Saturday, May 31, 2014

നിശബ്ദമായ നിലവിളികള്‍



പുരുഷബീജം പത്തു മാസം ഗര്‍ഭത്തില്‍ ചുമക്കണം . പുറത്തേക്ക് വരുന്ന മനുഷ്യാകാരംപൂണ്ട ജീവശരീരത്തെ പ്രായം നോക്കി വിലയിട്ട് വാങ്ങാന്‍ ഉഭഭോക്താക്കള്‍പുറത്തു കാത്തുനില്‍ക്കുന്നു. ചുമക്കുന്ന ആ ഭാരത്തിനായ് പണം മുന്‍‌കൂര്‍ കൊടുത്ത്ചിലര്‍ കച്ചവടം ഉറപ്പിച്ചു നിര്‍ത്തുന്നു. അവര്‍ക്ക് വേണ്ടത് ജീവനുള്ള മനുഷ്യശരീരങ്ങളെയാണ്. പ്രായം ഒരു പ്രശ്നമല്ല. ജീവന്‍ ഉണ്ടാകണം എന്ന് മാത്രം . വില എത്ര വേണമെങ്കിലും നല്‍കാന്‍ ആവശ്യക്കാര്‍ തയ്യാറാണ്.

പത്തു മാസത്തെ കരാറില്‍ ഏതു സ്ത്രീക്കും ആ വ്യവസായ സംരംഭത്തില്‍ അംഗമാകാം. പത്ത് മാസം തന്‍റെ ഉദരത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നു എന്ന് പത്ത് നിമിഷം കൊണ്ട് വിസ്മരിച്ച് ഉല്പന്നം വിറ്റു പണം കീശയില്‍ വെച്ച് ഒന്നുമറിയാത്ത പോലെ തിരിച്ചു പോരാം.
അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അപചയം ഈ വന്ന സ്ത്രീത്വം, വിവേക ബുദ്ധിയില്ലാതെ , കരുണയില്ലാതെ, മൂല്യങ്ങളുടെയും വ്യവസ്ഥിതിയുടേയും തായ് വേരറക്കുന്ന അനാഥത്വം എന്ന സാമൂഹിക വിപത്തില്‍ നിന്നും ഒരിക്കലും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല .

അനാഥ ബാല്യങ്ങള്‍ കാമത്തിന്‍റെ സന്തതികള്‍ ആണ്. മക്കള്‍ മാതാപിതാക്കള്‍ക്ക് ഭാരമായ് മാറുന്നത് ദാരിദ്യത്തില്‍ നിന്നാണ്. അകത്തു ചുമന്ന ഭാരം പുറത്തും ഒരു ഭാരമായ് അവശേഷിക്കുമ്പോള്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ഉപാദികള്‍ അവര്‍ തിരയാന്‍തുടങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കുന്ന അനാഥമന്ദിരങ്ങള്‍ അവര്‍ക്ക്അഭയ കേന്ദ്രങ്ങള്‍ ആയി മാറുന്നു. ചിലര്‍ക്ക്, ജീവിതത്തില്‍ സംഭവിച്ചു പോയ ഒരബദ്ധം ഒരിക്കല്‍ പോലും പുറം ലോകംഅറിയാതെ ഒളിപ്പിക്കാന്‍ അനാഥാലയങ്ങള്‍ ആശ്രയ കേന്ദ്രങ്ങള്‍ ആകുന്നു.

എന്നാല്‍ ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളുടെ വികസിക്കുകയും ചെയ്തപ്പോള്‍അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷിണി നേരിടേണ്ടിവന്നു. അവര്‍ അനാഥകളെ തേടി അലയാന്‍തുടങ്ങി. അനാഥകള്‍ എന്ന് മുദ്രകുത്തി ബാല്യങ്ങള്‍ക്ക്‌ വിലിയിടാന്‍ തുടങ്ങിയപ്പോള്‍ ജീവകാരുണ്യത്തിന് പിന്നിലെ കച്ചവട ലക്‌ഷ്യം മറനീക്കി പുറത്തുവരുന്നു.

അനുദിനം ഉണ്ടായികൊണ്ടിരിക്കുന്ന ഈ അനാഥ ജന്മങ്ങള്‍എല്ലാം എവിടെയാണ്ഒളിച്ചിരിക്കുന്നത് ? എങ്ങോട്ടാണ് അപ്രക്ത്യക്ഷമായത്?

