Monday, February 24, 2014

മരണം ഇവിടെ മംഗളമാകുന്നു ..





തമിഴ് നാട്ടിലെ ഒരു മരണവീടാണ് ചിത്രത്തില്‍ . . വാദ്യ ഘോഷങ്ങളാല്‍ ശബ്ദ മുഖരിതമായ അന്തരീക്ഷം . മൃതദേഹത്തെ ചുടുകാട്ടിലേക്ക് ആനയിക്കുന്നതും ആഘോഴപൂര്‍വ്വം തന്നെ . ശോക മൂകമായ അന്തരീക്ഷത്തില്‍ ഒരു കൂട്ടക്കരച്ചിലിന്‍റെ അകമ്പടിയോടെ മരണത്തെ കണ്ടു പരിചയിച്ച എന്നിലെ മലയാളിക്ക് തമിഴ് ജനതയുടെ ഈ ഒരു ആചാരം ഉള്‍ക്കൊള്ളുവാവുന്നതിലും അപ്പുറത്തായിരുന്നു .

ഇതെങ്ങിനെ സാധിക്കുന്നു..?

തമിഴന്‍റെ അറിവില്ലായ്മ എന്ന് പരിഹസിച്ചു ചിരിക്കാന്‍ പല മലയാള സിനിമകളിലും ഇടം പിടിച്ചെടുത്തു ഈ ആചാരം .

ഇത് അറിവോ, അറിവില്ലായ്മയോ ?

ഞാനെന്നും എന്‍റെതുമെന്നുള്ള അഹം ബോധത്തില്‍ ബന്ധമെന്ന അജ്ഞാതമായ ചരടുകൊണ്ടു നാം ഓരോരുത്തരേയും കൂട്ടികെട്ടുന്നു . ആ ചരട് മുറിയുന്ന നിമിഷം നമ്മില്‍ ഏല്‍പിച്ച വിടവ് ഒരു കനത്ത നഷ്ടമായ് മനസ്സില്‍ നിറയുന്നു . ആ നഷ്ടം മനസ്സില്‍ ഉറപ്പിക്കും വരെ ആ ദുഃഖം കണ്ണീരായ് നിറഞ്ഞുനില്‍ക്കും . ആ ചരട് നമ്മളുടെ കല്പനയാണ് . ഒരിക്കല്‍ അത് മുറിയും . ഈ ശരീരത്തെ ചൈതന്യ വത്താക്കിയ ജീവന്‍ ഒരു ദിനം ഈ ശരീരം വെടിഞ്ഞു പോകും . അത് യാഥാര്‍ത്ഥ്യം ആണ് . ഈ ഉയര്‍ന്ന ഉള്‍കാഴ്ച തമിഴന്‍ നേരത്തെ സ്വായത്തമാക്കിയിരിക്കുന്നു. ജീവിച്ച കാലമത്രയും ചെയ്ത കര്‍മ്മങ്ങളെ , നന്മകളെ നന്ദിയോടെ സ്മരിക്കാന്‍ മരണം ഒരു മുഹൂര്‍ത്തമാകുന്നു . ദുഃഖത്തില്‍ ചാലിച്ചു കൊണ്ടല്ല അഗ്നിക്കോ ഭൂമിക്കോ ശരീരം സമര്‍പ്പിക്കേണ്ടത്
ഇദം ന: മമ
മരണത്തില്‍ മലയാളി മറന്നു പോകുന്നതും തമിഴ് മക്കള്‍ ഓര്‍ത്തുവക്കുന്നതും ഈ ഒരു മന്ത്രം തന്നെ .

കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍ ...





"കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍
കുത്തിച്ചിടാന്‍ എന്‍ കണ്‍ഠമിടറുന്നതെന്തേ ''" ?
--------------------------------------------------------------
വിശ്വാസമോ അന്ധവിശ്വാസമോ എന്തോ ആവട്ടെ, രാത്രിയുടെ ഏതോ യാമങ്ങളില്‍ ഒരു കാലന്‍ കോഴിയുടെ (കുത്തിച്ചിടാന്‍ ) ഭയം ജനിപ്പിക്കുന്ന ആ സ്വരം കാതില്‍ നിറയുമ്പോള്‍ ..
സമീപ ദിവസങ്ങളില്‍ ....,
കാത്തിരിക്കുന്ന ഏതോ ഒരു മരണവാര്‍ത്ത നിങ്ങളെ തേടി എത്താറില്ലേ?

ഭയ ചിന്തയും , ദു:ശ്ശകുനവും ദുര്‍ബല മനസ്സിന്‍റെ ലക്ഷണം. അതിനെ മാറ്റി നിര്‍ത്തി നമ്മളുടെ പൂര്‍വ്വികര്‍ പറഞ്ഞുവെച്ച നാട്ടറിവുകളെ അന്ധവിശ്വാസത്തിന്‍റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് ഒരു നിമിഷം നമുക്ക് അതിന്‍റെ നേരറിവുകള്‍ തിരയാം..

