Friday, February 21, 2014
ഈ അപ്പിള്‍ ഞാന്‍ കടിച്ചോട്ടെ അമ്മേ ....
....സ്വസ്തി .....പാപികളായ ഞങ്ങള്‍ക്കുവേണ്ടി ........ രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പുള്ള പ്രാര്‍ത്ഥന അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒഴുകിയെത്തുകയാണ്. അമ്മൂമ ചൊല്ലികൊടുക്കുമ്പോള്‍ മടിയില്‍ കിടക്കുന്ന മൂന്നുവയസ്സുകാരി അതേറ്റു ചൊല്ലുന്നു. ഇളം നാവുകള്‍ വാക്കുകള്‍ ചേര്‍ത്തു ചൊല്ലാന്‍ തുടങ്ങും മുന്‍പേ ഈ മനോഹര ഭൂവില്‍ ജന്മം കൊള്ളാന്‍ ഭാഗ്യം സിദ്ധിച്ച ഈ കുരുന്നുകളെ പാപികളെന്നു പറയാന്‍ പഠിപ്പിച്ച മതമേ നിനക്ക് മാപ്പില്ല.
"പാപജന്മമോ ഈ മനുഷ്യജന്മം" ...?
ഭൌതിക ജീവിതത്തിലെ നന്മയും തിന്മയും, പുണ്യവും പാപവും വേര്‍തിരിച്ച് മരണാനന്തരം സ്വര്‍ഗ്ഗവും നരകവുമെന്ന രണ്ടു ലോകങ്ങളില്‍ എത്തിച്ചേരുമെന്ന് സെമെറ്റിക് മതങ്ങള്‍ നമ്മെ വ്യമോഹിപ്പിച്ചതും ഭയപ്പെടുത്തിയതും എന്തിനായിരുന്നു.
ജീവിതത്തിലെ സത്കര്‍മ്മങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗവും ദുഷ്കര്‍മ്മങ്ങളില്‍ നിന്ന് നരകവും മരണാന്തരം അനുഭവിക്കേണ്ടിവരും എന്ന് ഇത്തരം മതങ്ങള്‍ ഉദ്ഘോഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവിനാല്‍ ഭയന്നു ബൗദ്ധികജീവിതം ജീവിച്ചു തീര്‍ക്കുന്നു. ആത്യന്തികമായി മനുഷ്യന്‍ ഭീരുവാണ്. ജീവിതത്തിലെ ഭയത്തെ ബുദ്ധിയുള്ള മനുഷ്യന്‍ പരീക്ഷണങ്ങളിലൂടെ അതിജീവിക്കുമ്പോള്‍ ജീവിച്ചു കൊതീരാത്ത ഒരുവന്‍ മരണാന്തര ലോകത്തെ ഭയത്തോടെ നോക്കികാണാന്‍ തുടങ്ങുന്നു . ഈ ജന്മത്തിലെ സത് കര്‍മ്മങ്ങളെല്ലാം മരണാന്തര ജീവിതത്തിനായ് നീക്കിവെക്കുന്ന അവന്‍റെ കരുതല്‍ നിക്ഷേപങ്ങളാണ് . അതിനാല്‍ സ്വര്‍ഗ്ഗം ഒരു പ്രലോഭനമാണ്... . മനുഷ്യന്‍റെ ഭാവനാതലത്തിലാണ് മരണാന്തര ജീവിതാനുഭവം നിലകൊള്ളുന്നത് .