അനാഥാലത്തിന്‍റെ ഇരുള്‍ അടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ കാരുണ്യത്തിന്‍റെ ഭിക്ഷാപാത്രം കൈയ്യിലേന്തി വിശപ്പ് നല്‍കിയ ഈശ്വരനെ ശപിച്ചുകൊണ്ടുറങ്ങുന്നു ചിലര്‍. ഭിക്ഷാപാത്രം ഏന്തുന്ന മറ്റു ചില കൈകള്‍ നമ്മുടെതെരുവോരങ്ങളില്‍ അംഗവൈകല്യം സംഭവിച്ച് ദയനീയതുടെ ഭീകര രൂപമായ്‌ അലഞ്ഞുതിരിയുന്നു. ചിലര്‍ സമ്പന്നന്‍റെ അടുക്കളയിലേക്കും പണിശാലയിലേക്കും അടിമകളായി വലിച്ചെറിയപ്പെടുന്നു. അവര്‍ ഒളിച്ചിരിക്കുന്ന ഈ ഇടങ്ങള്‍ നമുക്ക് പരിചയം ഉള്ളതാണ് . നമ്മളുടെ കണ്ണുകള്‍ക്ക്‌ എത്തിച്ചേരാന്‍കഴിയാത്ത എത്രയെത്ര ഇടങ്ങളില്‍ ഇനിയും അവര്‍ ഒളിച്ചിരിക്കുന്നുണ്ടാകും ?. ഒരിക്കലുംകണ്ടെത്താനാകാതെ ഈ ഭൂമുഖത്ത് നിന്നും അപ്രക്ത്യക്ഷ മായ അനാഥജന്മങ്ങളെ തിരഞ്ഞാല്‍ ഒരു പക്ഷെ നമ്മളുടെ അന്ന്വേഷണംഎത്തിച്ചേരുക ആതുരാലയങ്ങളില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറിയ ജന്മങ്ങളുടെ ആന്തരികാവയവങ്ങളിലൂടെ അവര്‍ നമ്മളോട് സംസാരിക്കുമ്പോഴായിരിക്കും.

അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പൊടിയുകയില്ല. നിശബ്ദമായ ആ നിലവിളികള്‍ പുറംലോകം കേള്‍ക്കുകയുമില്ല. അവര്‍ക്ക് ആഗ്രഹങ്ങള്‍ ഇല്ല , സ്വപ്നങ്ങള്‍ ഇല്ല . വൃഥാവിലായൊരു ജന്മത്തെ ഓര്‍ത്ത്‌ വേവലാതികള്‍ ഒട്ടും തന്നെയില്ല . ഈ വിശ്വപ്രകൃതിയുടെ സൗന്ദര്യവും ജീവിതത്തിലെ സുന്ദരമൂഹൂര്‍ത്തങ്ങളുടെ ചിന്തകളും അവരുടെ മനസ്സില്‍ നിന്നും പറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഒരു മൊട്ടു സൂചി താഴെ വീണാല്‍ ഉണ്ടാകുന്ന ശബ്ദത്തില്‍ നിന്നുപോലും ഞെട്ടിയുണരാന്‍ പാകത്തില്‍ ദുര്‍ബലമായ മനസ്സും ശരീരവുമായി അവര്‍ പാകപ്പെട്ടിരിക്കുന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ലോകത്ത് കൂരിരുട്ടിലേക്ക് കണ്ണുകള്‍ പായിച്ച് തേടി വരാന്‍ തങ്ങള്‍ക്ക് ആരുമില്ല എന്ന തിരിച്ചറിവില്‍ ഏതു സമയത്തും കാതില്‍ വന്നു ചേരാവുന്ന ഉടമസ്ഥന്‍റെ ആജ്ഞകള്‍ക്ക് അവര്‍ കാതോര്‍ത്ത് നില്‍ക്കുന്നു.

ഉടമസ്ഥന്‍റെ ആ വിളി കാതില്‍ മുഴങ്ങി.
പുറകില്‍ അനുസരണയോടെ നടന്നു നീങ്ങുന്ന അനാഥ ബാല്യങ്ങള്‍. അവര്‍ അറിയുന്നില്ല.
"ഇത് ഉണ്ണുവാനോ അതോ ഉപയോഗിക്കുവാനോ ?"
==========================================

Thursday, May 29, 2014

ഈ പുരുഷന്മാര്‍ക്ക് എന്തറിയാം ..?


ബസ്സില്‍ സാമാന്യം തിരക്ക് ഉണ്ടായിരുന്നു.. ഗര്‍ഭിണിയായ ഒരു സ്ത്രീ ബസ്സില്‍ കയറി.
കൊച്ചിനെയും എടുത്ത് ഒരു സ്ത്രീയോ ഒരു ഗര്‍ഭിണിയോ ബസ്സില്‍ കയറിയാല്‍ അവര്‍ക്ക് ഇരിക്കാനായ് ഇടം നല്കുന്നതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത് പുരുഷന്മാരാണ് . “ഇവിടെ ഇരുന്നോ ചേച്ചീ” എന്ന് പറഞ്ഞ് സ്വന്തം ഇരിപ്പിടം എഴുന്നേറ്റു കൊടുക്കുന്നതില്‍ കോളേജ് കുട്ടികള്‍ മുതല്‍ വൃദ്ധരായ പുരുഷന്മാര്‍ വരെ പ്രായഭേദം ഇല്ല.
പക്ഷെ എന്തു ചെയ്യാം ഇവിടെ ആ സ്ത്രീ ബസ്സിന്‍റെ മുന്‍ഭാഗത്ത് സ്ത്രീകളുടെ സീറ്റുകള്‍ക്ക് സമീപം ഇരിക്കാനൊരു ഇടത്തിനായ് മറ്റുള്ളവരുടെ കരുണക്കായ് കാത്തു നില്ക്കു്ന്നു.
അവര്‍ സമീപത്തു വന്നുനിന്നതും അതുവരെ സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീ ജനങ്ങള്‍ പെട്ടെന്ന്‍ നിശബ്ദരായി . മാത്രവുമല്ല ഞാനൊന്നു മറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടില്‍ പുറത്തെ വഴിയോര കാഴ്ചകളില്‍ നിന്നും അവര്‍ കണ്ണെടുക്കാത്തവരുമായി.
ഒടുവില്‍ ആ ഗര്‍ഭിണിയുടെ ബുദ്ധിമുട്ട് കണ്ടുനില്‍ക്കാനാകാതെ പുറകില്‍ നിന്നും പുരുഷന്മാര്‍ ഇടപെട്ടു . “ ആരെങ്കിലും അവര്‍ക്ക് ഇരിക്കാന്‍ ഒന്ന് എഴുന്നേറ്റു കൊടുക്കൂ”
പുറത്ത് കാഴ്ചകളില്‍ നിന്നും കണ്ണെടുത്തു കൊണ്ട് ഒരു സ്ത്രീ നിവൃത്തിയില്ലാതെ തലയുയര്‍ത്തി ഗര്‍ഭിണിയെ അടിമുടി ഒന്നു നോക്കി. അവര്‍ എഴുന്നേറ്റു കൊടുക്കാന്‍ പോകുന്നു എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
എവിടെ? ആര് എഴുന്നേല്ക്കാന്‍...
രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒന്നുകൂടി ഞെരിഞ്ഞിരുന്നുകൊണ്ട് മൂന്നാമത് ഒരാള്‍ക്ക്‌കൂടി ഇരിക്കാന്‍ അവര്‍ സ്ഥലം ഉണ്ടാക്കിയെടുത്തു....മനസ്സില്ലാ മനസ്സോടെ...

