ പോലും കൊണ്ടുതരാത്ത ഒരു നഷ്ടബാല്യം എനിക്ക് നേടിത്തന്നു. സ്കൂള്‍ വിട്ടുവരുന്ന സായന്തനങ്ങളില്‍ വേനല്‍പ്പാടങ്ങള്‍ കളിക്കളം തീര്‍ക്കുന്ന പാടവരമ്പുകളില്‍ വെറുമൊരു കാഴ്ച്ചക്കാരനായ് ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ ഒരു നാലു വൃദ്ധന്മാര്‍ക്ക് എന്‍റെ സാഹായം അനിവാര്യമായി. ഒരു ഗ്ലാസ് കള്ളിനും ഷാപ്പില്‍ വെച്ച അല്പം കറിക്കും വേണ്ടിയായിരുന്നില്ല രാജേന്ദ്രന്‍റെ മകന്‍ അവരുടെ ചങ്ങാത്തം സ്വീകരിച്ചത്. മദ്യം അകത്തുചെന്നാല്‍ ഞാന്‍ ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ എന്‍റെ ഗ്രാമത്തിലെ ജനജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ മറയില്ലാത്ത അനുഭവങ്ങളിലൂടെ ഓരോന്നായി അവര്‍ തുറന്നുവെക്കും. അവര്‍ക്കിടയിലൂടെ അവരിലൊരാളായ് ഞാന്‍ നടന്നു നീങ്ങുമ്പോള്‍ പ്രായം ഒരിക്കലും എനിക്കൊരു തടസ്സം ആയിരുന്നില്ല. അവര്‍ക്കും.
“ഹി-ഹി-നാണുവിന്‍റെ ചെരുപ്പ് പുറത്തുകണ്ടപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.”
ഒറ്റ കാതില്‍ കടുക്കനിട്ട തട്ടാന്‍ കുമാരന്‍ ആണ് എപ്പോഴും തുടക്കം കുറിക്കുക. സംസാരത്തിടയില്‍ സ്ഥാനം തെറ്റിയുള്ള ചിരി തട്ടാന്‍റെ ഒരു ശൈലിയായിരുന്നു.

“‘വയറു വീര്‍ത്തപ്പോള്‍ കാര്‍ത്ത്യായനിയുടെ ആങ്ങളമാര്‍ ഓടിയെത്തി. എന്നീട്ടെന്തായി? പഠിച്ചപണി പതിനെട്ടു പയറ്റീട്ടും വിത്ത് നട്ട വിദ്വാന്‍റെ പേര് അവര്‍ക്ക് പറയിപ്പിക്കാനായോ..? ഹി–ഹി.”

ഒളിയമ്പ് നെഞ്ചില്‍ തന്നെ തറച്ചപ്പോള്‍ ഒറ്റവലിക്ക് അവസാന ഗ്ലാസും കാലിയാക്കി നാണുആശാന്‍ എഴുന്നേറ്റു.
“കുഞ്ഞുലക്ഷി വളര്‍ന്നു വല്യ പെണ്ണായിരിക്കുന്നു നാണൂ..” നിശബ്ദനായി നടന്നുപോകുന്ന ആശാനെ നോക്കി ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആശാരി ഗോപാലന്‍ വിളിച്ചുകൂകി.


പിന്നിട്ട ദൂരം ഒന്നുപിന്തിരിഞ്ഞു നോക്കി. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ ആരും തെന്നെയില്ല. തെങ്ങിന്‍ കൂട്ടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഭവനങ്ങളില്‍ വൈദ്യുത ദീപങ്ങള്‍ മിഴിതുറന്നുകഴിഞ്ഞു. അകലെയേതോ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പഗീതം ഒഴുകിയെത്തുന്നുണ്ട്. ഈ അപരിചിതന്‍റെ കാലുകള്‍ക്ക് മുന്നില്‍ നിന്നും ഉരഗവര്‍ഗ്ഗങ്ങളോട് വഴി മാറണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. തോട്ടുവക്കിലെ കൊച്ചു കൈതകൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഭയംപൂണ്ട കുളക്കോഴികള്‍ ഓടിയൊളിക്കുന്നു.


രാജേന്ദ്രന്‍റെ വിത്തില്‍ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ അല്ലേ മകന്‍ അജയനില്‍ അത് പൊട്ടിമുളക്കുകയുള്ളൂ. പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇരുന്നതുകൊണ്ടും പ്രയോജനം ഇല്ല എന്ന് പ്രധാന അദ്ധ്യാപകന്‍ അമ്മയെ വിളിച്ചുപറഞ്ഞപ്പോള്‍ മകനില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന അമ്മയുടെ തുന്നല്‍ മെഷീനിലെ നൂലിഴകള്‍ക്ക് ബലം പോര എന്ന് അമ്മ തിരിച്ചറിഞ്ഞു. കൈത്തണ്ടയില്‍ നിന്നും പിടുത്തം വിടാതെ അമ്മ അന്ന് എന്നെ നേരെ കൊണ്ടുപോയത് കുഞ്ഞിമൊയ്തുവിന്‍റെ കൊപ്രക്കളത്തിലേക്കാണ്. ചിരട്ടയില്‍ നിന്നും വേര്‍പ്പെടുന്ന കൊപ്രയെ ചൂണ്ടി അമ്മ പറഞ്ഞു. 'ഇനി ഇതാണ് നിന്‍റെ ചോറ്.' ചിരട്ടയില്‍ നിന്നും വേര്‍പെടുന്ന കൊപ്രയെക്കാളും എന്‍റെ കണ്ണുകള്‍ അപ്പോള്‍ ഉടക്കി നിന്നത് കളത്തിലേക്ക് തേങ്ങ കയറ്റി വരുന്ന കുഞ്ഞിമൊയ്തുവിന്‍റെ ട്രാക്ടര്‍ വണ്ടിയില്‍ ആയിരുന്നു. വളയം പിടിക്കുന്ന ഡ്രൈവര്‍ അന്തപ്പന്‍റെ കൈകളില്‍ വണ്ടിയുടെ ചലനം ഞാന്‍ ആസ്വദിച്ചു നിന്നു.

കോള്‍ പാടത്തുനിന്നും ഉഴുതുവരുന്ന ട്രാക്ടറിന്‍റെ ചളി കഴുകി കൊടുത്തു. വലിയ കന്നാസ് സൈക്കിളിനു പുറകില്‍ വെച്ചുകെട്ടി പമ്പില്‍ നിന്നും ഡീസെല്‍ എത്തിച്ചുകൊടുത്തു. ആഴ്ചയില്‍ കിട്ടുന്ന കൂലിയില്‍ നിന്നും മിച്ചം പിടിച്ചു ചാരായം കൂടി വാങ്ങികൊടുത്തപ്പോള്‍ ഒടുവില്‍ അന്തപ്പന്‍റെ മനസ്സ് അലിഞ്ഞു.
ഒരു ദിനം വിദേശത്തുനിന്നും വന്ന കൊഞ്ഞുമൊയ്തുവിന്‍റെ മകന്‍ ഷെരീഫ് അന്തപ്പനെ തേടി പാടത്തേക്കു വന്നു. പാടത്തിന്‍റെ കരയിലെ തെങ്ങിന്‍ ചുവട്ടില്‍ മദ്യമയക്കത്തില്‍ അന്തപ്പന്‍ ചുരുണ്ടു കിടക്കുമ്പോള്‍ അങ്ങകലെ അവരുടെ ട്രാക്ടര്‍ കണ്ടങ്ങള്‍ ഓരോന്നായ് ഉഴുതു മറിക്കുകയായിരുന്നു.
മുതലാളിയെ കണ്ട് ഞാന്‍ ട്രാക്ടര്‍ നിര്‍ത്തി താഴെയിറങ്ങി. ഒരു ക്ഷമാപണം നാവില്‍ മടിച്ചു നില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ ഒരു അഞ്ഞൂറ് രൂപ നോട്ടെടുത്ത് എന്‍റെ കൈയ്യില്‍ വെച്ചുതന്ന് ഷെരീഫ്  പറഞ്ഞു. “ഒരു പാസ്സ്പോര്‍ട്ട് എടുത്തു വെക്കൂ, എത്രയും വേഗം.”


യാത്രയുടെ തുടക്കത്തില്‍ വെളുത്തപുകച്ചുരുള്‍ കൂട്ടങ്ങള്‍ കൊണ്ടുവന്ന കരിയുന്ന മനുഷ്യമാംസത്തിന്‍റെ രൂക്ഷഗന്ധം നാസികയെ വീണ്ടും തൊട്ടുണര്‍ത്തിയപ്പോള്‍ നാണുആശാന്‍ ഒരിക്കല്‍ കൂടി എന്‍റെ കാതില്‍ മന്ത്രിക്കുന്നു. “……………മണ്ണിട്ട്‌ മൂടി അതിന് മുകളില്‍ ഞാനൊരു കല്ലെടുത്തു വെച്ചു.”


പൊള്ളാച്ചിയില്‍ നിന്ന് പശുക്കളേയും അറവു മാടുകളെയും കയറ്റി വരുന്ന ലോറിയില്‍ തലയില്‍ തോര്‍ത്തുമുണ്ട് ചുറ്റി ചുണ്ടില്‍ ബീഡിയും കടിച്ചുപിടിച്ചിരിക്കുന്ന രാജേന്ദ്രന്‍ എന്ന എന്‍റെ അച്ഛന്‍റെ ചിത്രം ഒരഞ്ചാം ക്ലാസുകാരന്‍റെ അവ്യക്തമായ ഓര്‍മ്മകളില്‍ ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്.

