കര്‍ക്കിടത്തിലെ
കനത്ത മഴയ്ക്ക് അല്പം ഒരു ശമനം ലഭിച്ചപ്പോള്‍ അക്ഷമയോടെ മുഷിഞ്ഞ മുഖവുമായി കാത്തു
നിന്ന ജനങ്ങള്‍ പെട്ടെന്ന് നിരത്തിലേക്കിറങ്ങി. റോഡ് വീണ്ടും സജീവമായി . കറുത്ത
മേഘപാളികള്‍ക്കിടയില്‍ നിന്നും പകലവന്‍ ഒരു ഞൊടിയിടനേരം കണ്‍തുറന്ന് , തനിക്ക്
പറയുവാനുള്ളത് ഇങ്ങനെ പറഞ്ഞു നിര്‍ത്തി .
മഴ മേഘമായ്
മാറാതിരിക്കുമോ..?
മേഘം മഴയായ്
പോഴിയാതിരിക്കുമോ ..?
അനിത ഓടുകയാണ് .
റോഡിലെ തിരക്കോ,
ശബ്ദ കോലാഹലങ്ങളോ . ഓടയിലൂടെ കുത്തിയൊഴുകുന്ന അഴുക്കു വെള്ളത്തിന്‍റെ വൃത്തികെട്ട
മണമോ , റോഡിലെ ചളിയോ ഒന്നും തന്നെ അവളുടെ ഓട്ടത്തിന് തടസ്സമാകുന്നില്ല . കോളേജ്
വിട്ടുകഴിഞ്ഞാല്‍ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെയുള്ള ഈ ഓട്ടം അനിതക്ക് പതിവുള്ളതാണ്,
എത്രയും പെട്ടെന്ന് സ്റ്റാന്റില്‍ എത്തണം . മേനോന്‍ ബസ്സ് നഷ്ടപ്പെടുത്തിക്കൂടാ .
അവളുടെ ഗ്രാമത്തിലേക്കുള്ള ഒരേ ഒരു ബസ്സ് ആയിരുന്നു അത് . മറ്റേതു ബസ്സ്
കിട്ടിയാലും ഒരുപാട് ദൂരം നടക്കേണ്ടി വരും. അവള്‍ ചുവടുകള്‍ ഒന്നുകൂടി
നീട്ടിവെച്ചു . ചെരുപ്പില്‍ നിന്നും തെറിച്ചു വീഴുന്ന ചളി ചുരിദാറിനെ വൃത്തി
കേടാക്കി കൊണ്ടേയിരുന്നു .
സ്റ്റാന്റില്‍
പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന മേനോന്‍ ബസ്സില്‍ ഓടിക്കയറി കഷ്ടിച്ച് നില്‍ക്കുവാനുള്ള
ഒരു ഇടം കണ്ടെത്തിയ ശേഷം അനിത തെല്ലു ഒരു ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു .
അമ്മക്ക് ഏതാനും
ദിവസമായി തുടരുന്ന പനിയും ശ്വാസമുട്ടുമാണ് അനിതയെ ഇത്രമാത്രം കഷ്ടപ്പെടുത്തുന്നത്
. പഠിക്കാന്‍ സമയം കണ്ടെത്തുന്നതിന് മുന്‍പ് വീട്ടു ജോലികള്‍ എല്ലാം ചെയ്തു തീര്‍ക്കണം
. സന്ധ്യ യോടെ ചേച്ചി ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമെങ്കിലും ,
ചേച്ചിക്കായ് ചെയ്തു തീര്‍ക്കുവാന്‍ പിന്നെയും പണികള്‍ ബാക്കിയുണ്ടാകും .
കൊച്ചേട്ടന്‍ ഇന്നലെ വാങ്ങി കൊടുത്ത മരുന്ന് കഴിച്ചു തടങ്ങിയതില്‍ പിന്നെയാണ്
അമ്മക്ക് അല്‍പ മെങ്കിലും ആശ്വാസം തോന്നി തുടങ്ങിയത് . തണുപ്പ് അരികിലൂടെ കടന്നു പോയാല്‍ മതി ...
സ്റ്റാന്റില്‍ നിന്നും ബസ്സ് മെല്ലെപുറത്തു കടക്കുകയാണ് ..
പെട്ടെന്നാണ് കണ്ണുകളില്‍ കൊളുത്ത്
വീഴ്ത്തിയ ആ അപ്രതീക്ഷിതമായ ആ കാഴ്ച അവളുടെ കണ്ണുകളിലേക്ക് കടന്നു വന്നത് ? അല്പം
ദൂരെ ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ പെട്ടിക്കടക്കരികില്‍ തന്‍റെ കൊച്ചേട്ടന്‍ ..!
കൊച്ചേട്ടന്‍
എന്താണ് ഇവിടെ ?
കൌതുകം കൊണ്ട്
വിടര്‍ന്ന അവളുടെ കണ്ണുകളില്‍ ചോദ്യഭാവം നിറഞ്ഞു. ഒപ്പം ആശ്ചര്യവും . കൊച്ചേട്ടനരികില്‍
ഒരു പെണ്‍കുട്ടി !
പരസ്പരം എന്തോ
സംസാരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി തന്‍റെ ബാഗ് തുറന്ന് ഒരു കടലാസ് കഷ്ണം
കൊച്ചേട്ടന്‍റെ കയ്യില്‍ കൊടുക്കുന്നു. ആ കാഴ്ചകള്‍ അവിടെ അവസാനിപ്പിച്ചു കൊണ്ട്
മേനോന്‍ ബസ്സ് അതിന്‍റെ വേഗത വീണ്ടെടുത്തു.
അനിതയുടെ മനസ്സ്
അസ്വസ്തമാകുകയാണ് .യാത്രയിലുടനീളം അവളുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ പൊട്ടി
മുളക്കാന്‍ തുടങ്ങി . ടൌണിലേക്ക് വരുന്ന വിവരം കൊച്ചേട്ടന്‍ പറഞ്ഞിരുന്നില്ലല്ലോ
.? ഏതാണ് ആ പെണ്‍കുട്ടി .? കൊച്ചേട്ടനുമായി അവള്‍ക്കെന്താണ് ബന്ധം ? കൈമാറിയ ആ
കടലാസില്‍ എന്തായിരിക്കും ?
ചോദ്യങ്ങള്‍
ലക്ഷ്യം കാണാതെ മടങ്ങി വന്നപ്പോള്‍ അവള്‍ മനസ്സില്‍ ഉത്തരങ്ങള്‍ മെനഞ്ഞെടുക്കാന്‍
തുടങ്ങി .
പക്ഷെ ഏതാണ് ആ പെണ്‍കുട്ടി
.?