മനുഷ്യന്‍റെ നിലനില്‍പ്പിനെ ആധാരമാക്കിയാണ് പ്രകൃതിയില്‍ ഓരോ ജീവജാലങ്ങളും നിലനില്‍ക്കുന്നത് .  ഈ വിശ്വ പ്രകൃതിയുടെ അപ്രമാദിത്വം മനുഷ്യകരങ്ങളില്‍ നിഷിപ്തമാണ് . നിര്‍മ്മിക്കുവാനും നാമാവശേഷമാക്കുവാനും നിമിഷാര്‍ദ്ധം പോലും അവന് ആവശ്യമില്ല. അതിന് ആനുപാതികമായ ഒരു ജൈവ വൈവിദ്ധ്യം എല്ലാ ജീവജാലങ്ങല്‍ക്കുള്ളിലും ഉടലെടുത്തീട്ടുമുണ്ട്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ജീവജാലങ്ങളില്‍ ഇത് ഒരു പക്ഷെ ഒരു അപവാദമായി തോന്നാം . ഒരിക്കലും അല്ല . വനങ്ങള്‍ ഇന്ന് നില നില്‍ക്കുന്നത് തന്നെ മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ടാണ്. അതിന് നാശം സംഭവിക്കുന്നത്  അവന്‍റെ ദുഷ്കര്‍മ്മം കൊണ്ടും. ഘോരവനത്തിനുള്ളില്‍ ഒറ്റക്ക് പോയിട്ടുള്ളവര്‍ക്കറിയാം , എത്ര പെട്ടെന്നാണ് നാം ആ വനത്തിനുള്ളില്‍ കാല്‍ കുത്തിയ വിവരം പക്ഷി മൃഗാധികള്‍ ശബ്ദങ്ങളിലൂടെയും ചലനങ്ങളിലൂടെയും പരസ്പരം കൈമാറുന്നത് .

നമ്മളുടെ ചുറ്റുപാടുകളില്‍ കഴിഞ്ഞു കൂടുന്ന ഓരോ ജീവജാലവും അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്തുന്നുണ്ട് . നമ്മളുടെ വീടുകളില്‍ അപരിചിതനായ ഒരാള്‍ വന്നാല്‍ നമ്മളുടെ വളര്‍ത്തു മൃഗങ്ങളും , പക്ഷികളും അവ പുറപ്പെടുവിക്കുന്ന വേറിട്ട ശബ്ദങ്ങളില്‍ നിന്നും നമ്മള്‍ അത് തിരിച്ചറിയുന്നുണ്ട്.  ചുറ്റുപാടുകളില്‍ അപകടകാരിയായ മറ്റൊരു ജീവിയെ കണ്ടാല്‍ പക്ഷികള്‍ക്കിടയിലും മൃഗങ്ങള്‍ക്കിടയിലും കാണുന്ന ആശയ വിനിമയവും നമ്മള്‍ തിരിച്ചറിയുന്നുണ്ട്. വീട്ടിലെ ഗൃഹനാഥന്‍ അകത്ത് മരിച്ചു കിടക്കുമ്പോള്‍ വളര്‍ത്തുനായ ആഹാരം പോലും ഉപേക്ഷിച്ച് ഒരു മൂലയില്‍ ചുരുണ്ട് കൂടി കിടക്കുന്ന കാഴ്ച ആര്‍ക്കാണ് പരിചയമില്ലാത്തത് . ഇനി ഒരിക്കലും തന്‍റെ യജമാനന്‍ തിരിച്ചു വരില്ല എന്ന അറിവ് അവന്‍ തിരിച്ചറിയുന്നതെങ്ങിനെ ?

 നമ്മള്‍ ഒരുക്കിവെച്ച ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഓരോ ജീവജാലവും പരസ്പരം അവയുടെ ജനന , ജീവിത , മരണങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്ന സത്യം ഇവിടെ ആര്‍ക്കാണ്ക്ക് നിഷേധിക്കാന്‍ കഴിയുക.  ആ ജീവജാല ഗണത്തില്‍ നിന്നും മനുഷ്യന്‍ മാത്രം വേറിട്ടു നിര്‍ത്തേണ്ടവന്‍ അല്ല.  എന്നീട്ടും നാം നമുക്കു ഉത്തരം കിട്ടുന്നതൊ , തെളിയിക്കാന്‍ കഴിയുന്നതോ ആയ ഒന്നിനെ സ്വീകരിക്കുകയും ഉത്തരം കിട്ടാത്തത്തിനേയും , തെളിയിക്കാന്‍ കഴിയാത്തത്തിനേയും അന്ധവിശ്വാസം എന്ന ഗണത്തില്‍പ്പെടുത്തി നിരാകരിക്കുകയും ചെയ്യുന്നു.