ചന്തയില്‍ മദ്യപിച്ചു അടിയുണ്ടാക്കിയ രാജേന്ദ്രനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച വാര്‍ത്ത മീന്‍കാരി സരസുവാണ് അമ്മയുടെ കാതില്‍ എത്തിച്ചത്. അന്നുരാത്രിയും പതിവുപോലെ അച്ഛന്‍ വീട്ടില്‍ വന്നു. തിണ്ണയില്‍ കിടന്നുറങ്ങി. പുലരും മുന്‍പേ എഴുന്നേറ്റു പോകുകയും ചെയ്തു. പിന്നീട് ഇന്നുവരെ ഞാന്‍ എന്‍റെ അച്ഛനെ കണ്ടീട്ടില്ല., അമ്മയും. എത്തിപ്പെടുന്ന ദേശങ്ങളില്‍ അന്തിക്കൂട്ടിനു ഭവനങ്ങള്‍ കണ്ടെത്തിയിരുന്ന അച്ഛന്‍റെ തിരിച്ചുവരവ്‌ എന്‍റെ അമ്മയും ആഗ്രഹിച്ചു കാണില്ല.
ആഴ്ച രണ്ടു കഴിഞ്ഞതിനു ശേഷം വീണ്ടും മീന്‍കാരി സരസു അമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ കഴിഞ്ഞ സംഭവത്തിന്‍റെ തുടര്‍ച്ചയാണ് അവര്‍ക്ക് അമ്മയോട് കൈമാറുവാന്‍ ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ രാജേന്ദ്രന്‍ നേരെ അവതരിച്ചത് കാര്‍ത്ത്യയനിയുടെ കൂരയുടെ മുമ്പില്‍ ആയിരുന്നു. അന്നോളം അപരിചിതമായ അച്ഛന്‍റെ വിശ്വരൂപം കണ്ട് അന്ന് നാട് ഞെട്ടിവിറച്ചു.

“നാളെ ഞാന്‍ വരും ഈ നേരത്ത്. മോളേ എന്‍റെ കൂടെ ഇറക്കി വിട്ടോണം. അനുവാദം  ചോദിക്കാന്‍ അവള്‍ക്ക് തന്തയൊന്നുമില്ലല്ലോ.? വിട്ടില്ലങ്കില്‍ അമ്മയേയും മോളെയും ഈ കൂരയിലിട്ടു കത്തിക്കും.., രാജേന്ദ്രനാ പറയുന്നത്.”


രക്തചാലു വീഴ്ത്തി ചക്രവാള സൂര്യന്‍ ഇരുളിന്‍റെ ദുഃഖകയത്തിലേക്ക് നൂഴ്ന്നിറങ്ങുന്നു. കണ്ണീരില്‍ നനയാന്‍ ആകാശത്ത് ഒരു മഴമേഘം പോലും കാണുന്നില്ല. എന്‍റെ യാത്ര ഇവിടെ അവസാനിക്കുന്നു. പാടമദ്ധ്യത്തില്‍ ഇഞ്ചപ്പുല്‍കൂട്ടത്താല്‍ ചുറ്റപ്പെട്ട വറ്റി വരണ്ടു കിടക്കുന്ന നരിക്കുഴി. ചുറ്റും ഒന്നു കണ്ണോടിച്ചു. ഇവിടെ എവിടെയാണ് നാണുആശാന്‍ എടുത്തു വെച്ച ആ വലിയ കല്ല്‌? കണ്ണുകള്‍ ആ വലിയ കുളത്തിന്‍റെ മുക്കിലും മൂലയിലും തിരഞ്ഞു. പ്രതീക്ഷയുടെ ഒരു തരിമ്പുപോലും അവശേഷിക്കുന്നില്ല, എങ്കിലും അവസാന നിമിഷത്തില്‍ പോലും നാണുആശാന്‍റെ വാക്കുകളെ വെറും വാക്കായി തള്ളിക്കളയാന്‍ എന്തോ മനസ്സനുവദിക്കുന്നില്ല. ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നു പോലെ.., ഇവിടെ എവിടെയോ ആ കല്ല്‌ ഉണ്ട്.


കട്ടവിണ്ടു കിടക്കുന്ന കുഴിയുടെ ഒത്ത മദ്ധ്യത്തില്‍ അല്പം ജലസാന്നിധ്യം അറിയിച്ചു കൊണ്ട് ചളികെട്ടിക്കിടക്കുന്നു. അതിനു ചുറ്റും ഏതാനും ചേരക്കൊഴികള്‍ കൂടണയും മുന്‍പേ വിശപ്പകറ്റാനുള്ള കാത്തിരിപ്പിലാണ്. പാദങ്ങള്‍ അമരുമ്പോള്‍ താഴ്ന്നുപോകുന്ന കട്ടകളില്‍ മെല്ലെ ചവിട്ടി ഞാന്‍ കുഴിയുടെ മദ്ധ്യത്തിലേക്ക് നടന്നു. ചേരക്കോഴികള്‍ ചിറകടിച്ചുയര്‍ന്നു.
ചതുപ്പിന്‍റെ ആഴം കൂടുന്നു. കാലുകള്‍ മുട്ടോളം ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങി. ഇനി എവിടെയാണ് ഞാന്‍ തിരയേണ്ടത് ? എന്‍റെ പ്രതീക്ഷയും അസ്തമിക്കുകയാണോ..? അന്തിയില്‍ ചേക്കേറുന്ന പക്ഷികൂട്ടങ്ങള്‍ തലക്ക് മുകളിലൂടെ പറന്നുനീങ്ങുന്നു. തിരിച്ചു നടക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്. യാത്രയുടെ തുടക്കം മുതല്‍ എന്നെ പിന്തുടര്‍ന്ന പേരറിയാത്ത ആ വയല്‍ പക്ഷിയുടെ കരച്ചില്‍ ഇപ്പോള്‍ എനിക്ക് ഉച്ചത്തില്‍ കേള്‍ക്കാം. ഈ പക്ഷിക്ക് ഇതെന്തുപറ്റി.? നിനക്കും കൂടണയേണ്ടേ. ?

എന്‍റെ കണ്ണുകള്‍ക്ക് ആശ്ച്ചര്യമേകി തലയ്ക്കു മുകളില്‍ വട്ടമിട്ടു പറന്നിരുന്ന ആ പക്ഷി ചെളികെട്ടികിടക്കുന്ന ജലപാടക്ക് മീതെ പറന്നിറങ്ങി..  വെള്ളത്തിനു 
മീതെ ആ പക്ഷിക്ക് ഇരിക്കാന്‍ കഴിയുന്നതെങ്ങിനെ?

അവിശ്വസനീയമായ ആ കാഴ്ചയില്‍ എന്‍റെ നെഞ്ചൊന്നു പിടഞ്ഞു. ചെളിയുടെ ആഴം വകവെക്കാതെ എന്‍റെ കാലുകള്‍ മുന്നോട്ട് നീങ്ങി. വയല്‍ക്കിളി ചിറകടിച്ചകന്നു. ചെളിയില്‍ താഴ്‌ന്നുകിടക്കുന്ന വലിയ ഒരു പാറകഷ്ണത്തിന്‍റെ അഗ്രഭാഗം ഇനിക്കിപ്പോള്‍ ദൃശ്യമാണ്.


ഇതാണ് ആ കല്ല്‌. നാണുആശാന്‍ മുകളില്‍ എടുത്തുവെച്ച ആ കല്ല്‌. എന്‍റെ കൈകാലുകള്‍ തളരുന്നു. തൊണ്ട വരളുന്നു. ചുട്ടുപൊള്ളുന്ന ദേഹം വിയര്‍പ്പുതുള്ളികള്‍ കൊണ്ട് നിറയുന്നു. പടിഞ്ഞാറ് ചക്രവാളത്തില്‍ തിളങ്ങുന്ന ശുക്രനക്ഷത്രത്തെ സാക്ഷിനിര്‍ത്തി വിറയാര്‍ന്ന വിരലുകള്‍ നീട്ടി വലതു കരതലം ഞാന്‍ ആ പാറയുടെ മുകളില്‍ വെച്ചു. ജനിമൃതികളില്‍ വേരറ്റ ബീജാക്ഷരത്തിന്‍റെ രേണുക്കള്‍ വിരല്‍ തുമ്പിലൂടെ പടര്‍ന്നുകയറി ശരീരത്തിന്‍റെ ഓരോ അണുവിലും തൊട്ടുണര്‍ത്തുന്നു. ഇനി എനിക്ക് തിരിച്ചു നടക്കാം...
***************************************************












modhan kattoor



--------------------------

Sunday, July 19, 2015

കിളി വിലാപം




കൂട്ടിലടച്ചിട്ടതെന്തിനെന്നെ, നിന്നെ-
കേട്ടുപഠിച്ചതേറ്റു ചൊല്ലുവാനോ .?

കൊച്ചുമരപൊത്തില്‍ നഞ്ചുപൈതങ്ങള്‍ തന്‍-
കൂട്ടകരച്ചിലെന്‍ കാതില്‍ മുഴങ്ങുന്നു.

വിട്ടയക്കുമോ ഈ കൂട്ടില്‍ നിന്നെന്നെ നീ -
ആ ചെങ്കദളിക്കുല ഞാന്‍ കൊത്തിപ്പറിക്കട്ടെ.

എങ്കിലും എനിക്കിന്നു പറക്കുവാനാകുമോ-
എന്‍ പൂഞ്ചിറകില്‍ നിന്നും ചോര കിനിയവേ.

Saturday, August 9, 2014

ഒരു റോസാ ദളം പോലെ . ...



ഓടുന്ന ഇളമുറക്കാര്‍ക്ക് ഒപ്പമെത്താന്‍ കഴിയില്ലെങ്കിലും ഇനി നിന്നാല്‍ ഞാന്‍ ഒരുപാട് പുറകിലായ് മാറും. ഒരു തൊഴില്‍ രഹിതന്‍റെ പരക്കംപാച്ചിലില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തത തിരിച്ചറിഞ്ഞ കാലം...