പത്തു നിമിഷങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത സ്റ്റോപ്പില്‍ ആ സ്ത്രീ ഇറങ്ങി പോകുമ്പോള്‍ ബസ്സിനുള്ളില്‍ നിന്നും ആരോ ഒരാള്‍ ഉറക്കെ വിളിച്ചു ചോദിച്ചൂ.
“ഇത്ര പെട്ടന്ന് ഇറങ്ങുമായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒന്ന് എഴുന്നേറ്റു കൊടുത്താല്‍ എന്താ..?
ചോദ്യത്തിന് പിറുപിറുത്തുള്ള അവരുടെ മറുപടി ഇതായിരുന്നു.

“പിന്നേ... ഇതുപോലെ മൂന്നെണ്ണത്തിനെ പെറ്റുവളര്‍ത്തിയള്‍ തെന്നെയാണ് ഞാനും... എനിക്കറിയാം”

Friday, May 9, 2014

നിലവറയിലെ മഴ

എങ്കിലും എന്‍റെ പത്മനാഭോ ! -
എന്തു പുണ്യം ഞങ്ങള്‍ ചെയ്തു വിഭോ ?

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍-
വറ്റിവരണ്ടുപോയോരാ ജലപ്രതീക്ഷകള്‍.

കാലവര്‍ഷം കനിയുകയില്ലെന്ന്-
കാലേകൂട്ടി പ്രവചിച്ചു വെച്ചു ചിലര്‍

മാരിയും വ്യാധിയും വിതറുമെന്ന്-
ഭീതി നിറച്ചു ചിലര്‍ നേട്ടം കൊയ്യാന്‍.

ഒരിറ്റു നീരിനായ്‌ നാടലഞ്ഞു-
കാല്‍ തളര്‍ന്നു ഞങ്ങള്‍ കുഴഞ്ഞു വീണു.

വറ്റിയ കിണറിലെ അവസാന ഉറവയില്‍
മണ്ണിന്‍ മണമുള്ളോരമൃതം നുകര്‍ന്നു.

നിദ്രകള്‍ വെടിഞ്ഞ് ഞങ്ങള്‍ കാത്തിരുന്നു-
പൈപ്പിന്‍ ചുവട്ടില്‍ ആ പ്രാര്‍ത്ഥനയോടെ.

കാടിറങ്ങിയ വന്യമൃഗങ്ങള്‍തന്‍ ദാഹം-
രോഷമായ് മാറുന്ന കാണാകാഴ്ചകള്‍.

അതികഠിനമാം ചൂട് താങ്ങാനാകാതെ -
ചിറകൊടിഞ്ഞു വീഴുന്ന പക്ഷികള്‍.

എങ്കിലും എന്‍റെ പത്മനാഭോ-
എന്തു പുണ്യം ഞങ്ങള്‍ ചെയ്തു വിഭോ ?

നീണ്ട വേനലിന്‍ തുടക്കത്തില്‍ തന്നെ-
നീരിന്‍റെ വര്‍ഷമായ് അങ്ങ് പെയ്തിറങ്ങി.

അങ്ങയുടെ തിരുനടയില്‍ നിന്നു തന്നെ-
ആ കാരുണ്യ വര്‍ഷം ഞങ്ങള്‍ കണ്ടുണര്‍ന്നു.

നിലവറക്കുള്ളില്‍ അങ്ങ് ഒളിപ്പിച്ച രഹസ്യത്തെ-
അറിയാന്‍ തുനിഞ്ഞതോ ഞങ്ങള്‍ ചെയ്ത പുണ്യം.

Tuesday, April 15, 2014

ആരറിയുന്നു ഈ ആചാര്യനെ ...?