നാം നാട്ടു വളര്‍ത്തുന്ന വൃക്ഷങ്ങളാണ് അവര്‍ക്ക് സങ്കേതങ്ങള്‍ ഒരുക്കുന്നത്, നാം നമുക്കായ് വിളചെയ്തെടുക്കുന്ന ഫലധാന്യങ്ങളില്‍ നിന്നു തന്നെയാണ് അവ അവക്കുള്ള അന്നം കണ്ടെത്തുന്നതും മനുഷ്യനില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം നമ്മളുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഒരു ജീവജാലങ്ങള്‍ക്കും ഇല്ല.  ഈ പ്രകൃതിയുടെ പ്രമാണിത്വം മനുഷ്യന്‍റെ കൈകളില്‍ ആണ് എന്ന് ഓരോ ജീവജാലവും തിരിച്ചറിയുന്നു. അവ അത് പങ്കുവെക്കുന്നുമുണ്ട്. നാം അറിയാതെ തന്നെ ഓരോ ജീവജാലവും നമ്മളെ ആശ്രയിക്കുന്നു. നമ്മളുടെ ചലങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നു.

കൃത്യമായ ഇടവേളകളില്‍ വിള തിന്നാന്‍ എത്തുന്ന കിളിക്കൂട്ടം നമ്മളുടെ പ്രവര്‍ത്തികള്‍ക്കായ് കാത്തിരിക്കുന്നുണ്ടാവില്ലേ ? വിള കൊയ്യാന്‍ പാകമാകണേ എന്ന് നമ്മെ പോലെ അവയും പ്രാര്‍ത്ഥിക്കുന്നുണ്ടാവില്ലേ ?

ഈ പക്ഷിയുടെ ശബ്ദം രാത്രിയില്‍ കേള്‍ക്കുമ്പോള്‍ , പല പക്ഷി നിരീക്ഷകരുടെയും അഭിപ്രായത്തില്‍ അത് അതിന്‍റെ സാന്നിദ്ധ്യം തന്‍റെ ഇണയെ അറിയിക്കുക എന്നാതാണ്. പൂര്‍വ്വികര്‍ ഈ ശബ്ദത്തെ വരാന്‍ പോകുന്ന ഒരു മരണവുമായി കൂട്ടികെട്ടുന്നു . അത് അവരുടെ അനുഭവത്തില്‍ കണ്ടെത്തിയ വെളിപ്പെടുത്തല്‍ ആകാം . അത് ഒരുപക്ഷെ ഈ പ്രകൃതിയിലെ ഓരോ ജീവജാലവും മനുഷ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനവും ശ്രദ്ധയും ചെലുത്തുന്നുണ്ട് എന്ന അവുടെ അന്ന്വേഷണത്തില്‍ നിന്നും തെളിഞ്ഞു കിട്ടിയ അറിവാകാം .

അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല , മറിച്ച് അറിവിലേക്ക് നയിക്കുന്ന വാതായനങ്ങള്‍ ഇവിടെ ഞാന്‍ തുറന്നിടുന്നു.

കണ്ണേ മടങ്ങുക .....





ഈ വാര്‍ത്ത കേള്‍ക്കുന്നത് ശുഭകരമോ , അശുഭകരമോ ?
ആ സത്യം വിളിച്ചു പറയുന്നത് ശരിയോ തെറ്റോ ? .....

രണ്ടിലും ഗുണ ദോഷ അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യന്തം സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. നല്ല സുഹൃത് ബന്ധങ്ങള്‍ , സമകാലിക വിഷയങ്ങളിലൂടെയുളള ഒരു ഓട്ട പ്രദക്ഷിണം , ചെറിയ ചെറിയ സംവാദങ്ങള്‍ , വിവരവും വിജ്ഞാന പ്രധാവുമായ വിഷയങ്ങളുടെ കൈമാറ്റങ്ങള്‍ എന്നിവയിലൂടെ മാനസികമായി ഊര്‍ജ്ജവും സന്തോഷവും കണ്ടെത്തുന്ന എന്‍റെ ഫേസ് ബുക്ക്‌ ബന്ധത്തിനപ്പുറം ഫേസ് ബുക്കിന് മറ്റൊരു മൊഖം കൂടിയുണ്ടെന്ന് വളരെ യാദൃശ്ചികമായിയാണ് ഞാന്‍ അറിഞ്ഞത്.