പിന്തിരിഞ്ഞു
നിന്നിരുന്നതിനാല്‍ അനിതക്ക് ആ പെണ്‍കുട്ടിയുടെ മുഖം കഴിഞ്ഞിരുന്നില്ല . ഓര്‍മ്മയില്‍
രൂപസാദൃശ്യമുള്ള പല മുഖങ്ങളും അവള്‍ പരതി നോക്കി . ഇളം നീല ചുരിദാര്‍ ധരിച്ച് ,
നീളമേറിയ തലമുടിയുള്ള , അല്പം മെലിഞ്ഞ് സാമാന്യം ഉയരമുള്ള ആ പെണ്‍കുട്ടി ..?
ബസ്സ് ഇറങ്ങി
വീട്ടിലേക്ക് നടക്കുമ്പോള്‍ ചാറ്റല്‍ മഴ പിന്നയൂം തുടങ്ങി . റോഡിനരികിലൂടെ
ഒഴുകുന്ന വെള്ളപ്പാച്ചിലില്‍ പാടത്തു നിന്നും കയറി വരുന്ന കൊച്ചു മീനുകളെ തട്ടിപിടിച്ചു
കൊണ്ടിരിക്കുന്ന അയാല്‍പക്കത്തെ കുട്ടികള്‍ അവളെ കണ്ടപ്പോള്‍ അടുത്തു കൂടി .
കുപ്പിക്കുള്ളിലെ കൊച്ചു മീനുകളെ കാണിച്ച് അവര്‍ ഉത്സാഹം കൊണ്ടു. പക്ഷെ, അനിതയുടെ മുഖം വിഷണ്ണമായിരുന്നു . പരിഭവം
പറഞ്ഞ് കുട്ടികള്‍ പിന്തിരിഞ്ഞു .
വീട്ടില്‍
കൊച്ചേട്ടന്‍ ഒന്നും ഒളിക്കാറില്ല. ആരെയും അതിനനുവദിക്കുകയുമില്ല .രാത്രിയിലെ
ഭക്ഷണം കഴിഞ്ഞാല്‍ ഉമ്മറപ്പടിയില്‍ ഒത്തു ചേരുമ്പോള്‍ രഹസ്യങ്ങള്‍ ഒഴിഞ്ഞ സംഭാഷങ്ങളിലേക്ക്
നാട്ടു വിശേഷങ്ങളും കടന്നു വരാറുണ്ട് . പലപ്പോഴും ചിരിയില്‍ പൊതിഞ്ഞ തന്‍റെ
കാമ്പസ് നുറുങ്ങുകള്‍ അനിത കേട്ടഴിക്കുന്നതും അവിടെ തന്നെയാണ് . പക്ഷെ ഇപ്പോള്‍ ആ
കൊച്ചേട്ടന്‍ തന്നെ ..
ഏതായാലും ആ പെണ്‍കുട്ടി
കൊച്ചേട്ടന് നല്ല ചേര്‍ച്ചയുണ്ട്. ഉള്ളില്‍ പറഞ്ഞ് അവള്‍ ഊറി ചിരിച്ചു.
ഉമ്മറത്തെ കസേരയില്‍
ഇരുന്നു റോഡിലേക്ക് കണ്‍നട്ടിരിക്കുന്ന അമ്മയെ കണ്ടപ്പോള്‍ തെല്ലു ആശ്വാസമായി .
അസുഖം അല്പം ഭേദമായിരിക്കുന്നു.
“പനിയുള്ളപ്പോള്‍
അമ്മ എന്തിനാ ഈ തണുപ്പത്ത് വന്നിരിക്കുന്നത് ? “.. അവള്‍ ദേഷ്യം കാ ണിച്ചു.
“ഞാന്‍ അകത്തു
തന്നെയായിരുന്നു ഇത്രയും നേരം . മോളു. വന്നോ എന്ന് നോക്കാന്‍ ഒന്നു പുറത്തേക്ക്
വന്നതാ” .
അകത്തേക്ക്
കടക്കുന്നതിന് മുന്‍പ് അനിത ഒരു നിമിഷം നിന്നു. കൊച്ചേട്ടനെ ടൌണില്‍ കണ്ട വിവരം
അമ്മയോട് സൂചിപ്പിച്ചാലോ...? വേണ്ട.. പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിലെത്തിയ
പോല്‍ അവള്‍ അകത്തേക്ക് കടന്നു . കൊച്ചേട്ടന്‍റെ നാവില്‍നിന്നുതന്നെ അത് പുറത്തു
വരട്ടെ.
കര്‍ക്കിടകത്തിലെ
കനത്ത മഴ കൂരിരുട്ടിലും തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി . ചേച്ചി വന്നതോടെ
അടുക്കളക്ക് ജീവന്‍ വെച്ചു. തുറന്നു വെച്ച പുസ്തകങ്ങള്‍ക്ക് മുന്നില്‍ അനിത കണ്‍മിഴിച്ചിരിക്കുകയാണ്.
ചിന്തകളില്‍ കൊച്ചേട്ടന്‍റെ നിറഞ്ഞ സാന്നിദ്ധ്യം. മനസ്സിനുള്ളില്‍ നേരിയ വേദന
അനുഭവപ്പെടുന്നു. ഒപ്പം കൊച്ചേനോട് അല്പം ദേഷ്യവും. എന്തോ ഓര്‍ത്തപോലെ പെട്ടെന്ന്
ആ മുഖത്തു ദുഃഖം പടര്‍ന്നു .
ഒരു പക്ഷെ ഞാന്‍ ചിന്തിച്ചു പോകുന്നത് തെറ്റായ ദിശയിലൂടെ
ആണെങ്കില്‍ ഈശ്വരന്മാര്‍ ഒരിക്കലും എനിക്ക് മാപ്പ് തരില്ല . കൊച്ചേട്ടന്‍
അനുഭവിക്കുന്ന കഷ്ടപ്പാടുകളെ വിസ്മരിച്ച് ഇനി ഇങ്ങനെയൊന്നും ചിന്തിച്ചു കൂടാ .
കുറ്റബോധം കൊണ്ട് കുനിഞ്ഞ മുഖം അവള്‍ ഇരി കൈ കൊണ്ടും പൊത്തി പിടിച്ചു.
കൊച്ചേട്ടന്‍
വീട്ടില്‍ വരാറുള്ള സമയം ആകുന്നതേയുള്ളൂവെങ്കിലും പുറത്തെ കനത്ത മഴയും ശക്തിയായ കാറ്റും
അമ്മയുടെ ആകുലത വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ കൊച്ചേട്ടന്‍ വന്നോ
എന്ന് തിരക്കുന്നുണ്ടായിരുന്നു. അമ്മയുടെ
മനസ്സില്‍ കര്‍ക്കിടമാസം ഇന്നും ഭീതിയുടെയും ദുഃഖത്തിന്‍റെയും നിഴല്‍ വിരിച്ചുകിടക്കുകയാണ്.