Swami Sandeepananda Giri

സാമൂഹിക തിന്മകള്‍ക്കെതിരെ
ആത്മീയ അപചയങ്ങള്‍ക്കെതിരെ ഒരു ആചാര്യ ശബ്ദം
സ്വാമി സന്ദീപാനന്ദ ഗിരി
......................................
ഈ ശബ്ദം ചലിക്കുന്നതാര്‍ക്ക് വേണ്ടി ?
ഈ ശബ്ദം നിലക്കേണ്ടതാര്‍ക്ക് വേണ്ടി ?
.....................................................................
താത്വാധിഷ്ടിതമായ മൂല്യങ്ങള്‍ ആചരിച്ചു വന്ന ഒരു ജന സമൂഹത്തില്‍ നിന്നും ആവിര്‍ഭവിച്ച വേദ പ്രമാണങ്ങളില്‍ നിന്നും പൂര്‍വ്വ അചാര്യന്മാരിലൂടെ കൈമാറി വന്ന ആത്മീയ ജ്ഞാനത്തില്‍ നിന്നും ഒരു ആചാര്യന് നമ്മളോട് സംസാരിക്കുന്നു.
यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥
കര്‍മ്മഭൂവില്‍ അധാര്‍മ്മികതയില്‍ നിന്നും ഒരു പ്രത്യക്ഷയുദ്ധം ആരംഭിക്കും മുന്‍പേ ആന്തരികമായ സ്വ മനസ്സില്‍ തന്നെ അരുതേ എന്ന് പരോക്ഷമായി ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു ഭഗവാന്‍ അവതരിക്കുന്നത് ഗീതാദര്‍ശനത്തിലൂടെ ഈ ആചാര്യന്‍ നമുക്ക് കാണിച്ചുതരുന്നു .
तत्त्वमसि
നിന്നിലുള്ള എന്നെ കാണാതെ
എന്നെ എന്തിന് നീ മുന്നില്‍ തിരയുന്നു.
എന്ന ഉപനിഷത്ത് ഋഷിയുടെ ചോദ്യവും അദ്ദേഹം നമ്മള്‍ക്ക് കേള്‍പ്പിച്ചുതന്നു.

നമുക്ക് കൈമോശം വന്ന ഒരു സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാന്‍ ഒരു ആചാര്യന്‍ നടത്തുന്ന പരിശ്രമങ്ങള്‍ പിറന്ന നാട്ടിലെ ഈ സമൂഹത്തിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബന്ധത വിളിച്ചറിയിക്കുന്നതാണ് . നിഷ്ക്രിയത്വം ഭീരുത്വം ആണ് എന്ന് ഈ ആചാര്യന്‍ നമ്മെ പഠിപ്പിക്കുന്നു . വിഷ ലിപ്തമായ ആത്മീയതയില്‍ ദിശാബോധം നഷ്ടപെട്ട ഒരു സമൂഹത്തെ ഉദ്ദരിക്കുന്ന യത്നം ഒരു യജ്ഞമായി ഈ ആചാര്യന്‍ സ്വീകരിച്ചിരിക്കുന്നു .

പ്രത്യയശാസ്ത്രത്തിന്‍റെ സൈദ്ധാന്തന്തിക തകര്‍ച്ച മുതല്‍ നാസ്തിക യുക്തിവാദ സംഘടനകളുടെ നിരീശ്വവാദ വീക്ഷണ ങ്ങളേയും, ആത്മീയതയുടെ പരിവേഷം ചാര്‍ത്തി ഭയത്തില്‍ ചാലിച്ചെടുത്ത ജ്യോതിഷ പ്രവചന സിദ്ധാന്തത്തിന്‍റെ നിരര്‍ത്ഥകതയേയും വരെ അദ്ദേഹം നമുക്കു പരിചയപ്പെടുത്തി തന്നു . ആശയപരമായ വൈരുദ്ധ്യങ്ങള്‍ തുറന്ന സംവാദങ്ങള്‍ക്ക് വേദി ഒരുങ്ങിയപ്പോള്‍ നേരറിവിന്‍റെ പാത അവര്‍ നമുക്കു മുന്നില്‍ തുറന്നു വെക്കുകയായിരുന്നു .

എന്നാല്‍ സമീപ കാലത്ത് നാം കണ്ടത്ത് അദ്ദേഹത്തെ നിശബ്ദനാക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായ് മാറുന്ന കാഴ്ചയാണ് . അതില്‍ അത്യന്തം ഖേദകരവും ലജ്ജാകരവും ആയ സംഭവം ആയിരിരുന്നു ഒരേ ആത്മീയ പാത പിന്തുടരുന്നവരുടെ ഇടയില്‍ നിന്നുതന്നെ തുഞ്ചന്‍ പറമ്പില്‍ അദ്ദേഹത്തിനു നേരെ അഴിച്ചു വിട്ട ശാരീരിക ആക്രമണം .. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രൊഫസര്‍ കൂടി രംഗത്ത് വന്നപ്പോള്‍ തെറ്റിന് രൂപാന്തരം സംഭവിച്ച് പാപബോധവും പ്രായശ്ചിത്തവും ആവശ്യമില്ലാത്ത ശിക്ഷായായ് തിരുത്തിയെഴുതപ്പെട്ടു. ആക്രമികളുടെ കൈകള്‍ക്ക് കരുത്ത് പകരുന്നതിലൂടെ ഈ പ്രൊഫസര്‍ ആരെയോ സംരക്ഷിച്ചു നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് വ്യക്തമാകുന്നു ..