അങ്ങിനെ കമ്പ്യൂട്ടറിന്‍റെ ബാലപാഠം പഠിക്കാന്‍ ഒരു ഡെസ്ക്ടോപ്പ്ന്‍റെ മുന്നില്‍ ഇരുന്നു .
ഒരു പ്ലസ്‌-ടു വിദ്യാര്‍ത്ഥിനി, അവള്‍ ആയിരുന്നു എന്‍റെ ട്യുട്ടര്‍.
സംശയങ്ങള്‍ എങ്ങിനെ ചോദിക്കും എന്നതായിരുന്നില്ല ഈ കൊച്ചു കുട്ടിയെ എങ്ങിനെ ഞാന്‍ ടീച്ചര്‍ എന്ന് വിളിക്കും എന്നതായിരുന്നു അപ്പോള്‍ എന്‍റെ ചിന്തകളില്‍.

അവള്‍ സ്വയം പരിചയപ്പെടുത്തി.

“ആറാട്ട്പുഴ ! “

“അതെ ആറാട്ടുപുഴ, അതാണ് എന്‍റെ ഗ്രാമം, എന്താ അറിയോ?” അവള്‍ ചോദിച്ചൂ.

“പിന്നെ.., ഒരു തവണ ഞാന്‍ അവിടെ വന്നിട്ടുണ്ട് പൂരം കാണാന്‍ , ഇപ്പോഴല്ല-ട്ടോ , ഒരു പത്ത് വര്‍ഷം മുന്‍പ്”.

“ഉവോ..”!! ?

“അവിടെയടുത്ത് എനിക്ക് നല്ല അടുപ്പമുള്ള ഒരു വീടുണ്ട്.”

“അവിടെ എവിടെയാണ്.?” അവള്‍ക്കു കൌതുകം.

“അമ്പലത്തിന്‍റെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ കുറച്ചുദൂരം പോയാല്‍ ഒരു പാടത്തിന്‍റെ കരയില്‍, ചെറിയൊരു ഓടു വീട്, അവിടെ ഒരു അമ്മയും മകളും തനിച്ച് ആയിരുന്നു. മകളെ അമ്മു എന്നാണ് വിളിച്ചിരുന്നത്‌.”

“അമ്മുവിനെ അറിയുമോ?” അവളുടെ കണ്ണുകളില്‍ ആകാംക്ഷ.

“പിന്നെ....., അന്ന് ആറാട്ടുപുഴ പൂരമായിരുന്നു. ഒരു പൂര കാഴ്ചയുടെ എല്ലാ സൗന്ദര്യവും സന്തോഷവും നഷ്ടപ്പെടുത്തികൊണ്ട് ആ രാത്രിയില്‍ പൂരപ്പാടത്ത് നിന്നും ഒരു കൊച്ചു സ്വര്‍ണമാല കളഞ്ഞുകിട്ടി. മാല എന്തുചെയ്യണമെന്നറിയാതെ നേരം വെളുക്കുന്നതുവരെ നേരം ഞാന്‍ ആ പൂരപ്പാടത്ത് അലഞ്ഞുനടന്നു. അപ്പോഴെല്ലാം നഷ്ടപെട്ട വേദനയില്‍ എവിടെയോ തേങ്ങുന്ന ഒരു മനസ്സ് എന്‍റെ കൈ വെള്ളയില്‍ കിടന്നു പിടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു കൊച്ചു പെണ്‍കുട്ടി. ആളൊഴിഞ്ഞ പൂരപ്പാടം മുഴുവന്‍ നഷ്ടപെട്ട എന്തിനോ വേണ്ടി അവള്‍ കരഞ്ഞുകൊണ്ട് ഓടിനടക്കുന്നു. കൈകുമ്പിളില്‍ കണ്ട സത്യം വിശ്വസിക്കാനാകാതെ ഇരു കൈകള്‍ കൊണ്ടും മുഖം പൊത്തിപ്പിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. നന്ദിയായി അവളുടെ അമ്മയില്‍ നിന്നും അന്ന് ഞാന്‍ കുടിച്ച ഒരു കട്ടന്‍ ചായയുടെ മധുരിക്കുന്ന ഒരു ഓര്‍മ്മ ഇന്നും എന്‍റെ നാവിലുണ്ട്".

എന്‍റെ കൊച്ചു ടീച്ചര്‍ നിശബ്ദയായിരുന്നു. മോണിറ്ററില്‍ നിന്നും ഞാന്‍ മുഖമുയര്‍ത്തി.

എന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു ആ കവിളുകള്‍ തുടുത്തിരുന്നു.. ഒരു റോസാ ദളം പോലെ . ...

Friday, July 11, 2014

ടിപ്പു



ടിപ്പു എന്നായിരുന്നു അവന്‍റെ പേര്. കൊച്ചുമോന്‍ വെല്ലിശ്യന്‍റെ വളര്‍ത്തുനായ. കഴുത്തില്‍ ബെല്‍റ്റും ചങ്ങലയും ഇല്ലാത്തതിനാലും യജമാനന്‍ കൃത്യമായി ഭക്ഷണം നല്‍കാത്തതിനാലും ചുറ്റുവട്ടത്തുള്ള ഞങ്ങള്‍ അഞ്ചു വീടുകളുടെ സംരക്ഷണം അവന് ഏറ്റെടുക്കേണ്ടി വന്നു. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും രാത്രിയില്‍ അടുക്കളവാതിലിനുമുന്നില്‍ അവന്‍ പ്രത്യക്ഷപ്പെടും. എത്ര അസമയത്തായാലും രാത്രി അവന് വേണ്ടി നീക്കിവെച്ച ഒരു ഉരുള ചോറുമായി അച്ഛന്‍ ഉറക്കെ വിളിക്കും. ഡാ.......

നിമിഷങ്ങള്‍ക്കകം ഇരുട്ടില്‍ ഒരു അനക്കം കേള്‍ക്കാം. എങ്ങുനിന്നോ ഓടിക്കിതച്ചു അവന്‍ എത്തിയിരിക്കുന്നു. ചവിട്ടുപ്പടിയില്‍ ചോറുരുള വെച്ച് അച്ഛന്‍ കൈകഴുമ്പോള്‍ അല്പം മാറി അവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി അനുസരണയോടെ ഇരിക്കും. ആ ഒരുരുളചോറ് കഴിക്കുന്നതിന് അവന് അച്ഛന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. സെക്കന്റുകള്‍ക്ക് മണിക്കൂറുകളെക്കാള്‍ സമയദൈര്‍ഘ്യം ഉണ്ടെന്ന് അപ്പോള്‍ അവന്‍ തിരിച്ചറിയുന്നുണ്ടാകും. ഒടുവില്‍ അച്ചന്‍റെ ആ മൂളല്‍ ലഭിച്ചു . ഉരുള ചോറ് അകത്താക്കി നന്ദിയോടെ അവന്‍ വാല് ഇളക്കി. വിശപ്പ്‌മാറിയില്ല എങ്കില്‍ അമ്മ ഭക്ഷണബാക്കി നിക്ഷേപിക്കുന്ന പാത്രം ഒന്നു പരിശോധിച്ച് ശേഷം അവന്‍ ഇരുട്ടിലേക്ക് മറയും.

ഓര്‍മ്മയിലെ കുട്ടിക്കാലത്ത് ഒരു ഓലക്കുടില്‍ ആയിരുന്നു എന്‍റെ വീട്. പകല്‍ അമ്മ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ അന്ന് ഒരിക്കല്‍ പോലും വീടിന്‍റെ അകത്തു കയറാത്ത അവന്‍ ഒരു ധിക്കാരിയെപ്പോലെ അകത്തു കയറി, വീടിന്‍റെ ഒരു മൂലയില്‍ ചുരുണ്ട് കൂടി. ഇതെന്തുപറ്റിപറ്റി ? അമ്മക്ക് അത്ഭുതം . വണ്ടി തട്ടിയോ ? വയ്യായ വല്ലതും ഉണ്ടോ ? കള്ളുകുടിച്ചപ്പോള്‍ വെല്ലിശ്യന്‍റെ കൈയ്യില്‍നിന്നും അടികിട്ടിയോ ? അമ്മ അവനോട് ചോദിച്ചു കൊണ്ടേയിരുന്നു .ഇരുകാലുകള്‍ക്കിടിയിലേക്ക് തല വളച്ചുവെച്ച് അവന്‍ കൂടുതല്‍ ചുരുണ്ടു. അച്ഛന്‍ വന്നു കണ്ടപ്പോള്‍ കാരണം പറഞ്ഞു.“അതിന് തിന്നത് ദഹിക്കാതെയാകും . കുറച്ച് കഴിയുമ്പോള്‍ എഴുന്നേറ്റു പൊയ്ക്കോളും”.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഓടിക്കിതച്ചുവന്ന എനിക്ക് അന്ന് അമ്മയോട് പറയാന്‍ പുതിയ കൌതുകകരമായ ഒരു വാര്‍ത്ത ഉണ്ടായിരുന്നു.
പഞ്ചായത്തിലെ പട്ടികളെ പിടിക്കുന്നആളെ ഞാന്‍ കണ്ടു. ഒരു പട്ടിയെ പിടിച്ചു കൊന്നു കൊടുത്താല്‍ അയാള്‍ക്ക് പത്ത് രൂപ കിട്ടും. പട്ടിയെ പിടിച്ചു കൊന്നു എന്നതിന് തെളിവായി അയാള്‍ പട്ടിയുടെ വാല്‍ പഞ്ചായത്തില്‍ കാണിക്കണം. അമ്മ പറഞ്ഞു ."വെറുതെയല്ല ഇവിടെ ഒരാള്‍ വന്നു ഒളിച്ചിരിക്കുന്നത്"
ആര് ?
ടിപ്പു.

