Thursday, February 13, 2014

ആര് ഞാന്‍ എന്നോ ..?


കരിമ്പാറക്കുള്ളിലെ നീര്‍കണം തിരയുന്ന
മണ്ണില്‍ പിറക്കാത്ത ഒരരയാലിന്‍ തൈയ് ഞാന്‍.

തിങ്കളിന്‍ ബിംബം പൊയ്കയില്‍ വീഴുമ്പോള്‍
കണ്ണുതുറക്കുന്ന ആമ്പലിന്‍ മൊട്ടു ഞാന്‍.

വണ്ടിന്‍റെ മൂളല്‍ കേള്‍ക്കാന്‍ കൊതിക്കുന്ന
നാട്ടുമാഞ്ചോട്ടിലെ മുക്കുറ്റി പൂവ് ഞാന്‍.

പകലെന്തെന്നറിയാന്‍ കൊതിച്ചുപോകുന്ന
സമയം ചോദിക്കും നിശാഗന്ധിയാണു ഞാന്‍.

കുട്ടികളോടൊപ്പം കളിക്കാന്‍കൊതിക്കുന്ന
വള്ളിപടര്‍പ്പിലെ അപ്പൂപ്പന്‍താടി ഞാന്‍ .

പ്രണയം ഒളിപ്പിക്കും പെണ്‍കിടാവേ നിന്‍
കൈയ്യില്‍ തെളിയുന്ന മൈലാഞ്ചിയാണു ഞാന്‍.

രാത്രിയില്‍ സൗരഭ്യം നല്‍കുമാറാകിലും
ഭീതിമാറാത്തൊരേഴിലം പാല ഞാന്‍.

ഇല്ലിയായ് ഞാന്‍ പൂത്തു നില്കവേ
ഇല്ല എനിക്കിനിയൊരു ജന്മവും.

പ്രേതാത്മാക്കളെ പേടിച്ചുനില്‍ക്കുന്ന
പള്ളിപറമ്പിലെ കരിമ്പനയാണു ഞാന്‍.

ഭൂതകാലത്തിലെ ദൗര്‍ഭാഗ്യം മൂലം
ഇത്തികണ്ണിയായ് വളരേണ്ടി വന്നു ഞാന്‍.

തെല്ലു തലോടലും നോവായ്‌ മാറുന്ന
ആ തൊട്ടാവാടിയും ഞാന്‍ തന്നെ ഞാന്‍ തന്നെ.

കാറുവരുംമുമ്പുണ്ണികള്‍ വിരിയുവാന്‍
കൊതിച്ചുപോകുന്ന പൂത്തത്തൈമാവ് ഞാന്‍.

രാതിയില്‍ നേത്രങ്ങള്‍ മെല്ലെ തുറക്കുന്ന
വാഴത്തോടിയിലെ വവ്വാല്‍ കുരുന്നു ഞാന്‍.

മണ്ണില്‍ ദൃഷ്ടികള്‍ കൊളുത്തികിടക്കുന്ന
വിണ്ണില്‍ പറക്കുന്ന കൃഷ്ണപരുന്തു ഞാന്‍.

കാലില്‍ തൂങ്ങുന്ന കല്ലുമായ്‌ പൊങ്ങുന്ന
ഉണ്ണിക്കിടാവിന്‍റെ ഓണതുമ്പി ഞാന്‍.

അന്നമായ് അഗ്നിയെ തിന്നാന്‍കൊതിച്ചൊരു
കന്നിമഴയിലെ ഈയ്യലുമാണു ഞാന്‍.

കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍
കുത്തിച്ചടാന്‍ എന്‍ കണ്‍ഠമിടറുന്നതെന്തേ.

ഭീകരമെന്‍മുഖമെന്‍ രോദനം ദീനവും
നിശ്വാസം മൂളലായ്‌ മാറുന്ന മൂങ്ങ ഞാന്‍.

ശുഭയാത്രക്കായ് മംഗളം നേരുവാന്‍
ഭാഗ്യം സിദ്ധിച്ചൊരു ഉപ്പനും ഇന്നു ഞാന്‍ .

കുയിലിന്‍റെ കുഞ്ഞിനു തോടു പിളര്‍ക്കുവാന്‍
കടമ ചെയ്യുന്ന കാകനും ഞാന്‍ തന്നെ.

ആദ്യമായ് ഉണര്‍ന്നത് ഞാനെന്ന ഭാവത്തില്‍
കൂകാന്‍ കൊതിക്കുന്ന പൂവനും ഞാന്‍ തന്നെ.

മഴമേഘം മാനത്ത് വിന്ന്യസിക്കുമ്പോള്‍
ആര്‍ത്തുല്ലസിക്കുമാമയിലുമാണു ഞാന്‍.

ക്ഷമയോടെ പൊയ്കയില്‍ കണ്‍നട്ടിരിക്കും
ആ കൊച്ചു പൊന്മാന്‍ ഞാന്‍ തന്നെ, ഞാന്‍ തന്നെ.

ഈ വൃത്തത്തിനപ്പുറം ലോകമില്ലെന്ന്
ഉറക്കെപ്പറയുന്ന മണ്ടൂകമാണ് ഞാന്‍.

അരയിഞ്ചു വെള്ളത്തില്‍ ആറാളെ പറ്റിച്ച
വാക്കാട്ടു കുഴിയിലെ വാരലുമാണ് ഞാന്‍.

അക്കരപച്ചയെ കണ്ടു കുതിച്ചൊരു
കരയില്‍ പിടയുന്ന പരല്‍മീനുമല്ലോ ഞാന്‍.

പഞ്ചേന്ദ്രിയങ്ങളെ നെഞ്ചിലോളിപ്പിക്കും
കോവിലിന്‍ മുന്നിലെ കൂര്‍മ്മമാണിന്നു ഞാന്‍.

ഘ്രാണെന്ദ്രിയത്തിന്‍റെ കഴിവറിയാതെ
പാഷാണം തിന്നുന്ന ചുണ്ടെലിയാണ് ഞാന്‍.

മരണവും മറവിയും അലങ്കാരമാകുന്ന
അരണയെന്‍ ദൗര്‍ബല്യം ഭീതിയെന്നറിയുക.

ശാഭമേല്‍ക്കാതെയെനിക്കൊടുങ്ങനാകുമോ
പൂച്ചയ്യായ് ഞാനും ജനിച്ചു പോയില്ലയോ.

ശത്രുവായ്‌ കരുതി സാധുവേ ദംശിച്ച
പാറമടയിലെ കരിമൂര്‍ഖനാണ് ഞാന്‍.

ബദ്ധവൈരികളായാതിനാലോ
കണ്ടാല്‍ കടികൂടും കീരിയും ഞാന്‍ തന്നെ.

കാലിലിരിക്കുന്ന കാരവടിയിലെന്‍
ഭാരം കുറയുന്ന കൊമ്പനും ഞാന്‍ തന്നെ.

മുജ്ജന്മ പാപം കഴുകി കളയുവാന്‍
ഈ ജന്മം വണ്ടികാളയായ്‌ മാറി ഞാന്‍.

ആര്‍ ആര്‍ക്കിരയാകുമെന്നറിയാതെ
ചതിക്കുഴി തീര്‍ക്കുന്ന കുഴിയാനയാണു ഞാന്‍.

അമ്മതന്‍ മടിത്തട്ടില്‍ ശയിക്കാന്‍ കൊതിക്കുന്ന
അമ്മിഞ്ഞ കൈകുഞ്ഞും ഞാന്‍ തന്നെ ഞാന്‍ തന്നെ.


No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...