ആശയ പരമായ വൈരുദ്ധ്യങ്ങളെ ആശയപരമായി നേരിടാന്‍ പോന്ന നിരവധി ആചാര്യന്മാര്‍ നമുക്കുണ്ട്. ‘സ്വാമി സന്ദീപനന്ദ ഗിരിയുടെ പ്രഭാഷണങ്ങള്‍ ഹൈന്ദവ ആത്മീയതയുടെ തകര്‍ച്ചയോ വളര്‍ച്ചയോ’ എന്ന വിഷയം ആസ്പദമാക്കി എന്തുകൊണ്ട് ഒരു ചര്‍ച്ച ഇന്നുവരെ ഇവിടെ ഉണ്ടായിയില്ല എന്നത്‌ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്ക് നല്‍കുന്ന അംഗീകാരം തന്നെയാണ്.

ഭഗവത്‌ഗീതയുടെയും , ഉപനിഷത്തുക്കളുടേയും , ശ്രീ നാരായണ ഗുരു ദര്‍ശനങ്ങളുടേയും പരിശുദ്ധമായ ജ്ഞാനം കേരളത്തിലെ കൊച്ചുകുട്ടികളുടെ ചിന്തകളില്‍ പോലുംഇന്ന് ഇടം പിടിച്ചിരിക്കുന്നു എങ്കില്‍ അതിനു പിറകില്‍ ഈ ഒരു ആചാര്യന്‍റെ ശബ്ദം നമുക്ക് കേള്‍ക്കാവുന്നതാണ് . നഞ്ചു പുരട്ടിയ പാലമൃതം നുകരാന്‍ നല്‍കുമ്പോള്‍ മോക്ഷം നല്‍കാന്‍ പോന്ന ഉണ്ണികണ്ണന്മാര്‍ അവതാരം കൊള്ളുക തന്നെ വേണം . സംശുദ്ധ ആത്മീയ ചിന്തയുടെ ഈ നവമുകുളങ്ങള്‍ ഇന്നലെ വരെ അനുവര്‍ത്തിച്ചു പോന്ന അബദ്ധധാരണകളെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അംഗ ബലം കൊണ്ട് പടുത്തുയര്‍ത്തിയ കോട്ടകളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങുന്നു . ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തകര്‍ച്ചയെ ദീര്‍ഘ വീക്ഷണത്തോടെ കാണാന്‍ തുടങ്ങുമ്പോള്‍ അകത്തൊളിപ്പിച്ച ഭയം പുറത്തു പ്രകടമാകുന്നു ഈ പ്രതികാര ബുദ്ധിയിലൂടെ. സംഘടിതമായ ഇത്തരം നീക്കങ്ങളുടെ ഗൂഡലക്ഷ്യം ഇനിയും നാം തിരിച്ചറിയാതെ പോയാല്‍ ആ നഷ്ടം നമുക്ക് തന്നെ .

അറിവ് പകര്‍ന്നു നല്‍കുന്ന ഒരു ആത്മീയ ആചാര്യനെ എന്തിന് എന്ന് ഇനിയും എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല.

കള്ളവും ചതിയുമില്ലാതെ നാടുവാണ ഒരു മഹാരാജാവിനെപ്പോലും മൂന്നു പാദങ്ങള്‍ കൊണ്ട് ചതിക്കുഴി തീര്‍ത്ത്‌ പാതാളത്തിലേക്ക് പറഞ്ഞയച്ചതിന്‍റെ ഐതിഹ്യ പെരുമ വര്‍ഷാവര്‍ഷം പൂവിട്ടു ആഘോഷിക്കുന്നതും ഈ മലയാള നാട്ടില്‍ തന്നെയാണ് .

തിന്മയെ ന്യായീകരിച്ചുകൊണ്ട് നാളെ ഈ ഐതിഹ്യ കഥ കൂടി നമ്മളുടെ കാതുകളിലേക്ക് എത്തിച്ചു തന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
malayalam articles modhan kattoor

Friday, March 28, 2014

അശ്വതിയും ആര്‍മിയും പിന്നെ ആള്‍ദൈവങ്ങളും ..



aswathi helping

വിശക്കുന്നവന്‍റെ വിശപ്പ്‌ അകറ്റുന്നവന്‍ ആണ് ദൈവം എങ്കില്‍.

മുറിവേറ്റവന്‍റെ മുറിവുണക്കുന്നവന്‍ ആണ് ദൈവം എങ്കില്‍..

ഇതിനെ ആത്മീയതയുടെ മാനസിക ചൂഷണം എന്ന് പറയുന്നു.