ഇന്ന് നാം കണ്ടതും പരിചയപ്പെട്ടതുമായ ഫേസ് ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിന് നാം കാണാത്തതും പരിച്ചയമില്ലാത്തതുമായ ഞെട്ടിക്കുന്ന മറ്റൊരു മുഖം കൂടിയുണ്ട് . ഏതു സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു അഗ്നി പര്‍വ്വതം ആയി മാറി കഴിഞ്ഞിരിക്കുന്നു നമ്മളുടെ ഈ ഫേസ് ബുക്ക്‌ . അതിന്‍റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന പുകയില്‍ നിന്നും മലീമസമായ ഒരു സംസ്കാരവും ക്രൂരതയില്‍ പതറാത്ത മനസ്സും അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ലൈഗ്ഗിക ആരാജകത്തിന്‍റെയും അടക്കാനാവാത്ത ലൈഗ്ഗിക അഭിനിവേശ ത്തിന്‍റെയും ഏറ്റവും പുതിയ നേര്‍കാഴ്ചകള്‍ ഓരോ ദിവസവും ഫേസ് ബൂക്കിലൂടെ കടന്നു പോകുമ്പോള്‍ ഒരു പോണ്‍ സൈറ്റും ഇതിന് പകരം വെക്കാന്‍ പോന്നതാവുന്നില്ല . കരുണയുടെ ഉറവയില്ലാത്ത നരാധമന്മാരുടെ കൊടും ക്രൂരതകളുടെ കാഴ്ചകള്‍ ഏതൊരു സഹൃദയന്‍റെയും മാനസിക നില തകിടം മറിക്കാന്‍ പോന്നതാണ് . കണ്ട കാഴ്ചകളെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിന്നില്ല . അത് നിങ്ങളുടെ ഒരു നല്ല ദിനത്തെ നശിപ്പിക്കാന്‍ പോന്നതാണ് എന്നത് തന്നെ . ഇത്തരം പച്ചയായ കാഴ്ചകളിലൂടെ, ഇതും ലോകമാണ് എന്ന് നാം പരിചയപ്പെടുന്നു .

അതിനുമപ്പുറം ഈ കാഴ്ചകളുടെ കൈമാറ്റത്തിലൂടെ കൊണ്ടും കൊടുത്തും , കണ്ടും കേട്ടും കൈവിറക്കാത്തതും മനസ്സിടറാത്തതുമായ ഒരു മാനസിക നില നമ്മളുടെ ഉള്ളില്‍ സ്വയം രൂപപ്പെടുന്നത് ഒരു പക്ഷെ നാം തിരിച്ചറിയുന്നില്ല . മൂല്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നില്‍കാന്‍ പ്രാപ്തരാക്കുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം തന്നെയാണ് ഇത്.

സ്കൂള്‍ കുട്ടികളില്‍ പോലും ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ ഇല്ലാത്തവര്‍ വിരളമാണ്. മകന്‍ / മകള്‍ ഫേസ് ബുക്ക് ആണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത് എന്ന് തെല്ലു ആശ്വാസത്തോടെ ഇരിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് . പക്ഷെ അവര്‍ അറിയുന്നില്ല അവന്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നതിനെല്ലാം ഫേസ് ബുക്കില്‍ എണ്ണമറ്റ പ്രൊഫൈലുകള്‍ ഉണ്ട് . അവന്‍ സഞ്ചരിക്കുന്ന വഴികള്‍ , അവന്‍റെ മാനസിക നില ഇത് നമ്മളുടെ ശ്രദ്ധയില്‍ നിന്ന് അന്ന്യമാകരുത്.

ഈ സത്യം നിങ്ങളോട് പങ്കു വെക്കുമ്പോഴും എനിക്കൊരു അപേക്ഷയെ ഉള്ളൂ . അറിയാനുള്ള ആഗ്രഹത്താല്‍ നിങ്ങള്‍ എടുത്തു ചാടിയാല്‍ ഒരു പക്ഷെ ഒരു തിരിച്ചു വരവ് അസാധ്യമാകും വിധം ഒരു മാനസിക നില രൂപപ്പെടാം . കയ്യില്‍ ഒരു കയറുമായ് ഫേസ് ബുക്കിന്‍റെ കാണാകയങ്ങളിലേക്ക് സാവകാശം ഇറങ്ങുക . നിങ്ങളെ നിങ്ങളായ് തന്നെ നിലനിര്‍ത്തുവാന്‍ അത് അത്യാവശ്യമാണ് . കണ്ട കാഴ്ചകളിലും പരിചയപ്പെട്ട ലോകത്തിലും ഒരു ഒട്ടല്‍ ഉണ്ടാകാതെ തിരിച്ചു കയറുക..

കൊന്ന പാപം തിന്നാല്‍ തീരുമോ ..?





"നീ എന്തിന് അവിടെ പോയി" ? അച്ഛന്‍ മകനോട്‌ ചോദിച്ചു.
"വെറുതെ... വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. എനിക്കറിയാം." ..മകന്‍ മറുപടി പറഞ്ഞു .

അനുഗ്രഹീത ചലച്ചിത്രകാരന്‍ ലോഹിതദാസിന്‍റെ തൂലികയില്‍ പിറന്ന “കിരീടം” എന്ന സിനിമയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സംഭാഷണം ആണ് ഇത്. "വെറുതെ" എന്ന ആ ഒരു വാക്കിനുള്ളില്‍ വലിയൊരു തത്വം അദ്ദേഹം ഒളിപ്പിച്ചു വെക്കുന്നു .

ഇനി വിഷയത്തിലേക്ക് വരാം.

