Monday, February 24, 2014

കൊന്ന പാപം തിന്നാല്‍ തീരുമോ ..?





"നീ എന്തിന് അവിടെ പോയി" ? അച്ഛന്‍ മകനോട്‌ ചോദിച്ചു.
"വെറുതെ... വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. എനിക്കറിയാം." ..മകന്‍ മറുപടി പറഞ്ഞു .

അനുഗ്രഹീത ചലച്ചിത്രകാരന്‍ ലോഹിതദാസിന്‍റെ തൂലികയില്‍ പിറന്ന “കിരീടം” എന്ന സിനിമയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സംഭാഷണം ആണ് ഇത്. "വെറുതെ" എന്ന ആ ഒരു വാക്കിനുള്ളില്‍ വലിയൊരു തത്വം അദ്ദേഹം ഒളിപ്പിച്ചു വെക്കുന്നു .

ഇനി വിഷയത്തിലേക്ക് വരാം.

എണ്ണിയാല്‍ ഒടുങ്ങാത്ത കറി വൈവിധ്യങ്ങളിലൂടെ രുചിയുടെ മായികലോകത്തിലേക്ക് ആനയിക്കുന്നു ഏതൊരു കള്ളുഷാപ്പും . കോഴി മുതല്‍ കീരി വരെ കരയിലും ആകാശത്തിലും വെള്ളത്തിലും വസിക്കുന്ന സകലമാന ജീവജാലങ്ങളെ ഒറ്റ ശ്വാസത്തില്‍ ആ കറിവെപ്പുകാരന്‍ എനിക്ക് മുന്നില്‍ പരിചയപ്പെടുത്തി. എല്ലാം കേട്ടപ്പോള്‍ വെടികെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ കഴിഞ്ഞപോലെ ആകെ ഒരു പുക മയം . ആ പുക തെല്ലൊന്നു ശമിച്ചപ്പോള്‍ കണ്ണില്‍ രണ്ടു ജീവികളുടെ ചിത്രം തെളിഞ്ഞുവന്നു . അതില്‍ ഒന്ന് തവളയും മറ്റൊന്ന് ആമയും ആയിരുന്നു . വലിയ മേശയില്‍ നിരത്തി വെച്ചിരിക്കുന്ന കറി തളികകളിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി കണ്ണോടിച്ചു. ഇതില്‍ ഏതാണ് തവള ? ഏതാണ് ആമ ?
ഓര്‍ത്തെടുക്കുമ്പോള്‍ ഇന്നും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നു.
തിമിര്‍ത്തു പെയ്യുന്ന എടവപാതിയിലെ രാത്രി മഴയ്ക്ക് അല്പം ശമനം വന്നപ്പോള്‍ പുറത്തു കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ക്കൊപ്പം ആവേശത്തോടെ പുറത്തേക്കിറങ്ങി. തവളകളുടെ കൂട്ട കരച്ചില്‍ കൊണ്ട് ശബ്ദമുഖരിതമായ ആ തെക്കും പാടത്തുനിന്നും എല്‍ ഇ ഡി ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ എണ്ണമറ്റ തവളകളെ നിഷ്പ്രയാസം ഞങ്ങള്‍ ചാക്കില്‍ പെറുക്കി കൂട്ടി
ഇനിയാണ് ആ കൂട്ടക്കുരുതി . ഒഴിഞ്ഞ പറമ്പില്‍ കയറി ഓരോരോ തവളകളെയും കൊല്ലാനായ് പുറത്തെടുത്തു. തവളയുടെ പിന്‍ കാലുകള്‍ മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ എന്നതത്രേ ശാസ്ത്രം ആര്‍ക്കറിയാം ? മുന്‍ കാലുകള്‍ രണ്ടും ചേര്‍ത്തു പിടിച്ചു മരമുട്ടിയില്‍ വെച്ച് കൊടുവാള്‍ കൊണ്ട് ഒറ്റ വെട്ട്. ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ മുന്‍കാല്‍കള്‍ കൊണ്ട് ജീവന്‍ വേര്‍പ്പെടും മുന്‍പ് ആ തവള പിന്നെയും ചാടുന്നു പിന്‍കാലുകള്‍ രണ്ടും വേര്‍പ്പെട്ടതറിയാതെ.... ഒടുവില്‍ അതും നിശ്ചലമാകുന്നു
ആമയിറച്ചി കഴിച്ചാല്‍ വായു ബലം കൂട്ടുമെത്രേ. മാംസാഹാരം കഴിക്കാനുള്ള ആക്രാന്തം എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? എന്തായാലും പറമ്പില്‍ ഒരു ആമയെ കണ്ടെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന സമീപസ്തര്‍ എനിക്കുണ്ടുണ്ടായിരുന്നു . ഇറച്ചിക്ക് വേണ്ടി അവര്‍ ആമയെ കൊല്ലുന്ന ആ രീതി കരളു പിളര്‍ക്കും കാഴ്ചയാണ് . വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ജീവനോടെ ആമയെ എടുത്തിടുന്നു. . തിളച്ച വെള്ളത്തില്‍ മലര്‍ന്ന്കിടന്ന് ആ പാവം മരണം വരെ മാറത്തിടിക്കുന്നു.
മസാലയില്‍ പൊതിഞ്ഞ മണം നാവില്‍ രുചിയുടെ ലോകം തീര്‍ക്കുമ്പോള്‍ എല്ലാം ശുഭം. കൊന്ന പാപം ഇവിടെ തിന്നാല്‍ തീരുന്നു.

കറിവെപ്പുകാരന്‍ അക്ഷമനനായി വീണ്ടും എന്‍റെ മുന്നില്‍ അവതരിച്ചു......
***********************************************************
ഈ രണ്ടു ജീവികളുടെ ഇറച്ചി ഇന്നുവരെ ഞാന്‍ കഴിച്ചിട്ടില്ല ഈ രണ്ടു ജീവികളെയും ഞാന്‍ കൊന്നിട്ടുമില്ല എങ്കിലും ആ പ്രവര്‍ത്തികളില്‍ പങ്കാളിയായതി ന്‍റെ പാപ ബോധം പ്രായശ്ചിത്തമില്ലാത്ത അറിവായ്‌ ഉള്ളില്‍ നിറയുന്നു

എന്തിന് നീ അവിടെ പോയി ? അല്ലെങ്കില്‍ എന്തിന് ഇപ്പോള്‍ ഇത് ഇവിടെ പറയുന്നു. എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചേക്കാം .
രണ്ടിനും എനിക്ക് ഉത്തരം ഒന്നേ ഉള്ളൂ .
"വെറുതെ ".
എനിക്കറിയാം "വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല"

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...