------------------------------------------------------------------

ജീവകാരുണ്യം നല്‍കുമ്പോള്‍ അത് ദൈവത്തിന്‍റെ കരങ്ങള്‍ ആണ് എങ്കില്‍ അശ്വതിയും ഒരു ആള്‍ ദൈവമാണ് . പക്ഷെ അശ്വതിക്ക് ആ വിശേഷണം ചേരില്ല . എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു മതത്തിന്‍റെയും അലങ്കാരങ്ങള്‍ എടുത്തണി ഞ്ഞീട്ടില്ല. തന്‍റെ ഭൂതകാലത്തില്‍ ദേവനോ ദേവിയോ ശരീരത്തില്‍ പ്രവേശിച്ച് ഒരു അദൃശ്യലോകത്ത് നിന്നുകൊണ്ട് ദൈവവചനങ്ങള്‍ നല്‍കി തന്‍റെ ഭക്തരായ അടിമകളെ അവര്‍ സൃഷ്ടിച്ചെടുത്തീട്ടില്ല. ആശ്രമ വാടങ്ങള്‍ കെട്ടി അതിനകത്ത് പുരാണ കഥാപാത്രങ്ങളുടെ ചുവര്‍ ചിത്രങ്ങളുടെ രൂപത്തില്‍ അവര്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടീട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍ എല്ലാം തന്നെ ആ ദൈവിക ശക്തിയുടെ അനുഗ്രഹം കൊണ്ട് സംഭവിക്കുന്നു എന്ന് പറഞ്ഞ് സാധു ജനങ്ങളെ കപട ആത്മീയതയിലേക്ക് ഗതിതിരിച്ചു വിടാന്‍ ശ്രമിച്ചിട്ടീട്ടില്ല.
അശ്വതി മാത്രമല്ല , അതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്മാരും ദുരന്ത മുഖങ്ങളില്‍ രക്ഷകരാകുന്ന സൈനികരും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നാം അവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു , നമ്മളുടെ സ്നേഹം പ്രകടമാക്കുന്നു . ആദരവ് സൂക്ഷിക്കുന്നു . ഇതേ പ്രവര്‍ത്തികള്‍ ആത്മീയതയുമായി ചാലിച്ചെഴുതുമ്പോള്‍ അവര്‍ ദൈവങ്ങളായ് അവരോധിക്കപ്പെടുന്നു.

എണ്ണിയാല്‍ തീരാത്ത ജീവകാരുണ്യ പ്രവര്‍ത്തികളെ മുന്‍നിര്‍ത്തി ആള്‍ ദൈവങ്ങള്‍ക്ക് ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ ഇന്ന് പുരോഗമന ചിന്താഗതിക്കാര്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം അത്ഭുത പ്പെടുത്തുന്നതാണ്. പരിഷ്കൃതന്‍ എന്ന് സ്വയം അഭിമാനിക്കുമ്പോള്‍ തന്നെ ബാഹ്യമായി ജീവകാരുണ്യം എന്ന സത്കര്‍മ്മത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക മാത്രമല്ല പരോക്ഷമായി ഇനിയും കൈമോശം വന്നു ഭവിക്കാത്ത ദൈവികമായ അത്ഭുതശക്തിയിലുള്ള ഉള്ളിലുള്ള വിശ്വാസത്തെ അല്ലെങ്കില്‍ ഭക്തിയുടെ ആ കാപട്യത്തെ മനസ്സില്‍ ഒളിപ്പിച്ചുവെക്കാനും അവര്‍ക്ക് കഴിയുന്നു.

തന്നിലെ ദിവ്യ ശക്തിയാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്വസിച്ചും പ്രലോഭിപ്പിച്ചും അറിവില്ലാത്ത ഒരു ജനവിഭാഗത്തെ അടിമകളാക്കിയത്തിനു സമാനമായ പ്രതിഭാസമാണ് ഈ ജീവ കാരുണ്യപ്രവത്തിയിലൂടെ പരിഷ്കൃത സമൂഹത്തില്‍ ആള്‍ ദൈവങ്ങള്‍ പ്രായോഗികമാക്കുന്നത്. അന്നത്തെ ദിവ്യ ശക്തി ഇന്നത്തെ കാലഘട്ടത്തില്‍ പുറത്തെടുത്താല്‍ ജനം പുറം കാലുകൊണ്ട്‌ ചവിട്ടും. അതുകൊണ്ട് ആ പഴയ ദൈവിക ശക്തിതന്നെ ആത്മീയതയില്‍ ചാലിച്ച് ജീവ വകാരുണ്യരൂപത്തില്‍ ഇന്ന് പുനരവതരിക്കുന്നു..

സത് കര്‍മ്മത്തില്‍ നിന്നും മോക്ഷം ലഭിക്കും . അതിലൂടെ ദൈവത്തിന്‍റെ പാത്രീ ഭൂതരായ് മാറുവാന്‍ അവസരം കൈവന്നു ചേരുന്നു . ഇതൊരു പ്രലോഭനമാണ്‌ . മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങളുടെ സങ്കുചിതമായ ആത്മീയ ജ്ഞാനത്തെ ചൂഷണത്തിന് വിധേയമാക്കുകയാണ്. ജീവകാരുണ്യം എന്ന ദൈവിക കര്‍മ്മത്തിലൂടെ ആളായും അര്‍ത്ഥമായും നിര്‍ലോഭമായ സഹായങ്ങള്‍ നല്കുന്നതിലൂടെ പ്രത്യുപകാരമായ് ലഭിക്കുന്ന ദൈവാനുഗ്രഹം കൊണ്ട് ഭാവി ജീവിതം കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാകും എന്ന ശുഭ പ്രതീക്ഷയില്‍ ജനം കബളിപ്പിക്കപ്പെടുന്നു.

