Friday, February 21, 2014

കോമരത്തിന്‍റെ വെളിപാടുകള്‍ ജല്പനങ്ങളോ ...?





ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്‍റെ നാലപത്തി ഒന്നാം നാള്‍ ദേവി ഉപാസകനായ അച്യുതന്‍ മനസ്സും ശരീരവും ഏകാഗ്രമാക്കി കോവിനുള്ളില്‍ നിലയുറപ്പിച്ചു . പുറത്ത് ചെണ്ടമേളം മുറുകുന്നു. വായ്ക്കുരവയിടുന്ന സ്ത്രീകള്‍ . പെട്ടെന്ന് കൊവിലിനുള്ളില്‍ നിന്നും ഒരു ആക്രോശം കേട്ടു . അച്യുതന്‍ കോമരമായി മാറിക്കഴിഞ്ഞിരിക്കുന്നു . വിറകൊള്ളുന്ന ശരീരത്തോടെ ഉഗ്രരൂപിയായി ദേവിയുടെ പ്രതിപുരുഷഭാവം സ്വീകരിച്ച് കോമരം പുറത്തേക്ക് എഴുന്നെള്ളി ....ഭക്തിയുടെ നെറുകയില്‍ ദേവിയുടെ വെളിപാടിനായ് തൊഴുകൈയോടെ ജനങ്ങള്‍ ..

അന്ധവിശ്വാസമാണെന്നും ,കള്ള്കുടിച്ചുള്ള ഒരു പൊട്ടന്‍ കളിയാണെന്നും മുഖത്ത് നോക്കി പരിഹസിക്കുമ്പോഴും അച്യുതന്‍ എതിര്‍ത്ത് ഒന്നും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല . ഒരു ചെറുപുഞ്ചിരിയില്‍ എല്ലാം ഒതുക്കും . എനിക്ക് അപ്രാപ്യമായ അച്യുതന്‍റെ ആ ലോകത്തെ ഒന്നു സ്പര്‍ശിക്കാനായിരുന്നു എന്‍റെ ശ്രമം . അനിര്‍വചനീയ ഒരു ലോകം അനുഭവിക്കാന്‍ കഴിയുന്ന അച്യുതനെ ഒരു ദിവസം പുഴക്കരയില്‍ തനിച്ചു കിട്ടി. എന്‍റെ സംശയങ്ങളും ചോദ്യങ്ങളും മുഴുവനായി കേട്ടു . ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി.

"എനിക്കറിയില്ല "

എന്‍റെ മുഖത്തെ അസംതൃപ്തി തിരിച്ചറിഞ്ഞ അച്യുതന്‍ ഒരു വാചകം ചേര്‍ത്തുവെച്ചു . "കോവിലിനുള്ളില്‍ തൊഴുതു നില്‍ക്കുന്ന അനുഭവം എന്‍റെ ഓര്‍മ്മയില്‍ ഉണ്ട് . പിന്നെ ഞാന്‍ അറിയുന്നത് തറയില്‍ കിടക്കുന്നതാണ് .ഒരു ഉറക്കമുണര്‍ന്നപോലെ ". എന്ത് സംഭവിച്ചുവെന്നോ എന്താണ് പറഞ്ഞതെന്നോ അച്യുതന് ഓര്‍ത്തെടുക്കാന്‍ വയ്യ .

ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം ഏതോ ഒരു നിമിഷത്തില്‍ തന്‍റെ ശരീരത്തില്‍ നിന്നും തന്‍റെ സ്വരൂപത്തെ ഒഴിവാക്കുവാനും മറ്റൊരു നിമിഷത്തില്‍ സ്വന്തം ശരീരത്തിലേക്ക് അത് തിരിച്ചെത്തിക്കുവാനും ഒരു കോമരത്തിന് കഴിയും .

അപ്പോഴും ആ ചോദ്യം അവശേഷിക്കുന്നു.
ആ വെളിപാടുകളുടെ ഉറവിടം എവിടെനിന്നാണ് ? —

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...