ജീവിതത്തിലെ
കയ്പ്പ്നീര്‍ രുചിച്ച ആ ഭൂതകാലത്തിലേക്ക് പിന്‍തിരിഞ്ഞു നോക്കാന്‍ അനിത ആഗ്രഹിച്ചിരുന്നില്ല
.അവള്‍ മാത്രമല്ല, വീട്ടിലെ ആരും തന്നെ ആ കനത്ത ദുഃഖത്തിലേക്ക് ഇറങ്ങിച്ചെല്ലാറില്ല
. ഇത് അല്‍പമെങ്കിലും തെറ്റിക്കുന്നുവെങ്കില്‍ അത് അമ്മ മാത്രമാണ് . നിശബ്ദതയില്‍
ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ കണ്ടീട്ടുണ്ട്. അമ്മയുടെ മനസ്സില്‍ അപ്പോള്‍
കൊച്ചേട്ടന്‍ ആയിരിക്കുമെന്ന് അനിതക്ക് അറിയാമായിരുന്നു. ഉള്ളിലെ വിങ്ങലുകള്‍ ഒന്നോ
രണ്ടോ വാക്കുകളില്‍ ഒതുക്കി ഉടുമുണ്ട് കൊണ്ട് നിറഞ്ഞ കണ്ണുകള്‍ അമ്മ
ഒപ്പിയെടുക്കും .
ഓലമേഞ്ഞ മണ്‍കൂരയില്‍
നിന്നും ഓടിട്ട ഒരു കൊച്ചുഭവനത്തിലേക്ക് .., മണ്ണെണ്ണ വിളക്കി ന്‍റെ ഇത്തിരിവെട്ടത്തില്‍
നിന്നും വൈദ്യുതിയുടെ ദീപ ശോഭയിലേക്ക് .. എല്ലാം കൊച്ചേട്ടന്‍റെ പ്രയത്നം തന്നെ ..
‘മൂന്നാം വയസ്സില്‍
മഞ്ഞപിത്തം ബാധിച്ച് വേര്‍പിരിഞ്ഞു പോയ ഒരു വല്യേട്ടന്‍ ഉണ്ട് നിങ്ങള്‍ക്ക്’ ഒരേ
ഒരു ഏട്ടനെ കൊച്ചേട്ടന്‍ എന്ന് വിളിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ ഒരു കാലത്തും
വേരറ്റു പോകാതെ സൂക്ഷിക്കുകയാണ് അമ്മ .
പുറത്തു മഴ ശക്തിയായിതന്നെ
തുടരുകയാണ് . അനിതയുടെ മുന്നില്‍ തുറന്നുവെച്ച പുസ്തകത്തില്‍ ഇപ്പോള്‍ അക്ഷരങ്ങള്‍
ഇല്ല . കാതില്‍ കനത്ത മഴയുടെ ആരവവുമില്ല .ചിന്തകളെ കാടുകയറുവാന്‍ അവള്‍ ബോധപൂര്‍വ്വം
കെട്ടഴിച്ചുവിടുകയാണ് .
“ലൈത്തിദാന്ത്
വന്തി ഓതിക്കരുത്” തെങ്ങു കയറ്റക്കാരന്‍ വേലായുധന്‍റെ അഭ്യര്‍ത്ഥന യായിരുന്നു ഇത്
.
രാത്രിയുടെ
നിശബ്ദതയില്‍ കാതങ്ങള്‍ക്കപ്പുറത്തു നിന്നും അച്ഛന്‍റെ ഈ ശബ്ദം കൊച്ചു കൂരയിലേക്ക്
അരിച്ചെത്തുമ്പോള്‍ വര്‍ദ്ധിച്ച ഹൃദയമിടിപ്പിന്‍റെ അലകള്‍ വിണ്ടചുവരുകള്‍
ക്കിടയില്‍ക്കിടന്ന് പ്രതിധ്വനിച്ചുകൊണ്ടിരിക്കും. പൂര്‍ണ്ണമായും മദ്യലഹരിയില്‍
അമര്‍ന്ന് രാത്രിയില്‍ ഏന്തിവലിച്ചെത്തുന്ന അച്ഛന്‍റെ മുഖം ഒരഞ്ചാംക്ലാസുകാരിയുടെ
ഓര്‍മ്മകളില്‍ നിന്നും അവള്‍ ഒപ്പിയെടുത്തു .
കറുത്ത് കുറുകിയ
ശരീരം , പുറത്തേക്ക് ഉന്തിയ കലങ്ങിയ കണ്ണുകള്‍ , തടിച്ചു മലര്‍ന്ന ചുണ്ടുകള്‍ക്കിടയിലൂടെ
പേനായയുടെ നാവില്‍നിന്നെപോലെ സദാസമയവും ഉമിനീര്‍ ഇറ്റു വീഴുമായിരുന്നു. മര്‍ദ്ധനത്തിന്‍റെയും
അസഭ്യവര്‍ഷത്തിന്‍റെയും നിദ്രയറ്റ രാത്രികള്‍. അമ്മയുടെ മുന്നില്‍ അന്ന് എന്തിനും
പരിഹാരമാര്‍ഗ്ഗം മരണം മാത്രമായിരുന്നു . ഞാനും മക്കളും വല്ലതും വാങ്ങി കഴിച്ച്....
ഓര്‍മ്മകളിലിപ്പോള്‍
കൊച്ചേട്ടന്‍റെ ഒരു അലര്‍ച്ചയാണ് അനിതയുടെ കാതുകളിലേക്ക് ഒഴുകിയെത്തുന്നത്.
നിറഞ്ഞു നിന്ന കണ്‍തടത്തില്‍ നിന്നും മടിച്ചു നിന്നിരുന്ന കണ്ണീര്‍ മുത്തുകള്‍ കവിള്‍ത്തടത്തിലേക്കുതിര്‍ന്നു
വീണു .. ആ തണുപ്പിലും അവളുടെ നെറ്റിത്തടത്തില്‍ വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി. മുഖം
ചുവന്നു തുടുത്തു . ആ കണ്ണുകളില്‍ ഇപ്പോള്‍ ചാണകം തേച്ച നിലത്ത് ചോരയില്‍ കിടന്ന്
പിടയുന്ന കൊച്ചേട്ടന്‍റെ ചിത്രമാണ്.
എന്നും കൊച്ചേട്ടന്‍റെ
നിഴല്‍ കണ്ടാല്‍ അച്ഛന്‍റെ ക്ഷോഭം ഇരച്ചു കയറും.. അതുകൊണ്ട് തന്നെ എന്നും
അത്താഴത്തിന് അടുക്കളയിലെ ഇരുട്ട് കൊച്ചേട്ടന് ഒരു അനുഗ്രഹം ആയിരുന്നു .
അന്ന് , വെള്ളം
നിറച്ച മണ്‍കുടം എടുത്ത് അച്ഛന്‍ കൊച്ചേട്ടന്‍റെ
ശിരസ്സില്‍ അടിച്ചുടച്ചു. തലയില്‍ എട്ടു സ്റ്റിച്ചുകള്‍
ഇട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കൊച്ചേട്ടന്‍ ദിവസങ്ങളോളം ബോധമറ്റുകിടന്നു.