ഇവിടെ പരിഷ്കൃതനെയും പ്രാകൃതനെയും ഒരു പോലെ തൃപ്തി പ്പെടുത്താന്‍ ആള്‍ ദൈവങ്ങള്‍ക്ക് കഴിയുന്നുണ്ട് . അതിനാല്‍ ഒരു സുനാമി കൊണ്ട് പോലും കടപുഴകാന്‍ കഴിയാത്ത ഒരു ശക്തിയായി ആള്‍ ദൈവങ്ങള്‍ മാറുമ്പോഴും തിരിച്ചറിയണം പരിശുദ്ധമാകേണ്ട കൈകളില്‍ പാപക്കറയുണ്ടെങ്കില്‍ ഏതു പ്രതി ബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് കാലം അത് പുറത്ത് വിടുക തന്നെ ചെയ്യും ....

ജീവകാരുണ്യം ആള്‍ദൈവങ്ങളും മത സംഘടനകളും ഏറ്റെടു ക്കുമ്പോള്‍ അത് ഒരു ഭരണകൂടത്തിന്‍റെ പരാജയം ആണ് . ഭരണകൂടത്തിന് ചെയ്യാന്‍ കഴിയാത്ത കര്‍ത്തവ്യം ആള്‍ദൈവങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അവിടെ ഭരണ കര്‍ത്താക്കള്‍ ആള്‍ദൈവങ്ങളുടെ കളിപ്പാവകള്‍ ആയി മാറുന്നു . ആള്‍ദൈവങ്ങളുടെ സ്തുതി പാഠകര്‍ ആയി മാറുന്നു.....

വീണതിനു ശേഷമുള്ള വിലാപം ഇന്നത്തോടെ അവസാനിപ്പിക്കാം...
നാളെ വീഴാതിരിക്കാനുള്ള ശ്രദ്ധക്കായ് ഇന്ന് തുടക്കം കുറിക്കുമെങ്കില്‍ ...........
modhan kattoor malayalam articles

Friday, March 7, 2014

അവസാന തുടിപ്പിന് മുന്‍പ്

ഞാന്‍ അരുന്ധതി ...
എന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ചയുണ്ട്, എന്‍റെ കാതുകള്‍ക്ക് കേള്‍വിയുണ്ട്, എന്‍റെ ചുണ്ടുകള്‍ക്ക് ചലനമുണ്ട് , എനിക്ക് നിങ്ങളോട് സംസാരിക്കാനാകും .. ഈ ശബ്ദം നിലക്കും വരെ ഞാന്‍ നിങ്ങളോട് സംസാരിച്ചോട്ടെ..
എനിക്ക് ദാഹിക്കുന്നു ..
ഇതെല്ലാം ഇനി എത്ര നേരം .
അപകടത്തില്‍ പെട്ട് തകര്‍ന്നടിഞ്ഞു കിടക്കുന്ന ഈ വാഹനത്തിന്‍റെ ഏതോ ഒരു ഭാഗത്തു എന്‍റെ ശരീരത്തിന്‍റെ പകുതിയിലധികം ഭാഗവും ഞെരിഞ്ഞമര്‍ന്ന് കിടക്കുകയാണ് .. എന്‍റെ വലതു കൈ , അത് എനിക്ക് കാണാനാകും ., ഉയര്‍ത്താന്‍ കഴിയും . എന്നാല്‍ എവിടെയാണ് എന്‍റെ ഇടം കൈ ? കൈത്തണ്ടയില്‍ അമര്‍ന്നിരിക്കുന്ന കനത്ത ഈ ലോഹത്തകിടിനപ്പുറം എന്‍റെ ഇടതു കൈ ഉണ്ടോ ?.. തകിടിനയിലൂടെ രക്തം ചാലിട്ടോഴുകുന്നു ..
വേദന .. അത് എന്തെന്ന് ഞാന്‍ അറിയുന്നില്ല. നോക്കുന്നിടത്തെല്ലാം ചിന്തിക്കിടക്കുന്ന ചോരത്തുള്ളികള്‍. എന്‍റെ മുന്നില്‍ വന്നു തരിച്ചു നില്‍ക്കുന്നവരെയും മുഖം ഇരു കൈകള്‍ കൊണ്ടും പൊത്തി കരഞ്ഞു കൊണ്ട് ഓടുന്നവരെയും ഞാന്‍ കാണുന്നു.
ഈ ദൃശ്യം എത്ര ഭീകരമെന്ന് എനിക്കിപ്പോള്‍ ഊഹിക്കാനാവും. നിങ്ങള്‍ക്കെന്നെ രക്ഷിക്കാനാകില്ല.  വാഹനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ ക്കിടയില്‍ നിന്നും നിങ്ങളെന്നെ വേര്‍പെടുത്തും സമയം വരെ എന്‍റെ ജീവന് കാത്തുനില്‍ക്കാനാവില്ല.
ഒരു പിഞ്ചു കുഞ്ഞിന്‍റെ രോദനം ഞാന്‍ കേള്‍ക്കുന്നു..
ഈശ്വരാ ആ ശബ്ദം നിലച്ചു പോകരുതേ ..
എന്തിനായിരുന്നു ഈ ജന്മം ..?
നിലയില്ലാ വെള്ളത്തില്‍ മുങ്ങിത്തുടിക്കുന്ന അനുകുട്ടന്‍റെ ജീവന്‍ രക്ഷിക്കാനോ ..? അതോ ഭര്‍തൃപീഡനത്തില്‍ രണ്ടു കൊച്ചുമക്കളെ മറന്ന് ഒറ്റക്കുള്ള ആ യാത്രക്ക് ഒരുങ്ങിയ സതിടീച്ചറുടെ മാര്‍ഗ്ഗം തടയാനോ ..? എന്തിനായിരുന്നു ..?
ശരത്ചന്ദ്രനുമായുള്ള  ഒരു പരിചയം , ഇനിയുള്ള കൂടികാഴ്ചകളില്‍ ഒരു പക്ഷെ അതിനു ഒരു പ്രണയ പരിവേഷം കൈവരുമായിരുന്നു .. അതും ഭാഗ്യം.
കൈയെത്തും ദൂരത്തു മരണം എന്നെ കാത്തുനില്കുന്നു. എങ്ങും കൂരിരുട്ട് പരക്കുന്നു. അതോ എന്‍റെ കണ്ണുകള്‍ക്ക്‌ മങ്ങലേല്ക്കുന്നുവോ ? നേര്‍ത്ത ശബ്ദങ്ങള്‍ പോലും കനത്ത നിശബ്ദതയിലേക്ക് വഴുതി വീഴുന്നു. അതോ ശബ്ദമുഖരിതമായ ഈ അന്തരീക്ഷത്തില്‍ നിന്ന് നിങ്ങള്‍ നിശബ്ദത തേടുന്നുവോ ?
എനിക്കുറക്കം വരുന്നു.
എങ്ങും കൂരിരുട്ട്.
അകകണ്ണില്‍ ഒരു ദീപനാളം തെളിയുന്നു. എനിക്ക് വഴി കാട്ടുകയാണോ? ഇതു ലക്ഷ്യത്തിനോ ? അതോ മോക്ഷത്തിനോ ?
പോകുന്നതിനു മുന്‍പ് ഒരു വാക്ക് കൂടി