എണ്ണിയാല്‍ ഒടുങ്ങാത്ത കറി വൈവിധ്യങ്ങളിലൂടെ രുചിയുടെ മായികലോകത്തിലേക്ക് ആനയിക്കുന്നു ഏതൊരു കള്ളുഷാപ്പും . കോഴി മുതല്‍ കീരി വരെ കരയിലും ആകാശത്തിലും വെള്ളത്തിലും വസിക്കുന്ന സകലമാന ജീവജാലങ്ങളെ ഒറ്റ ശ്വാസത്തില്‍ ആ കറിവെപ്പുകാരന്‍ എനിക്ക് മുന്നില്‍ പരിചയപ്പെടുത്തി. എല്ലാം കേട്ടപ്പോള്‍ വെടികെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ കഴിഞ്ഞപോലെ ആകെ ഒരു പുക മയം . ആ പുക തെല്ലൊന്നു ശമിച്ചപ്പോള്‍ കണ്ണില്‍ രണ്ടു ജീവികളുടെ ചിത്രം തെളിഞ്ഞുവന്നു . അതില്‍ ഒന്ന് തവളയും മറ്റൊന്ന് ആമയും ആയിരുന്നു . വലിയ മേശയില്‍ നിരത്തി വെച്ചിരിക്കുന്ന കറി തളികകളിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി കണ്ണോടിച്ചു. ഇതില്‍ ഏതാണ് തവള ? ഏതാണ് ആമ ?
ഓര്‍ത്തെടുക്കുമ്പോള്‍ ഇന്നും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നു.
തിമിര്‍ത്തു പെയ്യുന്ന എടവപാതിയിലെ രാത്രി മഴയ്ക്ക് അല്പം ശമനം വന്നപ്പോള്‍ പുറത്തു കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ക്കൊപ്പം ആവേശത്തോടെ പുറത്തേക്കിറങ്ങി. തവളകളുടെ കൂട്ട കരച്ചില്‍ കൊണ്ട് ശബ്ദമുഖരിതമായ ആ തെക്കും പാടത്തുനിന്നും എല്‍ ഇ ഡി ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ എണ്ണമറ്റ തവളകളെ നിഷ്പ്രയാസം ഞങ്ങള്‍ ചാക്കില്‍ പെറുക്കി കൂട്ടി
ഇനിയാണ് ആ കൂട്ടക്കുരുതി . ഒഴിഞ്ഞ പറമ്പില്‍ കയറി ഓരോരോ തവളകളെയും കൊല്ലാനായ് പുറത്തെടുത്തു. തവളയുടെ പിന്‍ കാലുകള്‍ മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ എന്നതത്രേ ശാസ്ത്രം ആര്‍ക്കറിയാം ? മുന്‍ കാലുകള്‍ രണ്ടും ചേര്‍ത്തു പിടിച്ചു മരമുട്ടിയില്‍ വെച്ച് കൊടുവാള്‍ കൊണ്ട് ഒറ്റ വെട്ട്. ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ മുന്‍കാല്‍കള്‍ കൊണ്ട് ജീവന്‍ വേര്‍പ്പെടും മുന്‍പ് ആ തവള പിന്നെയും ചാടുന്നു പിന്‍കാലുകള്‍ രണ്ടും വേര്‍പ്പെട്ടതറിയാതെ.... ഒടുവില്‍ അതും നിശ്ചലമാകുന്നു
ആമയിറച്ചി കഴിച്ചാല്‍ വായു ബലം കൂട്ടുമെത്രേ. മാംസാഹാരം കഴിക്കാനുള്ള ആക്രാന്തം എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? എന്തായാലും പറമ്പില്‍ ഒരു ആമയെ കണ്ടെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന സമീപസ്തര്‍ എനിക്കുണ്ടുണ്ടായിരുന്നു . ഇറച്ചിക്ക് വേണ്ടി അവര്‍ ആമയെ കൊല്ലുന്ന ആ രീതി കരളു പിളര്‍ക്കും കാഴ്ചയാണ് . വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ജീവനോടെ ആമയെ എടുത്തിടുന്നു. . തിളച്ച വെള്ളത്തില്‍ മലര്‍ന്ന്കിടന്ന് ആ പാവം മരണം വരെ മാറത്തിടിക്കുന്നു.
മസാലയില്‍ പൊതിഞ്ഞ മണം നാവില്‍ രുചിയുടെ ലോകം തീര്‍ക്കുമ്പോള്‍ എല്ലാം ശുഭം. കൊന്ന പാപം ഇവിടെ തിന്നാല്‍ തീരുന്നു.

കറിവെപ്പുകാരന്‍ അക്ഷമനനായി വീണ്ടും എന്‍റെ മുന്നില്‍ അവതരിച്ചു......
***********************************************************
ഈ രണ്ടു ജീവികളുടെ ഇറച്ചി ഇന്നുവരെ ഞാന്‍ കഴിച്ചിട്ടില്ല ഈ രണ്ടു ജീവികളെയും ഞാന്‍ കൊന്നിട്ടുമില്ല എങ്കിലും ആ പ്രവര്‍ത്തികളില്‍ പങ്കാളിയായതി ന്‍റെ പാപ ബോധം പ്രായശ്ചിത്തമില്ലാത്ത അറിവായ്‌ ഉള്ളില്‍ നിറയുന്നു

എന്തിന് നീ അവിടെ പോയി ? അല്ലെങ്കില്‍ എന്തിന് ഇപ്പോള്‍ ഇത് ഇവിടെ പറയുന്നു. എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചേക്കാം .
രണ്ടിനും എനിക്ക് ഉത്തരം ഒന്നേ ഉള്ളൂ .
"വെറുതെ ".
എനിക്കറിയാം "വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല"

മഞ്ചുപാദം കഴുകിയാല്‍ നാരീപൂജയാകുമോ ?....