എന്നാല്‍ അണയാന്‍ പോകുന്ന ഒരു ക്ഷോഭത്തിന്‍റെ ആളലായിരുന്നു ആ സംഭവം. ഒരു മാസം
പിന്നിടും മുന്‍പേ ഒരു നിയോഗം എന്നോണം മൂന്നു പ്രദക്ഷിണങ്ങള്‍ക്കൊടുവില്‍ അച്ഛന്‍റെ
ശിരസ്സില്‍ കൊച്ചേട്ടന്‍റെ കൈയ്യില്‍ നിന്നും മറ്റൊരു മണ്‍കുടം വീണുടഞ്ഞു ..
ഇതുപോലെ ഒരു കര്‍ക്കിട
രാത്രി., കനത്ത മഴയില്‍ അച്ഛന്‍റെ ചുണ്ടിലെ എരിത്തീ കെട്ടുപോയി. കുണ്ടും കുഴിയും
ചളിയും നിറഞ്ഞ പാതയില്‍, യാത്രയിലെപ്പോഴോ ആ കാലുകള്‍ ഇടറി വീണു .. കാനയില്‍ കെട്ടികിടന്ന
മൂനിഞ്ചു വെള്ളത്തില്‍ മുഖമമര്‍ത്തി വെച്ച് ആ രാത്രിയില്‍ അച്ഛന്‍ തന്‍റെ അവസാന
ഉറക്കമുറങ്ങി..
അന്ന് ഞങ്ങള്‍
കരഞ്ഞുവോ ? അനിത ഓര്‍മ്മിച്ചു നോക്കി . ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത് രണ്ടനുജത്തിമാരെ
നെഞ്ചോട് ചേര്‍ത്തുപിടിച്ച് കൊച്ചേട്ടന്‍ പറഞ്ഞ ആ വാക്കുകളായിരുന്നു.
“ഇനി കരയരുത്. ഈ
കത്തിയമരുന്നത് അച്ഛന്‍റെ ശരീരം മാത്രമല്ല , നമ്മളുടെ എല്ലാ ദുഃഖ ങ്ങളും കൂടിയാണ് “
പത്താം ക്ലാസില്‍
പാതി എത്തിയ വിദ്യാഭ്യാസം മുറിച്ചു മാറ്റി കൊച്ചേട്ടന്‍ ആണ് മുണ്ട് മുറുക്കി
ഉടുത്തു. ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് ജീവിതം വഴുതി വീഴുമോ എന്ന് അമ്മ
പിന്നെയും ഭയന്നുവെങ്കിലും, പലിശക്കാരന്‍ അന്തോണിച്ചേട്ടന്‍ കാരുണ്യത്തിന്‍റെ കൈ
വിളക്കുമായി കൊച്ചേട്ടന് മുന്നില്‍ അവതാരം കൊണ്ടു. ആദ്യമാദ്യം പാടത്തും
പറമ്പിലുമുള്ള ചെറിയ ചെറിയ പണികളില്‍ തുടങ്ങിയ കൊച്ചേട്ടന്‍ വളരെ പെട്ടെന്ന്
അന്തോണിച്ചേട്ടന്‍റെ വിശ്വസ്തനായ നിഴലായ് മാറി . ആറടിക്കടുത്ത ഉയരവും അതിനൊത്ത
ആരോഗ്യമുള്ള കൊച്ചേട്ടന്‍റെ ശരീരം പലിശപ്പണം പിരിക്കുന്നതിനുള്ള ഉപകരണം ആയി അയാള്‍
കണ്ടിരിക്കണം.
ജീവിതം കരുപിടിപ്പിക്കുവാനുള്ള
കൊച്ചേട്ടന്‍റെ വെമ്പലില്‍ അന്തോണിച്ചേട്ടന്‍റെ മനസ്സ് ആര്‍ദ്രമായി. ഒരു ദിവസം
അയാള്‍ കൊച്ചേട്ടനെ അടുത്തു വിളിച്ചു. ഭാരിച്ച അദ്ധ്വാനവും ലാഭക്കുറവും മൂലം വര്‍ഷങ്ങളായി
പൂട്ടിയിട്ടിരുന്ന തന്‍റെ സോഡാ ഫാക്ടറിയുടെ ഷട്ടര്‍ വലിച്ചു തുറന്നു . . തുരുമ്പ്
പിടിച്ച മെഷീനുകളെ നോക്കി അയാള്‍ പറഞ്ഞു ..
“ നീ ഇവയെ പൊടി
തട്ടി എടുത്തോ ബാലാ ..”
സൈക്കിളിനു
പിറകിലായി മൂന്നും നാലും പെട്ടികളില്‍ നിറച്ച സോഡാക്കുപ്പികളുമായി കൈവഴികളില്‍
കിലുക്കത്തോടെ കടന്നു പോകുന്ന ആ കാഴ്ചക്ക് എന്നോ പുതുമ നഷ്ടപ്പെട്ടു
കഴിഞ്ഞിരിക്കുന്നു .
വര്‍ഷക്കാലം
വന്നെത്തുമ്പോള്‍ കൊച്ചേട്ടന്‍റെ കച്ചവടത്തിനും തണുപ്പ് വന്നുചേരുമായിരുന്നു. ഈ
സമയങ്ങളില്‍ കടലില്‍ പോയി മീന്‍ പിടിക്കുന്ന സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആഴ
ക്കടലിന്‍റെ അനന്തതയിലേക്ക് ഇറങ്ങിചെല്ലാന്‍ കൊച്ചേട്ടന്‍ അതിയായ താല്പര്യം
കാണിച്ചു പോന്നിരുന്നു. കൊച്ചേട്ടന്‍റെ
വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ വര്‍ഷക്കാലം അഭിവൃദ്ധിയുടെ കാലമാണ് അദ്ധ്വാനത്തിന്‍റെയും.
മുറ്റത്ത് കാല്‍പെരുമാറ്റം
കേട്ടു . അനിത ചിന്തകളില്‍ നിന്നും പെട്ടെന്ന് ഞെട്ടിയുണര്‍ന്നു .
കൊച്ചേട്ടന്‍ വന്നോ
മോളെ ... കാല്‍ പെരുമാറ്റം അമ്മയും കേട്ടിരിക്കുന്നു .അമ്മയുടെ ചോദ്യത്തിന്
ഉത്തരമായ് അടുക്കളില്‍ നിന്നും. കൊച്ചേട്ടന്‍റെ
ശബ്ദം മറുപടിയായെത്തി.
ഇരുകൈകള്‍കൊണ്ട്
മുഖം ധൃതിയില്‍ തുടച്ച് മുഖത്ത് ശാന്തഭാവം തിരിച്ചു കൊണ്ടുവരുവാന്‍ അനിത ഒരു ശ്രമം
നടത്തി . പുസ്തകത്തിലെ വടിവൊത്ത അക്ഷരങ്ങള്‍ക്ക് തിളക്കം വെച്ചു. പുറത്തെ മഴ
ഇനിയും തോര്‍ന്നീട്ടില്ല..