കിലോമീറ്ററുകള്‍ക്കപ്പുറം മരണദൂതുമായ്‌ ഒരാള്‍ വന്നിറങ്ങിയ വിവരം ടിപ്പു എങ്ങിനെ അറിഞ്ഞു എന്നായിരുന്നു എന്‍റെ കൊച്ചു ചിന്തകളില്‍ അന്ന് ഇടം പിടിച്ചത്?

പിന്നീട് ഒരിക്കല്‍കൂടി അകത്ത് അതേസ്ഥലത്ത് ഭക്ഷണംപോലും ഉപേക്ഷിച്ച് അവന്‍ ചുരുണ്ടുകൂടി. അന്ന് എന്‍റെ അമ്മ മരണപ്പെട്ട ദിവസമായിരുന്നു.

തീര്‍ന്നില്ല. മറ്റൊരു ദിവസം സ്കൂള്‍വിട്ട് വീട്ടില്‍എത്തിയശേഷം കളിപ്പറമ്പിലേക്കുള്ള എന്‍റെ ഓട്ടം പെട്ടെന്ന് അവസാനിപ്പിച്ചത് സ്ത്രീകളും കുട്ടികളും അലമുറയിടുന്നത് കേട്ടുകൊണ്ടായിരുന്നു. സ്ത്രീകള്‍ പതിവായി വെള്ളം പിടിക്കുന്ന പഞ്ചായത്ത് പൈപ്പിന്‍റെ അരികില്‍ വട്ടം കൂടിനിന്ന് അവര്‍ അടുത്തുള്ള പുരുഷന്മാരോടായി ഓടിവരണേ, ഓടിവരണേ എന്നു ഉറക്കെ വിളിച്ചു കൂവുന്നു. അടുത്തേക്ക്‌ പോകണ്ടാ എന്ന മുന്നറിയിപ്പ് ലംഘിച്ച് ഞാനാകാഴ്ച കണ്ടു.

നല്ലൊരു പുല്ലാനി മൂര്‍ഖനുമായി ടിപ്പു ഘോരയുദ്ധത്തിലാണ്. എത്ര നേരമായി ഇത് തുടങ്ങിയിട്ട് എന്നറിയില്ല. കാലുകള്‍കൊണ്ട് അടിച്ചും ഇടക്ക് വാലില്‍ കടിച്ചു കുടഞ്ഞും ടിപ്പു പാമ്പിനെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. പാമ്പിന്‍റെ ദേഹം മുറിഞ്ഞ് രക്തം പൊടിയുന്നുണ്ട്. ചെറുത്തു നില്പിന്‍റെ ഭാഗമായ് പത്തി വിടര്‍ത്തി പാമ്പ്‌ ടിപ്പുവിനെ തലങ്ങും വിലങ്ങും കൊത്തുവാന്‍ ശ്രമിക്കുന്നു. പലപ്പോഴും അവന്‍ നല്ലവണ്ണം ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും ഇടക്ക് കൊത്തേറ്റ ശരീര ഭാഗം അവന്‍ നക്കിത്തുടയ്ക്കുന്നുണ്ടായിരുന്നു. ഭയം എല്ലാവരേയും വെറും കാഴ്ചക്കാരായ് മാറ്റി. വിവരമറിഞ്ഞ് കൊച്ചുമോന്‍ വെല്ലിശ്ശ്യന്‍ മദ്യമയക്കത്തില്‍നിന്നും ഓടിക്കിതച്ചെത്തി . “ മോനെ.. വേണ്ടാ....” എന്ന് പറഞ്ഞു മുന്നോട്ടു അടുക്കുന്നതിനു മുന്‍പേ ടിപ്പു പാമ്പിന്‍റെ വാലില്‍ കടിച്ചു വട്ടം ചുഴറ്റി തല നിലത്തടിച്ചു. തല തകര്‍ന്നു പാമ്പിന്‍റെ വായില്‍ നിന്നും രക്തം പുറത്തേക്ക് ചാടി

വാലില്‍ അവശേഷിക്കുന്ന ജീവന്‍റെ ചലനം നിലക്കുന്നതും കാത്ത് പാമ്പിനരികെ അവന്‍ കാവല്‍ ഇരുന്നു. അപ്പോഴും, കിതച്ചുകൊണ്ട് പുറത്തേക്ക് നീട്ടിയ അവന്‍റെ നാവില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.

ആരോ കൊണ്ടുവന്ന വെള്ളംപാത്രം വെല്ലിശ്ശ്യന്‍ അവന്‍റെ മുന്നില്‍വെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

'കുടിക്കടാ മോനെ'..

മുന്നില്‍ കൊണ്ടുവെച്ച വെള്ളം അവന്‍ കണ്ട ഭാവം പോലും കാണിച്ചില്ല.

'കുടിക്കടാ'.. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ തന്‍റെ യജമാനന്‍റെ മുഖത്തു നോക്കി ആദ്യമായി അവന്‍ കുരച്ചു. അവസാനമായും...

ഇമവെട്ടാതെ ദൃഷ്ടി യജമാനനില്‍ ഉറപ്പിച്ചുനിര്‍ത്തി മെല്ലെ മണ്ണില്‍ തല ചേര്‍ത്തുവെച്ചു കാലുകള്‍ നീട്ടി അവന്‍ കിടന്നു. കിതപ്പിന്‍റെ വേഗത കുറഞ്ഞുകുറഞ്ഞു വരുമ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ കണ്ടു നിന്നവര്‍ വിതുമ്പുന്നുണ്ടായിരുന്നു.
—

Friday, June 27, 2014

ദേശസ്നേഹത്തിന്‍റെ കാണാപ്പുറങ്ങള്‍...


സ്റ്റേറ്റഡിയത്തില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. മറ്റ് ഒരു മത്സരത്തിനും നല്‍കാത്ത പ്രാധാന്യം നല്‍കി നിങ്ങളിലോരാളെപ്പോലെ ഞാനും ഈ മത്സരം വീക്ഷിക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ ഇപ്പോള്‍ കളി ടിവി യില്‍ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സ്വീകരണ മുറിയില്‍ ഇരുന്നു കൊണ്ടാകാം അല്ലെങ്കില്‍ നെറ്റില്‍ ആകാം. ചിലപ്പോള്‍ നിങ്ങള്‍ കോഫീ ഷോപ്പിലോ ക്ലബ്ബിലോ ഇരുന്ന് കൂട്ടുകാരോടൊപ്പം ആകാം. എന്നാല്‍ ഒരു പ്രവാസിയായ ഞാന്‍ ഈ കളി കാണുന്നത് സൂക്കിനുള്ളിലെ വലിയ ടിവി ഷോറൂമിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ പ്രോജെക്ടര്‍ സ്ക്രീനില്‍ നിന്നാണ്. എന്നോടൊപ്പം വിവിധഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ കൂട്ടമായി ഒരു ഭാഗത്തും വലിയ ജുബ്ബ ധരിച്ച് താടി നീട്ടി വളര്‍ത്തിയ പഠാണികള്‍ മറു ഭാഗത്തും നിന്നു കൊണ്ട് കളി കണ്ടുകൊണ്ട് നില്‍ക്കുന്നു. സമാനമായി സ്റ്റേറ്റഡിയത്തിനകത്ത് ഇരു രാജ്യങ്ങളുടെയും ആരാധകര്‍ ചമയങ്ങളിലും വേഷങ്ങളിലും ദേശസ്നേഹം പുറത്തെടുത്തുകൊണ്ട് അവരവരുടെ ദേശീയപതാക ഉയത്തിപ്പിടിച്ചു കളിയുടെ ആവേശം പങ്കുവെക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്കളി അതിന്‍റെ അന്ത്യത്തിലേക്ക് അടുക്കുകയാണ്.

ഒന്ന്‍ പറയാന്‍ വിട്ടുപോയി. എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ പഠാണിയോടൊപ്പം ആണ് ഞാന്‍ ഈ കളി കാണാന്‍ വന്നുനില്‍ക്കുന്നത്. "ഇന്ന് നമ്മളുടെ കളി ഉണ്ട്" എന്ന് പറഞ്ഞ് അവനാണ് എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്.

ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാന ബോള്‍ ബൌണ്ടറിയിലേക്ക് പായിച്ചു ഇന്ത്യന്‍ കളിക്കാര്‍ വിജയം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി. അണപൊട്ടിയ ആഹ്ലാദം ഗാലറിയില്‍ ആര്‍ത്തിരമ്പി. ഇന്ത്യന്‍കളിക്കാര്‍ രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് മൈതാനം വലം വെച്ച്ആരാധകരുടെ ആഹ്ലാദത്തെ കൊടുമുടിയില്‍ എത്തിക്കുന്നു. ഈ വിജയ ആരവങ്ങള്‍ക്കിടയിലൂടെ പരാജയം സംഭവിച്ചകനത്ത ദുഃഖത്തില്‍ കുനിഞ്ഞ ശിരസ്സുമായ്‌ പാക് ടീം മൈതാനം വിടുമ്പോള്‍, ഇവിടെ വലിയ സ്ക്രീനിനു മുന്നില്‍ നിന്നും നിരാശരായ പഠാണികള്‍ നിശബ്ദരായി പിരിഞ്ഞു പോകുന്നു. പ്രദര്‍ശനം അവസാനിപ്പിച്ചുകൊണ്ട് കടയുടെ സെയില്‍സ്മാന്‍ പ്രോജെക്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്തു.

മടക്ക യാത്രയില്‍ സുഹൃത്ത് പഠാണി ഏറെ നേരം നിശബ്ദനായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടതിലുള്ള ദുഃഖം ആ മുഖത്തും വിജയിയായതിലുള്ള സന്തോഷം എന്‍റെ മുഖത്തും മായാതെ കിടക്കുന്നു. ആ മൌനത്തിന്‍റെ കാരണം പരാജയപ്പെട്ടവന്‍റെ ദുഃഖം ആയിരുന്നു എന്ന എന്‍റെ മുന്‍വിധിയെ പാടെ തിരുത്തികൊണ്ട്‌ അവന്‍ മൌനംവെടിഞ്ഞു.