ഒരു സെലിബ്രിറ്റിയെ തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യമല്ലെ ഇതിന്‍റെ ലക്ഷ്യം എന്ന് ഒരു വശത്ത്‌ നിന്നും സംശയം വരുമ്പോള്‍ , മറ്റൊരു വശത്തുനിന്നും നാരീ പൂജക്ക്‌ തിരഞ്ഞെടുക്കാന്‍ എന്തു മാനദണ്ഡം ആണ് മഞ്ചു വാര്യര്‍ക്കുള്ളത് എന്ന സംശയവും ഉയര്ന്നുവന്നു .മറ്റു ചിലരാകട്ടെ മഞ്ചു വാര്യര്‍ക്ക് പകരം നിഷ്കളങ്കയായ ഒരു ബാലികയേയോ സമൂഹത്തിന് മാതൃകയായ ഒരു സ്ത്രീയേയോ ആയിരുന്നു കാല്‍ കഴുകാന്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നും നിര്‍ദ്ദേശം വെക്കുകയുമുണ്ടായി. പ്രത്യക്ഷത്തില്‍ വളരെ അഭികാമ്യമായി തോന്നുന്ന സംശയവും നിര്‍ ദ്ദേശവും ഒന്നു പുന:പരിശോധിക്കുകയാണ്..

ഇവിടെ കാല്‍ കഴുകുക എന്ന അനുഷ്ഠാനകര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് വ്യക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കാരണമായ് ഭവിച്ചത് എന്ന് മനസിലാക്കാം .. മാനസിക സംഘര്‍ഷങ്ങള്‍ ഉടലെടുത്തതാകട്ടെ ഭക്തന്‍റെ മനസ്സിലും . അവന്‍റെ ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ദേവീ സങ്കല്പത്തെ മഞ്ചുവാര്യര്‍ എന്ന വ്യക്തിയുമായി താതാത്മ്യം പ്രാപിക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായ് വരുന്നത് .

നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുക എന്ന കര്‍മ്മം ആണ് അവിടെ നടന്നത് . ഒരു ഭക്തന്‍ ദേവിയോടുള്ള തന്‍റെ ഭക്തി പ്രതിഫലിപ്പി ക്കാന്‍ കഴിയുന്ന ഒരു കര്‍മ്മമായാണ് നാരീ പൂജയെ കാണുന്നത് . ദേവിയുടെ പ്രീതി സമ്പാദനം പരമമായ ലക്‌ഷ്യമായ് അവന്‍ സ്വീകരിക്കുന്നു. പാദം കഴുകുമ്പോള്‍ അവ ന്‍റെ മനസ്സില്‍ നാരിയില്‍ ഒരു ദേവീഭാവം ഉടലെടുക്കുമ്പോള്‍ കര്‍മ്മം അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വ്യതിച്ചലിക്കപ്പെടുന്നു. ലക്ഷ്യം വ്യതിചലിച്ച മനസ്സില്‍ സംശയങ്ങള്‍ ആവിര്‍ഭവിക്കുന്നു.

നാരീ പൂജയെ ദേവീ പൂജയായ് മാറുന്നത് ഭക്തന്‍റെ മനസ്സില്‍ ആണ് ദേവിക്കുള്ളപൂജ ക്ഷേത്രത്തിനകത്ത് മൂന്ന് കാലങ്ങളില്‍ ദിനവും ചെയ്തു പോരുന്നു. നാരിയുടെ പാദങ്ങളെ പരിശുദ്ധമാക്കി നിലനിര്‍ത്തുക എന്നതാണ് ഇവിടെ നാരീപൂജ. സമൂഹ നന്മക്ക് വേണ്ടി മൂല്യങ്ങള്‍ പ്രദാനം ചെയ്തു നിലകൊള്ളുന്നു ഓരോ ക്ഷേത്രവും. നാരീപാദങ്ങളില്‍ അഴുക്ക് പടരാതെ സംരക്ഷിക്കേണ്ട കര്‍ത്തവ്യ ബോധം പുരുഷനില്‍ നിക്ഷിപ്തമാണ് എന്ന് ഈ ക്ഷേത്രം ഇവിടെ പ്രതീകത്മകമായി കാണിച്ചു തരുന്നു.