പലചരക്കും പച്ച
ക്കാറിയും അടങ്ങുന്ന സഞ്ചി ചേച്ചിയെ ഏല്‍പ്പിച്ചശേഷം കൊച്ചേട്ടന്‍ അമ്മയുടെ
അടുത്തു ചെന്നു. കഷായ കുപ്പി മേശപ്പുറത്ത് വെച്ച് കഴിക്കേണ്ട വിധം ഓര്‍മ്മിപ്പിച്ചു
കൊണ്ട് അമ്മയുടെ നെറ്റിയില്‍ തൊട്ടു നോക്കി . അമ്മ അപ്പോള്‍ എന്തോ പറഞ്ഞുവെങ്കിലും
അനിതക്ക് അത് വ്യക്തമായി കേള്‍ക്കാനായില്ല. ഷര്‍ട്ട് അഴയില്‍ തൂക്കിയിട്ട്
പുറത്തുകടക്കുന്നതിനു മുന്‍പേ വീണ്ടും അമ്മയുടെ ശബ്ദം ..
“ബാലാ ഈ മഴയത്ത് കടവില്‍
പോയി കുളിക്കണ്ട” .....
അമ്മക്ക്
അനുസരണയുടെ ഒരു മൂളല്‍ സമ്മാനിച്ചുകൊണ്ട് കൊച്ചേട്ടന്‍ തോര്‍ത്തു മുണ്ട് കൈയ്യില്‍
എടുത്തു. പുറത്തേക്കിറങ്ങും മുന്‍പ് ആ കാലുകള്‍ ഒരു നിമിഷം നിശ്ചലമായപ്പോള്‍
അനിതയുടെ ഉള്ളൊന്നു നടുങ്ങി. തുറന്നു വെച്ച പുസ്തകത്തിലെ അക്ഷരങ്ങള്‍
ക്കുള്ളിലേക്ക് അവളുടെ കണ്ണുകള്‍ ആഴ്ന്നിറങ്ങി. പുറകില്‍ തന്നെ നിരീക്ഷിച്ചു നിലക്കുന്ന
കൊച്ചേട്ടന്‍റെ സാന്നിദ്ധ്യം കാഴ്ചശക്തി കൂടുതല്‍ ഉള്ള കടക്കണ്ണ്‍കൊണ്ട് അവള്‍
തിരിച്ചറിഞ്ഞു. ഇവള്‍ പഠിക്കുകയോ അതോ ഉറങ്ങുകയോ ? ഒരു ചെറു പുഞ്ചിരിയോടെ തല
കുലുക്കി പുറത്തേക്കിറങ്ങിയ കൊച്ചേട്ടന്‍റെ മനസ്സ് അവള്‍ വായിച്ചെടുത്തു. “സൂര്യന്‍
അസ്തമിക്കുന്നത് ഈ അനുവിന് ഉറങ്ങാന്‍ വേണ്ടിയാണ്” . കൊച്ചേട്ടന്‍റെ ഈ കളിവാക്ക് ആ പുഞ്ചിരിയുടെ
രഹസ്യമായി അവള്‍ കൂട്ടിച്ചേര്‍ത്തു.
അടിച്ചമര്‍ത്തിയ
ആഗ്രഹങ്ങള്‍ അതിര്‍ത്തി ലംഘിക്കുകയാണോ ? കൊച്ചേട്ടന്‍ അഴയില്‍
തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടിലാണ് അനിതയുടെ കണ്ണുകള്‍ ഇപ്പോള്‍ കൊളുത്തി
കിടക്കുന്നത്. നിറഞ്ഞിരിക്കുന്ന ആ പോക്കറ്റിനുള്ളില്‍ ഒരു പക്ഷെ ആ പെണ്‍കുട്ടി
കൈമാറിയ കടലാസ് കഷ്ണം ഒളിഞ്ഞിരിക്കുന്നുണ്ടാകും . വീണ്ടുമൊരു വിചാരണക്ക് കാത്തുനിന്നില്ല
. ഷര്‍ട്ട് കൈയ്യില്‍ എടുക്കുമ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .
പത്തുരൂപയുടെ ഏതാനും നോട്ടുകളും കുറിയടച്ച ഒരു രസീതിയും, രക്തം പരിശോധിച്ചതിന്‍റെ ഒരു ലബോറട്ടറി റിസള്‍ട്ടും
പിന്നെ കുറച്ച് ചില്ലറ പൈസകളും മാത്രം. അവ പോക്കറ്റില്‍ തന്നെ നിക്ഷേപിച്ച്
തിരിച്ചുനടക്കുമ്പോള്‍ അവളുടെ മുഖത്ത് നിരാശത നിഴലിച്ചു .
ആഴ്ചകള്‍ക്ക് മുന്‍പ്
സുഹൃത്തിന്‍റെ ഗര്‍ഭിണിയായ ഭാര്യക്ക് രക്തം നല്‍കാന്‍ ആശുപത്രിയില്‍ പോയി വരുന്ന
കൊച്ചേട്ടന്‍റെ ചിത്രം ആ ഒരു നിമിഷം അവളുടെ മനസ്സില്‍ മിന്നി മറഞ്ഞു..
ജനല്‍കതക്
തുറന്നപ്പോള്‍ തണുത്തകാറ്റു അകത്തേക്ക് തള്ളിക്കയറി. കൂരിരുട്ടിലേക്ക് കണ്ണുകള്‍
പായിച്ച് അനിത അല്‍പനേരം അവിടെ നിലകൊണ്ടു. പുറത്തു മഴ പെയ്തൊഴിഞ്ഞിരിക്കുന്നു.
ചിവീടുകളുടെ അവിരാമമായ രോദനം തുടര്‍ന്നുകൊണ്ടേയിരുന്നുവെങ്കിലും പിന്നെയും നിശബ്ദത
തളം കെട്ടി നില്‍ക്കുന്നു. ഏതോ രാപക്ഷിയുടെ ചിലമ്പിച്ച ശബ്ദം മുഴങ്ങികേട്ടു. കനത്ത
മഴയിലും കാറ്റിലും പെട്ട് ഒരുപക്ഷെ ആ പക്ഷിയുടെ കൂട് തകര്‍ന്നു പോയിരിക്കാം. സ്വയം
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് മനസ്സ് ഉത്തരങ്ങളുടെ ഉറവ
കണ്ടെത്തുന്നത്. അവള്‍ തിരിച്ചു നടന്നു.
മേശപ്പുറത്ത് തുറന്നുവെച്ച
പുസ്തകത്തിലെ അക്ഷരങ്ങള്‍ തന്നെ വിഴുങ്ങാന്‍ നില്‍ക്കുന്നതുപോലെ അനിതക്ക് തോന്നി. നമുക്കു
പരിചയപ്പെടാന്‍ നാളെ ഒരു ഞായറാഴ്ച മുഴുവനായും ഉണ്ട് . അക്ഷരങ്ങളെ നോക്കി
കണ്ണിറുക്കി കാണിച്ച് അവള്‍ പുസ്തകം മെല്ലെ അടച്ചു വെച്ചു.
