Monday, February 24, 2014

കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍ ...





"കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍
കുത്തിച്ചിടാന്‍ എന്‍ കണ്‍ഠമിടറുന്നതെന്തേ ''" ?
--------------------------------------------------------------
വിശ്വാസമോ അന്ധവിശ്വാസമോ എന്തോ ആവട്ടെ, രാത്രിയുടെ ഏതോ യാമങ്ങളില്‍ ഒരു കാലന്‍ കോഴിയുടെ (കുത്തിച്ചിടാന്‍ ) ഭയം ജനിപ്പിക്കുന്ന ആ സ്വരം കാതില്‍ നിറയുമ്പോള്‍ ..
സമീപ ദിവസങ്ങളില്‍ ....,
കാത്തിരിക്കുന്ന ഏതോ ഒരു മരണവാര്‍ത്ത നിങ്ങളെ തേടി എത്താറില്ലേ?

ഭയ ചിന്തയും , ദു:ശ്ശകുനവും ദുര്‍ബല മനസ്സിന്‍റെ ലക്ഷണം. അതിനെ മാറ്റി നിര്‍ത്തി നമ്മളുടെ പൂര്‍വ്വികര്‍ പറഞ്ഞുവെച്ച നാട്ടറിവുകളെ അന്ധവിശ്വാസത്തിന്‍റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് ഒരു നിമിഷം നമുക്ക് അതിന്‍റെ നേരറിവുകള്‍ തിരയാം..

മനുഷ്യന്‍റെ നിലനില്‍പ്പിനെ ആധാരമാക്കിയാണ് പ്രകൃതിയില്‍ ഓരോ ജീവജാലങ്ങളും നിലനില്‍ക്കുന്നത് .  ഈ വിശ്വ പ്രകൃതിയുടെ അപ്രമാദിത്വം മനുഷ്യകരങ്ങളില്‍ നിഷിപ്തമാണ് . നിര്‍മ്മിക്കുവാനും നാമാവശേഷമാക്കുവാനും നിമിഷാര്‍ദ്ധം പോലും അവന് ആവശ്യമില്ല. അതിന് ആനുപാതികമായ ഒരു ജൈവ വൈവിദ്ധ്യം എല്ലാ ജീവജാലങ്ങല്‍ക്കുള്ളിലും ഉടലെടുത്തീട്ടുമുണ്ട്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ജീവജാലങ്ങളില്‍ ഇത് ഒരു പക്ഷെ ഒരു അപവാദമായി തോന്നാം . ഒരിക്കലും അല്ല . വനങ്ങള്‍ ഇന്ന് നില നില്‍ക്കുന്നത് തന്നെ മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ടാണ്. അതിന് നാശം സംഭവിക്കുന്നത്  അവന്‍റെ ദുഷ്കര്‍മ്മം കൊണ്ടും. ഘോരവനത്തിനുള്ളില്‍ ഒറ്റക്ക് പോയിട്ടുള്ളവര്‍ക്കറിയാം , എത്ര പെട്ടെന്നാണ് നാം ആ വനത്തിനുള്ളില്‍ കാല്‍ കുത്തിയ വിവരം പക്ഷി മൃഗാധികള്‍ ശബ്ദങ്ങളിലൂടെയും ചലനങ്ങളിലൂടെയും പരസ്പരം കൈമാറുന്നത് .

നമ്മളുടെ ചുറ്റുപാടുകളില്‍ കഴിഞ്ഞു കൂടുന്ന ഓരോ ജീവജാലവും അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്തുന്നുണ്ട് . നമ്മളുടെ വീടുകളില്‍ അപരിചിതനായ ഒരാള്‍ വന്നാല്‍ നമ്മളുടെ വളര്‍ത്തു മൃഗങ്ങളും , പക്ഷികളും അവ പുറപ്പെടുവിക്കുന്ന വേറിട്ട ശബ്ദങ്ങളില്‍ നിന്നും നമ്മള്‍ അത് തിരിച്ചറിയുന്നുണ്ട്.  ചുറ്റുപാടുകളില്‍ അപകടകാരിയായ മറ്റൊരു ജീവിയെ കണ്ടാല്‍ പക്ഷികള്‍ക്കിടയിലും മൃഗങ്ങള്‍ക്കിടയിലും കാണുന്ന ആശയ വിനിമയവും നമ്മള്‍ തിരിച്ചറിയുന്നുണ്ട്. വീട്ടിലെ ഗൃഹനാഥന്‍ അകത്ത് മരിച്ചു കിടക്കുമ്പോള്‍ വളര്‍ത്തുനായ ആഹാരം പോലും ഉപേക്ഷിച്ച് ഒരു മൂലയില്‍ ചുരുണ്ട് കൂടി കിടക്കുന്ന കാഴ്ച ആര്‍ക്കാണ് പരിചയമില്ലാത്തത് . ഇനി ഒരിക്കലും തന്‍റെ യജമാനന്‍ തിരിച്ചു വരില്ല എന്ന അറിവ് അവന്‍ തിരിച്ചറിയുന്നതെങ്ങിനെ ?