നിഷ്കളങ്ക ബാലികയുടെയും മാതൃകാ സ്ത്രീയുടെയും പാദങ്ങള്‍ കഴുകി പരിശുദ്ധമാക്കേണ്ടതില്ല. ബാലികയുടെ പരിശുദ്ധി അവളിലെ നിഷ്കളങ്കത്വം ആണെങ്കില്‍ ഒരു മാതൃകാ സ്ത്രീയുടെ പരിശുദ്ധി അവരില്‍ മാതൃകയായ് നിലകൊള്ളുന്ന ഗുണം തന്നെയാണ് ആയതിനാല്‍ അവര്‍ എക്കാലവും നമസ്കാര യോഗ്യമാണ് . തങ്കത്തെ വീണ്ടും ശുദ്ധീകരിക്കെണ്ടതില്ലല്ലോ . ഏതു പാദങ്ങള്‍ കഴുകി എന്നതല്ല എന്തിന് പാദങ്ങള്‍ കഴുകി എന്നതായിരിക്കണം ഇതില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടത് .

ഗജ പൂജയിലും ഗോ പൂജയിലും കര്‍മ്മത്തില്‍ അന്നത്തിനു പ്രാധാന്യം നല്കുമ്പോള്‍ നാരീയില്‍ പരിശുദ്ധി തന്നെയാണ് പൂജനീയം എന്ന് തിരിച്ചറിഞ്ഞ ആ മനീഷിക്ക് മനസാ പ്രണാമം.

Friday, February 21, 2014

കൊലച്ചോറൂട്ടുന്ന സ്നേഹം...





വളര്‍ത്തു മൃഗങ്ങളായ നായയും പൂച്ചയും പശുവും മനുഷ്യന്‍റെ സ്നേഹം തിരിച്ചറിയുന്നുണ്ട് . അത് പ്രകടമാണ് . അവ അത് തിരിച്ചുകൊടുക്കുന്നുമുണ്ട് . എന്നാല്‍ ഒരു വളര്‍ത്തു മൃഗമായി നാം കരുതിപോരുന്ന ആന മനുഷ്യ സ്നേഹം തിരിച്ചറിയുന്നുണ്ടോ ? തിരിച്ചുകൊടുക്കുന്നുണ്ടോ ?

കാലുകളില്‍ ചങ്ങല കൊളുത്ത് ചാര്‍ത്തി വേദനയെന്തെന്നും വിശപ്പെന്തെന്നും നിസ്സഹായതയോടെ അനുഭവിക്കേണ്ടി വരുന്ന ഒരു വന്യമൃഗം ഉള്ളില്‍ ഉടലെടുത്ത ഭയത്തില്‍ മനുഷ്യന്‍റെ ആജ്ഞകള്‍ക്ക് മുന്നില്‍ അനുസരണയോടെ നില്‍ക്കുന്നു . ഈ അനുസരണയെ നാം ഓമനപ്പേരിട്ടു വിളിക്കുന്നു .
ആനയുടെ സ്നേഹം എന്നും .

കാലിലിരിക്കുന്ന കാരവടിയില്‍ ഒരു
കൊമ്പന്‍റെ ഭാരം കുറയുന്നുവെങ്കില്‍
കൊടിയ പീഡനം നല്‍കിയ ഒരു ഭൂതകാലം
ഓര്‍മ്മയായ് ഉള്ളില്‍ ഉറങ്ങിക്കിടക്കണം .

ആഡ്യത്വത്തിന്‍റെ അലങ്കാരമായി
തിരുമുറ്റത്തൊരു കൊമ്പനുണ്ടാകണം.
കോവിലില്‍ തേവര്‍ക്കെഴുന്നെള്ളുവാന്‍
ആ തിരുനെറ്റിയില്‍ ഒരു ഇടം തന്നെ വേണം.

അധാര്‍മ്മികമായ ഈ അഹങ്കാരത്തിന്‍റെ മറുപടികള്‍ തന്നെ
ഇന്ന് നാം ഇരന്നുവാങ്ങുന്ന ഓരോ ദുരന്തവും. —

ഒരു സദാചാരത്തിന്‍റെ "കിളി" രോദനം ..




"ചേച്ചീ ഇനി കുറച്ച് പേര്‍ അടുത്ത ബസ്സില്‍ വരൂ .."

അതൊരു കിളിയുടെ അപേക്ഷയാണ് . പക്ഷെ ആര് കേള്‍ക്കാന്‍ . മുന്നില്‍ പോകേണ്ട രണ്ടു ബസ്സുകള്‍ ഇല്ല . എങ്ങിനെയെകിലും കാലുവെക്കാന്‍ ഒരിടം, അതിനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. സ്ത്രീ യാത്രക്കാരാണ് കൂടുതലും , പുരുഷന്മാരുടെ ഫുട്ട്ബോര്‍ഡില്‍ നേരത്തെ ആളുകള്‍ തൂങ്ങി കഴിഞ്ഞിരിക്കുന്നു .