അപ്പോള്‍ ആ പെണ്‍കുട്ടി
കൊടുത്ത കടലാസ് കഷ്ണം എവിടെയായിരിക്കും ? ഒരു പക്ഷെ കൊച്ചേട്ടന്‍ അത് അപ്പോള്‍
തന്നെ ചുരുട്ടിയെറിഞ്ഞിരിക്കുമോ ?
ചുരുട്ടിയെറിയപ്പെട്ട
ഒരു കടലാസിന്‍റെ ചിത്രം മനസ്സില്‍ കടന്നു വന്നപ്പോള്‍ ചേര്‍ത്തു വെച്ച് വായിക്കാന്‍
ഒരു പഴയകാല അനുഭവം അവളുടെ ഓര്‍മ്മകളില്‍ ഓടിയെത്തി.
ഏതാനും മാസങ്ങള്‍ക്ക്
മുന്‍പ്...., കറിചീരയുടെ ഇലകള്‍ നുള്ളുമ്പോള്‍ കൊച്ചു തൊടിയില്‍ നിന്നും
കണ്ടെത്തിയ ഒരു ചുരുട്ടിയെറിയപ്പെട്ട കടലാസു കഷ്ണം, അപരിചിതമായ അതിലെ കൈയ്യക്ഷരങ്ങള്‍ അന്ന് ഒരു
ജിജ്ഞാസ യുടെ ലോകം അവള്‍ക്കു മുന്നില്‍ തുറന്നു കൊടുക്കുകയായിരുന്നു.
“ കാവില്‍ വേലക്ക്
വരിക ... എല്ലാം നേരില്‍ പറയാം .”
സംശയത്തിനെ
കണ്ണുകള്‍ ചേച്ചിക്ക്മേല്‍ വട്ടമിട്ടു പറന്ന ദിനങ്ങള്‍. കാവില്‍ ചേച്ചിയെ തി രയുന്ന
കണ്ണുകളെയും ചേച്ചി തിരയുന്ന കണ്ണുകളെയും കണ്ടെത്താനായി അനിത നടത്തിയ വിഫല ശ്രമം
അന്ന് നിരാശയില്‍ ആയിരുന്നു പര്യവസാനിച്ചത്.
പാവം ചേച്ചി ..
അവളുടെ കണ്ണുകള്‍ അടുക്കളയിലേക്ക് നീണ്ടു ..
വേനലായാലും വര്‍ഷമായാലും
പവര്‍കട്ട് അതിന്‍റെ കൃത്യസമയത്ത് തന്നെ വരും. കത്തിച്ച ഒരു മെഴുകുതിരിയുമായി
ചേച്ചി അവളുടെ മുറിയിലേക്ക് കടന്നു വന്നു. ചേച്ചിയെ കണ്ടപ്പോള്‍ അവളുടെ മുഖത്തു സഹതാപം
നിഴലിച്ചു. മെഴുകു തിരി മേശപ്പുറത്ത് ഉറപ്പിച്ചു നിര്‍ത്തി തിരിച്ചു
പോകുന്നതിനിടയില്‍ പെട്ടെന്ന് ചേച്ചി ഒന്നു പിന്തിരിഞ്ഞു.
“കാശിനു
ആവശ്യമുണ്ടെങ്കില്‍ നിനക്ക് കൊച്ചേട്ടനോട് ചോദിച്ചുകൂടെ.”.?
ഇത്തവണ അനിത ശരിക്കും ഒന്നു ഞെട്ടുക തന്നെ
ചെയ്തു. ജ്യാള്യത പുറത്തു കാണിക്കാതിരിക്കാന്‍ അവള്‍ മുഖം ഇരു കൈകള്‍കൊണ്ടും പൊത്തിപ്പിടിച്ചു.
താന്‍ കീശ പരിശോധിക്കുന്നത് ചേച്ചി കണ്ടിരിക്കുന്നു.
ബാലാ ...
അകത്തു ഇരുട്ട്
പരന്നപ്പോള്‍ അമ്മയുടെ ഭീതിപൂണ്ട ശബ്ദം വീണ്ടും ഒഴുകിയെത്തി.
കൊച്ചേട്ടന്‍ മുറ്റത്തുണ്ടമ്മേ....ചേച്ചിയുടെ
മറുപടി അമ്മക്ക് ആശ്വാസം നല്‍കിയിരിക്കും.
മെഴുകുതിരിയുടെ
ഇത്തിരിവെട്ടത്തില്‍ പുസ്തകത്തിലെ അക്ഷരങ്ങള്‍ പുനര്‍ജ്ജനിച്ചു. അക്ഷരങ്ങള്‍ക്ക്
മുന്നില്‍ തനിക്ക് നഷ്ടപ്പെട്ട വെളിച്ചം അനുജത്തിയിലൂടെ തിരിച്ചു പിടിക്കുകയാകണം
ചേച്ചി. അതുകൊണ്ട്തന്നെ അനുജത്തിയുടെ പഠനം
എന്നും ചേച്ചിയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആയിരുന്നു. പത്താം ക്ലാസില്‍ ഫസ്റ്റ് ക്ലാസിനു മുകളില്‍
ചേച്ചി മാര്‍ക്ക് നേടിയെടുത്തിരുന്നു. എന്നീട്ടും കൊച്ചേട്ടന്‍റെ പ്രാരാബ്ധങ്ങള്‍
തൊട്ടറിഞ്ഞ ചേച്ചി അന്ന് മനസ്സ് തുറന്നു . “എനിക്കിനി പഠിക്കണ്ട. ഞാന്‍ ഗാര്‍മെന്‍റ്
ഫാക്ടറിയില്‍ ജോലിക്ക് പോകാം“. ചേച്ചിക്ക്
മുഖം നല്‍കാതെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നപ്പോള്‍ ഉള്ളിലെ വിങ്ങലുകള്‍ ആയിരിക്കണം കൊച്ചേട്ടന്‍
അപ്പോള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചത് . എന്നും എപ്പോഴും തന്നോട് ശാസനയില്‍ കലര്‍ന്ന
കൊച്ചേട്ടന്‍റെ ശബ്ദം ചേച്ചിക്ക് മുന്നില്‍ എത്തുമ്പോള്‍ പളുങ്ക് പ്രതലം പോലെ
മിനുസമുള്ളതാകും.. എന്ത് തീരുമാനം എടുക്കുമ്പോഴും കൊച്ചേട്ടന്‍ ചേച്ചിയോട് ഒരാവര്‍ത്തികൂടി
ആലോചിക്കും. അവരുടെ അഭിപ്രായ സമന്വത അനിതക്ക് എന്നും ആശ്ചര്യമായിരുന്നു.