വിശപ്പ് , നിദ്ര , മൈഥുനം, ഭയം എന്നീ അടിസ്ഥാനപരമായ അനുഭവ മേഖലകളിലൂടെ കടന്നുപോകുന്നവയാണ് ഏതൊരു ജീവജാലവും. തന്നെക്കാള്‍ ശക്തി കൂടിയ മറ്റൊരു ജീവിയാല്‍ താന്‍ ആക്രമിക്കപ്പെടുമോ എന്നുള്ള ഒരൊറ്റ ഭയമേ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവുള്ളൂ. ഭയം മനുഷ്യന്‍റെ ദൌര്‍ഭല്ല്യം ആണ് . മൃഗങ്ങള്‍ക്ക് അത് ആത്മ സുരക്ഷക്കുള്ള ആയുധവും. സെമിറ്റിക്ക് മതങ്ങള്‍ പിടിമുറുക്കുത് ഭയം എന്ന ഈ ദൌര്‍ബല്ല്യത്തെയാണ്. എന്തിനെയാണ് ഭയക്കുന്നത് ? ഇല്ലാത്ത ഒരുലോകത്തില്‍ സംഭവിക്കാത്ത ഒരു അനുഭവത്തെ നാം ഭയക്കുന്നതെന്തിന് എന്ന നാസ്തിക ന്‍റെ പരിഹാസം അര്‍ത്ഥവത്താണ് . എങ്കിലും ഇല്ല എന്നുപറയുന്നവും ഉണ്ട് എന്ന്‍ വിശ്വസിക്കുന്നവനും തുല്യമായ ഭാഗം ഇവിടെ പങ്കിട്ടെടുക്കുകയാണ് . എന്തുകൊണ്ടെന്നാല്‍ പോയവര്‍ എക്കാലത്തേക്കുമായി പോയി . പോയവരില്‍ ആരും തിരിച്ചുവന്നീട്ടില്ല.
ഭയത്തില്‍ നിന്നും നിവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഒരുവന്‍ സ്വതന്ത്രനാകുന്നത്. പ്രാകൃത മനുഷ്യന്‍റെ കൈയ്യില്‍ ഈ സ്വാതന്ത്ര്യം അപകടരമായ അവസ്ഥാ വിശേഷമാണ് സൃഷ്ടിച്ചെടുത്തത് . അവനില്‍ പാപ ചിന്ത കലര്‍ത്തി ഭൌതിക ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്നും ഈ ജന്മത്തില്‍ ചെയ്ത ദുഷ്കര്‍മ്മങ്ങള്‍ക്ക് അവിടെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടി വരും എന്ന ഭയം കലര്‍ത്തിവിടുന്ന മതം ആ സ്വാതന്ത്ര്യത്തിനു ഒരു നിയന്ത്രണം വരുത്തുകയാണ് ചെയ്തത്.
അജ്ഞതയില്‍ നിന്നും ഭയം നിവര്‍ത്തിക്കപ്പെടുന്നു, അതുപോലെ അറിവില്‍ നിന്നും ഭയം നിവര്‍ത്തിക്കപ്പെടുന്നുണ്ട് . ഒരു അധാര്‍മ്മിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തി വരും വരായ്കകളെ കുറിച്ച് അജ്ഞനാണെങ്കില്‍ അവനില്‍ ഭയം രൂപം കൊണ്ടിട്ടില്ല എന്ന് വേണം മനസിലാക്കാന്‍ . അതേപോലെ അധാര്‍മ്മിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഒരു ജ്ഞാനിയാണ് എങ്കില്‍ ഭയത്തെ അതിജീവിക്കാന്‍ പാകത്തില്‍ നിയമവ്യവസ്ഥകള്‍ളില്‍ അവന്‍ പഴുതുകള്‍ കണ്ടെത്തുന്നു. പാപ പുണ്യങ്ങള്‍ തീരുമാനിക്കുന്ന മരണാന്തര ലോകത്തെ അവന്‍ പുറംകാലുകൊണ്ട് ചവിട്ടുന്നു. ഇവക്കിടയില്‍ ആടിയുലയുന്ന ഒരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവനെയാണ് ഭീരു എന്ന് വിശേഷിപ്പിക്കുന്നത്. നന്മ തിന്മയെ നമ്മള്‍ വേര്‍തിരിച്ചും പാപ പുണ്യങ്ങളെ കുറിച്ചു ചിന്തിച്ചും മരണാന്തര ലോകത്തെ ഭയന്നും അവന്‍ ജീവിതം തള്ളിനീക്കുന്നു.
എങ്ങിനെ നിലനില്‍ക്കണം എന്ന അടിസ്ഥാന അറിവോടെയാണ് ഈ പ്രകൃതിയില്‍ ഓരോ ജീവജാലവും ജന്മം കൊള്ളുന്നത്. . ഒരു എട്ടുകാലി അതിന്‍റെ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയിലെത്തുവാന്‍ സ്വന്തം ശരീരം തന്നെ ആഹാരമായി നല്‍കുന്നു. കടുവ , സിംഹം തുടങ്ങിയ മൃഗങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന മാതൃക്കളെ കാണാം . നരഭോജികളുടെ വംശം ഇന്നും വേരറ്റു പോയിട്ടുമില്ല . ഇവിടെ പാപചിന്തകള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? എല്ലാം അലംഘനീയമായ പ്രകൃതി നിയമത്തിന്‍റെ ഭാഗം തന്നെ.