ഈ ഇമകള്‍ പൂട്ടിക്കോളൂ .

Monday, February 24, 2014

മരണം ഇവിടെ മംഗളമാകുന്നു ..





തമിഴ് നാട്ടിലെ ഒരു മരണവീടാണ് ചിത്രത്തില്‍ . . വാദ്യ ഘോഷങ്ങളാല്‍ ശബ്ദ മുഖരിതമായ അന്തരീക്ഷം . മൃതദേഹത്തെ ചുടുകാട്ടിലേക്ക് ആനയിക്കുന്നതും ആഘോഴപൂര്‍വ്വം തന്നെ . ശോക മൂകമായ അന്തരീക്ഷത്തില്‍ ഒരു കൂട്ടക്കരച്ചിലിന്‍റെ അകമ്പടിയോടെ മരണത്തെ കണ്ടു പരിചയിച്ച എന്നിലെ മലയാളിക്ക് തമിഴ് ജനതയുടെ ഈ ഒരു ആചാരം ഉള്‍ക്കൊള്ളുവാവുന്നതിലും അപ്പുറത്തായിരുന്നു .

ഇതെങ്ങിനെ സാധിക്കുന്നു..?

തമിഴന്‍റെ അറിവില്ലായ്മ എന്ന് പരിഹസിച്ചു ചിരിക്കാന്‍ പല മലയാള സിനിമകളിലും ഇടം പിടിച്ചെടുത്തു ഈ ആചാരം .

ഇത് അറിവോ, അറിവില്ലായ്മയോ ?

ഞാനെന്നും എന്‍റെതുമെന്നുള്ള അഹം ബോധത്തില്‍ ബന്ധമെന്ന അജ്ഞാതമായ ചരടുകൊണ്ടു നാം ഓരോരുത്തരേയും കൂട്ടികെട്ടുന്നു . ആ ചരട് മുറിയുന്ന നിമിഷം നമ്മില്‍ ഏല്‍പിച്ച വിടവ് ഒരു കനത്ത നഷ്ടമായ് മനസ്സില്‍ നിറയുന്നു . ആ നഷ്ടം മനസ്സില്‍ ഉറപ്പിക്കും വരെ ആ ദുഃഖം കണ്ണീരായ് നിറഞ്ഞുനില്‍ക്കും . ആ ചരട് നമ്മളുടെ കല്പനയാണ് . ഒരിക്കല്‍ അത് മുറിയും . ഈ ശരീരത്തെ ചൈതന്യ വത്താക്കിയ ജീവന്‍ ഒരു ദിനം ഈ ശരീരം വെടിഞ്ഞു പോകും . അത് യാഥാര്‍ത്ഥ്യം ആണ് . ഈ ഉയര്‍ന്ന ഉള്‍കാഴ്ച തമിഴന്‍ നേരത്തെ സ്വായത്തമാക്കിയിരിക്കുന്നു. ജീവിച്ച കാലമത്രയും ചെയ്ത കര്‍മ്മങ്ങളെ , നന്മകളെ നന്ദിയോടെ സ്മരിക്കാന്‍ മരണം ഒരു മുഹൂര്‍ത്തമാകുന്നു . ദുഃഖത്തില്‍ ചാലിച്ചു കൊണ്ടല്ല അഗ്നിക്കോ ഭൂമിക്കോ ശരീരം സമര്‍പ്പിക്കേണ്ടത്
ഇദം ന: മമ
മരണത്തില്‍ മലയാളി മറന്നു പോകുന്നതും തമിഴ് മക്കള്‍ ഓര്‍ത്തുവക്കുന്നതും ഈ ഒരു മന്ത്രം തന്നെ .

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...