ബസ്സിലെ ഈ തിരിക്കിനിടയിലും , യാത്രക്കാരുടെ ഈ ബുദ്ധിമുട്ടിനിടയിലും ഒരു മാന്ന്യന്‍ സീറ്റിലിരുന്നുകൊണ്ട് സദാചാരം വിളമ്പുകയാണ്. വിഷയം ബസ്സിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തന്നെ. അയാളുടെ ഓരോ കൂരമ്പുകളും ചെന്ന് തറച്ചു കൊണ്ടിരിക്കുന്നത് ആ കൊച്ചു കിളിയുടെ ദേഹത്തു തന്നെയാണ്. മാന്ന്യന്‍ അസ്വസ്തനാണ്. കാരണം സ്ത്രീകള്‍ ഏറെ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മുന്‍വാതിലിന്‍റെ നിയന്ത്രണം അവന്‍റെ കൈകളിലാണ് എന്നതുതന്നെ. ഒരു അഭ്യാസിയെപ്പോലെ അവന്‍ ഫുട്ട് ബോര്‍ഡില്‍ തൂങ്ങി കിടന്ന് സ്ത്രീ യാത്രക്കാരുടെ ഭാരം തന്‍റെ രണ്ടു കൈ തണ്ടകളില്‍ താങ്ങി ബാലന്‍സ് ചെയ്ത് നില്‍കുകയാണ് .

ബസ് ഓരോ വളവ് തിരിയുമ്പോഴും മറ്റു വാഹനങ്ങക്ക് സൈഡ് കൊടുക്കുമ്പോഴും സ്ത്രീകള്‍ ആ കൈകള്‍ക്കിടയിലൂടെ ഉതിര്‍ന്നു വീഴുമോ എന്നായിരുന്നു എന്‍റെ ടെന്‍ഷന്‍.

ഒരുപക്ഷെ പഠിത്തം പാതിവഴിയില്‍ മുടങ്ങിയിരിക്കാം . അല്ലെങ്കില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ചെറുപ്പത്തിലെ ജോലിചെയ്യുന്നതിന് കാരണമായിരിക്കാം അതുമല്ലെങ്കില്‍ ബസ്സിലെ പണി ഒരു ക്രേസ് ആയി എടുത്തിരിക്കാം. എന്തായാലും ആളു സ്മാര്‍ട്ട് ആണ് .
ബസ്‌ സ്റ്റാന്റിലേക്ക്‌ കടന്നു പാര്‍ക്ക് ചെയ്തു. മാന്ന്യന്‍ പൂര്‍വ്വാധികം ശക്തി സംഭരിച്ചിരിക്കുന്നു. സീറ്റില്‍ നിന്നും അയാള്‍ ചാടി എഴുന്നേറ്റു . എല്ലാവരും ആകാംക്ഷയോടെ നോക്കിനില്‍ക്കെ കിളിയുടെ നേരെ അയാള്‍ പാഞ്ഞടുത്തു . എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ അയാള്‍ പൊട്ടിത്തെറിച്ചു:-

"നിന്‍റെയൊക്കെ അമ്മയും പെങ്ങളുമാണെങ്കില്‍ നീ ഇങ്ങനെ തൊട്ടുരുമി നില്‍ക്കുമോടാ ചെറ്റേ " .?

പറഞ്ഞു തീരുന്നതിനുമുന്‍പേ പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദവും കേട്ടു. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള ആ മാന്യന്‍റെ ശരീരം വാഴപിണ്ടി വെട്ടിയിട്ടപോലെ നിലത്തു വീണു.

പിന്നെ എല്ലാവരും കേള്‍ക്കെ തൊണ്ടഇടറി കൊണ്ട് അവന്‍ ഇങ്ങിനെ പറഞ്ഞു-

" കുടുംബം പോറ്റാന്‍ ജോലിക്കുപോകുന്ന ഈ അമ്മ പെങ്ങമാരുടെ ജീവന്‍ ഇത്രനേരം എന്‍റെ ഈ കൈകളിലായിരുന്നു. ഇവന്‍റെയൊക്കെ വയസ്സായ അമ്മക്ക് ബസ്സില്‍ കയറാനും ഇറങ്ങുവാനും സഹായമാകുന്നത് ഈ കൈകളാണ് ആണ്‌. ., മൂന്നും നാലും കുട്ടികളുമായി ബസ്സില്‍ കയറുന്ന ഇവന്‍റെയൊക്കെ ഭാര്യമാര്‍ക്ക് സഹായമായി എത്തുന്നതും ഈ കൈകള്‍ തന്നെ. ഒരപകടം വന്നാല്‍ നിങ്ങളെല്ലാവരും കൂടി ഏറ്റവും ആദ്യം തല്ലിയോടിക്കുന്നതും ഈ കൈകള്‍ തന്നെ. എന്നിട്ട് വിളിക്കുന്നതോ ഞെരെമ്പ് രോഗികള്‍ എന്നും. നിങ്ങളും അറിയണം എനിക്കും ഉണ്ട് അമ്മയും പെങ്ങളും " .

ബസ്സില്‍ നിന്നുമിറങ്ങി അവന്‍റെ തോളില്‍ മെല്ലെ തട്ടി, മാറി കയറേണ്ട അടുത്ത ബസ്സിനടുത്തേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ഒന്നു പിന്തിരിഞ്ഞു നോക്കി , മാന്ന്യന്‍ അതേ കിടപ്പുതന്നെ . ആരാലും അവഗണിക്കപ്പെട്ടവനായി.... —

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...