“ മത്സരത്തില്‍ പരാജയപ്പെടുത്തുമ്പോള്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചാണോആഹ്ലാദം പ്രകടിപ്പിക്കേണ്ടത്? ”

“പാക്കിസ്ഥാന്‍ജയിക്കുമായിരുന്നുവെങ്കില്‍ഇങ്ങനെതന്നെസംഭവിക്കുമായിരുന്നില്ലേ? ” ഞാന്‍ തിരിച്ചു ചോദിച്ചു.

“ തീര്‍ച്ചയായും . അപ്പോഴും എന്‍റെ ചോദ്യം ഇതുതന്നെയായിരിക്കും“. ആ മറുപടിയോടൊപ്പം ഒരു സലാം കൂടി നല്‍കി അവന്‍ എന്നെ വീട്ടില്‍ തിരിച്ചിറക്കി.

നിദ്ര നഷ്ടമായ ഒരു രാത്രി സമ്മാനിച്ച സുഹൃത്ത് പഠാണിയുടെ ചോദ്യം കാതുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉത്തരം തിരഞ്ഞുള്ള ചെറിയൊരു അന്ന്വേഷണം കൂടി നിങ്ങളോട് പങ്കുവെച്ച് ഈ ലേഖനം ഞാന്‍ അവസാനിപ്പിക്കാം.

ഒരു കളി ആരംഭിക്കുന്നത് രണ്ട് നല്ല സൌഹൃദത്തില്‍ നിന്നാണ്. കളിയില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നു എങ്കില്‍ അതിനെ മത്സരം എന്ന് പറയുന്നു. ശത്രുക്കളായ രണ്ടു പേര്‍ക്ക് ഒരിക്കലും കളിയില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അഥവാ രണ്ടു പേര്‍ മത്സരിക്കുമ്പോള്‍ അവര്‍ ശത്രുക്കള്‍ ആണെങ്കില്‍ അവിടെ ജയപരാജയങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിനെയാണ് യുദ്ധം എന്ന് പറയുന്നത്. യുദ്ധം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ ശത്രുവിനെ പരാജപ്പെടുത്തി വിജയി രാജ്യത്തിന്‍റെ മുഴുവന്‍ വികാരവും പ്രതിഫലിപ്പിക്കുന്ന ദേശീയ പതാക ഉയര്‍ത്തി വിജയം പ്രഖാപിക്കുന്നു.

ക്രിക്കറ്റ് ഒരു ഗെയിം ആണ്. അതില്‍ ജയവും പരാജയവും സംഭവിക്കാം. പരാജയപ്പെടുത്തി വിജയി രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പരാജയപ്പെടുത്തുന്നത് ഒരു രാജ്യത്തെയാണ് എന്ന വികാരം വിജയിക്കും പരാജിതനും ഒരേ പോലെ കൊണ്ടുവരുന്നു. കാലങ്ങളായി ശത്രുഭാവത്തില്‍ നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ഒരു മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയത്തില്‍ കവിഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ കളിക്കുവാനും കളി കാണുവാനുമുള്ള അതിയായ ആവേശം ക്രിക്കറ്റ് ഗെയിം എന്നതിനേക്കാള്‍ ഉപരി തോല്‍വി അര്‍ഹിക്കാത്ത ഒരു ജനതയുടെ ദേശസ്നേഹം കൂടിയാണ്. ഒരു മത്സരത്തിലും പുറത്തെടുക്കാത്തെ പോരാട്ട വീര്യം കളിക്കാരനിലും അതേ ആവേശം കാണികളിലും ഉണ്ടാകുന്നതും അതേ ദേശസ്നേഹത്തില്‍ നിന്നുതന്നെ. യുദ്ധത്തിന് സമാനമായ അന്തരീക്ഷം കളിക്കളത്തില്‍ രൂപപ്പെടുന്നു. ആ യുദ്ധം സംഭവിക്കുന്നതാകട്ടെ രാജ്യസ്നേഹമുള്ള മനസ്സുകളിലും.


വിജയി അവന്‍റെ ദേശീയ പതാക ഉയര്‍ത്തി വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടവന് തോല്‍വി സംഭവിച്ച ദുഃഖത്തോടൊപ്പം അപമാനിക്കപ്പെട്ടതിന്‍റെ മുറിവ് കൂടി അവന്‍റെ ഉള്ളില്‍ എല്പ്പിന്നുണ്ട്. ഉള്ളില്‍ കനല്‍ എരിയുന്ന നെരിപ്പോടെ തന്നെയാണ് ഓരോ പരാജിതനും അപ്പോള്‍ ഉള്‍വലിയുന്നത്. ഈ വേദന ഇന്ത്യയുടെ പരാജയവെളകളില്‍ നാം അനുഭവിച്ചറിഞ്ഞീട്ടുള്ളതാണ്.

മത്സരങ്ങള്‍, അത് രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ വിജയിക്കുന്ന വേളകളില്‍ ആഹ്ലാദം കാഴ്ചവെക്കാന്‍ ഒരു ഇന്ത്യന്‍ പൌരന് സ്വന്തം രാജ്യത്തിന്‍റെ പതാക ഉപയോഗിക്കാനുള്ള അധികാരം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം പരാജയപ്പെട്ടവന് പ്രതികാരം ചെയ്യുവാനുള്ള പ്രേരണയാകുന്ന ഒരു അപകടം അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. കാരണം പരാജയപ്പെടുത്തിയത് ശത്രിവിനെയാണ്. വിജയം ആഘോഷിച്ചത് രാജ്യമാണ്.
===================================
 

Sunday, June 22, 2014

പുറകില്‍ വരുന്നത് ....



കരിയിലകള്‍ കാലിലമരുന്നു. ഉരഗവര്‍ഗ്ഗങ്ങളേ ഈ അപരിചിതന് വഴി മാറുക..
മങ്ങിയ നിലാവെളിച്ചം മാത്രമാണ് ഇപ്പോള്‍ എനിക്ക് വഴികാട്ടുന്നത്. കൊച്ചുമേഘപാളികള്‍ പാതിചന്ദ്രനെ പൂര്‍ണ്ണമായും മറക്കുമ്പോള്‍ എന്‍റെ കാലുകളില്‍ അറിയാതെ കൊളുത്ത് വീഴുന്നു. കുറ്റിച്ചൂട്ട് വീശി മുന്നില്‍ നടന്നുകൊണ്ട് അല്പം മുന്‍പ് വരെ മാളുഅമ്മായി എനിക്ക് കൂട്ട് ഉണ്ടായിരുന്നു .
“ഇനി മോന്‍ നടന്നോ .. അല്പം കൂടി ചെന്നാല്‍ ഒരു പഞ്ചായത്ത്‌കിണറ് കാണാം , അതിനോട് ചേര്‍ന്ന് തന്ന്യാ മോന്‍റെ കൂട്ടുകാരന്‍ രാജുവിന്‍റെ വീട്. അവിടെ മാലതിയോടു പ്രത്യേകം പറയണം ഈ മാളുഅമ്മായിയാണ് വഴി കാണിച്ചുതന്നത് എന്ന്.”
മൂക്കിലേക്ക് തുളച്ചുകയറുന്ന പുകയില ചേര്‍ത്ത വെറ്റിലമുറുക്കിന്‍റെ രൂക്ഷ ഗന്ധം എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
പട്ടാളക്കാരന്‍ ഇപ്പോള്‍ നാട്ടിലുണ്ടോ.. ആവോ ?
പന്നി കരയും പോലെ ചിരിച്ചുകൊണ്ട് കൈയ്യിലെ കുറ്റി ചൂട്ട് ആഞ്ഞു വീശി തെങ്ങിന്‍ തോപ്പിനുള്ളില്ലൂടെ അവര്‍ വേച്ചുവെച്ചു നടന്നു..
അവര്‍ പറഞ്ഞതിന്‍റെ ദ്വയാര്‍ത്ഥം ഞാന്‍ തിരിച്ചറിഞ്ഞു എങ്കിലും ഇത്രയും ദൂരം എനിക്ക് വഴി കാണിച്ച് ഒപ്പം അനുഗമിച്ചത്തിനുള്ള കടപ്പാട് കൊണ്ടും ഈ സ്വഭാവക്കാരോട് തിരുത്താന്‍ പോയതിന്‍റെ മുന്‍കാല അനുഭവവും ഓര്‍മ്മയില്‍ വന്നതുകൊണ്ടും അവര്‍ക്കുള്ള മറുപടി എന്‍റെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു.

കവലയില്‍ വണ്ടിയിറങ്ങിയപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു ..
‘മോനെ ഈ മാളുഅമ്മയിക്കൊരു ചായ വാങ്ങിത്തരോ ?’
യാത്രാ ക്ഷീണം തീര്‍ക്കാന്‍ ചുടുചായ ചുണ്ടോടു ചേര്‍ക്കുമ്പോഴാണ് ആ ശബ്ദം ഞാനാദ്യമായ്  കേള്‍ക്കുന്നത്.  ചായകടയുടെ ഒഴിഞ്ഞ ഒരു മൂലയില്‍ ചടഞ്ഞിരിക്കുന്ന അവര്‍ വെറ്റിലക്കറ വീണ പല്ലുകള്‍ മുഴുക്കെ കാട്ടിച്ചിരിക്കുന്നു .
കാരുണ്യം അര്‍ഹിക്കുന്ന ആ കണ്ണുകള്‍ ഒരു ചായക്ക് വേണ്ടി കെഞ്ചുന്നു .