 നമ്മള്‍ ഒരുക്കിവെച്ച ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഓരോ ജീവജാലവും പരസ്പരം അവയുടെ ജനന , ജീവിത , മരണങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്ന സത്യം ഇവിടെ ആര്‍ക്കാണ്ക്ക് നിഷേധിക്കാന്‍ കഴിയുക.  ആ ജീവജാല ഗണത്തില്‍ നിന്നും മനുഷ്യന്‍ മാത്രം വേറിട്ടു നിര്‍ത്തേണ്ടവന്‍ അല്ല.  എന്നീട്ടും നാം നമുക്കു ഉത്തരം കിട്ടുന്നതൊ , തെളിയിക്കാന്‍ കഴിയുന്നതോ ആയ ഒന്നിനെ സ്വീകരിക്കുകയും ഉത്തരം കിട്ടാത്തത്തിനേയും , തെളിയിക്കാന്‍ കഴിയാത്തത്തിനേയും അന്ധവിശ്വാസം എന്ന ഗണത്തില്‍പ്പെടുത്തി നിരാകരിക്കുകയും ചെയ്യുന്നു.

നാം നാട്ടു വളര്‍ത്തുന്ന വൃക്ഷങ്ങളാണ് അവര്‍ക്ക് സങ്കേതങ്ങള്‍ ഒരുക്കുന്നത്, നാം നമുക്കായ് വിളചെയ്തെടുക്കുന്ന ഫലധാന്യങ്ങളില്‍ നിന്നു തന്നെയാണ് അവ അവക്കുള്ള അന്നം കണ്ടെത്തുന്നതും മനുഷ്യനില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം നമ്മളുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഒരു ജീവജാലങ്ങള്‍ക്കും ഇല്ല.  ഈ പ്രകൃതിയുടെ പ്രമാണിത്വം മനുഷ്യന്‍റെ കൈകളില്‍ ആണ് എന്ന് ഓരോ ജീവജാലവും തിരിച്ചറിയുന്നു. അവ അത് പങ്കുവെക്കുന്നുമുണ്ട്. നാം അറിയാതെ തന്നെ ഓരോ ജീവജാലവും നമ്മളെ ആശ്രയിക്കുന്നു. നമ്മളുടെ ചലങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നു.

കൃത്യമായ ഇടവേളകളില്‍ വിള തിന്നാന്‍ എത്തുന്ന കിളിക്കൂട്ടം നമ്മളുടെ പ്രവര്‍ത്തികള്‍ക്കായ് കാത്തിരിക്കുന്നുണ്ടാവില്ലേ ? വിള കൊയ്യാന്‍ പാകമാകണേ എന്ന് നമ്മെ പോലെ അവയും പ്രാര്‍ത്ഥിക്കുന്നുണ്ടാവില്ലേ ?

ഈ പക്ഷിയുടെ ശബ്ദം രാത്രിയില്‍ കേള്‍ക്കുമ്പോള്‍ , പല പക്ഷി നിരീക്ഷകരുടെയും അഭിപ്രായത്തില്‍ അത് അതിന്‍റെ സാന്നിദ്ധ്യം തന്‍റെ ഇണയെ അറിയിക്കുക എന്നാതാണ്. പൂര്‍വ്വികര്‍ ഈ ശബ്ദത്തെ വരാന്‍ പോകുന്ന ഒരു മരണവുമായി കൂട്ടികെട്ടുന്നു . അത് അവരുടെ അനുഭവത്തില്‍ കണ്ടെത്തിയ വെളിപ്പെടുത്തല്‍ ആകാം . അത് ഒരുപക്ഷെ ഈ പ്രകൃതിയിലെ ഓരോ ജീവജാലവും മനുഷ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനവും ശ്രദ്ധയും ചെലുത്തുന്നുണ്ട് എന്ന അവുടെ അന്ന്വേഷണത്തില്‍ നിന്നും തെളിഞ്ഞു കിട്ടിയ അറിവാകാം .

അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല , മറിച്ച് അറിവിലേക്ക് നയിക്കുന്ന വാതായനങ്ങള്‍ ഇവിടെ ഞാന്‍ തുറന്നിടുന്നു.

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...