‘ക്ലാസ് വാങ്ങിയാലെ
പഠിപ്പിക്കാന്‍ വിടൂ’ ..പത്താം ക്ളാസിന്‍റെ പ്രാരംഭത്തില്‍ തന്നെ കൊച്ചേട്ടന്‍റെ
മുന്നറിയിപ്പ് അനിതക്ക് ലഭിച്ചിരുന്നു . അതൊരു വെല്ലുവിളിയായ് എടുത്തിരുന്നുവോ ?
ഇല്ലെന്നു പറയുന്നതാവും ശരി ....
ആ ധന്യ നിമിഷങ്ങള്‍
ഒരിക്കല്‍ കൂടി അവളുടെ ഓര്‍മ്മകളില്‍ കടന്നു വന്നപ്പോള്‍ ഉള്ളം നിറഞ്ഞു വന്ന
സന്തോഷം കണ്‍തടത്തില്‍ നിന്നും ഉതിര്‍ന്നുവീണു.
കടപ്പുറത്തെ സര്‍ക്കാര്‍
വിദ്യാലയത്തിന് ആദ്യമായി നേടിക്കൊടുത്ത ഡിസ്റ്റിങ്ങ്ഷന്‍... കൊച്ചേട്ടനും
ചേച്ചിയും തന്നെ വാരിപ്പുണര്‍ന്ന നിമിഷങ്ങള്‍ ...
പഠന ചിലവ് പലപ്പോഴും
അനിതയുടെ നിശബ്ദതക്കു കനം ഏറ്റാറുണ്ട് , അപ്പോഴെല്ലാം ആ മനസ്സ് വായിച്ചറിഞ്ഞപോലെ
കൊച്ചേട്ടന്‍റെ മൃദുല കര സ്പര്‍ശം അവളുടെ ശിരസ്സിനെ തൊട്ടുണര്‍ത്തും.
“പഠിപ്പില്‍ മാത്രം
ശ്രദ്ധിക്കുക. കാശിനെക്കുറിച്ച് ആലോചിച്ച്
മോളു വിഷമിക്കണ്ട “ കണ്ണു നിറഞ്ഞല്ലാതെ കൊച്ചേട്ടന്‍റെ മുഖത്ത് നോക്കാന്‍ കഴിയാതെ
പോയ നിമിഷങ്ങള്‍ , എത്രയോ തവണ ... ഇന്നലെ പോലും ..
ഭക്ഷണത്തിനു ശേഷം
ഉമ്മറപ്പടിയില്‍ ഒത്തു ചേര്‍ന്നു. ഇന്നോ നാളെയോ പ്രതീക്ഷിക്കുന്ന ഒരു ചാകരക്കോളില്‍
കൊച്ചേട്ടന്‍ സംസാരിച്ചു നിര്‍ത്തുമ്പോള്‍ ചേച്ചിയുടെ മുഖത്ത് നല്ല ഒരു കേള്‍വിക്കാരിയെ
കാണാമായിരുന്നു. മുറ്റത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വലിയ മഴത്തുള്ളികള്‍
വീഴ്ത്തുന്ന കുമിളകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ അനിത മനസ്സില്‍
തയ്യാറെടുക്കുകയായിരുന്നു . ഉള്ളില്‍ ഒളിപ്പിച്ച ജിജ്ഞാസകളെല്ലാം ഒരു കുസൃതി
ചോദ്യം കൊണ്ട് അവള്‍ പുറത്തെടുത്തു .
“നീളമുള്ള മുടി
പെണ്‍കുട്ടികള്‍ക്ക് ഒരു ഐശ്വര്യമാണ് .. അല്ലെ കൊച്ചേട്ടാ...” ആ മുഖത്ത്
പെട്ടെന്നൊരു ഭാവമാറ്റം അവള്‍ പ്രതീക്ഷിച്ചുവെങ്കിലും, കണക്കുകൂട്ടലുകള്‍
പിന്നെയും തെറ്റി. അയാളുടെ ആ മറുപടി
അവളുടെ നാവിനെ നിശ്ചലമാക്കികളഞ്ഞു. “ ഐശ്വര്യം ഒക്കെ തന്നെയാ .., പക്ഷെ അത്
ഭക്ഷണത്തില്‍ കണ്ടുകൂടാ ...”
അല്‍പനേരം തളം
കെട്ടി നിന്ന നിശബ്ദതക്ക് വിരാമമിടാന്‍ അമ്മയുടെ സാന്നിധ്യം അനിവാര്യമായി വന്നു.
“ആ കേശവന്‍ ഇന്നും
വന്നിരുന്നു ബാലാ ..ഇരുപത് പവന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട് “
തലകുമ്പിട്ടിരിക്കുന്ന
കൊച്ചേട്ടന്‍റെ മറുപടിക്കായ് അമ്മ കാത്തു നില്‍ക്കുകയാണ് ..
“അതിന് അവര്‍
ഒന്നും ആവശ്യപ്പെട്ടീട്ടില്ലല്ലോ അമ്മേ? “
ആവശ്യപ്പെടുന്നതെന്തിനാ
ഒരേ ഒരു പെങ്ങളെ പറഞ്ഞയച്ചിരിക്കുന്ന കണക്കു കേശവന്‍ ഓര്‍മ്മപ്പെടുത്തിയല്ലോ ?
അതും ചിങ്ങത്തില്‍ തന്നെ നടത്തണം എന്ന നിര്‍ബന്ധവും .
“പയ്യനെക്കുറിച്ച്
ഞാന്‍ അന്ന്വേഷിച്ചു , കേട്ടിടത്തോളം തെറ്റില്ല .പക്ഷെ ഈ ഒന്നൊന്നര മാസം കൊണ്ട്
എങ്ങിന്യാ അമ്മേ .. വരട്ടെ , ഞാന്‍ ഒന്നുകൂടി ആലോചികട്ടെ ..” കൊച്ചേട്ടന്‍റെ
ശിരസ്സ് വീണ്ടും കുനിഞ്ഞു..
“എനിക്കുറക്കം
വരുന്നു” ചേച്ചി മെല്ലെ എഴുന്നേറ്റു .അകത്തേക്ക്
നടന്നു പോകുന്ന ചേച്ചിയെ കൊച്ചേട്ടന്‍ തലയുയര്‍ത്തി നോക്കി ..
“ഉറക്കം വരുന്നു
എന്ന് വെറുത പറയുന്നതാ , നമുക്കു ഇതങ്ങ്ട് ഉറപ്പിക്ക്യാ അല്ലെ അനു .. ഏതായാലും ചേച്ചിക്ക്
ആളെ പിടിച്ചിട്ടുണ്ട്.”