ഇടവഴിയില്‍ എവിടെയോ പൂത്ത മൈലാഞ്ചിയുടെ നേര്‍ത്ത സുഗന്ധം ഇളം കാറ്റില്‍ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ചായ വാങ്ങി കൊടുത്തതിന്‍റെ കടം മാളുഅമ്മായി വീട്ടിയിരിക്കുന്നു.  ഇതാ.. ഇതു തന്നെയാണ് മാളുഅമ്മായി പറഞ്ഞ ആ പഞ്ചായത്ത് കിണര്‍., ആ കാണുന്നത് തന്നെയാകും രാജുവിന്‍റെ വീട്.

“ഈ ഒന്നും നേരെയാവില്ല , ഒരുകാലത്തും “..
കവലയില്‍ കാത്തു നിന്നു മുഷിഞ്ഞ് തിരിച്ചു നടക്കുമ്പോള്‍ രാജു മനസ്സില്‍ പറഞ്ഞിരിക്കും, അല്ലെങ്കില്‍തന്നെ ഇത് എത്രയോ തവണ അവന്‍റെ നാവില്‍ നിന്നും ഞാനിത് കേട്ടിരിക്കുന്നു.  ഇന്നും കേള്‍ക്കണം, മന:പൂര്‍വ്വം അല്ലെന്ന് എത്ര തവണ ഒരാളെ വിശ്വസിപ്പിക്കാന്‍ പറ്റും.

കാളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നത് രാജുവിന്‍റെ അമ്മയായിരുന്നു.  അമ്മയുടെ മുഖം നിറയെ സന്തോഷം., പുറകില്‍ ഗൌരവവും കോപവും ഒട്ടും ചോര്‍ന്നുപോകാതെ കൂട്ടുകാരനും. അയല്‍ക്കാരന്‍ വാസുവിന്‍റെ വിഫലമായ ഒരു ആത്മഹത്യാശ്രമം, ആശുപത്രിയില്‍ നഷ്ടപെട്ട എന്‍റെ ഒരു ദിവസത്തെ ഒരുക്ഷമാപണം പോലെ ഞാന്‍ വിവരിച്ചു നല്‍കി.  ചാര്‍ജ്ജ് നഷ്ടപ്പെട്ട് നിശബ്ദമായ എന്‍റെ മൊബൈല്‍ ഫോണ്‍ ഞാന്‍ തെളിവ് നല്‍കി. എന്നീട്ടും കെട്ടടങ്ങാത്ത കൂട്ടുകാരന്‍റെ കോപത്തെ തണുപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒടുവില്‍ അമ്മയുടെ ആശ്വാസവാക്കുകള്‍ തന്നെ എന്‍റെ രക്ഷക്കെത്തി.
രാജുവിനെ കുറ്റം പറയാന്‍ കഴിയുകയില്ല. അവന്‍റെ തലക്കകത്ത് ഇപ്പോള്‍ നാടകം മാത്രമാണ്.
വായനശാലയുടെ വാര്‍ഷികദിനത്തിന് രണ്ടു നാള്‍ മാത്രം അവശേഷിക്കെ തട്ടയില്‍ കയറേണ്ട ഒരു നാടകത്തിന്‍റെ സംവിധായകന് ഉണ്ടാകാവുന്ന ഉത്കണ്ഠകള്‍ എല്ലാം കോപം കൊണ്ട് കത്തുന്ന ആ കണ്ണുകളില്‍ പ്രകടമായിരുന്നു.. 

എഴുത്തുകാരന്‍ കണ്ടെത്തിയ കഥാപാത്രങ്ങളുടെ പൂര്‍ണ്ണത തന്നെയാകണം സംവിധായകനില്‍ നിന്നും പുറത്തുവരേണ്ടത് . റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ പലവട്ടം അവന്‍ എന്നെ ക്ഷണിച്ചിരുന്നു.  അപ്പോഴെല്ലാം ഓരോരോ കാരണങ്ങളാല്‍ എനിക്ക് വിട്ടുനില്‍ക്കേണ്ടിവന്നു.
ഒടുവില്‍, നാളത്തെ ഒരു ദിവസം പൂര്‍ണ്ണമായും  കൂട്ടുകാരന്‍റെ നാടകകളരിക്കായ് മാറ്റി വെക്കുമ്പോള്‍ ഞാന്‍ വന്ന് കണ്ട് അവതരണാനുമതി നല്‍കിയാല്‍ മാത്രമേ നാടകം അവതരിപ്പിക്കൂ എന്ന അവന്‍റെ നിര്‍ബന്ധത്തിന് മുന്നില്‍ ഞാന്‍ വഴങ്ങുകയായിരുന്നു

“സത്യത്തില്‍ മാളുഅമ്മായിയെ കണ്ടില്ലായിരുന്നു എങ്കില്‍ ഞാന്‍ വീട് കണ്ടെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയേനെ “ അത്താഴത്തിന് ഒരിമിച്ചിരിക്കുമ്പോഴാണ് വിശേഷങ്ങളുടെ കൂട്ടത്തിലേക്ക് മാളു അമ്മായി കടന്നു വന്നത്.
“മാളുഅമ്മായിയോ?” ഒരു ഞെട്ടലോടെയാണ് രാജുവിന്‍റെ അമ്മ ആ ചോദ്യം ചോദിച്ചത്.  അജ്ഞാതമായ ഏതോ ഒരു ഭീതി ആ മുഖത്ത് ഭീതി പടരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു..
കരുതി വെച്ച ചോദ്യങ്ങളുടേയും സംശയങ്ങളുടേയും ഉരുക്കഴിച്ചപ്പോള്‍ ഊണ് മേശക്ക് മുന്നിലേക്ക്‌ നാടകത്തിലെ കഥാപാത്രങ്ങള്‍ ഇറങ്ങി വന്നു. ഉണ്ടകൈ ഉണങ്ങിയാല്‍ പിന്നത്തെ നാളില്‍ പട്ടിണിയാണെന്ന് അമ്മ ഓര്‍മ്മിപ്പിച്ചപ്പോളാണ് സ്ഥലകാലബോധം തിരിച്ചുകിട്ടിയത് .

എന്‍റെ വിഷ്വല്‍സുമായി താതാത്മ്യം പ്രാപിക്കാനുള്ള രാജുവിന്‍റെ കഴിവ് കലാലയസൌഹൃദത്തില്‍ നിന്നും ഞാന്‍ തൊട്ടറിഞ്ഞതാണ്. എന്‍റെ അക്ഷരങ്ങളെ അത്രമേല്‍ ആരാധിക്കുന്ന അവന്‍ തന്നെയായിരുന്നു എന്നും എനിക്ക് എഴുതുവാനുള്ള പ്രജോദനവും പ്രേരണയും. കലാലയത്തിന്‍റെ പൂമരത്തണലില്‍ രണ്ടു കൌമാരക്കാര്‍ നിവര്‍ത്തി വെച്ച കടലാസ് കഷ്ണങ്ങളില്‍ നിന്നും രംഗ ഭാഷയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുമ്പോള്‍ ഇവര്‍ക്ക് വട്ടാണ് എന്ന് കളിയാക്കിയ സഹപാഠികള്‍ ഇന്നലെയെന്നോണം മുന്നിലൂടെ കടന്നുപോകുന്നു.

“കരിങ്കണ്ണും കരിനാക്കും ഒരാളില്‍ വന്നു ചേരുമോ..? എങ്കില്‍ ആ തള്ളക്ക് ഇത് രണ്ടും ഉണ്ട്?”
കാലത്ത് നാടകക്യാമ്പിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഒരു മുഖവുരയില്ലാതെയാണ്  രാജുവിന്‍റെ അമ്മ സംസാരം ആരംഭിച്ചത്. മുറ്റത്തെ തൈതെങ്ങുകള്‍ക്ക് ചാലുകളിലൂടെ വെള്ളം തിരിച്ചു വിടുകയായിരുന്നു അപ്പോഴവര്‍.

“അമ്മ ആരെക്കുറിച്ചാണ് പറയുന്നത് ?”
‘മോന് ഇന്നലെ വഴി കാണിച്ചു തന്ന മാളുഅമ്മായിയെക്കുറിച്ച് തന്നെ. മോന് കേള്‍ക്കണോ .. പൂക്കാവടിപോലെയാണല്ലോ മാലൂ നിന്‍റെ മാവ് പൂത്ത് നില്‍ക്കുന്നത് എന്ന് പറഞ്ഞ മാവാ ആ നില്‍ക്കുന്നത്.”
അവര്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാന്‍ നോക്കി. കൊമ്പുണങ്ങിനില്‍ക്കുന്ന ആ മരം ഒരു മാവ് തന്നെയാണോ ?  അടിയില്‍ കുനിയനുറുമ്പുകള്‍ കൂട് തീര്‍ത്തിരിക്കുന്നു.

