Thursday, May 29, 2014

ഈ പുരുഷന്മാര്‍ക്ക് എന്തറിയാം ..?


ബസ്സില്‍ സാമാന്യം തിരക്ക് ഉണ്ടായിരുന്നു.. ഗര്‍ഭിണിയായ ഒരു സ്ത്രീ ബസ്സില്‍ കയറി.
കൊച്ചിനെയും എടുത്ത് ഒരു സ്ത്രീയോ ഒരു ഗര്‍ഭിണിയോ ബസ്സില്‍ കയറിയാല്‍ അവര്‍ക്ക് ഇരിക്കാനായ് ഇടം നല്കുന്നതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത് പുരുഷന്മാരാണ് . “ഇവിടെ ഇരുന്നോ ചേച്ചീ” എന്ന് പറഞ്ഞ് സ്വന്തം ഇരിപ്പിടം എഴുന്നേറ്റു കൊടുക്കുന്നതില്‍ കോളേജ് കുട്ടികള്‍ മുതല്‍ വൃദ്ധരായ പുരുഷന്മാര്‍ വരെ പ്രായഭേദം ഇല്ല.
പക്ഷെ എന്തു ചെയ്യാം ഇവിടെ ആ സ്ത്രീ ബസ്സിന്‍റെ മുന്‍ഭാഗത്ത് സ്ത്രീകളുടെ സീറ്റുകള്‍ക്ക് സമീപം ഇരിക്കാനൊരു ഇടത്തിനായ് മറ്റുള്ളവരുടെ കരുണക്കായ് കാത്തു നില്ക്കു്ന്നു.
അവര്‍ സമീപത്തു വന്നുനിന്നതും അതുവരെ സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീ ജനങ്ങള്‍ പെട്ടെന്ന്‍ നിശബ്ദരായി . മാത്രവുമല്ല ഞാനൊന്നു മറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടില്‍ പുറത്തെ വഴിയോര കാഴ്ചകളില്‍ നിന്നും അവര്‍ കണ്ണെടുക്കാത്തവരുമായി.
ഒടുവില്‍ ആ ഗര്‍ഭിണിയുടെ ബുദ്ധിമുട്ട് കണ്ടുനില്‍ക്കാനാകാതെ പുറകില്‍ നിന്നും പുരുഷന്മാര്‍ ഇടപെട്ടു . “ ആരെങ്കിലും അവര്‍ക്ക് ഇരിക്കാന്‍ ഒന്ന് എഴുന്നേറ്റു കൊടുക്കൂ”
പുറത്ത് കാഴ്ചകളില്‍ നിന്നും കണ്ണെടുത്തു കൊണ്ട് ഒരു സ്ത്രീ നിവൃത്തിയില്ലാതെ തലയുയര്‍ത്തി ഗര്‍ഭിണിയെ അടിമുടി ഒന്നു നോക്കി. അവര്‍ എഴുന്നേറ്റു കൊടുക്കാന്‍ പോകുന്നു എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
എവിടെ? ആര് എഴുന്നേല്ക്കാന്‍...
രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒന്നുകൂടി ഞെരിഞ്ഞിരുന്നുകൊണ്ട് മൂന്നാമത് ഒരാള്‍ക്ക്‌കൂടി ഇരിക്കാന്‍ അവര്‍ സ്ഥലം ഉണ്ടാക്കിയെടുത്തു....മനസ്സില്ലാ മനസ്സോടെ...

പത്തു നിമിഷങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത സ്റ്റോപ്പില്‍ ആ സ്ത്രീ ഇറങ്ങി പോകുമ്പോള്‍ ബസ്സിനുള്ളില്‍ നിന്നും ആരോ ഒരാള്‍ ഉറക്കെ വിളിച്ചു ചോദിച്ചൂ.
“ഇത്ര പെട്ടന്ന് ഇറങ്ങുമായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒന്ന് എഴുന്നേറ്റു കൊടുത്താല്‍ എന്താ..?
ചോദ്യത്തിന് പിറുപിറുത്തുള്ള അവരുടെ മറുപടി ഇതായിരുന്നു.

“പിന്നേ... ഇതുപോലെ മൂന്നെണ്ണത്തിനെ പെറ്റുവളര്‍ത്തിയള്‍ തെന്നെയാണ് ഞാനും... എനിക്കറിയാം”

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...