നന്മയേയും തിന്മയേയും വേര്‍തിരിച്ചു മനസിലാക്കുവാനുള്ള മനുഷ്യന്‍റെ സഹജമായ വിവേക ബുദ്ധിയില്‍ നിന്നാണ് നിയമ വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത് . പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഒരുവനെ പൊതുജന മദ്ധ്യത്തില്‍ പരസ്യമായി തൂക്കിലേറ്റുന്നു . അജ്ഞതയില്‍ ഭയം ഉടലെടുക്കാതിരുന്നതാണ് ഈ അധമ പ്രവൃത്തിക്ക് കാരണം. ശിക്ഷ നടപ്പിലാക്കുന്ന ദൃശ്യം ഒരുവനില്‍ ഭയം സൃഷ്ടിക്കുമ്പോള്‍ അത്തരം പ്രവൃത്തികളില്‍ നിന്നും പിന്മാറുന്നതിനു അത് കാരണമാകുന്നു. മതം വിഭാവനം ചെയ്യുന്ന ഒരു നരക ലോകത്ത് നടപ്പിലാക്കാന്‍ സാധ്യതയുള്ള ഒരു ശിക്ഷാ വിധിക്കായ് അവന്‍റെ ജീവിതാന്ത്യം വരെ നമ്മള്‍ കാത്തു നില്‍ക്കാറില്ല അര്‍ത്ഥ ശൂന്യമായ ഒരു മൂഡസങ്കല്‍പ്പത്തിന്‍റെ മൂടുപടം അടര്‍ന്നുവീഴുന്നതിവിടെ കാണാം.
മതത്തില്‍ വിശ്വാസം കലര്‍ന്നപ്പോള്‍ ഭയം ഉടലെടുത്ത ഒരു കൊച്ചു കുട്ടി യില്‍ നിന്നും സ്വാഭാവികമായി ആ ചോദ്യം ഉയര്‍ന്നുവരും ... " ഈ ആപ്പിള്‍ ഞാന്‍ കടിച്ചോട്ടെ അമ്മേ .."
അവള്‍ വലതാകുന്നതോടെ പാപ ജന്മമെന്നത് അന്ധവിശ്വാസമെന്നും സ്വര്‍ഗ്ഗം നരകം എന്നത് മൂഡ സങ്കല്പമാണെന്നും അവള്‍ തിരിച്ചറിയുന്നു. എന്നീട്ടും അവള്‍ തന്‍റെ കുഞ്ഞിനും ഇതേ പ്രാര്‍ത്ഥന സ്വന്തം മടിയിലിരുത്തി ചൊല്ലിക്കൊടുക്കും. കാരണം ഇതൊരു തുടര്‍ച്ചയാണ് . ഭൌതിക ജീവിതത്തില്‍ ഇടപെടുന്ന മതത്തിന് ഒരു സംഘടിത സ്വരൂപമുണ്ട്. അതില്‍ നിന്നും വ്യതിചലിച്ചു നടന്നാല്‍ ജീവിതത്തില്‍ താന്‍ തനിച്ചാകും. അവിടെയും, ഇനിയൊളിക്കാന്‍ ഒരു ഇടമില്ലാത്തവന്‍റെ പിന്നില്‍ ഭയം നിഴല്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും..
Subscribe to:
Post Comments (Atom)
ട്രെൻഡ്
അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...
-
ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്റെ നാലപത്തി ഒന്നാം നാള് ദേവി ഉപാസകനായ അച്യുതന് മനസ്സും ശരീരവ...
-
മഴ ഒരനുഭവമാണ് ... അനുഗ്രഹമാണ് ...അനുഭൂതിയാണ് ..എന്നാല്‍ അതിപ്പോള്‍ ശരിക്കും ഒരു ശാപമാണ് . കര്‍ക്കിടത്തിലെ കനത്ത മഴയ്ക്ക് അല്പം ഒരു ശമന...
-
പ്രായമായവരെ കരയിക്കാമോ? ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി. അതെ., ഞാൻ എഴുതുകയല്ല., പറഞ്ഞുതു...
No comments:
Post a Comment