“ഈ നാട്ടിലെ ഓരോ വീട്ടുകാര്‍ക്കും പറയാനുണ്ടാകും ഓരോരോ വേദനിക്കുന്ന അനുഭവങ്ങള്‍. .. ഞാവനി മുട്ടയിട്ടമാതിരിയാണല്ലോ കേശവാ നിന്‍റെ തെങ്ങ്. തൊമ്മാന പള്ളിയിലെ മാലബള്‍ബു പോലെയുണ്ടല്ലോ സീതേ നിന്‍റെ പച്ചമുളകുകള്‍. ചിലപ്പോള്‍ നമ്മളുടെ വളര്‍ത്തു മൃഗങ്ങളിലും പക്ഷികളിലും ആ കണ്ണുകള്‍ വന്നു വീഴും.  ഒരു ഉപമ ചേര്‍ത്തു കണ്ടകാഴ്ചകള്‍ അവര്‍ വിളിച്ചുപ്പറഞ്ഞാല്‍ പിന്നെ ആ കാഴ്ചകള്‍ അവിടെ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതി.  ഹാജിയാരുടെ പശു, കുമാരേട്ടന്‍റെ വാഴത്തോട്ടം, പഞ്ചായത്ത് പ്രസിഡന്റിന്‍റെ വീട്.  എന്തിന് ഏറെ പറയണം, അവര്‍ ഒന്ന് തീര്‍ന്നു കിട്ടണേ എന്നുതന്നെയായിരിക്കും ഈ നാട്ടുകാരുടെ പ്രാര്‍ത്ഥന.”
വളരെയധികം കൗതുകത്തോടെയാണ് രാജുവിന്‍റെ അമ്മയുടെ സംസാരം ഞാന്‍ കേട്ടുനിന്നത്.  കഥകളില്‍ മാത്രം കേട്ടറിവുള്ള ഒരു കഥാപാത്രത്തെയാണ് ഇന്നലെ എനിക്ക് നേരിട്ടു പരിചയപ്പെടാന്‍ കഴിഞ്ഞത്. കാണുന്ന ഓരോ കാഴ്ചകളോടൊപ്പം മനോഹരമായ മറ്റൊരു ഉപമ ചേര്‍ത്തുവെക്കാന്‍ കഴിയുന്ന സവിശേഷമായ സിദ്ധി അവര്‍ക്കുണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു .  
“അടുക്കളപ്പണിയാ തള്ളക്ക് .. എല്ലാ വീട്ടിലും എത്തും . അടുക്കളയില്‍ കയറും , സഹായിക്കും. ഒരാളും വേണ്ട എന്ന് പറയില്ല .  ഭയം തന്നെ.  ഒടുവില്‍...മനുഷ്യ ജീവന്‍ പോലും തട്ടിയെടുക്കാന്‍ അവരുടെ വാക്കുകള്‍ക്ക് കഴിയും എന്നായിരിക്കുന്നു.  വാര്യത്തെ സരസ്വതിയുടെ കാര്യമാ കഷ്ടം.  പിഴവ് പറ്റിയത് സരസ്വതിയുടെ കൈകള്‍ക്കോ? മാളുഅമ്മായിയുടെ നാവിനോ ?  പാളയില്‍ കിടത്തി കുളിപ്പിക്കുന്ന കൊച്ചിനെ കണ്ടപ്പോള്‍ മാളുഅമ്മായി പറഞ്ഞൂത്രേ.. ബ്രാല് പുളക്കുന്നമാതിരിയാണല്ലോ സരസു..ന്ന് . മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നു.  ശിരസ്സില്‍ വെള്ളം കയറിയതാത്രേ.”
എന്‍റെ മനസ്സില്‍ മാളുഅമ്മായി ഒരു അമാനുഷിക രൂപമായ് വളര്‍ന്നു കഴിഞ്ഞിരുന്നു.  രാജു ഇടക്ക് കയറി വന്നില്ലായിരുന്നുവെങ്കില്‍ അമ്മ ഇനിയും ഒരുപാട് സംസാരിക്കുമായിരുന്നു.  
“സത്യത്തില്‍ അവര്‍ ഒരു പാവമാ.  ഒന്നും സംഭവിക്കണം എന്ന് കരുതിയല്ല അവര്‍ പറയുന്നത്.   ഒരു നിമിത്തം പോലെ പൊടുന്നനെ അവരുടെ നാവില്‍ നിന്നും എന്തോ വീഴുന്നു. അതവര്‍ക്ക് നിയന്ത്രിക്കാനാകുന്നുമില്ല.  കഷ്ടം . നീ കയറ്.”.
രാജുവിന്‍റെ സൈക്കിളിന് പുറകില്‍ ഇരുന്ന് ഗ്രാമത്തിന്‍റെ കൈവഴികളിലൂടെ നാടകക്യാമ്പിലേക്ക്..
യാത്രക്കിടയില്‍ പ്രേതബാധ ഉണ്ട് എന്ന് പറയുന്ന ആളൊഴിഞ്ഞ ഒരു വീട് രാജു എനിക്ക് കാണിച്ചുതന്നു.  “ഈ തൃത്താച്ചെടികളെ മാത്രം ഇവിടെ നനച്ചൂട്ടുന്നതാരാ.’ ?
വീടിനു ചുറ്റും നടന്നു കാണുമ്പോള്‍ രാജുവാണ് ഒരു ആത്മഗതം പോലെ ആ ചോദ്യം ചോദിച്ചത്.
തളിരിലകള്‍ വായിലിട്ട് ചവച്ചുകൊണ്ട് ഞാനും ചോദിച്ചു.
"ആരാ ?"
ഇരുള്‍ മൂടിക്കിടക്കുന്ന അകത്തളങ്ങളിലേക്ക് ചിതല്‍തിന്ന ജനല്‍പ്പഴുതിനുള്ളിലൂടെ ഞങ്ങള്‍ എത്തി നോക്കി.  മച്ചിലില്‍  കടവാതിലുകള്‍ തലകീഴായ്‌ തൂങ്ങിക്കിടക്കുന്നു.  കാലുകളിലെ പിടുത്തം വിടാതെ നിദ്രയില്‍ പോലും ബോധം നിലനിര്‍ത്താന്‍ കഴിയുന്ന ആ സാധു ജീവിയെ കൌതുകത്തോടെ ഞാന്‍ കുറച്ചു നേരം നോക്കിനിന്നു.    
ഇന്നലെ ബസ്സ്‌ ഇറങ്ങിയ കവല ഇപ്പോഴും സജീവമാണ്. ആരുടെയോ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
“അത് അന്തോണി മാപ്ലയാ. പഞ്ചായത്ത് പ്രസിഡന്റിനെ തെറി വെളിക്കികയാണ് കക്ഷി. പഞ്ചായത്ത് കട്ട് മുടിപ്പിച്ച കഥകള്‍ ആണ് വിളിച്ചു പറയുന്നത്. പക്ഷേ മദ്യം അകത്തു ചെന്നാല്‍ മാത്രമേ  ഈ ധൈര്യം പുറത്തുവരൂ. എന്തായാലും നീ ആ ഭാഗത്തേക്ക് ശ്രദ്ധിക്കണ്ട.  മറ്റൊന്നുംകൊണ്ടല്ല അവിടെ മാളുഅമ്മായി നില്‍പ്പുണ്ട്.”
എവിടെ ?... രാജു പറഞ്ഞു തീരുന്നതിനു മുന്‍പേ ഞാന്‍ സൈക്കിളില്‍ നിന്നും ചാടിയിറങ്ങി.
ഇവരെ തന്നെയാണോ ഞാന്‍ ഇന്നലെ കണ്ടത്? വൃത്തിയുള്ള വസ്ത്രം ധരിച്ച് ഒരു തകരപ്പെട്ടിയും തൂക്കിപ്പിടിച്ച് കവലയിലെ ആ വലിയ മദിരാശിമരത്തണലില്‍ അവര്‍ ബസ്സ്‌ കാത്തു നില്‍ക്കുന്നു.
എങ്ങോട്ടാണാവോ അവര്‍?  തള്ളയെ തനിച്ചാക്കിപ്പോയ ഒരു മകന്‍ ഉണ്ട് , പൊള്ളാച്ചിയിലോ മറ്റോ.. ഇന്നലെ രാജുവിന്‍റെ അമ്മ പറഞ്ഞത് ഓര്‍മ്മ വന്നു, ഒരു പക്ഷെ അങ്ങോട്ടാകാം..
ഒരു ചായ പരിചയം മുന്‍ നിര്‍ത്തി ഞാന്‍ അകലന്നു തന്നെ മാളുഅമ്മായിക്ക് ഒരു ചിരി സമ്മാനിച്ചു. അവര്‍ക്കെന്നെ മനസിലായോ എന്തോ ?  ഇരുട്ടില്‍ കണ്ട ഈ മുഖം ആ വൃദ്ധനയനങ്ങള്‍ പകലില്‍ തിരിച്ചറിയുന്നതെങ്ങിനെ?
"മാളുഅമ്മായി ഒരു നീണ്ട യാത്രക്കാണല്ലോ..?"
ഇപ്പോഴാണ് അവര്‍ എന്നെ ശരിക്കും ശ്രദ്ധിച്ചത്? ആ കണ്ണുകളില്‍ നിന്നും തീ പാറുന്നതുപോലെ എനിക്ക് തോന്നി. ശരിയാണ്,  ആ കണ്ണുകള്‍ക്ക് എന്തോ മാന്ത്രിക ശക്തി ഉണ്ട്.  അവര്‍ മാത്രമല്ല കവലയിലെ എല്ലാ മുഖങ്ങളും ഇപ്പോള്‍ എന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത്.  മാളുഅമ്മായിയോട് കുശലം ചോദിക്കാന്‍ പോന്ന ഈ അപരിചിതന്‍ ആരാണ്?  ചായക്കടയില്‍ നിന്നും ഏതാനും തലകള്‍  പുറത്തേക്ക് നീണ്ടു.  അവരുടെ നാവില്‍ നിന്നും ഒരിടിത്തീ പോലെ എന്തും വീഴാം. രാജുവിന്‍റെ മുഖം ഭയം കൊണ്ട് വിറക്കുന്നു. സൈക്കിളില്‍ എന്നെ ബലപൂര്‍വ്വം പിടിച്ചിരുത്തി അവന്‍ ആഞ്ഞുച്ചവിട്ടി.

“പിന്തിരിഞ്ഞ് നോക്കരുത് . ആ തള്ളയുടെ നാവില്‍ നിന്നും വല്ലതും വീഴുമോ എന്നായിരുന്നു എന്‍റെ ഭയം.”
ഞാനും കൂട്ടിച്ചേര്‍ത്തു .. “എന്‍റെയും.”
അത്രയും സമയം മാളുഅമ്മായിയുടെ സമീപത്തു ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു പൂച്ച എനിക്കും തിരക്കുണ്ട്‌ എന്നറിയിച്ചു കൊണ്ട് ഞങ്ങള്‍ക്ക് മുന്നിലൂടെ ധൃതിയില്‍ കടന്നു പോയി.