ഇനിയും
എത്തിച്ചേരാത്ത നിദ്രക്കായ് അനിത കണ്‍തുറന്നു കാത്തിരുന്നു.. ചേച്ചി എപ്പോഴോ
ഉറക്കത്തിന്‍റെ പാതയിലേക്ക് കടന്നിരിക്കുന്നു . കൊച്ചേട്ടന് പുലര്‍ച്ച കടലില്‍
പോകേണ്ടതിനാല്‍ അമ്മയും ചേച്ചിയും നേരത്തെ തന്നെ ഉണരണമായിരിന്നു .നാല് മണിക്ക്
മുന്‍പേ ചോറ് പൊതിയും കൈയ്യില്‍ പിടിച്ച് ഇരുട്ടിലേക്ക് ഇറങ്ങി പോകുന്ന
കൊച്ചേട്ടനെ പക്ഷെ ഒരിക്കല്‍ പോലും അനിത കണ്ടീട്ടില്ല .
അകത്തെ ഇരുട്ടില്‍
ഒരു മിന്നാമിനുങ്ങിന്‍റെ തിളക്കം. അനിതയുടെ തലക്ക് മുകളില്‍ അത് വട്ടമിട്ടു. മിന്നാമിനുങ്ങ് അകത്തെങ്കില്‍ കള്ളന്‍
പുറത്തെന്ന അമ്മയുടെ പഴമൊഴി ഒരു നിമിഷം അവള്‍ക്കൊര്‍മ്മവന്നു. ഈ വീട്ടില്‍ ഒരു
കള്ളന് അപഹരിക്കാന്‍ എന്താണ് ഉള്ളത് ? അവള്‍ സ്വയം ചോദിച്ചു. ആരാണാവോ പുറത്തു
കാത്തു നില്‍ക്കുന്ന ആ വലിയ കള്ളന്‍ ? അവളുടെ പരിഹാസം ഏറ്റുവാങ്ങിയ ആ
മിന്നാമിനുങ്ങ് ജനല്‍വിടവിലൂടെ പുറത്തേക്ക് കടന്നു..
കൊച്ചേട്ടന്‍റെ
മുറിയില്‍ ഇനിയും വെളിച്ചം അണഞ്ഞീട്ടില്ല.. എന്തിങ്കിലും കഥാപാത്രങ്ങളുമായി
ചങ്ങാത്തത്തില്‍ ആയിരിക്കും. അവള്‍ ഊഹിച്ചു. ഉറക്കം വരും വരെ നീളും ആ വായന. “അഘോരശിവത്തിലെ
വെറ്റിലസ്വാമി അലക്റഞ്ചന്‍ എന്നുറക്കെ വിളിച്ച് അവളുടെ മുന്നിലൂടെ കടന്നു പോയി “
കൊച്ചേട്ടന്‍ എവിടെ പറഞ്ഞാണ് നിര്‍ത്തിയത് ? ചിന്തകള്‍ മുറിഞ്ഞു വീഴുന്നു. കണ്‍പോളകള്‍ക്ക്
ഭാരം ഏറുന്നു.
ഒരു പാട് ഓടി തീര്‍ന്ന
മഴ ഇന്ന് കിതപ്പ് തീര്‍ക്കുകയാണോ ? തെളിഞ്ഞ അന്തരീക്ഷം . മഴ മേഘങ്ങള്‍ എല്ലാം
എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. കൊച്ചേട്ടനും ചേച്ചിയും ഇല്ലാത്ത ഞായറാഴ്ചകളില്‍ പതിവ്പോലെ
വന്നു ചേരുന്ന ഏകാന്തത. കുറച്ച് നേരം തൊടിയില്‍ ചുറ്റി ത്തിരിഞ്ഞു നടക്കുമ്പോള്‍
അയല്‍പക്കത്തെ വികൃതികള്‍.. മുഖം തിരിച്ച് അവര്‍ ഓടിയൊളിച്ചു.
കൊച്ചേട്ടന്‍ മന:പൂര്‍വ്വം
മറച്ചുവെക്കുന്നുവെങ്കില്‍ അത് തുറന്നു നോക്കുന്നത് ശരിയല്ല എന്ന് അനിതയുടെ മനസ്സ്
അപ്പോഴും ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. കൊച്ചേട്ടന്‍റെ ഡയറി ക്കുള്ളില്‍
നിത്യജീവിതം പ്രതിഫലിക്കാറില്ല. പരന്ന വായനയില്‍ നിന്നും കണ്ടെടുക്കുന്ന ഏതാനും
അടിക്കുറിപ്പുകള്‍. ചില വരികള്‍ കൊച്ചേട്ടന്‍റെ തന്നെ സ്വന്തമായിരിക്കും. .
ഇതിനുള്ളില്‍ ഒരു
പക്ഷെ .. ഡയറി കൈയ്യില്‍ എടുക്കുമ്പോള്‍ അവളുടെ ഉള്ളൊന്നു പിടഞ്ഞു. വേണ്ട .. ഡയറിക്കുള്ളില്‍
നിന്നും ഏതാനും കടലാസു കഷ്ണങ്ങള്‍ പൊടുന്നനെ നിലത്ത് വീണു. ഏതോ പഴയ ലബോറട്ടറി
റിസള്‍ട്ടുകള്‍. അവ യഥാപേജില്‍ തിരിച്ചു വെക്കുമ്പോള്‍ അനിതയുടെ കണ്ണുകള്‍ ആ
പേജിലെ അക്ഷരങ്ങളിലൂടെ അലക്ഷ്യമായി കടന്നു പോയി...
“എന്നിലേക്കുള്ള
യാത്രയില്‍ ഞാന്‍-
ഇന്നിതാ വെറുമൊരു
ഈയലായ് മാറുന്നു.”
പുറത്തു വാതില്‍
കതകില്‍ ആരോ ശക്തിയായ് മുട്ടുന്നു. ഒരു പക്ഷെ ദല്ലാള്‍ കേശവന്‍ വിവരം അറിയിക്കാന്‍
വന്നതായിരിക്കും.
മുറ്റത്ത്
അപരിചിതനായ ഒരാള്‍ . മുറികൈയ്യന്‍ ബനിയനും കള്ളി മുണ്ടും ആണ് അയാളുടെ വേഷം.
വീതിയുള്ള അരപട്ടയില്‍ മുറി മുണ്ട് ഉറച്ചു നില്‍ക്കുന്നു. എന്തോ കണ്ടു ഭയന്നെന്ന
വണ്ണം ആ മുഖത്ത് പരിഭ്രാന്തി പ്രകടമായിരുന്നു. കൈകള്‍ സ്വയം കുടഞ്ഞുകൊണ്ട് അയാള്‍
എന്തോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. തടിച്ച ആ ചുണ്ടുകളില്‍ നിന്നും മുറിഞ്ഞു വീഴുന്ന
ആ വാക്കുകള്‍ക്കു വെറുമൊരു മുഴക്കം മാത്രം.
അപരിചിതനായ ഇയാള്‍
അവ്യക്തമായ ഭാഷയില്‍ എന്താണ് പറയുന്നത് ? ഒരു കടല്‍കാറ്റിന്‍റെ ചൂളം വിളി അവളുടെ
കാതുകളിലേക്ക് ഒഴുകിയെത്തി....
അനിത അമ്മയെ
വിളിച്ചു ..
.
No comments:
Post a Comment