സ്വാഭാവിക നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പ്രേക്ഷകന്‍റെ ക്ഷമ നഷ്ടപ്പെട്ടുകൂടാ. ആകാംക്ഷ നിലനിര്‍ത്താനായാല്‍ നാം വിജയിച്ചു. പ്രേക്ഷകന് ഒരിക്കലും മുന്‍വിധികള്‍ ഉണ്ടായിക്കൂടാ. പര്യവസാനം ചോദ്യം ചെയ്യാന്‍ ഇടം നല്‍കാത്ത വിധം ശക്തമാകണം. ചമയങ്ങളില്ലാതെ എന്‍റെ കഥാപാത്രങ്ങളെ നേരില്‍ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
സ്ത്രീവേഷം കെട്ടുന്ന അക്ബര്‍ നല്ല കലാകാരന്‍ ആണ്.  കഥാപാത്രങ്ങള്‍ സുഹൃത്തുക്കള്‍ ആയപ്പോള്‍ സമയം പിന്നെയും ഒരുപാട് കടന്നു പോയി. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന ഇടപെടലുകളേ കാണൂ എന്നായിരുന്നു പുറപ്പെടുമ്പോള്‍ കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ഛതുപോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. നാളെ ഒരു ദിവസം കൂടി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തേണ്ടി വരും.  ഇന്ന് വരുന്നില്ല എന്ന് ഉച്ചക്ക് തന്നെ അമ്മയെ ഫോണില്‍ വിളിച്ചു അറിയിച്ചു..  നേരം ഇരുട്ടുന്നതറിഞ്ഞപ്പോള്‍ രാജുവിനെ ഞാന്‍ വീട്ടിലേക്ക് പറഞ്ഞയച്ചു.  

ഇടവഴിയിലെ ഇരുട്ട് ഇപ്പോള്‍ എനിക്ക് ഒരു തടസ്സമല്ല.  നിലാവെളിച്ചം ഇന്നലത്തെക്കാളേറെയുണ്ട്. അന്തരീക്ഷത്തില്‍ പുകച്ചുരുളുകള്‍ നിറഞ്ഞു നില്‍ക്കുന്നു. കണ്ണുകള്‍ക്ക് ചെറുതായ് നീറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. എവിടെയോ ചാണകവറളി കരിയുന്ന മണം.  ഇന്നലെ ഈ വഴികളില്‍ നിറഞ്ഞുനിന്ന  മൈലാഞ്ചി പൂമണം ഇന്ന് എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു.  പുറകില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ധൃതിയില്‍ രണ്ടു പേര്‍ നടന്നു വരുന്നു. ഇനിയുള്ള യാത്ര അവരോടൊപ്പം ആകാം.  

“അങ്ങിനെ അതിന്‍റെ കാലം കഴിഞ്ഞു”. 
“ചിതക്ക്‌ തീ കൊളുത്തിയിരിക്കുന്നു.”
പരസ്പരം സംസാരിച്ചുകൊണ്ട് അവര്‍ തെങ്ങിന്‍ തോപ്പിനുള്ളിലേക്ക് തിരഞ്ഞു നടന്നു. ഇന്നലെ ഇവിടെ വെച്ചാണ് മാളുഅമ്മായി വഴി പിരിഞ്ഞത്. തെങ്ങുകള്‍ക്കിടയിലൂടെ അകലെ  ഏതോ ഒരു വീട്ടില്‍ നല്ല പ്രകാശവും ആള്‍ പെരുമാറ്റവും കാണാം.. അവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ .... ! രണ്ടാമത് ഒന്ന് ആലോചിക്കാതെ  അവര്‍ക്ക് പുറകിലൂടെ ഞാന്‍ കാലുകള്‍ നീട്ടി വെച്ചു.

എനിക്ക് വിശ്വസിക്കാനാകുന്നില്ല.  ഈ ഗ്രാമത്തില്‍ വണ്ടിയിറങ്ങിയ  ആ നീമിഷം മുതല്‍ ഇതാ ഇപ്പോള്‍ വരെ എന്‍റെ ചിന്തകളില്‍ നിറഞ്ഞു നിന്ന മാളുഅമ്മായി എന്ന വ്യക്തിത്വം ഇവിടെ എരിഞ്ഞടങ്ങുകയാണ്.
ഒരാളുടെയും ഒരു തേങ്ങല്‍ പോലും കേള്‍ക്കുന്നില്ല. രാജുവിന്‍റെ അമ്മ പറഞ്ഞത് എത്ര ശരിയാണ് എന്ന് ഇപ്പോള്‍ തോന്നുന്നു.  ഈ മരണം ഈയൊരു ഗ്രാമത്തിന്‍റെ പ്രാര്‍ത്ഥനയാകണം . ഇനിയും പിരിഞ്ഞു പോകാത്ത ജനക്കൂട്ടം അതെല്ലേ പറയുന്നത്.
മരണം എങ്ങിനെയായിരുന്നു എന്ന് ചോദിച്ചറിയണം എന്നുണ്ട്. പക്ഷെ ആരോട് ചോദിക്കും ?. പരിചയം ഉള്ള ഒരു മുഖവും കാണുന്നില്ല.   ഒരു അപരിചിതന്‍റെ  ഈ സാന്നിദ്ധ്യത്തെ  പലരും ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. പൂജാരി കേട്ട് മുറുക്കി.  ഒരാള്‍ വന്ന് പൂജാ പണം കൈയ്യില്‍ കൊടുത്തു.  നനഞ്ഞ മുണ്ടുടുത്തിരിക്കുന്ന അയാള്‍ മാളുഅമ്മായിയുടെ മകന്‍ തന്നെയായിരിക്കും.
ആളുകളുടെ കണ്ണുകള്‍ എന്നില്‍ നിന്നും വിട്ടു പോകുന്നില്ലല്ലോ .. അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഇവര്‍ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്? പെട്ടെന്ന് എന്‍റെ കൈ തണ്ടയില്‍ ഒരു പിടുത്തം വീണു. അത് രാജുവായിരുന്നു.
“നീ ഇവിടെ വന്ന് നില്‍ക്കുവായിരുന്നോ ? എവിടെയെല്ലാം തിരക്കി ഞാന്‍ നിന്നെ .. വാ ..”
തെങ്ങിന്‍ തോപ്പിനുള്ളിലൂടെ അതിവേഗത്തില്‍ എന്നെയും കൊണ്ട് അവന്‍ പുറത്ത് കടക്കുമ്പോഴും  കൈത്തണ്ടയിലെ പിടിവിടാതെയിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
“എടാ നമ്മുടെ മാളു അമ്മായി .". എനിക്ക് ഒരുപാട് പറയുവാനുണ്ട് . ചോദിക്കുവാനും.
“ടൌണ്ണിലേക്കുള്ള അവസാന ബസ്സ്‌ ഇനിയും പോയിക്കാണില്ല . നീ വേഗം നടക്ക്.”
“നീ എന്താണീ പറയുന്നത് ? എങ്ങോട്ടാണ് എന്നെ നീ കൊണ്ടുപോകുന്നത്” ?
കവല എത്തും വരെ എന്‍റെ ചോദ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ ഒരക്ഷരം പോലും അവന്‍ മറുപടിയായ് നല്‍കിയില്ല. അര്‍ത്ഥമറിയാത്ത ആശങ്കകളില്‍ ഒടുവില്‍ ഞാനും നിശബ്ദനായി.  കവലയില്‍ ബസ്സ്കാത്തു നില്‍ക്കുന്ന രണ്ടു പാത്രവ്യാപാരികളെ കണ്ടാകണം അവന്‍ പറഞ്ഞു.
“ഭാഗ്യം ബസ്സ് പോയിട്ടില്ല.”
രാജു എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. അവനറിയാം ഇനി ഞാന്‍ ഒന്നും അവനോട് ചോദിക്കുകയില്ല. പറയുകയും ഇല്ല . അവസാന ബസ്സിന്‍റെ പ്രകാശം അകലെ തെളിഞ്ഞു.
കരുതിവെച്ച രണ്ടു വാചകങ്ങള്‍ക്കായി അവന്‍റെ ചുണ്ടുകള്‍ മെല്ലെ ചലിച്ചു.
“മാളുഅമ്മായിയുടെ മരണം കാട്ടുതീ പോലെ കാതുകളില്‍ നിന്നും കാതുകളിലേക്ക് പടരുകയാണ്. ഒന്നുകില്‍ ഈ നാട്ടുകാര്‍ക്ക് നിന്നോട് സ്നേഹം അല്ലെങ്കില്‍ ഭയം. രണ്ടിലൊന്ന് ഉറപ്പാക്കാതെ എനിക്ക് നിന്നെ ഇവിടെ നിര്‍ത്താന്‍ വയ്യ.”
വാഹനത്തിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു ജീവന്‍ നഷ്ടപെട്ട ഒരു പൂച്ചയുടെ നൊമ്പരപ്പെടുത്തുന്ന ഒരു വഴിയോരകാഴ്ചയില്‍ കണ്ണുകള്‍ ഉറപ്പിച്ചു നിര്‍ത്തി അവന്‍ പറയുന്നത് ശ്രദ്ധയോടെ ഞാന്‍ കേട്ടു നിന്നു.
ബസ്സിന്‍റെ മങ്ങിയ വെളിച്ചത്തില്‍ എനിക്ക് വിടതരുന്ന പ്രിയ കൂട്ടുകാരന്‍റെ മുഖം ഞാന്‍ അവസാനമായി നോക്കി. എന്നില്‍ നിന്നും മറച്ചു വെക്കുന്ന ഭാവം ആ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാന്‍ ആകുന്നില്ല . ഒരു പക്ഷെ അത് സ്നേഹമാകാം, അല്ലെങ്കില്‍ സഹതാപമാകാം അതോ ഭയമോ ? എനിക്കറിയില്ല........

 

.




ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...